“ബാങ്കിങ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പാ മേഖലയും”- ഇപ്പോഴത്തെ ചിത്രവും ചരിത്രവും ബി.പി. പിള്ളയുടെ വാക്കുകളിലൂടെ..

adminmoonam

“ബാങ്കിങ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പാ മേഖലയും” നിലവിലെ ചിത്രവും ചരിത്രവും പ്രതിപാദിക്കുകയാണ് ബി.പി.പിള്ള. രാജ്യത്തെ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ തുടക്കവും അതിന്റെ ഇന്നുവരെയുള്ള നാൾവഴികളും പറയുകയാണ് അദ്ദേഹം..

1881 ല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പാസാക്കി കൊണ്ടാണ് ഇന്ത്യയിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. 1881 ഡിസംബര്‍ ഒമ്പതാം തീയതി നിയമനിര്‍മാണം നടത്തി 1882 മാര്‍ച്ച് മാസം ഒന്നാം തീയതി പ്രാബല്യത്തില്‍ വന്ന പ്രസ്തുത നിയമനിര്‍മാണത്തിന്റെ പിന്നിലെ ഉദ്ദേശം ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, ബില്‍ ഓഫ് എക്സ്ചേഞ്ച് എന്നീ കൈമാറ്റം ചെയ്യാവുന്ന ഉപകരണങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രാപ്തിക്കുശേഷം നമ്മുടെ സമ്പദ്ഘടനയെ നിയന്ത്രിക്കുവാന്‍ കഴിവുള്ള ഒരു സംവിധാനമാണ് ബാങ്കിംഗ് എന്ന യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് ബാങ്കിങ് കമ്പനി നിയമം പാസാക്കുകയും 1949 മാര്‍ച്ച് 16 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ബാങ്കുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള അധികാരവും ബാങ്കുകളെ നിയന്ത്രിക്കുവാനുള്ള ചുമതലകളുമാണ് ഈ നിയമ നിര്‍മ്മാണത്തിലൂടെ റിസര്‍വ് ബാങ്കിന് നല്‍കിയത് . ആരംഭത്തില്‍ ബാങ്കിങ് കമ്പനികള്‍ക്കു മാത്രമായിരുന്നു ബാങ്കിങ് കമ്പനി നിയമ വ്യവസ്ഥകള്‍ ബാധകമാക്കിയിരുന്നതെങ്കില്‍, 1966 മാര്‍ച്ച് മാസം ഒന്നാം തീയതി മുതല്‍ നിയമത്തില്‍ വകുപ്പ് 56 ഉം ഭാഗം v ഉം ഉള്‍പ്പെടുത്തി കൊണ്ട് നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കി. ഒരു സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍ രൂപവല്‍ക്കരിച്ച് പ്രവര്‍ത്തിച്ചു വരുന്നതുമായ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ് ബിസിനസ് പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന അധികാര സ്ഥാനമായി 1966 മുതല്‍ റിസര്‍ബാങ്ക് മാറി.

മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളാണ് 2020 ജൂണ്‍ 26 -ലെ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ഓര്‍ഡിനന്‍സിന് കാരണമായത്. ഏഴ് സംസ്ഥാനങ്ങളിലായി 137 ശാഖകള്‍ ഉണ്ടായിരുന്ന പഞ്ചാബ് ആന്റ് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണ ബാങ്കിന്റെ ബിസിനസ് മുന്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസിന് സമാനമായിരുന്നു. നിഷ്‌ക്രിയ വായ്പകള്‍ മറച്ചുവെക്കുകയും ലാഭം പെരുപ്പിച്ചു കാട്ടി ഇടപാടുകാരെ ആകര്‍ഷിക്കുകയും നിയന്ത്രണ മേധാവികളെ കബളിപ്പിക്കുവാനും ശ്രമിച്ച ഈ ബാങ്ക് ഒരു പാപ്പരു സ്ഥാപനമായ ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് നല്‍കിയ 4355 കോടി രൂപയുടെ വായ്പ മറച്ചുവെക്കുവാന്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയുണ്ടായി. 2019 റിസര്‍ബാങ്ക് കണ്ടെത്തിയ തട്ടിപ്പ് നിരവധി നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2020 മാര്‍ച്ച് മാസം മൂന്നാം തീയതി ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ബില്‍ നിയമമാക്കി മാറ്റാന്‍ കഴിയാതെ വന്നതിനാലാണ് കേന്ദ്ര കാബിനറ്റിന്റെ തീരുമാനത്തോടെ ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി ഓര്‍ഡിനന്‍സായി പ്രാബല്യത്തില്‍ വന്നത്. സംസ്ഥാന സഹകരണ ബാങ്കുകള്‍ ,ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ നിക്ഷേപകരുടെ സംരക്ഷണം, സുതാര്യത, ഉത്തരവാദിത്തം, മെച്ചപ്പെട്ട ഭരണനിര്‍വ്വഹണം തുടങ്ങിയവ ഉറപ്പാക്കുക എന്നതാണ് ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ലക്ഷ്യമിട്ടിട്ടുള്ളത് .
തുടരും…
ബി.പി.പിള്ള
ഫോൺ നമ്പർ:9847471798

Leave a Reply

Your email address will not be published.

Latest News
error: Content is protected !!