ലാഡര്‍ ചെയര്‍മാനായി സി.എന്‍. വിജയകൃഷ്ണന്‍ തെരെഞ്ഞെടുക്കപ്പെട്ടു
കേരളം മുഴുവന്‍ പ്രവര്‍ത്തനപരിധിയായും കോഴിക്കോട് കേന്ദ്രമായും 2012 ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനമായ ലാഡറിന്റെ ( കേരള ലാന്റ് റിഫോംസ് ആന്റ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ 4482 ) 2023-28 വര്‍ഷത്തെ ഭരണസമിതിയുടെ ചെയര്‍മാനായി സി.എന്‍. വിജയകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. ബി. വേലായുധന്‍ തമ്പി(മുതുകുളം സർവീസ് സഹകരണ ബാങ്ക് )യാണു വൈസ് ചെയര്‍മാന്‍. ഡയറക്ടര്‍മാരായി സൊസൈറ്റി വിഭാഗത്തില്‍ തിരുവനന്തപുരത്തുനിന്ന് ഉഴമലക്കല്‍ ബാബു (ഉഴമലക്കല്‍ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ), കണ്ണൂരില്‍ നിന്നു സി.എ. അജീര്‍ (കണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ), ജനറല്‍ വിഭാഗത്തില്‍ എറണാകുളത്തുനിന്നു പി. രാജേഷ്, പാലക്കാട് നിന്നു കെ.വി. മണികണ്ഠന്‍, മലപ്പുറത്തു നിന്ന് ഇ. ഗോപിനാഥ്, ഇടുക്കിയില്‍ നിന്നു കെ.എ. കുര്യന്‍, വയനാട് നിന്ന് ഐ.വി. ചന്ദ്രന്‍, വനിതാ സംവരണത്തില്‍ എറണാകുളത്തു നിന്നു മീനാക്ഷി. എന്‍, പാലക്കാട് ഒറ്റപ്പാലത്തു നിന്നു മഞ്ജു പ്രമോദ്, കോഴിക്കോട് നിന്നു ബിന്ദു ഭൂഷന്‍, സംവരണ വിഭാഗത്തില്‍ കോഴിക്കോട് നിന്നു വി.സി. രഘുനാഥ് എന്നിവരെയും തിരഞ്ഞെടുത്തു.
അപ്പാര്‍ട്ട്‌മെന്റ്, കൊമേഴ്സ്യല്‍ മാള്‍, റിസോര്‍ട്ട്, ഹോട്ടല്‍, മള്‍ട്ടിപ്ലക്‌സ് മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹകരണ രംഗത്തെ ഏക സ്ഥാപനമായ ലാഡര്‍ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും പര്യായമാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍മിച്ച സഹകരണമേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ, കോഴിക്കോട് മാങ്കാവ് ഗ്രീന്‍സ്, തറവാട് ഒറ്റപ്പാലം, ഇന്ത്യന്‍ മാള്‍ മഞ്ചേരി, ടെറസ് ബൈ ലാഡര്‍ ഹോട്ടല്‍ശൃംഖല ( തിരുവനന്തപുരം, കോഴിക്കോട്, മഞ്ചേരി ), ലാഡര്‍ മള്‍ട്ടിപ്ലക്സ് ഒറ്റപ്പാലം എന്നിവ ലാഡര്‍ പൂര്‍ത്തീകരിച്ച വലിയ പ്രൊജക്റ്റുകളാണ്. 222 അപ്പാര്‍ട്ട്‌മെന്റുകളും കമേഴ്സ്യല്‍ സ്‌പേസും ഉള്‍പ്പെടുന്ന തിരുവനന്തപുരത്തെ ലാഡര്‍ ക്യാപ്പിറ്റല്‍ ഹില്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. കോഴിക്കോട് മീഞ്ചന്ത കമേഴ്സ്യല്‍ കോംപ്ലക്സ്/മൾട്ടിപ്ലക്സ് പ്രൊജക്റ്റ്, കായംകുളം കരീലക്കുളങ്ങര മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, പാലക്കാട് സീനിയര്‍ സിറ്റിസണ്‍ വില്ലജ് ആന്റ് അഗ്രോ ഫാം എന്നിവ ലാഡറിന്റെ പുതിയ പ്രോജക്റ്റുകളാണ്.
കോഴിക്കോട് ലാഡറിന്റെ ഹെഡ് ഓഫീസും, എറണാകുളം, പാലക്കാട്, ഒറ്റപ്പാലം, മഞ്ചേരി, സുൽത്താൻ ബത്തേരി, കരീലകുളങ്ങര എന്നിവിടങ്ങളിൽ ശാഖ/എക്‌സ്റ്റൻഷൻ അക്കൌണ്ടുകളും പ്രവർത്തിക്കുന്നു. അംഗസംഘങ്ങളിൽ നിന്നും വ്യക്തിഗത അംഗങ്ങളിൽ നിന്നും നിക്ഷേപവും സ്വീകരിച്ചുവരുന്നു. നിലവിൽ 650 കോടിയോളം രൂപ നിക്ഷേപബാക്കിയുണ്ട്.