ബാങ്ക് എന്ന വാക്കല്ല ജനവിശ്വാസമാണ് പ്രധാനം

ബി.പി. പിള്ള ( മുന്‍ ഡയറക്ടര്‍, എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )

വര്‍ഷങ്ങളായി പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ഒട്ടേറെ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ഇന്നും പത്തു കോടി രൂപപോലും
നിക്ഷേപമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നു ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം,
പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാത്ത ചില വനിതാ സഹകരണസംഘങ്ങള്‍ക്കു
100 കോടി രൂപയ്ക്കുമേല്‍ നിക്ഷേപമുണ്ട്. 1931 മുതല്‍ പേരിനൊപ്പം ബാങ്ക്
എന്നുപയോഗിക്കുന്ന കാര്‍ഷികഗ്രാമവികസന ബാങ്കുകള്‍ക്കു നിക്ഷേപം
സമാഹരിക്കുന്നതിനു ബാങ്ക് എന്ന വാക്ക് പ്രയോജനപ്പെടുന്നില്ല. രാജ്യത്തെ
പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ
70 ശതമാനത്തോളം കേരളത്തിലെ 1675 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍
സമാഹരിച്ച നിക്ഷേപമാണ്. അതു പേരിനൊപ്പം ബാങ്ക് എന്ന്
ഉപയോഗിക്കുന്നതുകൊണ്ടല്ല. അംഗങ്ങളും ജനങ്ങളും അര്‍പ്പിച്ചിട്ടുള്ള
വിശ്വാസമാണ് ഈ നേട്ടത്തിനു പിന്നിലെ മുഖ്യകാരണം- ലേഖകന്‍ ഉറപ്പിച്ചുപറയുന്നു.

 

സഹകരണസംഘങ്ങള്‍ അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവയ്ക്കു റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും കാണിച്ചുകൊണ്ടുള്ള വിജ്ഞാപനം 2023 നവംബര്‍ പത്തിലെ മലയാളപത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. 2017 ജൂണ്‍ 30 നും നവംബര്‍ 29 നും ഇതേ വിജ്ഞാപനം മുമ്പു വന്നിട്ടുണ്ട്. കൊല്ലം ജില്ലയിലെ പരവൂര്‍ എസ്.എന്‍.വി. റീജ്യണല്‍ സഹകരണ ബാങ്കിനെതിരെയാണു റിസര്‍വ് ബാങ്ക് ആദ്യമായി ഒരു വിജ്ഞാപനം ഇറക്കിയത്. ബാങ്കിന്റെ പ്രസിഡന്റായി അഡ്വ. വിശ്വനാഥന്‍ തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ബാങ്ക് മലയാളപത്രങ്ങളില്‍ ഒരു പരസ്യം പ്രസിദ്ധീകരിക്കുകയും അതില്‍ 200 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള, കൊല്ലം ജില്ലയിലെ വലിയ സഹകരണ ബാങ്ക് എന്ന വിശേഷണം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ പരസ്യം വന്ന് ഏതാനും ദിവസങ്ങള്‍ക്കകം റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാഓഫീസില്‍നിന്നുള്ള ഒരു വിജ്ഞാപനം പത്രങ്ങളില്‍ വരികയുണ്ടായി. കൊല്ലം ജില്ലയിലെ പരവൂര്‍ എസ്.എന്‍.വി. റീജ്യണല്‍ സഹകരണ ബാങ്ക് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള സഹകരണ ബാങ്കല്ലെന്നും ഈ ബാങ്കിലെ നിക്ഷേപങ്ങള്‍ക്കു റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി ) പരിരക്ഷയില്ലെന്നും കാണിച്ചുകൊണ്ടുള്ള വിജ്ഞാപനമായിരുന്നു അത്. പത്രങ്ങളിലെ വിജ്ഞാപനത്തിനു പുറമേ ബാങ്ക് ഭരണസമിതിക്കെതിരെ റിസര്‍വ് ബാങ്ക് കേസും കൊടുത്തു. ബാങ്ക് എന്ന വാക്ക് പേരിനൊപ്പം ഉപയോഗിക്കുന്നതു ബാങ്കിങ് നിയന്ത്രണനിയമത്തിലെ വകുപ്പ് ഏഴിന്റെ ലംഘനമായതിനാലാണു ബാങ്ക് ഭരണസമിതിക്കെതിരെ റിസര്‍വ് ബാങ്ക് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

