ലയിച്ചുതീരുമോ കേരളബാങ്ക് ?

[email protected]

കേരളത്തിലെ സഹകരണ മേഖലയുടെ മുഖം മാറ്റുന്ന കേരള ബാങ്കിന്‍റെ രൂപവത്കരണത്തെക്കുറിച്ച് അവ്യക്തത ഏറുകയാണ്. ചിങ്ങം ഒന്നിന് നിലവില്‍ വരുന്ന കേരള ബാങ്ക് ഒരു പുതിയ ബാങ്കാവില്ല എന്നതാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

കേരളബാങ്ക് ഒരു സ്വപ്നമാണ്. ആധുനിക മുഖത്തോടെ കേരളത്തിന്‍റെ സ്വന്തം ബാങ്കായി ഒരു സഹകരണ സ്ഥാപനം. അതാണ് സര്‍ക്കാരും ലക്ഷ്യമിട്ടത്. എന്നാല്‍, കേരളത്തിലെ സഹകരണ മേഖലയുടെ മുഖം തന്നെ മാറ്റുന്ന കേരളബാങ്കിന്‍റെ രൂപവത്കരണം സംബന്ധിച്ച് അവ്യക്തതകള്‍ ഏറുന്നു. കേരളബാങ്ക് ഒരു പുതിയ ബാങ്കായിരിക്കില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനാണ് പുതിയ തീരുമാനം. കേരള സഹകരണ ബാങ്ക് എന്ന രീതിയിലേക്ക് സംസ്ഥാന സഹകരണ ബാങ്കിന്‍റെ പേര് മാറും. സംസ്ഥാന സഹകരണ ബാങ്കിന്‍റെ ബാങ്കിങ് ലൈസന്‍സില്‍ കേരള സഹകരണ ബാങ്കും പ്രവര്‍ത്തിക്കും. ഒരു പേരുമാറ്റത്തിലപ്പുറം കേരളബാങ്കിന് ഗുണകരമായ മാറ്റമുണ്ടാക്കാനാകുമോയെന്നതാണ് ഇനി അറിയേണ്ടത്.

മറ്റു വാണിജ്യബാങ്കുകളോട് മത്സരിക്കാന്‍ പാകത്തില്‍ എല്ലാ ആധുനിക ബാങ്കിങ് സംവിധാനങ്ങളുള്ള സഹകരണ ബാങ്ക് എന്നതായിരുന്നു കേരളബാങ്കിന്‍റെ സങ്കല്‍പം. ഇതേക്കുറിച്ച് പഠിച്ച ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഇന്‍റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, വിപുലമായ എ.ടി.എം.ശൃംഖല, പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്താനാകുന്ന സാങ്കേതിക-സാമ്പത്തിക അടിത്തറ എന്നിവയൊക്കെ കേരളബാങ്കിന് ഒരുക്കാനാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കൂടി ലഭ്യമാക്കാന്‍ പാകത്തില്‍ കേരളബാങ്ക് സേവന ദാതാവാകണം. സഹകരണ ബാങ്കുകളിലെ ആകെ ഇടപാടുകാരില്‍ 23.5 ശതമാനം മാത്രമാണ് യുവാക്കള്‍. 46 ശതമാനവും 50 വയസ്സിന് മുകളിലുള്ളവരാണ്. ആധുനിക ബാങ്കിങ് സര്‍വീസ് നല്‍കാനാവാത്തതാണ് യുവാക്കളെ സഹകരണ ബാങ്കുകളുമായി അടുപ്പിക്കാനാകാത്തത്. ഈ കുറവ് പരിഹരിക്കാന്‍ കേരളബാങ്ക് രൂപവത്കരണത്തോടെ കഴിയണമെന്നായിരുന്നു ശ്രീറാം കമ്മിറ്റിയുടെ ശുപാര്‍ശ.

