ഭരണസമിതിയുടെ തീരുമാനം സംഘത്തിന് നഷ്ടമുണ്ടാക്കിയാല്‍ ബാധ്യത ബോര്‍ഡിന്

[mbzauthor]

സഹകരണ സംഘത്തിന്റെ ഇടപാടുകള്‍, അവിടുത്തെ നിയമനം എന്നിവയെല്ലാം സംബന്ധിച്ച് ഭരണസമിതി എടുത്ത തീരുമാനം തെറ്റിയാല്‍ അതിന്റെ ഉത്തരവാദിത്തം ബോര്‍ഡ് അംഗങ്ങള്‍ക്കാണെന്ന് സര്‍ക്കാരിന്റെ വിധി. ഈ തീരുമാനം നടപ്പാക്കിയതിന്റെ ഉത്തരവാദിത്തം സംഘം സെക്രട്ടറിക്കുമുണ്ടാകും. ചട്ടവിരുദ്ധമായ തീരുമാനങ്ങള്‍ക്കൊണ്ട് സംഘത്തിനുണ്ടാകുന്ന ആസ്തി ശോഷണത്തിനും സാമ്പത്തിക നഷ്ടത്തിനും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും നഷ്ടപരിഹാരം നല്‍കണം. തിരുവനന്തപുരം റീജിയണല്‍ അര്‍ബന്‍ സഹകരണ സംഘത്തിന്റെ കേസിലാണ് സര്‍ക്കാരിന്റെ ഈ തീര്‍പ്പുണ്ടായിട്ടുള്ളത്.

സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും സംഘത്തിന്റെ ബൈലോ വ്യവസ്ഥകള്‍ക്കും സഹകരണ സംഘം രജിസ്ട്രാറുടെ കാലാകാലത്തിലുള്ള സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി റീജയണല്‍ അര്‍ബന്‍ സഹകരണ സംഘം ഭരണസമിതി പ്രവര്‍ത്തിച്ചുവെന്നാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തിയത്. ഇതിന്റെ ഫലമായി സംഘത്തിനുണ്ടായ നഷ്ടം പലിശയടക്കം 79.87 ലക്ഷം രൂപ 14 ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന് അടക്കണമെന്ന് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. 2021 സപ്തംബര്‍ 20 നായിരുന്നു ഈ ഉത്തരവ്. ഇതിനെതിരെ ഭരണസമിതി അംഗങ്ങള്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കി.

സഹകരണ വകുപ്പ് നടത്തിയ ഹിയറിങ്ങില്‍ 11 കുറ്റങ്ങളാണ് സംഘം ഭരണസമിതിക്കെതിരെ ജോയിന്റ് രജിസ്ട്രാറിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിങ് വിശദീകരിച്ചത്. ഈ 11 കാര്യങ്ങള്‍ക്ക് സംഘം പ്രതിനിധികള്‍ മറുപടി നല്‍കുന്നുണ്ട്. ഹൈക്കോടതി വിധികളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഈ മറുപടി. അനുമതിയില്ലാതെ എം.ഡി.എസ്. തുടങ്ങിയെന്ന ജോയിന്റ് രജിസ്ട്രാറുടെ കുറ്റപ്പെടുത്തലിന്, ഓരോ തവണയും എം.ഡി.എസ്. തുടങ്ങുന്നതിന് മുമ്പ് ചലാനും അടച്ച് അപേക്ഷ നല്‍കിയതാണ്. ഇത് യഥാസമയം പരിശോധിച്ച് അംഗീകാരം നല്‍കുന്നില്ലെന്നായിരുന്നു ബോര്‍ഡ് അംഗങ്ങളുടെ ഒരു പരാതി. അപേക്ഷ നിരസിക്കുകയും ചെയ്യുന്നില്ല. ഇതാണ് എം.ഡി.എസ്. തുടങ്ങാന്‍ കാരണമെന്നും അവര്‍ ബോധിപ്പിക്കുന്നുണ്ട്.

കുറ്റങ്ങളും അവയുടെ വിശദീകരണവും കേട്ട് അതിന്റെ ഓരോന്നിന്റെയും നിയമപരമായ വിലയിരുത്തലും നടത്തിയാണ് ഇത്തില്‍ സര്‍ക്കാര്‍ തീര്‍പ്പിലെത്തിയത്. ഭരണസമതി അംഗങ്ങള്‍ക്കും സെക്രട്ടറിക്കുമെതിരെ സര്‍ച്ചാര്‍ജ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സഹകരണ നിയമവും ചട്ടവും പ്രകാരം പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തില്ലെന്ന കാരണത്തില്‍ അതിന്റെ നഷ്ടം ഭരണസമിതി അംഗങ്ങളില്‍ ചുമത്തിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. ഈ കേസുകളില്‍ ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഭരണസമിതി അംഗങ്ങള്‍ നേര്‍ക്കാഴ്ചയില്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ഈ തുക കഴിച്ച് ബാക്കി തുക ഭരണസമിതി അംഗങ്ങളില്‍നിന്നും സെക്രട്ടറിയില്‍നിന്നും ഈടാക്കണമെന്ന് തീര്‍പ്പാക്കി സര്‍ക്കാരും ഉത്തരവിറക്കി.

[mbzshare]

Leave a Reply

Your email address will not be published.