രോഗബാധിതരുടെ ക്ഷേമത്തിനായി ഒരു സഹകരണ സംഘം

moonamvazhi

ജി. മുരളീധരന്‍ പിള്ള

( അസി. രജിസ്ട്രാര്‍/ലക്ചറര്‍ -സഹകരണം,ഇ.റ്റി.സി, കൊട്ടാരക്കര )

രോഗം ബാധിച്ചെന്ന കാരണത്താല്‍ സമൂഹം ഒറ്റപ്പെടുത്തിയ അശരണരായ മനുഷ്യരെ സഹായിക്കാന്‍ കേരളത്തിലെ നൂറനാട്ട് ഒരു സഹകരണ സംഘം സ്ഥാപിച്ചത് 1977 ലാണ്. രോഗബാധിതരുടെ ക്ഷേമത്തിനായി ഇത്തരമൊരു സഹകരണ സംഘം ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ആദ്യത്തേതായിരിക്കും

‘ രോഗം ഒരു കുറ്റമാണോ ? രോഗി കുറ്റവാളിയാണോ ? മനസ്സിന് കുഷ്ഠരോഗം വരുമോ ? ‘.

– പതിറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മുടെ മന:സാക്ഷിയെ കുത്തിനോവിച്ച ചോദ്യങ്ങളാണിവ. ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങുന്ന വേദന നിറഞ്ഞ ചോദ്യങ്ങള്‍.

1962 ല്‍ കായംകുളം കെ.പി.എ.സി. അവതരിപ്പിച്ച ‘ അശ്വമേധം ‘ എന്ന പ്രശസ്ത നാടകമാണ് ഈ ചോദ്യങ്ങള്‍ സമൂഹ മനസ്സിലേക്ക് എറിഞ്ഞത്. തോപ്പില്‍ ഭാസി എഴുതി സംവിധാനം ചെയ്ത ഈ നാടകത്തില്‍ സരോജം എന്ന കുഷ്ഠരോഗി ഡോ.തോമസ്സിനോട് ചോദിച്ച ഈ ചോദ്യങ്ങള്‍ക്ക് ഇന്നും നമുക്ക് ഉത്തരങ്ങളില്ല. കുഷ്ഠരോഗം പൂര്‍ണമായും ഭേദമായിട്ടും വീട്ടുകാരാലും കാമുകനാലും അകറ്റി നിര്‍ത്തപ്പെട്ട കഥാപാത്രമാണ് ഇതിലെ സരോജം. ( അശ്വമേധം 1967 ല്‍ സിനിമയുമായി. സത്യന്‍, ഷീല, നസീര്‍ , കാമ്പിശ്ശേരി കരുണാകരന്‍ തുടങ്ങിയവര്‍ അഭിനയിച്ചു.)

നൂറനാട്ടെ ഒരു സഹകരണ സംഘത്തെപ്പറ്റി പറയുമ്പോള്‍ നാടക – സിനിമാ വിശേഷങ്ങളുടെ ഈ മുഖവുര ആവശ്യമാണ്. കാരണം, കുഷ്ഠരോഗം ബാധിച്ചവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ രൂപം കൊണ്ട ഒരു സംഘത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. രോഗം പകരുമെന്ന ഭീതിയില്‍ സമൂഹം ഒറ്റപ്പെടുത്തിയ കുറെ മനുഷ്യരുടെ ക്ഷേമത്തിനായാണ് ഈ സംഘം രൂപം കൊണ്ടത്.

ഐക്യകേരളം വരുന്നതിനും രണ്ടര പതിറ്റാണ്ട് മുമ്പത്തെ അവസ്ഥയാണ്. അന്ന് കുഷ്ഠരോഗ ബാധിതരെ പൊതു സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തി ചികിത്സിപ്പിക്കണം എന്ന ആവശ്യമുയര്‍ന്നു. അതനുസരിച്ച്, 1934 ല്‍ മുന്നൂറില്‍പ്പരം കുഷ്ഠരോഗികളെ തിരുവനന്തപുരം ഊളമ്പാറയിലുള്ള മാനസിക രോഗാശുപത്രിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. ഇങ്ങ് ദൂരെ ആലപ്പുഴ ജില്ലയിലെ നൂറനാട് എന്ന ഗ്രാമമാണ് രോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി തിരഞ്ഞെടുത്തത്. ഈ ലെപ്രസി സാനട്ടോറിയത്തിന്റെ ചരിത്രം പറയുമ്പോള്‍ ഇവിടത്തെ അംഗങ്ങള്‍ക്കായി രൂപവത്കരിച്ച നൂറനാട് ലെപ്രസി സാനട്ടോറിയം സഹകരണ സംഘത്തിന്റെ കഥയും പറയേണ്ടിവരും.