ജില്ലാബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ ഈ ലക്ഷ്യം നേടാന്‍ ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയാണ് ഇപ്പോഴുയരുന്നത്. മാത്രവുമല്ല, ആധുനിക ബാങ്കിങ് സംവിധാനങ്ങളെല്ലാമുള്ള ജില്ലാസഹകരണ ബാങ്കുകള്‍ കൂടി ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമോയെന്ന സംശയവും നിലനില്‍ക്കുന്നു. സംസ്ഥാന സഹകരണ ബാങ്ക് ഇപ്പോഴും നഷ്ടത്തിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ബാങ്ക് പ്രവര്‍ത്തനലാഭം കാണിക്കുന്നുണ്ട്. 2014-15 കാലയളവില്‍ 47 കോടിയോളം രൂപയും 2015-16 ല്‍ 13 കോടിയോളം രൂപയുമായിരുന്നു പ്രവര്‍ത്തനലാഭം. 2016-17ല്‍ ഇത് 90 കോടിയോളമായി ഉയര്‍ന്നു. പക്ഷേ, മുന്‍കാലകടത്തിന്‍റെ തോത് കൂടിയതിനാല്‍ അറ്റലാഭത്തിലെത്താന്‍ ബാങ്കിനായിട്ടില്ല. എന്നാല്‍, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന നിരക്കിനേക്കാളും ഉയര്‍ന്ന മൂലധന പര്യാപ്തത കൈവരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കിനായിട്ടുണ്ട്. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ അനുവദിക്കുന്ന കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കാറുള്ളത്. നിഷ്ക്രിയ ആസ്തി അഞ്ചുശതമാനത്തില്‍ കുറവായിരിക്കണം, മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലാകണം, മൂലധന പര്യാപ്തത കുറഞ്ഞത് ഒമ്പത് ശതമാനമെങ്കിലും ഉണ്ടാകണം, റിസര്‍വ് ബാങ്ക് അംഗീകരിച്ച കോര്‍ബാങ്കിങ് സംവിധാനമുണ്ടാകണം- ഇതൊക്കെയാണ് ആര്‍.ബി.ഐ.യുടെ മാനദണ്ഡങ്ങള്‍.

കോഴിക്കോട്, തൃശ്ശൂര്‍, ഇടുക്കി ജില്ലാസഹകരണ ബാങ്കുകള്‍ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ളവയാണ്. കണ്ണൂര്‍ ജില്ലാബാങ്കും എറെക്കുറെ ഈ കൂട്ടത്തില്‍പ്പെടും. മറ്റുജില്ലാബാങ്കുകളും സംസ്ഥാന ബാങ്കിനേക്കാളും മെച്ചപ്പെട്ട സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. സംസ്ഥാന ബാങ്കില്‍ ലയിക്കുന്നതോടെ ജില്ലാബാങ്കുകളുടെ ബാങ്കിങ് ലൈസന്‍സ് ഇല്ലാതാകും. ആര്‍.ബി.ഐ. അനുമതി കിട്ടിയില്ലെങ്കില്‍ മറ്റേതെങ്കിലും വാണിജ്യ ബാങ്കുകളുടെ സ്പോണ്‍സര്‍ഷിപ്പില്‍ മാത്രമാകും ഇക്കാര്യം സംസ്ഥാന സഹകരണ ബാങ്കിന് ചെയ്യാനാകുക. ഇതിനായി പലിശയില്ലാതെ കോടികള്‍ ഇത്തരം ബാങ്കുകള്‍ക്ക് നിക്ഷേപമായി നല്‍കേണ്ടിവരും. മൂന്നു ജില്ലാബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ എ.ടി.എം., നെറ്റ്ബാങ്കിങ് സൗകര്യത്തിനുള്ള അനുമതിയുണ്ട്. ലയനത്തോടെ ഈ സൗകര്യംപോലും നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും.

ഉത്തരവിലുയര്‍ന്ന ആശങ്ക

സംസ്ഥാന , ജില്ലാസഹകരണ ബാങ്കുകളുടെ ലയനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ആശയക്കുഴപ്പം നിറഞ്ഞ പരാമര്‍ശമുള്ളത്. ഈ ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ കേരള സഹകരണ ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മൂന്നുതട്ടിലായി പ്രവര്‍ത്തിക്കുന്ന സഹകരണ വായ്പാമേഖലയുടെ ഘടനമാറ്റിയാണ് ഇത് ചെയ്യുന്നത്. 14 ജില്ലാസഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. കേരള സഹകരണ ബാങ്കിന്‍റെ രൂപവത്കരണത്തിന് ശേഷവും സംസ്ഥാന സഹകരണ ബാങ്ക് നിലനില്‍ക്കും ‘. ഉത്തരവിലെ ഈ പരാമര്‍ശത്തില്‍ വ്യക്തമാകുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന് , ജില്ലാസഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കും. രണ്ട്, ലയനശേഷം സംസ്ഥാന സഹകരണ ബാങ്ക് അതിന്‍റെ ലൈസന്‍സില്‍ തുടരും. അതായത് കേരള ബാങ്ക് എന്നത് സംസ്ഥാന സഹകരണ ബാങ്കിന്‍റെ രൂപമാറ്റമാകുമെന്ന് സാരം. ഇത് കേരളബാങ്കിലൂടെ എന്താണോ ലക്ഷ്യമിട്ടത് അത് നടക്കാതെ പോകുമെന്ന ആശങ്കയ്ക്കിടനല്‍കുന്നതാണ്.

ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ രീതികളായ ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. എന്നിവയും മൊബൈല്‍ ബാങ്കിങ്, എ.ടി.എം., ഇന്‍സ്റ്റെന്‍റ് മണി പെയ്മെന്‍റ് സിസ്റ്റം (ഐ.എം.പി.എസ്.) എന്നീ സംവിധാനങ്ങളുമുള്ളതാണ് ആധുനിക ബാങ്കിങ് രീതി. സംസ്ഥാന സഹകരണ ബാങ്കിന് ഇതൊന്നും സ്വന്തമായി ചെയ്യാന്‍ അനുമതിയില്ല. ഷെഡ്യൂള്‍ഡ് ബാങ്ക് എന്ന പദവിയുള്ളതിനാല്‍ ഐ.എഫ്.എസ്.സി. കോഡ് സ്വന്തമായി ലഭിച്ചിട്ടുണ്ടെന്നുമാത്രം. അതേസമയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലാസഹകരണ ബാങ്കുകള്‍ക്ക് ഇത്തരം സംവിധാനം സ്വന്തമായി നടത്താന്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതിയുണ്ട്. സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുമ്പോള്‍ ജില്ലാബാങ്കുകളുടെ ബാങ്കിങ് ലൈസന്‍സ് ഇല്ലാതാകും. ഫലത്തില്‍ എല്ലാ ആധുനിക ബാങ്കിങ് രീതികളുമുള്ള ജില്ലാബാങ്കുകളില്ലാതാകും. സംസ്ഥാന ബാങ്കിന് ഈ അനുമതി കിട്ടാന്‍ വൈകിയാല്‍ അത് പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും.

തീരുമാനം റിസര്‍വ് ബാങ്കിന്‍റേത്

കേരളബാങ്കിന്‍റെ രൂപവത്കരണത്തിനുള്ള അനുമതി തേടിയുള്ള അപേക്ഷ സര്‍ക്കാര്‍ നബാര്‍ഡിനും റിസര്‍വ് ബാങ്കിനും നല്‍കിയിട്ടുണ്ട്. 14 ജില്ലാസഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപവത്കരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ലയനം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന സഹകരണ ബാങ്കിന്‍റെ ആസ്തിയും മൂലധനവും ഉയരും. ബാധ്യത കുറയും. നിലവിലെ ബാങ്കിന്‍റെ പ്രവര്‍ത്തന രീതിയോ ആസ്തി ബാധ്യതയോ പരിഗണിക്കാതെ റിസര്‍വ് ബാങ്കിന് തീരുമാനമെടുക്കാനാകും. പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയം. ആ നിലയ്ക്ക് ലയനശേഷമുള്ള ബാങ്കിന് പൂര്‍ണ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള അനുമതി റിസര്‍വ് ബാങ്കിന് നല്‍കാനാവും.

റിസര്‍വ് ബാങ്കില്‍ അക്കൗണ്ടും നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചില്‍ അംഗത്വവുമുള്ള ബാങ്കുകള്‍ക്കാണ് എ.ടി.എം.സ്ഥാപിക്കാന്‍ കഴിയുക. നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) യാണ് ഇതിന്‍റെ അതോറിറ്റി. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് ഇടനിലയായി പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്കാണ്. ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. എന്നിവയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആര്‍.ബി.ഐ.യുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്നോളജി (ഐ.ഡി.ആര്‍.ബി.ടി.) എന്ന വിഭാഗമാണ്. നിലവില്‍ സംസ്ഥാന സഹകരണ ബാങ്കിന് ഇതിനുള്ള അനുമതിലഭിച്ചിട്ടില്ല. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്തതാണ് കാരണം.