റിസര്‍വ് ബാങ്കിന്റെ
ന്യായീകരണം

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വകുപ്പ് മൂന്നു പ്രകാരം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു ബാങ്കിങ് നിയന്ത്രണനിയമവ്യവസ്ഥകളൊന്നും ബാധകമല്ലെന്ന സംരക്ഷണവ്യവസ്ഥ നിലനിന്നിരുന്ന സന്ദര്‍ഭത്തിലാണു പരവൂര്‍ എസ്.എന്‍.വി. റീജ്യണല്‍ സഹകരണ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടി കൈക്കൊണ്ടത്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ നിര്‍വചനത്തില്‍ റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ ഉള്‍പ്പെടുന്നില്ല എന്ന കാരണം കാണിച്ചാണു റിസര്‍വ് ബാങ്ക് തങ്ങളുടെ നടപടി ന്യായീകരിച്ചത്. സഹകരണനിയമത്തിന്റെ രണ്ടാം വകുപ്പിലെ ക്ലോസി ( ഒ.എ.എ ) ലാണു പ്രാഥമിക കാര്‍ഷികവായ്പാസംഘം എന്നതു നിര്‍വചിച്ചിട്ടുള്ളത്. കാര്‍ഷികവായ്പാ വിതരണം മുഖ്യപ്രവര്‍ത്തനലക്ഷ്യമായിട്ടുള്ളതും ഒരു വില്ലേജിലോ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുള്ളതും കാര്‍ഷികമേഖലയ്ക്കു വായ്പകളും അഡ്വാന്‍സുകളും നല്‍കുക എന്ന മുഖ്യലക്ഷ്യം നിറവേറ്റുന്നതും അതിന്റെ പലിശ രജിസ്ട്രാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ വാങ്ങുന്നതുമാായ സ്ഥാപനം ഒരു സര്‍വീസ് സഹകരണസംഘമോ സര്‍വീസ് സഹകരണ ബാങ്കോ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കോ റൂറല്‍ ബാങ്കോ ആയിരിക്കും എന്നതാണു പ്രാഥമിക കാര്‍ഷിക വായ്പാസംഘം എന്നതിനു നല്‍കിയിട്ടുള്ള നിര്‍വചനം. ഈ നിര്‍വചനത്തില്‍ റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ ഉള്‍പ്പെടുന്നില്ല എന്ന ന്യായീകരണമാണു റിസര്‍വ് ബാങ്കിന്റെ നീക്കത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

2010 ലെ കേരള സഹകരണസംഘം നിയമഭേദഗതിയില്‍ രണ്ടാം വകുപ്പിലെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തിന്റെ നിര്‍വചനത്തില്‍ ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കാര്‍ഷികവായ്പാ വിതരണം എന്ന പ്രധാന ഉദ്ദേശ്യലക്ഷ്യം നിറവേറ്റാത്ത ഒരു സഹകരണസംഘത്തെ സഹകരണസംഘം നിയമം, ചട്ടം, സംഘനിയമാവലി എന്നിവയനുസരിച്ചു ഒരു പ്രാഥമിക കാര്‍ഷികവായ്പാസംഘമായി പരിഗണിക്കില്ല എന്നതായിരുന്നു ആ പ്രൊവിസോ. സംസ്ഥാനത്തെ ബഹുഭൂരിഭാഗം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെയും നില്‍പ്പുവായ്പകളില്‍ കാര്‍ഷികവായ്പകള്‍ 15 ശതമാനത്തില്‍ താഴെയാണുള്ളത് എന്ന വസ്തുതയാവാം 2017 ലെ റിസര്‍വ് ബാങ്ക് വിജ്ഞാപനത്തിനു കാരണമായത്.