ഒരു ഫ്‌ളാഷ് ബാക്ക്

‘ അശ്വമേധം ‘ നാടകത്തിന് ഒരു ഫ്‌ളാഷ്ബാക്കുണ്ട്. നൂറനാട്ടെ ഈ സാനട്ടോറിയത്തില്‍ നിന്നാണ് ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്ന ചോദ്യങ്ങളുയര്‍ന്നത്. ഈ ആശുപത്രിയില്‍ രോഗിയായിരുന്ന ചവറക്കാരന്‍ പി. കാര്‍ത്തികേയനാണ് തന്നെ ചികിത്സിച്ചിരുന്ന ഡോ. ശങ്കരനാരായണന്‍ ഉണ്ണിത്താനോട് ഈ ചോദ്യങ്ങളുന്നയിച്ചത്. ‘രോഗം ഒരു കുറ്റമാണോ, രോഗി കുറ്റവാളിയാണോ , മനസ്സിന് കുഷ്ഠ രോഗം വരുമോ’ . അക്കാലത്ത് കുടുംബവും സമൂഹവും കുഷ്ഠരോഗികളോട് കാണിച്ചിരുന്ന അവജ്ഞയും ക്രൂരമായ പെരുമാറ്റവുമാണ് കാര്‍ത്തികേയനെക്കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്.

തിരുവനന്തപുരം നഗരവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഊളമ്പാറയിലെ മാനസിക രോഗാശുപത്രിയില്‍ നിന്ന് കുഷ്ഠരോഗികളെ മാറ്റാന്‍ തീരുമാനമായത്. അന്ന് വിജനസ്ഥലമായിരുന്നു നൂറനാട്. ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരുടെ കാലത്താണിത് നടന്നത്.
134 ഏക്കറില്‍ പരന്നു കിടക്കുന്ന സ്ഥലം. അന്ന് ഏഷ്യയിലെ ഏറ്റവും വലിയ ലെപ്രസി സാനട്ടോറിയമായിരുന്നു നൂറനാട്ടേത്. കുഷ്ഠ രോഗികളെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും ഇതേപോലെ തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടിയിലും കോഴിക്കോട് ജില്ലയിലെ ചേവായൂരിലും ലെപ്രെസി സാനട്ടോറിയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. ഇപ്പോള്‍ ഈ ആശുപത്രികള്‍ ചര്‍മരോഗ ചികിത്സാ കേന്ദ്രങ്ങളായാണ് ( ഗവ. ഹോസ്പിറ്റല്‍ ഓഫ് ഡെര്‍മറ്റോളജി ) അറിയപ്പെടുന്നത്.

( ഇന്ത്യയില്‍ 1955 ലാണ് കുഷ്ഠരോഗ നിയന്ത്രണ പരിപാടി ആരംഭിച്ചത്. 1982 ല്‍ രോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി മള്‍ട്ടി ഡ്രഗ് തെറപ്പി – ങഉഠ – ക്ക് തുടക്കം കുറിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുതുടങ്ങി. 2018 മാര്‍ച്ച് 31 ആയതോടെ രാജ്യത്തു നിന്ന് കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യപ്പെട്ടു . ഇപ്പോള്‍, പതിനായിരം പേരില്‍ ഒരാളില്‍ത്താഴെ മാത്രമേ രോഗലക്ഷണം കണ്ടെത്തുന്നുള്ളു. ഇന്ത്യയില്‍ ആകെയുള്ള 705 ജില്ലകളില്‍ 572 ജില്ലകളിലും രോഗം പാടെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ജനുവരിയിലെ അവസാന ഞായറാഴ്ചയാണ് ലോകമെങ്ങും കുഷ്ഠരോഗ ദിനം ആചരിക്കുന്നത് )

നൂറനാട്ടെ ചര്‍മ രോഗ ചികിത്സാലയം കോമ്പൗണ്ട്

അംഗത്വം രോഗികള്‍ക്കു മാത്രം

നൂറനാട് ലെപ്രസി സാനട്ടോറിയം സഹകരണ സംഘത്തില്‍ രോഗബാധിതര്‍ക്കു മാത്രമാണ് അംഗത്വം നല്‍കുന്നത്. അംഗത്വമെടുക്കുന്നവര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. അംഗമായി ചേരുന്നയാള്‍ രോഗിയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം. സാനട്ടോറിയത്തിലെ
അന്തേവാസിയുമായിരിക്കണം . പ്രത്യേക രോഗബാധിതര്‍ക്കു മാത്രമായി കേരളത്തില്‍ രൂപം കൊണ്ട ഏക സഹകരണ സംഘമാണിത്.
ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ആദ്യത്തേത്.

