രാജ്യത്ത് സഹകരണ മേഖലയെ സര്‍വവ്യാപിയാക്കും – മന്ത്രി അമിത് ഷാ

moonamvazhi

രാജ്യത്തു സഹകരണമേഖലയുടെ സര്‍വവ്യാപിയായ സാന്നിധ്യം ഉറപ്പുവരുത്തുന്ന പദ്ധതി രൂപംകൊണ്ടുവരികയാണെന്നും സഹകരണവികസനത്തിനായുള്ള ബ്ലൂപ്രിന്റ് തയാറായെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സഹകരണമേഖലയെക്കുറിച്ചുള്ള എല്ലാ ഡാറ്റയും തന്റെ ലാപ്‌ടോപ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പുണെയില്‍ ദൈനിക് സകാല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ സഹകാര്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അമിത് ഷാ.

സഹകരണമേഖലയെ പഴഞ്ചനെന്നും അപ്രസക്തമെന്നും കരുതുന്നവര്‍ അടുത്തുതന്നെ ഈ മേഖലയുടെ ശക്തിയെന്തെന്നു തിരിച്ചറിയും. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ ഏറ്റവും പ്രബലശക്തിയായി സഹകരണമേഖല തുടരും. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ദേശീയതല സമിതി പുതിയ ദേശീയ സഹകരണനയത്തിന്റെ കരടുനിര്‍ദേശങ്ങള്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കും- അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ സഹകരണമേഖല        ശക്തം

മഹാരാഷ്ട്രയിലെ സഹകരണമേഖല ശക്തമാണെന്നു കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെ മൊത്തം എട്ടര ലക്ഷം സഹകരണസംഘങ്ങളില്‍ രണ്ടു ലക്ഷവും മഹാരാഷ്ട്രയിലാണ്. രാജ്യത്തെ റസിഡന്‍ഷ്യല്‍ സഹകരണസംഘങ്ങളില്‍ 67 ശതമാനവും മൃഗസംരക്ഷണ സംഘങ്ങളില്‍ 35 ശതമാനവും പഞ്ചസാര സഹകരണ സംഘങ്ങളില്‍ 27 ശതമാനവും മാര്‍ക്കറ്റിങ് സംഘങ്ങളില്‍ 16 ശതമാനവും മത്സ്യവ്യവസായസംഘങ്ങളില്‍ 14 ശതമാനവും ഭക്ഷ്യസംസ്‌കരണസംഘങ്ങളില്‍ 11 ശതമാനവും മഹാരാഷ്ട്രയിലാണ്. രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ 21 ശതമാനവും മൊത്തം അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ 32 ശതമാനവും ( അതായതു 490 ബാങ്കുകള്‍ ) മഹാരാഷ്ട്രയിലാണ്. അര്‍ബന്‍ ബാങ്കുകളുടെ 6529 ശാഖകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇവിടത്തെ അര്‍ബന്‍ ബാങ്കുകളിലെ മൊത്തം നിക്ഷേപം 3.25 ലക്ഷം കോടി രൂപയാണ്. ഇതു രാജ്യത്തെ മൊത്തം അര്‍ബന്‍ബാങ്ക് നിക്ഷേപത്തിന്റെ 62 ശതമാനം വരും- അദ്ദേഹം പറഞ്ഞു.

 

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ പുനരുദ്ധരിക്കാതെ രാജ്യത്തെ സഹകരണമേഖല ശക്തിപ്പെടാന്‍ പോവുന്നില്ല. ഇതുകൊണ്ടാണു 63,000 പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കാനും പുതിയ മാതൃകാ നിയമാവലി തയാറാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഓരോ പഞ്ചായത്തിലും വിവിധോദ്ദേശ്യ സംഘങ്ങള്‍ സ്ഥാപിക്കും. മൂന്നു കൊല്ലത്തിനുള്ളില്‍ രണ്ടു ലക്ഷം പുതിയ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ രൂപവത്കരിക്കും. അതോടെ, എല്ലാ പഞ്ചായത്തിലും പ്രാഥമികസംഘങ്ങള്‍ വരും.

 

മഹാരാഷ്ട്രയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന അര്‍ബന്‍ സഹകരണ ബാങ്കുകളും സഹകരണ പഞ്ചസാരമില്ലുകളും ആത്മപരിശോധന നടത്തി തങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്നു അമിത് ഷാ ആവശ്യപ്പെട്ടു. ചില പ്രശ്‌നങ്ങളൊക്കെ സ്വയം വരുത്തിക്കൂട്ടിയതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പിന്തുണ എപ്പോഴും സഹകരണമേഖലയ്ക്കുണ്ടാവും. അതേസമയംതന്നെ സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുപോവാന്‍ സഹകാരികള്‍ ശ്രദ്ധിക്കുകയും വേണം. സോളാപ്പൂരിലും കോലാപ്പൂരിലും നാഗ്പൂരിലും സഹകരണബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. പുണെയിലെ റുപ്പീ ബാങ്ക് ലിക്വിഡേറ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട് – അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മഹാരാഷ്ട്രയിലെ സഹകരണമേഖലയുടെ ദൗര്‍ബല്യങ്ങളും കണക്കുകള്‍ നിരത്തി അമിത് ഷാ ചൂണ്ടിക്കാട്ടി. നേരത്തേ സംസ്ഥാനത്തു 202 സഹകരണ പഞ്ചസാരമില്ലുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴതു 101 ആയി കുറഞ്ഞിരിക്കുന്നു. അതേസമയം, നേരത്തേ 22 സ്വകാര്യ പഞ്ചസാരമില്ലുകളാണു മഹാരാഷ്ട്രയിലുണ്ടായിരുന്നത്. ഇപ്പോഴതു 93 ആയി വര്‍ധിച്ചിരിക്കുന്നു. സ്വകാര്യമില്ലുകള്‍ സഹകരണമേഖലയുടെ ഇടങ്ങളാണു വിഴുങ്ങിയിരിക്കുന്നത്. മെച്ചപ്പെട്ടതും സുതാര്യവുമായ പ്രവര്‍ത്തനം നടത്തുമെന്നു ഉറപ്പുതന്നാല്‍ സഹകരണബാങ്കുകളെയും പഞ്ചസാരമില്ലുകളെയും സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാണ്- അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!