മള്‍ട്ടി സംഘങ്ങളുമായുള്ള ലയനത്തിന് നിയന്ത്രണം; സഹകരണ നിയമത്തില്‍ പുതിയ വ്യവസ്ഥ

moonamvazhi

സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്‍ വ്യാഴാഴ്ച നിയമസഭ പാസാക്കും. ഈ സമ്മേളനകാലത്ത് അവസാന ബില്ലായാണ് ഇത് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായുള്ള സംസ്ഥാനത്തെ സംഘങ്ങളുടെ ലയനത്തിന് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ വ്യവസ്ഥ ഈ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടി ഉള്‍പ്പെടുത്തിയാകും ബില്‍ പാസാക്കുക.

ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഹകാരികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ നിയമനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുമാണ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് ആവശ്യമായ തിരുത്തലുകളോടെയാകും ബില്ല് പാസാക്കുക.

സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഒരുമള്‍ട്ടി സ്‌റ്റേറ്റ് സഹകരണത്തിലേക്ക് സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് സംഘത്തിനും ലയിക്കാനുള്ള വ്യവസ്ഥ കേന്ദ്രനിയമത്തിലുണ്ട്. ഇരുസംഘങ്ങളുടെയും പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലയനം നടത്താമെന്നാണ് കേന്ദ്രനിയമത്തില്‍ പറയുന്നത്. ഇതനുസരിച്ച് ലയനത്തിന് സംസ്ഥാനത്തിന്റെ അനുമതി വേണ്ടതില്ല.

ഈ വ്യവസ്ഥ കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കുമെന്നാണ് സഹകരണ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാലാണ് ലയനത്തിന് നിയന്ത്രണം വരുത്തുന്ന വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ കൊണ്ടുവരുന്നത്. കേരളത്തിലെ ഏത് സംഘത്തിനും ഏത് സംഘവുമായും ലയിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയാണ് പുതുതായി കൊണ്ടുവരുന്നതെന്നാണ് സൂചന. ലയനത്തിനുള്ള പ്രപ്പോസല്‍ രജിസ്ട്രാര്‍ അംഗീകരിച്ചതിന് ശേഷമാണ്, പൊതുയോഗം വിളിച്ചുചേര്‍ക്കേണ്ടത് എന്നതാകും നിയന്ത്രണം.

Leave a Reply

Your email address will not be published.