നിഷ്ക്രിയ ആസ്തി, മൂലധന പര്യാപ്തത, പ്രവര്‍ത്തനലാഭം എന്നിവയൊക്കെയാണ് പ്രധാന മാനദണ്ഡം. മൂന്നുവര്‍ഷമായി ലാഭത്തിലാകണമെന്നാണ് വ്യവസ്ഥ. സംസ്ഥാന ബാങ്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തനലാഭത്തിലാണെങ്കിലും മുന്‍കാല ബാധ്യതയുള്ളതിനാല്‍ അറ്റലാഭത്തിലായിട്ടില്ല. നിഷ്ക്രിയ ആസ്തി 8.38 ശതമാനമാണ്. ഇത് അഞ്ചുശതമാനത്തില്‍ താഴെയാകണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്. അറ്റ നിഷ്ക്രിയ ആസ്തി 2.52 ശതമാനമാണ്. അതായത് , കിട്ടാക്കടത്തിന് ബാങ്ക് കരുതല്‍ ധനം സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങനെ കരുതല്‍ വെച്ച തുക കുറച്ച ശേഷം കണക്കാക്കുന്നതാണ് അറ്റനിഷ്ക്രിയ ആസ്തി. ഇത് 2.52 ശതമാനമായതിനാല്‍ റിസര്‍വ് ബാങ്കിന്‍റെ മാനദണ്ഡത്തില്‍ ഇളവ് വേണമെങ്കില്‍ പരിഗണിക്കാം. അതേസമയം, മൂലധനപര്യാപ്തത 16.88 ശതമാനമെന്ന ഉയര്‍ന്ന നിരക്കാണ്. വാണിജ്യബാങ്കുകളെക്കാളും മെച്ചപ്പെട്ട നിരക്കാണിത്. ഒമ്പത് ശതമാനമെങ്കിലും വേണമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. കൊടുത്ത കടം തിരിച്ചുകിട്ടിയില്ലെങ്കിലും ബാങ്ക് തകര്‍ന്നുപോവില്ലെന്ന് കാണിക്കുന്നത് മൂലധനപര്യാപ്തതയുടെ തോതാണ്. അത് സംസ്ഥാന ബാങ്കിന് മെച്ചപ്പെട്ട നിലയിലുണ്ട്. പക്ഷേ, എല്ലാകാര്യങ്ങളും പരിശോധിച്ചാണ് റിസര്‍വ് ബാങ്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കുക. മികച്ച പ്രവര്‍ത്തനവും ജീവനക്കാരുടെയും സഹകാരികളുടെയും ശ്രമവും കാരണമാണ് കുറച്ച് ജില്ലാ ബാങ്കുകള്‍ക്കെങ്കിലും ഇത് നേടിയെടുക്കാനായത്. അത് നഷ്ടപ്പെടുത്തുകയും സംസ്ഥാന സഹകരണ ബാങ്കിന് അനുമതി വൈകുകയും ചെയ്താല്‍ അത് സഹകരണ മേഖലയ്ക്ക് തന്നെ തിരിച്ചടിയാകും.

സ്പോണ്‍സര്‍ഷിപ്പ് ഗുണകരമാവില്ല

സ്വന്തമായി എ.ടി.എം., ഇല്ക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കൊന്നും അനുമതിയില്ലാത്ത ബാങ്കുകള്‍ മറ്റേതെങ്കിലും വാണിജ്യ ബാങ്കുകളുടെ സ്പോണ്‍സര്‍ഷിപ്പിലാണ് ഇതൊക്കെ ചെയ്യുന്നത്. സംസ്ഥാന സഹകരണ ബാങ്ക് ഇപ്പോള്‍ ചെയ്യുന്നതും ഇങ്ങനെയാണ്. ഇതേ രീതിയില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ പോലും ചെയ്യുന്നുണ്ട്. എച്ച്.ഡി.എഫ്.സി., ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് പ്രധാനമായും ഇങ്ങനെ സ്പോണ്‍സറായി നില്‍ക്കുന്നത്. പലിശയില്ലാതെ കോടികളുടെ നിക്ഷേപം ഈ സ്പോണ്‍സര്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇടപാടുകളുടെ തോത് അനുസരിച്ചാണ് പലിശരഹിത നിക്ഷേപം എത്രയാണെന്ന് നിശ്ചയിക്കുക. ചില പ്രാഥമിക ബാങ്കുകള്‍ പത്തുകോടിയോളം രൂപ ഇങ്ങനെ നിക്ഷപമായി നല്‍കുന്നുണ്ട്.

