മീന്‍ പിടിക്കുന്ന വനിതാ സംഘങ്ങള്‍

moonamvazhi
അഞ്ജു വി.ആര്‍

(2021 മെയ് ലക്കം)

1994 ഏപ്രിലിലാണു എട്ടു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശഹത്യ അരങ്ങേറിയത്. ഈ വംശഹത്യയുടെ നടുക്കുന്ന ഓര്‍മയിലാണു ഇന്നും റുവാണ്ടന്‍ ജനത. മൊത്തം ജനസംഖ്യയുടെ പത്തു ശതമാനമാണു 1994 ല്‍ കൂട്ടക്കൊലയ്ക്കിരയായത്. റുവാണ്ടയിലെ ഭൂരിപക്ഷമായ ഹുടു വംശജരും ന്യൂനപക്ഷമായ ടുട്സികളും തമ്മില്‍ കാലങ്ങളായി നിലനിന്നിരുന്ന സംഘര്‍ഷമാണു വംശഹത്യയിലേക്കു നയിച്ചത്.

1996 ലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതു വംശഹത്യയ്ക്കിരയായവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നാണ്. ആയിരക്കണക്കിനു സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ട ആയിരക്കണക്കിനു പുരുഷന്മാര്‍ ജയിലിലടയ്ക്കപ്പെടുകയോ അയല്‍രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്കു പലായനം ചെയ്യുകയോ ചെയ്തു. അതിനു ശേഷം റുവാണ്ടയിലെ ജനസംഖ്യയില്‍ 70 ശതമാനവും സ്ത്രീകളായി. 2019 ആയപ്പോഴേക്കും സ്ഥിതിഗതികളില്‍ മാറ്റം വന്നു. സ്ത്രീകളുടെ ജനസംഖ്യ 6.42 ലക്ഷവും പുരുഷന്മാരുടേതു 6.21 ലക്ഷവുമായി.

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയ്ക്ക് ‘ആയിരം കുന്നുകളുടെ നാട്’ എന്നു വിളിപ്പേരുണ്ട്. കാര്‍ഷികവൃത്തിയാണു ഇവിടുത്തെ ആളുകളുടെ പ്രധാന ഉപജീവന മാര്‍ഗം. വംശഹത്യയ്ക്കു ശേഷം സ്ത്രീകള്‍ മുഖ്യധാരയില്‍ നിന്നു പുറംതള്ളപ്പെട്ടു. അവര്‍ക്കു ഉയര്‍ന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇതുമൂലം കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളിലേക്കു അവര്‍ തള്ളിമാറ്റപ്പെട്ടു. പല സ്ത്രീകളും പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. കാര്‍ഷിക രീതികളില്‍ അവര്‍ക്കു ഒട്ടും അറിവുണ്ടായിരുന്നില്ല. എന്നാല്‍, ഇതിനെയെല്ലാം ഇച്ഛാശക്തി കൊണ്ടു മറികടക്കാന്‍ ഒരു കൂട്ടം ഗ്രാമീണ വനിതകള്‍ മുന്നോട്ടുവന്നു. മീന്‍പിടിത്തം സ്ത്രീകളുടെ ജോലിയല്ലെന്നു ധരിച്ചിരുന്നവരുടെ ഇടയിലേക്കു ഒരു വെല്ലുവിളിപോലെ അവര്‍ കടന്നുവന്നു. പടിഞ്ഞാറന്‍ റുവാണ്ടയിലെ കിവു തടാകക്കരയില്‍ താമസിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ 2003 ല്‍ കോ-ഓപ്പവി (COOPAVI) എന്ന സഹകരണ സംഘം രൂപവത്കരിച്ചുകൊണ്ട് മുന്നേറ്റത്തിനു തുടക്കം കുറിച്ചു.

