രാജകീയം, ജനക്ഷേമം: അകത്തേത്തറ ബാങ്ക്

അനില്‍ വള്ളിക്കാട്

1951 ല്‍ ഐക്യനാണയസംഘമായി തുടങ്ങിയ പാലക്കാട് അകത്തേത്തറ
സഹകരണ ബാങ്ക് ഏഴു പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. കര്‍ഷകത്തൊഴിലാളികളുടെ
സാമ്പത്തികപ്രയാസങ്ങള്‍ പരിഹരിക്കുകയും കൃഷിയെ പരിപോഷിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഗ്രാമവികസനമെന്ന സ്വാതന്ത്ര്യസമരകാല സന്ദേശം ഏറ്റുപിടിച്ചാണ് അകത്തേത്തറയിലെ സംഘം വളര്‍ന്നത്. 11,470 എ ക്ലാസ് അംഗങ്ങളുള്ള ബാങ്കിനു 284 കോടി രൂപയുടെ നിക്ഷേപമുണ്ട്.

പാലക്കാടിന്റെ ചരിത്രത്തില്‍ പതിനേഴാം നൂറ്റാണ്ടു മുതല്‍ അടയാളപ്പെടുന്നതാണു പാലക്കാട്ടുശ്ശേരി രാജവംശം. മലമ്പുഴ മലനിരകളോടു ചേര്‍ന്നുള്ള അകത്തേത്തറയിലും ആലത്തൂരിലെ തരൂരിലും പഴയ രാജകുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്. നിരവധി ‘ഇടങ്ങള്‍’ ചേര്‍ന്നതാണു രാജകുടുംബം. ഇവരില്‍നിന്നുള്ള ചിലര്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അകത്തേത്തറയില്‍ തുടങ്ങിയ ഐക്യനാണയ സംഘമാണ് ഇന്നത്തെ സര്‍വീസ് സഹകരണ ബാങ്കായി ഉയര്‍ന്നത്. 1951 ല്‍ തുടങ്ങിയ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് വി.കെ. ഇട്ടിപ്പങ്ങിയച്ചനായിരുന്നു. മന്ദത്ത് തമ്പുരാന്‍കുട്ടിമേനോന്‍ സെക്രട്ടറിയും.

അകത്തേത്തറയിലും അതിനടുത്തുള്ള മലമ്പുഴയിലുമുള്ള വനപ്രദേശങ്ങളുള്‍പ്പടെയുള്ള ഭൂമിയില്‍ അധികവും രാജവംശത്തിന്റെ അധീനതയിലായിരുന്നു. ഇവരുടെ കീഴിലുള്ള കൃഷിഭൂമിയില്‍ പണിയെടുക്കാന്‍ ധാരാളം കര്‍ഷകത്തൊഴിലാളികളുണ്ടായിരുന്നു. തൊഴിലാളികളുടെ സാമ്പത്തികപ്രയാസങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു, രാജഭരണമെല്ലാം അവസാനിച്ച കാലത്തു തുടങ്ങിയ സംഘത്തിന്റെ പ്രഥമലക്ഷ്യം. കൃഷിയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ക്കും സംഘം സഹായകരമാവണം. സ്വാതന്ത്ര്യസമരകാലത്തു ഗാന്ധിജി സന്ദര്‍ശനം നടത്തിയ ശബരി ആശ്രമം അകത്തേത്തറയിലാണ്. ഖാദി പ്രസ്ഥാനവും ഹിന്ദി ഭാഷാ പ്രചാരണവും സജീവമായി നടന്ന പ്രദേശം. ഗ്രാമവികസനമെന്ന സ്വാതന്ത്ര്യസമര സന്ദേശം സ്വാതന്ത്ര്യാനന്തരം ഏറ്റുപിടിച്ചതിന്റെ പ്രതിഫലനം കൂടിയാണ് അകത്തേത്തറയിലെ ഐക്യനാണയ സംഘം.

