മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് പരിധി; പുതിയ നിയന്ത്രണ വ്യവസ്ഥകള്‍

moonamvazhi

മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണ സംഘങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍. നിക്ഷേപം സ്വീകരിക്കുന്നതിന് പരിധി കൊണ്ടുവന്നു. അഞ്ചുവിഭാഗങ്ങളായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പ്രുഡന്‍ഷന്‍ നോംസിന് സമാനമായ വ്യവസ്ഥകള്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി. മൂലധന പര്യാപ്തത, ക്യാഷ് റിസര്‍വ് എന്നിവയും നിശ്ചയിച്ചു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഒരു പരിധിയുമില്ലാതെ നിക്ഷേപം സ്വീകരിക്കുന്നതും, നിക്ഷേപം തിരിച്ചുകൊടുക്കാതെ പ്രതിസന്ധിയിലാകുന്നതും ആവര്‍ത്തിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രം നടപ്പാക്കിയത്.

പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും മാറ്റിവെച്ച കരുതല്‍ ധനത്തിന്റെയും പത്തിരട്ടിയിലധികം നിക്ഷേപമായും മറ്റുവായ്പകളായും സംഘം സ്വീകരിക്കരുതെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിക്ഷേപത്തിന്റെ അടിസ്ഥാനമായാണ് സംഘങ്ങളെ വിഭജിച്ചിട്ടുള്ളത്. പത്തുകോടി രൂപവരെ നിക്ഷേപമുള്ളവ മൈക്രോ, പത്തുമുതല്‍ 100 കോടിവരെയുള്ളവ സ്‌മോള്‍, 100 മുതല്‍ 500 കോടിവരെയുള്ള മീഡിയം, 500 കോടിക്ക് മുകളില്‍ ലാര്‍ജ് എന്നീ വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്.

മൈക്രോ, സ്‌മോള്‍ വിഭാഗത്തിലുള്ള സംഘങ്ങള്‍ക്ക് കുറഞ്ഞത് 9 ശതമാനം മൂലധന പര്യാപ്തത (സി.ആര്‍.എ.ആര്‍.) വേണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മീഡിയം, ലാര്‍ജ് വിഭാഗത്തിലുള്ള സംഘങ്ങള്‍ക്ക് ഇത് 12 ശതമാനമാണ്. നിലവില്‍ ഇത്രയും മൂലധന പര്യാപ്തത ഇല്ലാത്ത സംഘങ്ങള്‍ അത് നേടുന്നതിന് മൂന്നുമാസത്തിനുള്ള പദ്ധതി തയ്യാറാക്കണം. അഞ്ചുവര്‍ഷത്തിന് ഇത് നിര്‍ബന്ധമായും നേടിയിരിക്കണമെന്നും കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിക്കുന്നു.

മൂലധന പര്യാപ്തത നേടാത്ത സംഘങ്ങളുടെ ഓഹരികള്‍ പിന്‍വലിക്കാന്‍ കഴിയില്ല. അവസാനം ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഹരി പിന്‍വലിക്കുന്നതിന് മൂലധന പര്യാപ്തത കണക്കാക്കുക. ഓഹരി പിന്‍വലിച്ചുകഴിഞ്ഞാല്‍ സി.ആര്‍.എ.ആര്‍. നിശ്ചിത അനുപാതത്തില്‍നിന്ന് കുറയാനും പാടില്ല. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നേരത്തെ ഈ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. അതാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കിയത്.

Leave a Reply

Your email address will not be published.