രാജ്യം നീങ്ങുന്നതു മാതൃകാ സഹകരണ ഗ്രാമങ്ങളുടെ യുഗത്തിലേക്ക്- പ്രധാനമന്ത്രി

Deepthi Vipin lal

രാജ്യം മാതൃകാ സഹകരണ ഗ്രാമങ്ങളുടെ യുഗത്തിലേക്കു മുന്നേറുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളിലൂടെ ഗ്രാമീണജീവിതത്തിന്റെ എല്ലാ സാമ്പത്തികകാര്യങ്ങളും നിര്‍വഹിക്കുക എന്നതാണു മാതൃകാ സഹകരണഗ്രാമം കൊണ്ടുദ്ദേശിക്കുന്നത്. ഗുജറാത്തില്‍ ആറു ഗ്രാമങ്ങളെ ഇങ്ങനെ സ്വാശ്രയഗ്രാമങ്ങളാക്കി മാറ്റാന്‍ തിരഞ്ഞെടുത്തിട്ടുണ്ട് – മോദി ഗാന്ധിനഗറില്‍ പറഞ്ഞു.

സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന ആശയത്തിലൂന്നി മഹാത്മ മന്ദിറില്‍ ചേര്‍ന്ന സഹകാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മാതൃകാ സഹകരണ ഗ്രാമം എന്ന ആശയം രാജ്യത്തു വേരു പിടിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളുടെ സ്വാശ്രയത്വത്തിലേക്കുള്ള മഹത്തായ മാര്‍ഗമാണു സഹകരണം – അദ്ദേഹം പറഞ്ഞു.

അഞ്ചു കൊല്ലത്തിനകം
സഹകരണ മേഖല
അടിമുടി മാറും – അമിത് ഷാ

കേന്ദ്രത്തില്‍ പുതുതായി സഹകരണ മന്ത്രാലയം തുടങ്ങിയതോടെ സഹകരണ മേഖലയില്‍ ഒരു വിപ്ലവം അനിവാര്യമായിരിക്കുകയാണെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. അഞ്ചു കൊല്ലത്തിനുള്ളില്‍ രാജ്യത്തെ സഹകരണ മേഖല അടിമുടി മാറും – അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ഗോധ്രയില്‍ പഞ്ചാമൃത് ഡെയറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. പാഞ്ച്മഹല്‍, മാലെഗാവ് ( മഹാരാഷ്ട്ര ), ഉജ്ജെയിനി ( മധ്യപ്രദേശ് ) ജില്ലകളില്‍ സഹകരണവുമായി ബന്ധപ്പെട്ട ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു.

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ എണ്ണം അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയാക്കാനുള്ള നിയമപരിഷ്‌കാരത്തെക്കുറിച്ച് കേന്ദ്രം ആലോചിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ സഹകരണത്തിനുള്ള നീക്കിയിരിപ്പ് ഏഴു മടങ്ങ് വര്‍ധിപ്പിച്ചു. പഞ്ചസാര മില്ലുകള്‍ക്കു മേലുള്ള നികുതികള്‍ നീക്കി. MAT  (   മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് ) നികുതി കമ്പനികള്‍ക്കു തുല്യമാക്കി. സര്‍ച്ചാര്‍ജ് പന്ത്രണ്ടില്‍ നിന്നു ഏഴു ശതമാനമാക്കി. രാജ്യത്തെങ്ങുമുള്ള മണ്ഡി ( മാര്‍ക്കറ്റ് ) കളെ നബാര്‍ഡുമായി നേരിട്ടു ബന്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിവരുന്നു. ഇതിനായി 6500 കോടി രൂപ ചെലവഴിക്കും- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.