ഇടിയുന്ന കൃഷി,
പിടിവിടാതെ ബാങ്ക്

ഭൂപരിഷ്‌കരണനിയമത്തെത്തുടര്‍ന്ന് അകത്തേത്തറ, മലമ്പുഴ ഭാഗങ്ങളിലെ കൃഷിഭൂമിയ്ക്കു കാതലായ മാറ്റം സംഭവിച്ചു. വനപ്രദേശങ്ങള്‍ വനഭൂമിയായി മാറ്റപ്പെട്ടു. കൃഷിഭൂമികള്‍ കൈമാറ്റം ചെയ്യപ്പെട്ടതു പിന്നീട് തരിശിടങ്ങളും പാര്‍പ്പിടപ്രദേശങ്ങളുമായി. റെയില്‍വേ പാലക്കാട് ഡിവിഷന്‍ ഓഫീസ് അകത്തേത്തറയില്‍ വന്നതോടെ ജനവാസമേഖലയായി. മലമ്പുഴ അണക്കെട്ടിന്റെ ഭാഗമായി തൊഴിലാളികളും ജീവനക്കാരും കുടിയേറി. പാലക്കാട് പട്ടണത്തിന്റെ അടുത്തായതുകൊണ്ടും വലിയ ജനസങ്കേതമായി അകത്തേത്തറ മാറി.

തദ്ദേശീയരായ തൊഴിലാളികള്‍ കാര്‍ഷികവൃത്തിക്കു പുറമെ മലഞ്ചരക്കുകള്‍ കൊണ്ടുവന്നു വില്‍പ്പന നടത്തിയും ജീവിതം മുന്നോട്ടു നീക്കി. കാലം കടന്നു പോയതോടെ കൃഷിയിടം കുറഞ്ഞുതുടങ്ങി. അത്യാവശ്യം കൃഷി മലയോരങ്ങളില്‍ മാത്രമായി. മലഞ്ചെരുവിലെ നല്ല മണ്ണും മലമ്പുഴ അണക്കെട്ടില്‍നിന്നു സമൃദ്ധമായി വെള്ളവും ലഭിച്ചിട്ടും ഇപ്പോള്‍ കൃഷി നടത്താന്‍ കഴിയാത്തതു മറ്റൊരു കാരണം കൊണ്ടുകൂടിയാണ്. ആനയും പുലിയും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കൂടിവരുന്നു. കൃഷിനഷ്ടവും ജീവഭീതിയും മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. എങ്കിലും, അകത്തേത്തറ സര്‍വീസ് സഹകരണ ബാങ്ക് അതിന്റെ പ്രഖ്യാപിതലക്ഷ്യത്തില്‍നിന്നു പിറകോട്ട് പോകുന്നില്ല. എവിടെയെല്ലാം കൃഷിയുടെ നാമ്പുകള്‍ വിടര്‍ത്താന്‍ കഴിയുമോ അവിടെയെല്ലാം ധനസഹായം നല്‍കി പച്ചപ്പ് പടര്‍ത്തുകയാണു ബാങ്ക്.

ബാങ്കിന്റെ കീഴില്‍ 21 സ്വാശ്രയ സഹായ ഗ്രൂപ്പുണ്ട്. അഞ്ചു വനിതകള്‍ വീതമടങ്ങിയ സംഘമാണിത്. ഈ സംഘങ്ങള്‍ അധികവും വാഴ, കൂര്‍ക്ക തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നവരാണ്. തയ്യല്‍ ഉള്‍പ്പടെ ചെറുകിട കുടില്‍വ്യവസായങ്ങളും ഇതിന്റെ ഭാഗമായി നടത്തുന്നവരുണ്ട്. അര ലക്ഷം രൂപ വീതം രണ്ടര ലക്ഷം രൂപ സംഘത്തിനു വായ്പയായി ലഭിക്കും. ഈ പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ബാങ്ക് അനുവദിച്ചത് 19 ലക്ഷം രൂപയുടെ വായ്പാസഹായം.

