മൈക്കാവ് ക്ഷീര സംഘത്തിന് അഭിമാനിക്കാനേറെ

web desk

മലബാറിലെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനുള്ള കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് മൈക്കാവ് ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് വി.കെ. ജോസ് പറഞ്ഞു.

അര്‍പ്പണ ബോധവും കൂട്ടായ പ്രവര്‍ത്തനവുമാണ് തങ്ങളെ ഈ നേട്ടത്തിന് അര്‍ഹരാക്കിയതെന്ന് ജോസ് പറഞ്ഞു. കൊടുവള്ളി ബ്ലോക്കിനും കോഴിക്കോട് ജില്ലയ്ക്കും കിട്ടിയ ഒരു അംഗീകാരമാണിത്. അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ സംഘങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. കര്‍ഷകരെ വലിയ രീതിയില്‍ത്തന്നെ സഹായിക്കാന്‍ കഴിയും- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏഴ് കളക്ഷന്‍ സെന്ററുകളിലായി സംഘം പ്രതിദിനം 3000 ലിറ്റര്‍ പാല്‍ സംഭരിക്കുന്നണ്ട്. ഇങ്ങനെ സംഭരിക്കുന്ന പാലിന്റെ 78 ശതമാനം മില്‍മക്കാണ് നല്‍കുന്നത്. ബാക്കി നാട്ടില്‍ത്തന്നെ വില്‍ക്കുന്നു. മൈക്കാവ് ക്ഷീരസംഘം കാലിത്തീറ്റ കര്‍ഷകരുടെ വീടുകളില്‍ എത്തിച്ചു കൊടുത്ത് മറ്റു ക്ഷീര സംഘങ്ങള്‍ക്ക് മാതൃക കാട്ടുന്നു. സ്വന്തമായുള്ള 20 സെന്റില്‍ കാലിത്തീറ്റ ഫാക്ടറി തുടങ്ങാനുള്ള ആലോചനയും ഈ സംഘത്തിനുണ്ട്.

നിരവധി പദ്ധതികള്‍ മൈക്കാവ് ക്ഷീരസംഘം നടത്തുന്നുണ്ട്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ക്ഷീരവകുപ്പിന്റെ സബ്സിഡിയോടെ നടപ്പാക്കിയ സോളാര്‍ വൈദ്യുത പദ്ധതി. സംഘം 10 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ച് കെ.എസ്.ഇ.ബി. ക്ക് നല്‍കിവരുന്നു.

സംഘം ഭാരവാഹികള്‍ നിറഞ്ഞ സന്തോഷത്തോടെയാണ് വെള്ളിയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രനില്‍ നിന്ന് അവാര്‍ഡും ബഹുമതി പത്രവും ഏറ്റുവാങ്ങിയത്.

 

ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന, കോഴിക്കോട്ടുകാരനായ ഡോ. വര്‍ഗീസ് കര്യന്റെ ഓര്‍മയ്ക്കായി കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് 2013 ലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published.