ജില്ലാ ബാങ്കുകളുടെ ലയനശേഷവും സംസ്ഥാന സഹകരണ ബാങ്കിന് ഇതേ രീതി തുടരേണ്ടിവന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടതൊക്കെ വെറുതെയാകും. കേരളബാങ്കിന്‍റെ ഇടപാടിന്‍റെ തോത് വളരെ കൂടുതലായിരിക്കും. 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്‍റെയും ഇടപാടുകളാകെ കേരളബാങ്കിലാണ് വരിക. ഇതുപരിഗണിക്കുമ്പോള്‍ കേരളബാങ്കിന് കോടികള്‍ മറ്റ് വാണിജ്യബാങ്കുകള്‍ക്ക് പലിശ രഹിത നിക്ഷേപമായി നല്‍കേണ്ടിവരും. വന്‍കിട പദ്ധതികളും സര്‍ക്കാരിന്‍റെ പദ്ധതികളും ഏറ്റെടുത്ത് നടത്താന്‍ പാകത്തിലുള്ള സാമ്പത്തിക സ്ഥിരതയാണ് കേരളബാങ്കിലൂടെ ലക്ഷ്യമിടുന്നത്. അത്തരം പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ടിവരുന്ന പണം സ്വകാര്യ ബാങ്കുകള്‍ക്ക് പലിശയില്ലാതെ നല്‍കേണ്ടിവരുന്നത് ഗുണകരമായ മാറ്റമാവില്ല. മാത്രവുമല്ല, പ്രാഥമിക ബാങ്കുകള്‍ക്ക് ഈ സൗകര്യം നല്‍കുന്ന ബാങ്കായി കേരളബാങ്കിനെ മാറ്റാനായിരുന്നു തീരുമാനം. അങ്ങനെ വന്നാല്‍, നിലവില്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന് പ്രാഥമിക ബാങ്കുകള്‍ സ്വകാര്യ-വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശ രഹിത നിക്ഷേപം കേരളബാങ്കിന് ലഭിക്കേണ്ടതാണ്. ആ സാധ്യതയും ഇല്ലാതാകും.

സംസ്ഥാന സഹകരണ ബാങ്കിനെ കേരളബാങ്കാക്കി മാറ്റുകയാണ് സര്‍ക്കാരിന്‍റെ തീരുമാനമെങ്കില്‍ ആദ്യം വേണ്ടത്, സംസ്ഥാന ബാങ്കിന് എല്ലാ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാക്കുകയാണ്. അതിനുള്ള ഇടപെടലാണ് നടത്തേണ്ടത്. ലയനത്തിനുള്ള അപേക്ഷയ്ക്കൊപ്പം റിസര്‍വ് ബാങ്കില്‍നിന്ന് ഈ അനുമതി കൂടി നേടിയെടുക്കാനാകണം. സംസ്ഥാന സഹകരണ ബാങ്കിന് ആധുനിക സംവിധാനങ്ങളില്ലാതെ അത്തരം സൗകര്യങ്ങളുള്ള ജില്ലാബാങ്കുകളെ ലയനത്തിലേക്ക് നയിക്കുന്നത് സഹകരണ മേഖലക്ക് വലിയ തിരിച്ചടിയാകും. കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ ഏറ്റവും കെട്ടുറപ്പുള്ള ബാങ്കുകളാണ് ജില്ലാസഹകരണ ബാങ്കുകള്‍. അതിന്‍റെ പ്രവര്‍ത്തനവും പ്രൊഫഷണല്‍ സമീപനത്തോടെയുള്ളതാണ്. ഇത് ഇല്ലാതാകുമ്പോഴുള്ള പ്രത്യാഘാതം തിരിച്ചറിയാതെയാകരുത് കേരളബാങ്ക് രൂപവത്കരണം.

ലയനം മാര്‍ച്ച് 31 നകമെന്ന് ടാസ്ക്ഫോഴ്സ്

ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനായി ആസ്തി നിര്‍ണയം നടത്തേണ്ടതുണ്ട്. ഇതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെ നേതൃത്വത്തില്‍ പ്രത്യേക ഓഡിറ്റ് നടത്താനാണ് തീരുമാനം. 14 ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലും സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കണം. ലയനത്തിന് അംഗീകാരം നല്‍കന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കണമെങ്കില്‍ ഈ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കണം. സഹകരണ വകുപ്പ് നടത്തുന്ന ഓഡിറ്റ് റിസര്‍വ് ബാങ്ക് ലയനത്തിനുള്ള അനുമതിക്ക് പരിഗണിക്കില്ല. റിസര്‍വ് ബാങ്കിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഓഡിറ്റ് രീതിയല്ല സഹകരണ വകുപ്പിന്‍റേത്.