ഊരാക്കുടുക്കായി
ഭൂമിയും

പാലക്കാട് പട്ടണമധ്യത്തില്‍ 2016 ല്‍ 23 സെന്റ് സ്ഥലം നാലരക്കോടി രൂപയ്ക്കു ബാങ്ക് വാങ്ങിയിരുന്നു. ബാങ്കിന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ചാണു വാങ്ങിയതെങ്കിലും അതിലേക്കു 47 ലക്ഷം രൂപ വീതം പത്തു വര്‍ഷം അടക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. ഈ അടവ് മൂലം ബാങ്കിനു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണക്കില്‍ ലാഭം കുറിയ്ക്കാന്‍ കഴിയുന്നില്ല. ഈ സ്ഥലത്ത് ആളുകള്‍ക്കു താമസിക്കാനും വാണിജ്യാവശ്യത്തിനും കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിച്ച് സമര്‍പ്പിച്ച പദ്ധതിക്ക് ഇതുവരെയും സഹകരണവകുപ്പ് പച്ചക്കൊടി വീശിയിട്ടില്ല. എന്നാല്‍, സ്ഥലം വിറ്റു ബാങ്കിന്റെ നിധിയിലേക്കു മുതല്‍ക്കൂട്ടാമെന്ന നിര്‍ദേശത്തിനും വകുപ്പ് അംഗീകാരം നല്‍കുന്നില്ല. ഫലത്തില്‍ ഒരു നിഷ്‌ക്രിയ ആസ്തിയായി സ്ഥലം വെറുതെ കിടക്കുന്നു.

എഴു പതിറ്റാണ്ടിലേറെക്കാലമായി അകത്തേത്തറയുടെ കാര്‍ഷികരക്ഷയ്ക്കായി നിലകൊള്ളുന്ന ബാങ്കിനു പക്ഷേ, സമീപദശാബ്ദങ്ങളില്‍ വായ്പാവിതരണത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കാര്‍ഷികവായ്പകള്‍ക്കു പകരം സ്വര്‍ണവും ഭൂമിയും പണയംവെച്ചുള്ള വായ്പയെടുക്കലാണ് അധികവും നടക്കുന്നത്. ഇടത്തരക്കാരും ശമ്പളജീവനക്കാരും ഇടപാടുകാരായി ധാരാളം വന്നതോടെ ശമ്പളരേഖയിന്മേലുള്ള വായ്പയും കൂടി. വാഹനവായ്പയും നല്‍കുന്നുണ്ട്. ഇതെല്ലാം ബാങ്കിനു ലാഭകരമാണെങ്കിലും കോവിഡിനുശേഷം തിരിച്ചടവ് കുറയുന്നുണ്ട്. സൂപ്പര്‍ ഗ്രേഡ് പദവിയുടെ മാനദണ്ഡത്തിനപ്പുറം വായ്പാകുടിശ്ശിക വര്‍ധിച്ചുനില്‍ക്കുന്നു. അവസാനഘട്ടത്തില്‍ ജപ്തി നടപടിയിലൂടെത്തന്നെ ചില വായ്പകള്‍ ബാങ്ക് തിരിച്ചുപിടിക്കുന്നുണ്ട്. ഭൂമി വാങ്ങിയതിന്റെ തിരിച്ചടവും ഇടപാടുകാര്‍ വായ്പാ തിരിച്ചടവ് മുടക്കുന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കിനെ ലാഭത്തില്‍ നിന്നകറ്റുന്നു. എങ്കിലും, തീവ്രമായ കുടിശ്ശികപ്പിരിവിലൂടെ നടപ്പു സാമ്പത്തികവര്‍ഷം ലാഭം കൈവരിക്കാനാവുമെന്നു ബാങ്ക് പ്രസിഡന്റ് എന്‍. പ്രേമകുമാരന്‍ പറഞ്ഞു. 11,470 എ ക്ലാസ് അംഗങ്ങളുള്ള ബാങ്കിനു 284 കോടി രൂപയുടെ നിക്ഷേപ ഭദ്രതയുണ്ട്. 187 കോടി രൂപയാണു വായ്പയായി ബാക്കി നില്‍ക്കുന്നത്.