2020 ജൂണ്‍ 26 നു രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിലൂടെയും സെപ്റ്റംബര്‍ 29 നു പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ പ്രാബല്യത്തില്‍ വന്ന ബാങ്കിങ് നിയന്ത്രണനിയമഭേദഗതിയിലൂടെയും നിയമത്തിലെ മൂന്നാംവകുപ്പില്‍ വരുത്തിയ ഭേദഗതിയാണു 2021 ലും 2023 ലും റിസര്‍വ് ബാങ്കിനെ പത്രങ്ങളില്‍ വിജ്ഞാപനം നല്‍കാന്‍ പ്രേരിപ്പിച്ചത്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ വകുപ്പ് മൂന്നില്‍ വന്ന ഭേദഗതി ഇപ്രകാരമാണ്: ‘ 1981 ലെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ആക്ടില്‍ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍, കാര്‍ഷികവികസനത്തിനു ദീര്‍ഘകാലവായ്പ നല്‍കുക എന്നതു പ്രാഥമികലക്ഷ്യവും മുഖ്യബിസിനസ്സും ആയിട്ടുള്ള സംഘങ്ങള്‍ എന്നിവ അവയുടെ പേരിനൊപ്പം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകളൊന്നും ഉപയോഗിക്കാതിരിക്കുകയും ബാങ്കിങ് അവയുടെ ബിസിനസ്സിന്റെ ഭാഗമാകാതിരിക്കുകയും ചെക്കിന്റെ ഡ്രോയി ആയി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ ഈ നിയമം ബാധകമല്ല.’ ബാങ്കിങ് നിയന്ത്രണനിയമത്തിലെ മൂന്നാം വകുപ്പിലെ ഭേദഗതി പ്രാബല്യത്തില്‍ വന്നശേഷമാണു 2021 നവംബറിലും 2023 നവംബറിലും റിസര്‍വ് ബാങ്ക് പത്രങ്ങളില്‍ വിജ്ഞാപനം നല്‍കിയത്. 2020 ലെ ബാങ്കിങ് നിയന്ത്രണനിയമഭേദഗതി ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റ് പ്രകാരം സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാരുകള്‍ അതതു സംസ്ഥാന ഹൈക്കോടതികളില്‍ നല്‍കിയ കേസുകളെല്ലാം മദ്രാസ് ഹൈക്കോടതിയ്ക്കു സുപ്രീംകോടതി കൈമാറിയിട്ടുള്ള സാഹചര്യത്തില്‍ ഈ ഹൈക്കോടതിവിധിയ്ക്കായി കാത്തിരിക്കുകയാണു റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന് അനുകൂലമായ വിധിയുണ്ടായാല്‍ ബാങ്കിങ് നിയന്ത്രണനിയമത്തിലെ മൂന്നാം വകുപ്പിലെ ഭേദഗതിവ്യവസ്ഥ പാലിക്കുന്നുണ്ടോ എന്നതു റിസര്‍വ് ബാങ്ക് ഗൗരവമായി പരിഗണിക്കാനാണു സാധ്യത.

കേരളത്തിന്റെ
ആവശ്യം തള്ളി

2021 നവംബറില്‍ റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിനെതിരെ കേരളസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനും കേന്ദ്രധനമന്ത്രിക്കും നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് തുടര്‍ന്നും ഉപയോഗിക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു നിരസിച്ചുകൊണ്ട് 2021 ഡിസംബര്‍ 13 നു മറുപടി കിട്ടുകയുണ്ടായി. ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ ഏഴാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പില്‍ സ്ഥാപനങ്ങളോ വ്യക്തികളോ വ്യക്തികളുടെ കൂട്ടായ്മകളോ ഏതെങ്കിലും ബിസിനസ് നടത്തുന്ന ആവശ്യത്തിനായി അവയുടെ പേരിന്റെ ഭാഗമായി ബാങ്ക്, ബാങ്കിങ്, ബാങ്കിങ്കമ്പനി എന്നീ വാക്കുകളൊന്നും ഉപയോഗിച്ചുകൂടെന്നു വ്യക്തമാക്കിയിട്ടുണ്ട്. 1966 മാര്‍ച്ച് ഒന്നിനു ബാങ്കിങ് നിയന്ത്രണനിയമം സഹകരണ ബാങ്കുകള്‍ക്കു ബാധകമാക്കിയപ്പോള്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളെയും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെയും ഈ നിയമവ്യവസ്ഥകളില്‍നിന്നു നിരുപാധികമായും പൂര്‍ണമായും ഒഴിവാക്കുകയുണ്ടായി. 1966 നു ശേഷമാണു കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. സംസ്ഥാനത്തെ 1607 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും 37 ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകളും 31 റൂറല്‍ സഹകരണ ബാങ്കുകളും ഉള്‍പ്പെടുന്ന 1675 സ്ഥാപനങ്ങളുടെ ബഹുഭൂരിഭാഗവും പേരിനൊപ്പം ബാങ്ക് എന്ന വാക്ക് വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അവ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല.