2018 മാര്‍ച്ച് 31നകം ലയനം പൂര്‍ത്തിയാക്കണമെന്നാണ് ടാസ്ക്ഫോഴ്സ് കണക്കാക്കിയിട്ടുള്ളത്. ഇതിനുള്ള കടമ്പ ഏറെയാണ്. അതിലൊന്ന് മാത്രമാണ് ഫിനാന്‍ഷ്യല്‍ ഓഡിറ്റ്. മൂന്ന് മേഖലകളിലായി മൂന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് കമ്പനികളെ ഓഡിറ്റിനായി ചുമതലപ്പെടുത്താനാണ് തീരുമാനം. ആര്‍.ബി.ഐ.യും നബാര്‍ഡും നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഓഡിറ്റ് നടത്താന്‍ അവര്‍ അംഗീകരിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് കമ്പനികളെ നിയോഗിക്കേണ്ടതുണ്ടെന്നാണ് ടാസ്ക്ഫോഴ്സ് സര്‍ക്കാരിനെ അറിയിച്ചത്. ഇത്തരം കമ്പനികളുടെ പട്ടികയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍നിന്ന് മൂന്ന് കമ്പനികളെയാണ് തിരഞ്ഞെടുക്കുക. അഞ്ച് ബാങ്കുകള്‍ ഒരുകമ്പനിക്ക് എന്ന നിലയില്‍ നല്‍കും. തെക്കന്‍ മേഖലയിലുള്ള കമ്പനിയെ ലീഡ് ഓഡിറ്റര്‍ എന്ന നിലയിലാക്കും. ഇവര്‍ക്കായിരിക്കും സംസ്ഥാന സഹകരണ ബാങ്കിന്‍റെയും ഓഡിറ്റ് ചുമതല. 2017-18 കാലത്തെ ഓഡിറ്റാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് കമ്പനികള്‍ നടത്തുക. ഏറ്റവും ഒടുവിലത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുക. ഓഡിറ്റ് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ചെയര്‍മാനായുള്ള ആറംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

കോര്‍ബാങ്കിങ്ങിന് നൂറുകോടി

സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ ബാങ്കായി മാറുമ്പോള്‍ അതിന്‍റെ കോര്‍ബാങ്കിങ് രീതിയും ഉടച്ചുവാര്‍ക്കണം. 100 കോടി രൂപയാണ് പുതിയ ബാങ്കില്‍ കോര്‍ബാങ്കിങ് നടപ്പാക്കാന്‍ കണക്കാക്കിയിട്ടുള്ളത്. ഐ.ടി.സംയോജനത്തിനുള്ള ചെലവ് സംസ്ഥാന, ജില്ലാസഹകരണ ബാങ്കുകള്‍ വഹിക്കണമെന്നാണ് നിലവിലെ നിര്‍ദ്ദേശം. അപ്പക്സ് ബാങ്ക് എന്ന നിലയിലും ലയനശേഷവും നിലനില്‍ക്കുന്ന ബാങ്ക് എന്നതിനാലും മൊത്തം ചെലവിന്‍റെ പത്തുശതമാനം സംസ്ഥാന സഹകരണ ബാങ്ക് വഹിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഓരോ ബാങ്കിനുമുള്ള വിഹിതം നിശ്ചയിച്ച് നല്‍കിയത് ടാസ്ക് ഫോഴ്സാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു.

ഓരോ ജില്ലാബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവര്‍ക്കുള്ള വിഹിതം നിശ്ചയിച്ചത്. ബ്രാഞ്ചുകളുടെ എണ്ണം, എ.ടി.എം., അക്കൗണ്ടുകളുടെ എണ്ണം, ബാങ്കിങ് ബിസിനസ് എന്നിവയൊക്കെയാണ് വിഹിതം നിശ്ചയിക്കാന്‍ അടിസ്ഥാനമാക്കിയത്. ഇതനുസരിച്ച് ഓരോ ജില്ലാബാങ്കും നല്‍കേണ്ട വിഹിതം ശതമാനത്തില്‍ ഇങ്ങനെയാണ് : തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍-9, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം-6, കണ്ണൂര്‍, കോഴിക്കോട്-8, പത്തനംതിട്ട, പാലക്കാട് -5, കാസര്‍കോട്-4, വയനാട്-3.