സാമ്പത്തിക സഹായവുമായി യു.എസ്. ഏജന്‍സി

തടാകത്തില്‍ മീന്‍ പിടിക്കുന്ന ആദ്യത്തെ വനിതാ സഹകരണ സംഘമാണു കോ-ഓപ്പവി. സംഘാംഗങ്ങളാരും അതിനു മുമ്പു മീന്‍ പിടിക്കാന്‍ പോയിരുന്നില്ല. അതൊക്കെ പുരുഷന്മാരുടെ ജോലിയായാണു അവര്‍ കണ്ടിരുന്നത്. ബോട്ടുകളോ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളോ അവര്‍ക്കു സ്വന്തമായുണ്ടായിരുന്നില്ല. യു.എസ.് ആഫ്രിക്കന്‍ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ (യു.എസ.്എ.ഡി.എഫ്) 85,000 ഡോളര്‍ സഹായം സംഘത്തിനു ലഭിച്ചു. ആ തുക ഉപയോഗിച്ച് അവര്‍ മോട്ടോര്‍ ബോട്ടും മീന്‍ പിടിത്ത ഉപകരണങ്ങളും ഓഫീസിലേക്കു കമ്പ്യൂട്ടറുകളും വാങ്ങി.

ഇസാംബാസ എന്ന പോഷകമൂല്യമുള്ള മത്സ്യത്തെ പിടിച്ച് വില്‍ക്കാനാണു അവരാദ്യം ശ്രമിച്ചത്. അതില്‍ കുറെയൊക്കെ വിജയം കണ്ടെത്തി. പിടിക്കുന്ന മീന്‍ അപ്പപ്പോള്‍ വില്‍ക്കുന്ന രീതിയാണു തുടക്കത്തില്‍ പിന്തുടര്‍ന്നിരുന്നത്. മീന്‍ ഉണക്കി ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയൊക്കെ അവര്‍ക്കു അപ്രാപ്യമായിരുന്നു. സംഘത്തെ സാമ്പത്തികമായി സഹായിക്കാന്‍ യു.എസ്.എ.ഡി.എഫ്. വീണ്ടും മുന്നോട്ടുവന്നു. തുടര്‍ന്ന്, ഇസാംബാസ ഉണക്കി വില്‍ക്കാനും സംഘം തീരുമാനിച്ചു. ഈ മത്സ്യം പിടിച്ചുവില്‍ക്കുന്ന ഒരേയൊരു സംഘമാണു കോ-ഓപ്പവി. ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇസാംബാസ മീനിന്റെ ഉപഭോക്താക്കളാണ്.

2015 ആയപ്പോഴേക്കും മീന്‍ വില്‍പ്പനയും വരുമാനവും 25-30 മടങ്ങ് വര്‍ധിച്ചു. സംഘത്തിന്റെ ലാഭത്തില്‍ നിന്നു പത്തു ശതമാനം പുതിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാനാണു ചെലവഴിക്കുന്നത്. അനാഥാലയത്തിലേക്കും ആശുപത്രിയിലേക്കും മീന്‍ സംഭാവന ചെയ്യുന്ന സംഘം സാമൂഹിക പ്രതിബദ്ധതയിലും മുന്നിട്ടു നില്‍ക്കുന്നു.

റുവാണ്ടന്‍ പരിസ്ഥിതി – ആരോഗ്യ അധികൃതരുമായി ചേര്‍ന്നു കോ-ഓപ്പവി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മീന്‍ വില്‍ക്കാന്‍ തുടങ്ങി. സംഘത്തിലെ 48 അംഗങ്ങളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട്. ഭൂരിപക്ഷം അംഗങ്ങടെ വീടുകളിലും സംഘം വെള്ളവും വൈദ്യുതിയും എത്തിച്ചു. പരിമിതമായ അവകാശങ്ങള്‍ മാത്രമുണ്ടായിരുന്ന റുവാണ്ടന്‍ വനിതകള്‍ ഇപ്പോള്‍ സാമൂഹിക മുന്നേറ്റത്തിന്റെ പാതയിലാണ്. കോ-ഓപ്പവി സംഘത്തിലെ വനിതകള്‍ ഇപ്പോള്‍ സ്വന്തമായി കണക്കുകള്‍ കൈകാര്യം ചെയ്യാനും മിടുക്കു നേടിക്കഴിഞ്ഞു. മീന്‍പിടിത്തം മാത്രമല്ല കപ്പ, വാഴ, പച്ചക്കറി, കാപ്പിക്കൃഷി എന്നിവയും ഇവരുടെ ജീവിതോപാധിയാണിപ്പോള്‍. ഗിസെനി പട്ടണത്തില്‍ ഇപ്പോള്‍ അഞ്ച് മീന്‍പിടിത്ത സഹകരണ സംഘങ്ങളുണ്ട്.

Leave a Reply

Your email address will not be published.