ഭാരതീയ റിസര്‍വ് ബാങ്കിന്റെ രൂപവത്കരണത്തിനും ബാങ്കിങ് നിയന്ത്രണനിയമം പാസാക്കുന്നതിനും മുമ്പു സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഗ്രാമീണവായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യയിലെ സഹകരണപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. 1904 ലെ സഹകരണസംഘംനിയമം പ്രാഥമിക വായ്പാസംഘങ്ങള്‍ രൂപവത്കരിക്കുന്നതിനുവേണ്ടി മാത്രമുള്ള നിയമമായിരുന്നു. 1912 ലെ സഹകരണസംഘംനിയമം പ്രാബല്യത്തില്‍ വന്നതോടെയാണു സഹകരണ സെന്‍ട്രല്‍ ബാങ്കുകളും പ്രൊവിന്‍ഷ്യല്‍ ബാങ്കുകളും വായ്‌പേതരസംഘങ്ങളുമെല്ലാം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങിയത്. 1904 ലെ സഹകരണനിയമത്തിന്‍കീഴില്‍ ആരംഭകാലത്തു രജിസ്റ്റര്‍ ചെയ്ത സഹകരണസംഘങ്ങളില്‍ ആസാമിലെ രാജ്ഹുലി വില്ലേജ് ബാങ്ക്, ജോര്‍ഹട്ട് വില്ലേജ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ചാരിഗാവ് വില്ലേജ് ബാങ്ക് എന്നിവയും തമിഴ്‌നാട്ടിലെ തിരൂര്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക്, കര്‍ണാടകയിലെ കനാജിനഹല്‍ വ്യവസായസേവന സഹകരണ ബാങ്ക്, ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എന്നിവയുമുള്‍പ്പെടും. 1912 ലെ നിയമം പ്രാബല്യത്തില്‍ വന്നതോടെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളായി മാറുകയും അവയില്‍ സഹകരണസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും അംഗത്വം നല്‍കുകയും ചെയ്തുതുടങ്ങി.

സഹകരണം
പ്രവിശ്യാവിഷയം

1919 ലെ മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണു സഹകരണം ഒരു പ്രവിശ്യാവിഷയമാകുന്നത്. എന്നാല്‍, അതിനുമുമ്പുതന്നെ രാജഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണത്തിനുള്ള അധികാരമുണ്ടായിരുന്നതിനാല്‍ പഴയ കൊച്ചി സംസ്ഥാനത്തു 1913 ല്‍ ഒരു സഹകരണസംഘം നിയമമുണ്ടാവുകയും അതിനുകീഴില്‍ അഡ്വാന്‍സ്ഡ് സഹകരണസംഘം എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തിരുവിതാംകൂര്‍ സംസ്ഥാനത്തു 1914 ല്‍ തിരുവിതാംകൂര്‍ സഹകരണസംഘം റഗുലേഷന്‍ നിയമം പാസാക്കി. ഈ നിയമത്തിന്‍കീഴിലെ ആദ്യസ്ഥാപനം തിരുവിതാംകൂര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരില്‍ 1915 നവംബര്‍ 23 നു രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു. പഴയ മലബാര്‍ പ്രദേശത്തു 1904 ലെ കേന്ദ്രസഹകരണനിയമമനുസരിച്ചു പാലക്കാട് കൊടുവായൂര്‍ കാര്‍ഷിക വായ്പാസംഘം എന്ന പേരില്‍ ഒരു പ്രാഥമിക കാര്‍ഷിക വായ്പാസംഘം 1909 ല്‍ പ്രവര്‍ത്തനമാരംഭിക്കുകയുണ്ടായി. കൊച്ചി സംസ്ഥാനത്തു 1918 ല്‍ കൊച്ചിന്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കും മദ്രാസ് പ്രോവിന്‍സിന്റെ ഭാഗമായിരുന്ന മലബാര്‍ പ്രദേശത്തു 1917 ല്‍ മലബാര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കും രൂപവത്കരിച്ചു. സെന്‍ട്രല്‍ ബാങ്കിനും പ്രാഥമിക വായ്പാസംഘങ്ങള്‍ക്കുമിടയില്‍ താലൂക്ക് ബാങ്കുകളും രൂപവത്കരിക്കപ്പെട്ടു. 1923 ല്‍ രൂപവത്കരിച്ച നാഗര്‍കോവില്‍ താലൂക്ക് ബാങ്കാണു തിരുവിതാംകൂര്‍ സംസ്ഥാനത്തെ ആദ്യത്തെ താലൂക്ക് ബാങ്ക്. തിരുവിതാംകൂര്‍ സംസ്ഥാനത്തു 1931 ലാണു തിരുവിതാംകൂര്‍ സെന്‍ട്രല്‍ ഭൂപണയബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. 1938 ല്‍ ട്രാവന്‍കൂര്‍ ക്രെഡിറ്റ് ബാങ്ക് രൂപവത്കരിച്ചതോടെ തിരുവിതാംകൂര്‍ സെന്‍ട്രല്‍ ഭൂപണയബാങ്ക് അതില്‍ ലയിച്ചു. 1956 ല്‍ കേരള സഹകരണ കേന്ദ്ര ഭൂപണയ ബാങ്ക് രൂപീകൃതമായപ്പോള്‍ ട്രാവന്‍കൂര്‍ ക്രെഡിറ്റ് ബാങ്ക് ഇല്ലാതായി.

