രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിയമവിരുദ്ധവും പിടിച്ചു പറിക്കുള്ളതും – ഹൈക്കോടതി പറഞ്ഞത് ഇതാണ്
സഹകരണ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വം വാങ്ങുന്നത് പിടിച്ചുപറിയും നിയമവിരുദ്ധവുമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സഹകരണ സംഘം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കാണിച്ച് സഹകരണസംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശം. കോഴിപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ചീഫ് അക്കൗണ്ടന്റ് പി.എ.യൂസഫ്, കീരംപാറ സര്‍വീസ് സഹകരണ ബാങ്കിലെ ചീഫ് അക്കൗണ്ടന്റ് സിബി ചാക്കോയുമാണ് സര്‍ക്കുലറിനെതിരെ കോടതിയെ സമീപിച്ചത്. ഇവര്‍ക്കുവേണ്ടി അഭിഭാഷകനായ പീയൂസ് എ.കോട്ടം ആണ് ഹാജരായത്. ഇദ്ദേഹത്തില്‍നിന്നും അഡ്വക്കറ്റ് ജനറലില്‍നിന്നും വിശദീകരണം കേട്ടശേഷമാണ് സര്‍ക്കുലറിലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് കോടതി ഇടക്കാല ഉത്തരവിറക്കിയത്.
കോടതിയില്‍ നടന്നത് ഇങ്ങനെയാണ്. ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശത്തിന് എതിരാണ് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറെന്നായിരുന്നു ഹരജിക്കാരുടെ വാദം. അതിനാല്‍, സപ്റ്റംബര്‍ 26ന് രജിസ്ട്രാര്‍ ഇറക്കിയ 47/2018 സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ആദ്യം സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിറക്കിയ ഉത്തരവും അതിന്റെ മാര്‍ഗനിര്‍ദ്ദേശവും കോടതിക്ക് നല്‍കി. ഇതില്‍ സഹകരണ സംഘം ജീവനക്കാരെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശമില്ലെന്നും കോടതിയെ അറിയിച്ചു.
ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങുന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. ഇത്തരം പരാതി ഉയര്‍ന്നപ്പോള്‍ അതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. സപ്റ്റംബര്‍ 15 ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധാവികള്‍ക്ക് നിര്‍ബന്ധിതമായി ശമ്പളം വാങ്ങിക്കരുതെന്ന് നിര്‍ദ്ദേശിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ഇതേ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍, സഹകരണ സംഘം ജീവനക്കാരില്‍നിന്ന് ശമ്പളം നിര്‍ബന്ധപൂര്‍വം വാങ്ങുന്ന സമീപനമില്ലെന്നും എ.ജി. കോടതിയെ അറിയിച്ചു.
ഇതിന് ശേഷമാണ് കോടതി ചില നിഗമനങ്ങള്‍ നടത്തിയത്. ഒരു ജീവനക്കാരന്റെ സേവനത്തിനുള്ള പ്രതിഫവും അംഗീകാരവുമാണ് അദ്ദേഹത്തിന് നല്‍കുന്ന ശമ്പളം. അത് വാങ്ങാനുള്ള അവകാശം ജീവനക്കാരനുണ്ട്. ശമ്പളമെന്നത് പാരിദോഷികമല്ല. ഇക്കാര്യം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വി.അബ്ദുള്‍ മജീദ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബീഹാര്‍, സി.ജി. മാന്‍ഡവാര്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലും ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയതാണ്. ഒരു ജീവനക്കാരന്റെ ശമ്പളത്തില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള പണം ഈടാക്കുകയാണെങ്കില്‍ അത് രേഖാമൂലമുള്ള അനുമതി പ്രകാരമായിരിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഒരാള്‍ പ്രത്യുപകാരമായി ഒന്നും ആഗ്രഹിക്കാതെ സ്വന്തം ഇഷ്ടത്തിനും ബോധ്യത്തിനും അനുസരിച്ച് നല്‍കുന്ന പണമാണ് സംഭാവനയായി കണക്കാക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതായത് സംഭാവന ജീവനക്കാരനെ സമ്മര്‍ദ്ദത്തിലാക്കി വാങ്ങേണ്ടതല്ല. പ്രത്യക്ഷമായോ പരോക്ഷമായോ സമ്മര്‍ദ്ദമുണ്ടാക്കി വാങ്ങുന്നത് സംഭവനയല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ജീവനക്കാരന്‍ മൊത്തശമ്പളം നല്‍കുന്നതില്‍ അക്കാര്യം എഴുതി നല്‍കണമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. ഇതുള്‍ക്കൊള്ളുന്ന സര്‍ക്കുലറിലെ നിര്‍ദ്ദേശം പിടിച്ചുപറിയും നിയമവരുദ്ധവുമാണ്. ഒരാളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് സംഭാവന നല്‍കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്ര തുക നല്‍കണമെന്ന് നിര്‍ദ്ദേശിക്കാനാവില്ല.
ഈ സാഹചര്യത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറിന്‍മേലുള്ള എല്ലാ നടപടികള്‍ക്ക് ഒരുമാസത്തേക്ക് ഇടക്കാല സ്റ്റേ നല്‍കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എതിര്‍സത്യവാങ് മൂലം സമര്‍പ്പിക്കണം. ഇതായിരുന്നു സര്‍ക്കുലറിന്റെ ഹരിജിയില്‍ കോടതിയില്‍നിന്നുണ്ടായ ഉത്തരവിന്റെ ചുരുക്കം. എന്നാല്‍, ഒരുകാര്യത്തില്‍ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. സ്വമേധായ ഏതെങ്കിലും ജീവനക്കരന്‍ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ഇഷ്ടമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിന് ഈ ഉത്തരവ് തടസ്സമല്ല എന്നത്.