രാഷ്ട്രീയ അതിപ്രസരം സാങ്കേതിക പുരോഗതിക്ക് തടസ്സമാകുന്നുണ്ടെന്ന് മുൻ എം.എൽ.എ.അഡ്വ. എം. എം. മോനായ്.

[email protected]

സഹകരണ മേഖലയിലുള്ള രാഷ്ട്രീയ അതിപ്രസരം പലപ്പോഴും ഈ രംഗത്തെ സാങ്കേതിക പുരോഗതിക്ക് തടസ്സമായി നിൽക്കുന്നുണ്ടെന്ന് മുൻ എം.എൽ.എയും എറണാകുളം മുൻ ജില്ലാ ബാങ്ക് പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ അഡ്വക്കേറ്റ് എം .എം. മോനായി പറഞ്ഞു. സാങ്കേതിക രംഗത്ത് ഏകീകൃത സംവിധാനം ഉണ്ടാക്കാൻ സഹകാരി കൾക്കും ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും സാധിച്ചിട്ടില്ല. ഇതിന് പലപ്പോഴും വിലങ്ങുതടിയാകുന്നത് ഈ രംഗത്തെ രാഷ്ട്രീയ അതിപ്രസരം ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മൂന്നാംവഴി ഓൺലൈന്റെ ” സാങ്കേതിക രംഗത്ത് സഹകരണമേഖല പുറകിലോ” എന്ന ക്യാമ്പയിനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായി പ്രവർത്തിക്കാൻ പലപ്പോഴും സഹകാരികൾക്ക് സാധിക്കുന്നില്ല. 15 വർഷംമുമ്പ് സഹകരണമേഖല വളരെ വേഗത്തിൽ സാങ്കേതികരംഗത്ത് മുന്നേറിയിരുന്നു. എന്നാൽ ഇന്ന് മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ മേഖല പുറകിലാണ്. പലപ്പോഴും ടെക്നിക്കൽ രംഗത്ത് നല്ല ഉപദേശം ലഭിക്കുന്നില്ല. പ്രൊഫഷണൽ സമീപനവും ക്വാളിറ്റിയുള്ള സർവീസും നൽകാൻ സാധിക്കണം. ടെക്നോളജിക്കൽ സപ്പോർട്ട് കൊടുക്കാൻ വകുപ്പിന് പലപ്പോഴും സാധിക്കുന്നില്ല. ഒപ്പം ഗൈഡ് ലൈനും കൊണ്ടുവരണം. സാങ്കേതിക രംഗത്ത് ക്വാളിഫൈഡ് ആയിട്ടുള്ളവരുടെ ഉപദേശം നൽകാൻ പലപ്പോഴും വകുപ്പിന് സാധിക്കുന്നില്ല. സഹകരണ മേഖല ഡെപ്പോസിറ്റ് വാങ്ങാനും ലോൺ കൊടുക്കാനും മാത്രമായുള്ള മേഖലയായി മാറിക്കഴിഞ്ഞു. ബാങ്കുകളിലെ സർപ്ലസ് ഫണ്ട് ഉപയോഗിക്കാൻ പറ്റുന്നില്ല. ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ മാക്രോ ലെവൽ ഓപ്പറേഷൻ നടത്തുന്നില്ല. അതുകൊണ്ടുതന്നെ കിട്ടാക്കടം വർധിക്കുകയാണ്. സാധാരണക്കാരുടെ അത്താണിയായ സഹകരണമേഖല പുറകോട്ട് പോകുമ്പോൾ സങ്കടമുണ്ട്. ആരോഗ്യകരമായ പ്രവർത്തനം നടത്തുന്നതിനൊപ്പം മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ സഹകരണ മേഖലയ്ക്ക് സാധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published.