തിരുവിതാംകൂര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊച്ചിന്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, മലബാര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, തിരുവിതാംകൂര്‍ സെന്‍ട്രല്‍ ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്ക്, ട്രാവന്‍കൂര്‍ ക്രെഡിറ്റ് ബാങ്ക് തുടങ്ങിയ സഹകരണസ്ഥാപനങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ രൂപവത്കരണമോ ബാങ്കിങ് നിയന്ത്രണനിയമമോ പ്രാബല്യത്തിലില്ലാതിരുന്ന കാലഘട്ടത്തിലാണ് ഈ ബാങ്കുകള്‍ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ചേര്‍ത്തുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നത്. 1966 മുതല്‍ സംസ്ഥാനത്ത് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ ബാങ്ക് എന്ന വാക്ക് പേരിനൊപ്പം ചേര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആയിരം കോടി രൂപയ്ക്കുമേല്‍ പതിനായിരം കോടി രൂപവരെ നിക്ഷേപമുള്ള ടയര്‍ ത്രീ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ മൂന്നെണ്ണമേ കേരളത്തിലുള്ളു. എന്നാല്‍, റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്തതും ആയിരം കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ളതുമായ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ കേരളത്തിലുണ്ട്.

കാലിക്കറ്റ് സിറ്റി
ബാങ്കിന്റെ നേട്ടം

2002 ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങിയ ഒരു പ്രാഥമിക കാര്‍ഷികവായ്പാ സംഘമാണു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. 2023 മാര്‍ച്ച് 31 നു 1500 കോടി രൂപയ്ക്കു മുകളില്‍ ഈ ബാങ്കിനു നിക്ഷേപമുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത, റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ നിക്ഷേപപരിരക്ഷയില്ലാത്ത, കാലിക്കറ്റ് സിറ്റി ബാങ്കിനു റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള ഒരു അര്‍ബന്‍ സഹകരണ ബാങ്കിനു സമാഹരിക്കാന്‍ സാധിക്കുന്നതില്‍ക്കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ആ സ്ഥാപനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമായിട്ടാണ്. വര്‍ഷങ്ങളായി പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിരവധി സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ഇന്നും പത്തു കോടി രൂപപോലും നിക്ഷേപമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാത്ത ചില വനിതാ സഹകരണസംഘങ്ങള്‍ക്കു 100 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുണ്ട്. തിരുവനന്തപുരം ജില്ലയിലെ പലവക സംഘവിഭാഗത്തില്‍പ്പെടുന്ന അനന്തപുരി സഹകരണസംഘത്തിനു 600 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുണ്ട്. എന്നാല്‍, 2012 മുതല്‍ നിക്ഷേപം സ്വീകരിക്കുന്ന സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനും അതിന്റെ അംഗങ്ങളായ 75 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കുംകൂടി 400 കോടി രൂപ മാത്രമാണു നിക്ഷേപമായി സമാഹരിക്കാന്‍ സാധിച്ചത്. 1931 മുതല്‍ പേരിനൊപ്പം ബാങ്ക് എന്ന വാക്കുപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷികഗ്രാമവികസന ബാങ്കുകള്‍ക്കു നിക്ഷേപം സമാഹരിക്കുന്നതില്‍ ബാങ്ക് എന്ന വാക്കിനു സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞിട്ടില്ല.

