മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സഹകരണ സംഘങ്ങള്‍ വിദ്യാഭ്യാസ ഫണ്ട് കേന്ദ്രത്തിന് നല്‍കണം

moonamvazhi

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും ലാഭത്തില്‍നിന്ന് വിദ്യാഭ്യാസ ഫണ്ട് നീക്കി വെക്കാനും, അത് കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്നും നിര്‍ദ്ദേശം. ലാഭത്തിന്റെ ഒരുശതമാനമാണ് വിദ്യാഭ്യാസ ഫണ്ടായി മാറ്റിവെക്കേണ്ടത്. ഈ ഫണ്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് കൈമാറണമെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

രാജ്യത്താകെ 1557 സഹകരണ സംഘങ്ങളാണ് ഇത്തരത്തലുള്ളത്. കേരളത്തില്‍ 30 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 എണ്ണം രജിസ്‌ട്രേഷന്‍ ഘട്ടത്തിലാണ്. 2023-ല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിഅനുസരിച്ചാണ് ലാഭത്തില്‍നിന്ന് നിശ്ചിത വിഹിതം വിദ്യാഭ്യാസ ഫണ്ടായി മാറ്റിവെക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. വകുപ്പ് 63(1) (ബി) സഹകരണ വിദ്യാഭ്യാസ ഫണ്ട് കേന്ദ്രസര്‍ക്കാരാണ് കൈകാര്യം ചെയ്യുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരോ സാമ്പത്തിക വര്‍ഷവും അവസാനിച്ച് ആറുമാസത്തിനകം ഈ ഫണ്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് കൈമാറണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സഹകരണ വിദ്യാഭ്യാസ ഫണ്ട് സഹകരണ യൂണിയനാണ് ഉപയോഗിക്കാറുള്ളത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘങ്ങള്‍ വിദ്യാഭ്യാസ ഫണ്ട് സംസ്ഥാന സഹകരണ യൂണിയനാണ് കൈമാറേണ്ടത്. എന്നാല്‍, സഹകരണ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ അനുസരിച്ച് കേന്ദ്രസര്‍ക്കാരിന് പ്രത്യേക അക്കൗണ്ടിലേക്കാണ് പണം കൈമാറണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സാരസ്വത് ബാങ്ക് പോലുള്ള ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെയെല്ലാം വിഹിതം കേന്ദ്രത്തിന് ലഭിക്കും.

സഹകരണ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ക്ക് ദേശീയതല ശൃംഖല ഒരുക്കാന്‍ കേന്ദ്രസഹകരണ മന്ത്രാലായം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പുണെയിലെ വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിനെ സഹകരണ സര്‍വകലാശാലയാക്കി മാറ്റും. സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ കോളേജുകളെ ഈ സര്‍വകലാശാലയ്ക്ക് കീഴില്‍ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സഹകരണ വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്താനാണ് ബഹു സംസ്ഥാന സഹകരണ സംഘങ്ങളില്‍നിന്ന് സ്വരൂപിക്കുന്ന വിദ്യാഭ്യാസ ഫണ്ട് ഉപയോഗപ്പെടുത്തുക.

Leave a Reply

Your email address will not be published.