സര്‍. സി.പി യുടെ കാലത്ത് അനുവദിച്ച 134 ഏക്കര്‍ ഭൂപ്രദേശത്ത് 1139 അന്തേവാസികളുമായാണ് സാനട്ടോറിയം 1934 ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. സഹകരണ സംഘം തുടങ്ങാന്‍ പിന്നെയും നാലു പതിറ്റാണ്ടുകളെടുത്തു. 1977 ലാണ് അന്തേവാസികളുടെ ക്ഷേമത്തിനായി സഹകരണ സംഘം സ്ഥാപിച്ചത്. എല്ലാവരും അന്ന് ഈ സംഘത്തില്‍ അംഗങ്ങളായി.

‘ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായി വന്നു നില്‍ക്കുന്ന ‘ കാലം. രോഗപ്രതിരോധ നടപടികള്‍ അത്ര ശക്തമല്ലാതിരുന്ന കാലം. ഗുരുതരാവസ്ഥയിലുള്ള അംഗങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ഇപ്പോള്‍ ചര്‍മരോഗികള്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നുണ്ടെങ്കിലും അവര്‍ക്ക് സഹകരണ സംഘത്തില്‍ അംഗത്വം നല്‍കാറില്ല. ഒ.പി. ചികിത്സക്കു മാത്രമായാണ് ഇവര്‍ എത്തുന്നത്. ഇപ്പോള്‍ 137 അംഗങ്ങളേ സംഘത്തിലുള്ളു. ഒരര്‍ഥത്തില്‍ ഇതൊരു ശുഭസൂചനയാണ്. സര്‍ക്കാരിന്റെ ഊര്‍ജിത കുഷ്ഠ നിവാരണ യജ്ഞത്തിന്റെ ഫലമായി രോഗം പാടെ തുടച്ചുനീക്കപ്പെട്ട അവസ്ഥയാണിപ്പോള്‍.

സഹകരണ സംഘം എല്ലാ നടത്തിപ്പിനും

ചര്‍മരോഗാശുപത്രിയുടെയും ഇവിടത്തെ അന്തേവാസികളുടെയും എല്ലാ കാര്യങ്ങളിലും സഹായ ഹസ്തവുമായി സഹകരണ സംഘം എന്നും കൂടെത്തന്നെയുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങളും കണ്‍സ്യൂമര്‍ സ്റ്റോറിന്റെ മേല്‍നോട്ടവും വിറക് കച്ചവടവുമെല്ലാം സംഘം തന്നെയാണ് നിയന്ത്രിക്കുന്നത്. അന്തേവാസികള്‍ക്ക് ഭക്ഷണ അലവന്‍സ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അത് സംഘം വഴിയേ കിട്ടൂ. അന്തേവാസികളുടെ എണ്ണത്തി
നനുസരിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മറ്റ് സാമ്പത്തിക സഹായങ്ങളും സംഘം വഴിയാണ് ലഭിക്കുന്നത്. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങിയ ഇനങ്ങള്‍ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, പയര്‍, പരിപ്പ്, പച്ചക്കറി, പാല്‍ എന്നിവ നേരിട്ടു നല്‍കുന്നില്ല. സ്ഥാപനത്തിന്റെ നഴ്‌സിങ് സൂപ്രണ്ട്, ഡയറ്റ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സാധനങ്ങള്‍ സംഘങ്ങളില്‍ നിന്ന് കൈപ്പറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ്. ഇവ പൊതു അടുക്കളയില്‍ പാകം ചെയ്ത് സംഘം അംഗങ്ങള്‍ക്ക് നല്‍കുന്നു.

‘നൂറനാട് ലെപ്പര്‍ കോളനി സഹകരണ സംഘം’ എന്ന പേരിലാണ് 1977 ല്‍ സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം താല്‍ക്കാലിക പ്രസിഡന്റാണുണ്ടായിരുന്നത്. സംഘം തുടങ്ങാന്‍ മുന്‍കൈയെടുത്ത അന്നത്തെ ആശുപത്രി സൂപ്രണ്ട് എസ്.എസ.് ഉണ്ണിത്താനാണ് ഈ പദവി വഹിച്ചിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് പി.ആര്‍. വെങ്കിട്ടരാമയ്യരും സെക്രട്ടറി ഔസേഫ് കൊച്ചുകുഞ്ഞുമായിരുന്നു. ട്രഷററായി ജോണ്‍ എ നെറ്റോയും പ്രവര്‍ത്തിച്ചു. മറ്റു സഹകരണ സംഘങ്ങളിലേപ്പോലെ ഈ സംഘത്തിലും ഓഹരിയെടുത്താലേ അംഗത്വം കിട്ടൂ. ആദ്യകാലത്ത് ഒരു രൂപയായിരുന്നു അംഗത്വ ഫീസ്. പിന്നീടിത് പത്തു രൂപയാക്കി.