ബാങ്കിങ് നിയന്ത്രണനിയമത്തില്‍ 1949 മുതല്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനു നിരോധനമില്ലായിരുന്നു. എന്നാല്‍, 2020 ല്‍ നിയമത്തിലെ മൂന്നാം വകുപ്പില്‍ വന്ന ഭേദഗതിയിലൂടെ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളായ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന നിയന്ത്രണവ്യവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു ശരാശരി 85 കോടി രൂപ നിക്ഷേപമുണ്ട്. ഇന്ത്യയിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ 70 ശതമാനത്തോളം കേരളത്തിലെ 1675 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ സമാഹരിച്ച നിക്ഷേപമാണ്. അതു പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതുകൊണ്ടുണ്ടായതല്ല. മറിച്ച്, വായ്പാസംഘങ്ങളില്‍ അംഗങ്ങളും ജനങ്ങളും അര്‍പ്പിച്ചിട്ടുള്ള വിശ്വാസവും സര്‍ക്കാരിന്റെ ഓഹരിമൂലധനപങ്കാളിത്തവും നിക്ഷേപകര്‍ക്കു ലഭിക്കുന്ന അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപ ഗാരണ്ടി ഫണ്ട്‌ബോര്‍ഡിന്റെ പരിരക്ഷയും കൊണ്ടാണെന്നു റിസര്‍വ് ബാങ്കിനെയും കേന്ദ്രധനമന്ത്രാലയത്തെയും ബോധ്യപ്പെടുത്താനുള്ള ഒരവസരമായിട്ട് മേല്‍സൂചിപ്പിച്ച വിലക്കിനെ കണ്ടാല്‍ മതിയാകും.

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളതും 1675 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ 1.25 ശതമാനം സമാഹരിച്ചിട്ടുള്ളതുമായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് 2023 നവംബര്‍ 26 നു ചേര്‍ന്ന വാര്‍ഷികപൊതുയോഗത്തില്‍ ബാങ്കിന്റെ പേര് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണസംഘം എന്നാക്കി നിയമാവലിയില്‍ ഭേദഗതി വരുത്തുകയും ഈ ഭേദഗതി രജിസ്റ്റര്‍ ചെയ്തുലഭിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരിക്കുകയാണ്. സ്ഥാപനത്തിന്റെ പേരില്‍നിന്നു ബാങ്ക് എന്ന വാക്ക് ഒഴിവാക്കിയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ഉത്തമബോധ്യമുള്ളതിനാലാണു വിപ്ലവകരമായ ഈ നീക്കം നടത്താന്‍ കാലിക്കറ്റ് സിറ്റി ബാങ്ക് തയാറായിരിക്കുന്നത്. എം.വി.ആര്‍. കാന്‍സര്‍ സെന്ററും സൗജന്യമായി 72 പേര്‍ക്കു ഡയാലിസിസ് ചെയ്തുകൊടുക്കുന്ന ഡയാലിസിസ് സെന്ററുമുള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസം ആര്‍ജിച്ചിട്ടുള്ള കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിനു നിയമാവലിഭേദഗതിക്കുള്ള അംഗീകാരം സഹകരണസംഘം രജിസ്ട്രാറില്‍നിന്നു കിട്ടിക്കഴിഞ്ഞാല്‍ മറ്റു സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും ഈ നടപടി സമീപഭാവിയില്‍ കൈക്കൊള്ളാവുന്നതാണ്.

(മൂന്നാംവഴി സഹകരണ മാസിക 2024 ജനുവരി ലക്കം)

Leave a Reply

Your email address will not be published.