മത്സ്യ സഹകരണസംഘത്തിന് ദേശീയ അംഗീകാരം.

adminmoonam

തൃശ്ശൂർ നാട്ടിക-എങ്ങണ്ടിയൂർ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് ദേശീയപുരസ്കാരം ലഭിച്ചു. അന്താരാഷ്ട്ര മത്സ്യ ദിനത്തിന്റെ ഭാഗമായി ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഏർപ്പെടുത്തിയ ബെസ്റ്റ് മറൈൻ ഫിഷർമെൻ സൊസൈറ്റി അവാർഡ് ആണ് സംഘത്തിനെ തേടിയെത്തിയത്.

1988ൽ പ്രവർത്തനമാരംഭിച്ച സഹകരണ സംഘം വലപ്പാട് ഒന്നാം വാർഡ് മുതൽ ചേറ്റുവ ഹാർബർ വരെയുള്ള മത്സ്യ ഗ്രാമങ്ങൾ ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. 2509 അംഗങ്ങളുള്ള സംഘത്തിൽ 50 പേർ വീതമുള്ള 9 ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 9 ഇൻ ബോർഡ് വള്ളങ്ങളും മൂന്നു മുതൽ അഞ്ചു വരെ അംഗങ്ങളെ ഉൾക്കൊള്ളുന്ന 10 ചെറിയ ഗ്രൂപ്പുകൾ ഉണ്ട്. സംഘത്തിന്റെ അംഗങ്ങളായുള്ള മത്സ്യത്തൊഴിലാളികളെ സ്വകാര്യപണമിടപാടുകാരുടെയും കമ്മീഷൻ ഏജന്റ്മാരുടെയും വട്ടിപ്പലിശകാരുടെയും ചൂഷണത്തിൽ നിന്ന് മോചിപ്പിച്ച് മത്സ്യബന്ധന ഉപാധികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥത ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ടാണ് സംഘം രൂപം കൊണ്ടത്.

മത്സ്യത്തൊഴിലാളികൾ കൊണ്ടുവരുന്ന മത്സ്യം ഇടനിലക്കാരെ ഒഴിവാക്കി സംഘത്തിന് കീഴിൽ നേരിട്ട് ലേലം ചെയ്തു മുഴുവൻ മൂല്യവും തൊഴിലാളികൾക്ക് ഉറപ്പുവരുത്തുകയാണ് ഇപ്പോൾ സംഘം ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യഫെഡ് വഴി വിവിധ പദ്ധതികളിലൂടെ മത്സ്യമേഖലയ്ക്ക് അനുവദിക്കുന്ന തുക തൊഴിലാളികൾക്ക് നൽകുന്നതിൽ സംഘം പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഫിഷറീസ് ദിനമായ നവംബർ 21ന് ഡൽഹിയിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ അവാർഡ് സ്വീകരിക്കുമെന്ന് പതിനൊന്നംഗ ഭരണസമിതിയുടെ പ്രസിഡന്റായ അഡ്വ.പി.ആർ.വാസു പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!