അംഗങ്ങളുടെ പൂര്‍ണ സഹകരണത്തോടെ സഹകരണ സംഘം പല ക്ഷേമ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തിയിരുന്നു. കുറഞ്ഞ കാലം കൊണ്ടുതന്നെ അന്തേവാസികളുടെ അന്നദാതാവായി മാറാന്‍ സംഘത്തിനു കഴിഞ്ഞു. ആശുപത്രിയുടെ നൂറോളം ഏക്കറില്‍ സംഘം കൃഷി ചെയ്തു. നല്ല വിളവും കിട്ടിയിരുന്നു. കൃഷിക്കു വേണ്ട ചെലവുകളെല്ലാം സംഘമാണ് വഹിച്ചിരുന്നത്. മരച്ചീനിയും പച്ചക്കറികളും മറ്റ് കാര്‍ഷിക വിളകളും ഈ മണ്ണില്‍ പൊന്നു വിളയിച്ചു. നൂറനാടിനു സമീപത്തുള്ള ഗ്രാമച്ചന്തകളില്‍ സംഘത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ഡിമാന്റായിരുന്നു. അംഗങ്ങളുടെ കലാ-കായിക രംഗങ്ങളിലെ വളര്‍ച്ചയിലും സംഘം വലിയ പങ്കു വഹിച്ചു. രോഗവിമുക്തി നേടിയിട്ടും പോകാന്‍ ഇടമില്ലാത്തവരായിരുന്നു മിക്ക അന്തേവാസികളും. അവരുടെ വേദന മറക്കാന്‍ ഓപ്പണ്‍ എയര്‍ തിയറ്റര്‍, സിനിമാശാല, ലൈബ്രറി സംവിധാനങ്ങളും കോമ്പൗണ്ടില്‍ ഒരുക്കിക്കൊടുത്തിരുന്നു.

പഴയ ആ കാലമൊക്കെ ഇന്ന് ഓര്‍മകളായി മാറി. ഇപ്പോള്‍ സഹകരണ സംഘം നഷ്ടത്തിലാണ്. ജോലി ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ നന്നേ കുറഞ്ഞു. ഉള്ളവര്‍ക്കു തന്നെ പ്രായവുമേറി. കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ച ഇവിടത്തെ കൃഷിയേയും ബാധിച്ചു.

നൂറനാട്ടെ ചര്‍മരോഗ ചികിത്സാലയം കോമ്പൗണ്ടിലെ സഹകരണ സംഘം

ഭരണ സമിതി

ഭരണ സമിതിയുടെ കാര്യത്തില്‍ സംഘത്തിന് ആദ്യകാലത്ത് പ്രത്യേക ഇളവ് നല്‍കിയിരുന്നു. തുടക്കത്തില്‍ ഒരു വര്‍ഷമാണ് കാലാവധിയായി നിശ്ചയിച്ചിരുന്നത്. അഞ്ചു വര്‍ഷത്തേക്ക് ഭരണസമിതിയെ തിരഞ്ഞെടുത്താല്‍ അംഗങ്ങളുടെ മരണം മൂലം ക്വാറം നഷ്ടപ്പെടുമോ എന്ന ശങ്കയായിരുന്നു ഇതിനു കാരണം. 2005 ല്‍ ഈ ഇളവ് ഒഴിവാക്കപ്പെട്ടു. ഭരണ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷം തന്നെയാക്കി. ഇതേത്തുടര്‍ന്ന്, പല ഭരണ സമിതികളും ക്വാറം തികയാതെ നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് കൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇസ്മയില്‍ കുഞ്ഞാണ് നിലവിലെ സെക്രട്ടറി. ഒമ്പതംഗ ഭരണ സമിതിയില്‍ ഇപ്പോള്‍ അഞ്ചു പേരേയുള്ളു. നാലു പേര്‍ മരിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു.

ഐ.ടി.ബി.ടി. യുടെ വരവ്

ഇന്റോ-ടിബറ്റന്‍ അതിര്‍ത്തി സേന ( ഐ.ടി.ബി.ടി. ) യുടെ ഒരു ബറ്റാലിയന്‍ ഇപ്പോള്‍ നൂറനാട്ട് പ്രവര്‍ത്തിക്കുന്നത് സാനട്ടോറിയം സംഘത്തിന്റെ 50 ഏക്കര്‍ സ്ഥലം ഏറ്റെടുത്താണ്. അന്തേവാസികളുടെ എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ ഈ ഭൂമി സേനയ്ക്ക് കൈമാറിയത്.

ഈ സഹകരണ സംഘത്തിന്റെ ചരിത്രം അറിയാവുന്ന ചുരുക്കം ചിലരിലൊരാളായ വിജയന്‍ ഈ ലേഖകനോട് പറഞ്ഞു : ‘ ഇനി എവിടെയും ഇത്തരമൊരു സംഘം ഉണ്ടാവാന്‍ ഇടവരാതിരിക്കട്ടെ. ‘

 

Leave a Reply

Your email address will not be published.