ലയനത്തിന്‍റെ കടമ്പകള്‍ കഠിനം

സംസ്ഥാനസഹകരണ ബാങ്കില്‍ ജില്ലാസഹകരണ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള നടപടി അത്ര എളുപ്പമാകില്ല. അടുത്ത ചിങ്ങം ഒന്നിന് കേരളബാങ്ക് നിലവില്‍ വരുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ധൃതിപിടിച്ചുള്ള നടപടികളാണ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. എന്നാല്‍, അതത്ര എളുപ്പമാകില്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഐ.ടി. ഇന്‍റഗ്രേഷനും ബാലന്‍സ്ഷീറ്റ് ഏകീകരണവും തന്നെയാണ് ഏറ്റവും പ്രശ്നം. 15 ബാങ്കുകളുടെ ഡാറ്റ ഏകീകരണമാണ് നടക്കേണ്ടത്. ഇതിന് ഓരോ ബാങ്കിലുമുള്ള ഡാറ്റകളെക്കുറിച്ചുള്ള സമഗ്രപഠനം അനിവാര്യമാണ്. എ.ടി.എം., നെറ്റ് ബാങ്കിങ്, ഇ-കൊമേഴ്സ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, മൊബൈല്‍ ബാങ്കിങ് തുടങ്ങി ഓരോ ബാങ്കിലെയും എന്‍.പി.സി.ഐ. പ്രൊഡക്റ്റുകളെക്കുറിച്ച് സമഗ്രമായ പരിശോധന അനിവാര്യമാണ്. ഓരോ ബാങ്കിലുമുള്ള എന്‍.പി.സി.ഐ. പ്രൊഡക്ടുകളും സര്‍വീസുകളും വ്യത്യസ്തമാണ്. ഇവയെ ഏകീകരിക്കുകയാണ് ലയനത്തിലുള്ള ഒരു പ്രധാനകടമ്പ. അതിന് ഓരോ ബാങ്കിലെയും പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് കൃത്യമായ പഠനം അനിവാര്യമാണ്. കേരളബാങ്കിനുവേണ്ടി ഇതുവരെ അത്തരത്തിലുള്ള ഒരു പഠനം നടന്നിട്ടില്ല. കേരളബാങ്കിന്‍റെ സാധ്യതകളാണ് ശ്രീറാം കമ്മിറ്റി പരിശോധിച്ചത്. അതിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനായി നിയോഗിച്ച ടാസ്ക്ഫോഴ്സ് പ്രത്യേകമായ പഠനമൊന്നും നടത്തിയിട്ടില്ല.

ജില്ലാബാങ്കുകളാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നത്. അതിനാല്‍, ഓരോ ജില്ലാബാങ്കും അവരുടെ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്ന സേവനം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതുണ്ടാകണമെങ്കില്‍ ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന് ഈ സേവനങ്ങള്‍ മുടങ്ങാതെ നല്‍കാനുള്ള ശേഷിയുണ്ടാകണം. അതായത് ലയനത്തിന് മുമ്പുതന്നെ എ.ടി.എം., നെറ്റ് ബാങ്കിങ്, ഇ-കൊമേഴ്സ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കാനുള്ള ശേഷി സംസ്ഥാന സഹകരണ ബാങ്ക് നേടിയിരിക്കണം. ലയനശേഷം അനുമതി നേടാമെന്ന സ്ഥിതിയുണ്ടായാല്‍ അത് നിലവിലെ ജില്ലാബാങ്കുകളുടെ ഇടപാടുകാരെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കും.

കരാറുകളാണ് മറ്റൊരു പ്രശ്നം. ഓരോ ബാങ്കും അവരുടെ സേവനദാതാവായി വിവിധ കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്. എഫ്.ഐ.എസ്., യൂറോ നെറ്റ് തുടങ്ങിയ കമ്പനികള്‍ ഈ രംഗത്തുണ്ട്. എ.ടി.എം. സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിവിധ കമ്പനികളുമായി കരാറുണ്ടാക്കിയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഓരോ സര്‍വീസിനും ചെറുതും വലുതുമായ കരാറുകളുണ്ടാകും. ഇതിലെ വ്യവസ്ഥകളും പരിശോധിക്കേണ്ടതാണ്. ബാങ്കില്ലാതാകുന്നതോടെ കരാറും അവസാനിപ്പിക്കേണ്ടിവരും. അങ്ങനെ ചെയ്യുമ്പോഴുള്ള അന്തരഫലങ്ങള്‍ നിയമക്കുരുക്കില്ലാതെയും സാമ്പത്തിക നഷ്ടമില്ലാതെയും പരിഹരിക്കേണ്ടതുണ്ട്.

