റബ്കോ പുനരുദ്ധരിക്കുന്നു; പഠനം നടത്താന്‍ ഐ.ഐ.എമ്മിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി

moonamvazhi

കാലോചിതമായി ബിസിനസ് മോഡല്‍ കെട്ടിപ്പടുക്കാന്‍ സഹകരണ സ്ഥാപനമായ റബ്കോയ്ക്ക് സഹായവുമായി സര്‍ക്കാര്‍. റബ് വുഡ് ഫര്‍ണീച്ചര്‍ രംഗത്ത് പുതിയ മാതൃക തീര്‍ത്താണ് റബ്കോ സഹകരണ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫര്‍ണീച്ചര്‍ കയറ്റുമതിക്ക് പുതിയ പാതയൊരുക്കാനും റബ്കോയ്ക്ക് കഴിഞ്ഞു. പക്ഷേ, സാമ്പത്തികമായി മുന്നേറാന്‍ റബ്കോയ്ക്ക് കഴിഞ്ഞില്ല. പുതിയകാലത്തെ വെല്ലുവിളി ഏറ്റെടുത്ത് പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ സഹായത്തോടെ ഇപ്പോഴത്തെ ശ്രമം.

വെളിച്ചെണ്ണ മുതല്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതുവരെയുള്ള വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ റബ്കോ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇതുകൊണ്ടൊന്നും സാമ്പത്തിക ബാധ്യത പരിഹരിച്ച് മുന്നേറാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് റബ്കോയുടെ പുനരുദ്ധാരണത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കോഴിക്കോട് ഐ.ഐ.എമ്മിനെ ചുമതലപ്പെടുത്തിയത്. ഐ.ഐ.എമ്മുമായി ധാരണ പത്രം ഒപ്പുവെക്കുന്നതിന് സര്‍ക്കാര്‍ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായം അടക്കം ആവശ്യപ്പെട്ടുകൊണ്ട് റബ്കോ ഒരു പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ പാക്കേജുകൊണ്ടുമാത്രം റബ്കോയുടെ വളര്‍ച്ച സാധ്യമാകില്ലെന്ന വിലയിരുത്തലുണ്ടായി. റബ്കോയുടെ പുനരുദ്ധാരണത്തിനായി പ്രത്യേകം പഠനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ മൂന്നിന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

ബിസിനസ് മെച്ചപ്പെടുത്താന്‍ പുതിയ പ്രവര്‍ത്തനങ്ങളും വിപണന രീതിയും റബ്കോ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. റബ്കോ ഫര്‍ണീച്ചറുകള്‍ തവണ വ്യവസ്ഥയില്‍ വീടുകളിലെത്തിച്ചു നല്‍കുന്നതാണ് ഇതിലൊന്ന്. കുടുംബശ്രീയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഇപ്പോള്‍ ഇത് നടപ്പാക്കിയിട്ടുള്ളത്. ഇതിനുപുറമെ ആശുപത്രി കട്ടിലുകള്‍ നിര്‍മ്മിക്കുന്നതിലേക്കും കടന്നു. ഇരുഭാഗവും ഉയര്‍ത്താന്‍ കഴിയുന്ന സൈഡ് റെയിലോടുകൂടിയതാണ് റബ്കോയുടെ ആശുപത്രി കട്ടില്‍. രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള കട്ടിലും നിര്‍മ്മിക്കുന്നുണ്ട്.

റസ്‌കോ മോഡല്‍ സൗരോര്‍ജ്ജ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് അനെര്‍ട്ടും റബ്കോയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ സൗരോര്‍ജ്ജ മേഖലയിലെ ആദ്യ റെസ്‌കോ റിന്യൂവബിള്‍ എനര്‍ജി സര്‍വീസ് കമ്പനി (അക്ഷയോര്‍ജ്ജന സേവന ദാതാവ്) പദ്ധതിക്കാണ് അനെര്‍ട്ട് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍പൊതുമേഖല സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജവത്കരിക്കുന്നതിന്റെ ഭാഗമായി അനെര്‍ട്ടിന്റെ പദ്ധതിയിലുള്‍പ്പെടുത്തി സൗരവൈദ്യുത നിലയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുകയും തുടര്‍ന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിശ്ചിത നിരക്കില്‍ അതത് സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. തലശ്ശേരിയിലുള്ള റബ്കോയുടെ ഫാക്ടറിയില്‍ 350 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്.

 

Leave a Reply

Your email address will not be published.