സേവന 
വൈവിധ്യം

അകത്തേത്തറയിലെ ഹെഡ് ഓഫീസിനു പുറമെ റെയില്‍വേ കോളനിയില്‍ രണ്ടു ശാഖകളും ആണ്ടിമഠത്ത് ഒരു ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേ കോളനിയിലെ ഒരു ശാഖ വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും പ്രവര്‍ത്തിക്കും. ഹെഡ് ഓഫീസിനടുത്തു പലവ്യഞ്ജനങ്ങളും മറ്റും വില്‍ക്കുന്ന സഹകരണ സ്റ്റോര്‍ ബാങ്ക് നടത്തുന്നുണ്ട്. 2000 ചാക്ക് സംഭരിച്ചു വെക്കാന്‍ ശേഷിയുള്ള വളം ഗോഡൗണും ഇവിടെയുണ്ട്. മലബാര്‍ സിമന്റിന്റെ വിതരണക്കാരുമാണു ബാങ്ക്. റെയില്‍വേ കോളനി ശാഖയോടനുബന്ധിച്ച നീതി മെഡിക്കല്‍ സ്റ്റോറും നീതി മെഡിക്കല്‍ ലാബും ബാങ്ക് നടത്തുന്നുണ്ട്. ഇത്തരം അനുബന്ധ സംരംഭങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം 1.89 കോടി രൂപയുടെ വിറ്റുവരവ് ബാങ്കിനുണ്ടായി.

രോഗചികിത്സക്കായി പ്രയാസപ്പെടുന്ന അംഗങ്ങള്‍ക്കു തുക നല്‍കാന്‍ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് അപകടമരണം സംഭവിക്കുമ്പോള്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അഞ്ചിനം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാങ്ക് വിതരണം ചെയ്യുന്നുണ്ട്. പെന്‍ഷന്‍ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതു 1.84 കോടി രൂപ. കെ.എസ് .ആര്‍.ടി.സി.യിലെ 35 പെന്‍ഷന്‍കാര്‍ക്ക് അകത്തേത്തറ ബാങ്ക് പെന്‍ഷന്‍തുക നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്‍കിയതു 84 ലക്ഷം രൂപ.

അകത്തേത്തറ പഞ്ചായത്തിലെ 17 വാര്‍ഡുകളും ഉള്‍പ്പെട്ടതാണു ബാങ്കിന്റെ പ്രവര്‍ത്തനമേഖല. പാലക്കാട് പട്ടണത്തിലെ സ്ഥലം വിറ്റു കിട്ടിയാല്‍ ആ തുകകൊണ്ട് അകത്തേത്തറയില്‍ കല്യാണമണ്ഡപം നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ടെന്നു ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
വി. രാജനാണു ബാങ്കിന്റെ വൈസ് പ്രസിഡന്റ്. ഇ. അശോക് കുമാര്‍, പി. സുരേഷ്‌കുമാര്‍, സാബു കാര്‍ലോസ്, ടി. രാമചന്ദ്രന്‍, എം. മൊയ്തീന്‍, കെ. ഹരിഹരന്‍, ടി.എം. പ്രസീദ, കെ. ചന്ദ്രിക, ആര്‍. നിര്‍മല എന്നിവര്‍ ഡയറക്ടര്‍മാരാണ്. പി. ശുഭ വര്‍മയാണ് സെക്രട്ടറി.

                                             (മൂന്നാംവഴി സഹകരണ മാസിക ഫെബ്രുവരി ലക്കം 2024)

 

Leave a Reply

Your email address will not be published.