ഓരോ സഹകരണ ബാങ്കും പ്രാദേശിക സ്വഭാവം പ്രകടിപ്പിക്കുന്നവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ലാഭത്തില്‍നിന്ന് ഇത്തരം ചില കാര്യങ്ങള്‍ക്ക് ഫണ്ട് മാറ്റിവെക്കാറുമുണ്ട്. ഇങ്ങനെ മാറ്റിവെച്ച ഫണ്ടുകള്‍ എങ്ങനെ ഏകീകരിക്കുമെന്നതിലും ആശയക്കുഴപ്പമുണ്ട്. ബാലന്‍ഷീറ്റ് ലയിപ്പിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ ഇതൊക്കെയാകും. ഇടപാടുകാരുമായുള്ള കരാറുകളും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളും പരിശോധിക്കേണ്ടിവരും. ജില്ലാബാങ്കുകള്‍ പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്നവയാണ്. ഇതിനാല്‍, ഇതിലെ ഇടപാടുകാര്‍ക്കും അതിനുള്ള സൗകര്യം കിട്ടുന്നുണ്ട്. ലയനശേഷം അതുതടസ്സപ്പെട്ടാല്‍ ഉണ്ടാകാവുന്ന തിരിച്ചടി ചെറുതാകില്ല.

ഇത്രയും വലിയ ലയനം ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും. സ്റ്റേറ്റ് ബാങ്കുകളുടെ ലയനമാണ് ഏറ്റവും ഒടുവിലായി നടന്നത്. ഇതില്‍ത്തന്നെ ഏഴ് സ്റ്റേറ്റ് ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചത്. ആ ഏഴുബാങ്കുകളും നല്‍കിയ സേവനങ്ങള്‍ മുടങ്ങാതെ നല്‍കാന്‍ എസ്.ബി.ഐ. പ്രാപ്തമായിരുന്നു. പക്ഷേ, ഇവിടെ അതല്ല അവസ്ഥ. അതിനാല്‍, എല്ലാവിധ അധുനിക ബാങ്കിങ് സംവിധാനങ്ങളും ചെയ്യാന്‍ പാകത്തില്‍ സംസ്ഥാന സഹകരണ ബാങ്ക് മാറേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കമാണ് ആദ്യം വേണ്ടതും.

പിന്‍വാങ്ങില്ല – മന്ത്രി

കേരള സഹകരണ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തിക തലത്തില്‍ എത്തിക്കാനുളള ഊര്‍ജിതമായ കര്‍മ്മപരിപാടിയാണ് സഹകരണവകുപ്പ് നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ത്രിതല സംവിധാനത്തില്‍ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് സഹകരണമേഖലയെ മാറ്റുന്നത് തന്നെ കേരളബാങ്ക് രൂപവത്കരണത്തിന് വേണ്ടിയാണ്. സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണബാങ്കുകളും ലയിച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന കേരള ബാങ്ക് രൂപവത്കരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനും നബാര്‍ഡിനും അപേക്ഷ നല്‍കിയിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

ബംഗളുരു ഐ.ഐ.എമ്മിലെ പ്രൊഫ. എം.എസ് ശ്രീറാം നേതൃത്വം നല്‍കിയ വിദഗ്ധസമിതിയെ നിയോഗിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആര്‍.ബി.ഐ.യുടെ ഭാഗത്തു്നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് സംസ്ഥാനത്തെ സഹകരണ ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സഹകരണ ബാങ്ക് ആകെ നഷ്ടത്തിലാണെന്ന വാര്‍ത്തകള്‍ ഗൂഢോദ്ദേശ്യത്തോടെയുള്ളതാണ്. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാന സഹകരണബാങ്കിന്‍റെ മൂലധന പര്യാപ്തത 16.88 ശതമാനമാണ്. മൂലധന പര്യാപ്തത കുറഞ്ഞത് 9 ശതമാനം മതിയെന്ന ആര്‍ബിഐ മാനദണ്ഡം നിലനില്‍ക്കുമ്പോള്‍ 16.88 ശതമാനം മൂലധന പര്യാപ്തത സംസ്ഥാന സഹകരണ ബാങ്കിനുള്ളത് നിസാരമല്ല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാന സഹകരണബാങ്കിന്‍റെ പ്രവര്‍ത്തനലാഭം 90 കോടിയോളം രൂപയായി വര്‍ധിച്ചു. കേരള സഹകരണ ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ടാസ്ക് ഫോഴ്സിന്‍റെ നടപടിക്രമങ്ങള്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല- മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!