യുദ്ധത്തിനും ദുരിതത്തിനുമിടയില്‍ കര്‍മനിരതരായി യുക്രൈനിലെ സഹകരണസമൂഹം

[mbzauthor]

റഷ്യയുടെ കനത്ത ആക്രമണങ്ങള്‍ക്കിടയിലും യുക്രൈനിലെ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് സജീവമായി രംഗത്തുണ്ട്. തങ്ങളുടെ അംഗങ്ങള്‍ക്കും മറ്റു ഉപഭോക്താക്കള്‍ക്കും സംഘങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതില്‍ വ്യാപൃതരാണ്. ബോംബാക്രമണങ്ങളില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവര്‍ക്കു സംഘങ്ങള്‍ താമസസ്ഥലമൊരുക്കുന്നു. അവര്‍ക്കും ഓരോ പ്രദേശത്തും ഒറ്റപ്പെട്ടുപോയവര്‍ക്കും ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നു.

യുക്രൈനിലെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ യൂണിയനായ യുക്രൂപ്‌സ്പില്‍ക്കയാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നു സഹകരണപത്രമായ വിസ്തി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തിനിടയില്‍ സഹകരണ മേഖല എങ്ങനെയൊക്കെയാണു ജനങ്ങളെ സഹായിക്കുന്നതെന്നു വിസ്തിയുടെ റിപ്പോര്‍ട്ടുകളില്‍ വിവരിക്കുന്നു.

റീട്ടെയില്‍ മേഖലയില്‍ മാത്രമല്ല യുക്രൈനിലെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ധനകാര്യ, ഭക്ഷ്യ, കാര്‍ഷിക, ഊര്‍ജ മേഖലകളിലും ജനങ്ങള്‍ക്കു താങ്ങായി സഹകരണ മേഖല പ്രവര്‍ത്തിക്കുന്നു. റെസ്റ്റോറന്റുകളും ഹോട്ടലുകളും മാര്‍ക്കറ്റുകളും സഹകരണ മേഖലയിലുണ്ട്. രണ്ടു സര്‍വകലാശാലകളുണ്ട് സഹകരണ മേഖലയില്‍. കൂടാതെ 19 കോളേജുകളും രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഒരു പ്രസിദ്ധീകരണശാലയും സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

സംഘര്‍ഷം കാര്യമായി ബാധിക്കാത്ത രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സഹകരണ ഉപഭോക്തൃ സ്റ്റോറുകളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കോ-ഓപ് യുക്രൈനിന്റെ ചെയര്‍മാനായ ഇലിയ ഗൊരോക്കോവ്‌സ്‌കി പറഞ്ഞു. ആക്രമണത്താല്‍ വിതരണശൃംഖല താറുമാറായിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നു ജനജീവിതം മുന്നോട്ടുപോവുകയാണ്. ജനങ്ങള്‍ക്കു ഭക്ഷണസാധനങ്ങള്‍ നല്‍കാന്‍ സഹകരണ സ്റ്റോറുകള്‍ക്കു സാധിക്കുന്നുണ്ട് – ഗൊരോക്കോവ്‌സ്‌കി അറിയിച്ചു.

[mbzshare]

Leave a Reply

Your email address will not be published.