പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഉണ്ടായിരുന്ന നികുതി ഇളവ് തുടരണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് കാലങ്ങളായി അനുവദിച്ചു വന്നിരുന്ന നികുതി ഇളവ് തുടരണമെന്ന് കേന്ദ്രധനമന്ത്രിയോട് ആവശ്യപ്പെട്ടതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമനുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചു. പ്രധാനമായും 4 നിവേദനങ്ങളാണ് ഈ കൂടിക്കാഴ്ചയിൽ നൽകിയത്.

ഇന്‍കംടാക്സ് നിയമം വകുപ്പ് 80 (P) അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് (PACS) കാലങ്ങളായി അനുവദിച്ചു വന്നിരുന്ന നികുതി ഇളവ് തുടരണം. ഇന്‍കംടാക്സ് അധികൃതര്‍ കേരളത്തില്‍ PACSലേക്ക് നടത്തുന്ന കടന്നുകയറ്റം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. 20,000 രൂപയില്‍ കൂടുതല്‍ PACS കളില്‍ കറന്‍സിയായി നടത്തുന്ന നിക്ഷേപത്തിന് മുന്‍കാല പ്രാബല്യത്തോടെ 100 ശതമാനം പിഴ ഈടാക്കുന്നത് ഒഴിവാക്കണം

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (PACS) സാധാരണഗതിയില്‍ ഇന്‍കംടാക്സ് നിയമത്തിന്റെ പരിധിയില്‍ വരേണ്ടവയല്ല എന്നും കേരളത്തില്‍ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നത് പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 20,000 രൂപയില്‍ കൂടുതല്‍ കറന്‍സിയായി നിക്ഷേപം നടത്തിയതിന് മുന്‍കാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്ന നടപടിയും പരിശോധിക്കും. ഇക്കാര്യങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ കേരളത്തിന്റെ റസിഡന്‍സ് കമ്മീഷണറെ അപ്പപ്പോള്‍ ധരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നബാര്‍ഡില്‍ നിന്നുള്ള കാര്‍ഷിക വായ്പയുടെ പുനര്‍വായ്പാ പരിധി ഉയര്‍ത്തുകയും പലിശ കുറക്കുകയും ചെയ്യുക. മറ്റ് ഇനത്തിലുള്ള ഹ്രസ്വകാല വായ്പാ സഹായം അടിയന്തിരമായി 2000 കോടി രൂപ പലിശ കുറച്ച് അനുവദിക്കുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നബാര്‍ഡില്‍ നിന്നും ഒരു പ്രത്യേക വായ്പയായി കുറ‍ഞ്ഞ പലിശ നിരക്കില്‍ 1000 കോടി രൂപ അനുവദിക്കുക. കാര്‍ഷിക വായ്പയുടെ ബാങ്കുകള്‍ക്കുള്ള മൂലധന പര്യാപ്തതതാ നിബന്ധന ഒഴിവാക്കിനല്‍ക്കുക.സഹകരണബാങ്കുകള്‍ക്ക് പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഗ്രാന്റ് അനുവദിക്കുക. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന് നബാര്‍ഡിലൂടെ നല്‍കുന്ന ദീര്‍ഘകാല വായ്പയുടെ സമയപരിധി 5 വര്‍ഷത്തില്‍ നിന്നും 15 വര്‍ഷമായി ഉയര്‍ത്തുക. കേരളത്തില്‍ ഈ വര്‍ഷവും ആവര്‍ത്തിച്ച പ്രകൃതി ദുരന്തത്തിന്റേയും പ്രളയത്തിന്റേയും പശ്ചാത്തലത്തില്‍ സഹകരണബാങ്കുകളിലെ കാര്‍ഷിക വായ്പയുടെ മൊറാട്ടോറിയം കാലാവധി ഒരു വര്‍ഷം കൂടെ ദീര്‍ഘിപ്പിക്കുക, വായ്പ പുനഃക്രമീകരണത്തിന് അനുവദിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചതായി സഹകരണ മന്ത്രി പറഞ്ഞു.ഈ വിഷയങ്ങള്‍ വിശദമായി പരിശോധിച്ചതിനുശേഷം അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്, കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ച് സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുമെന്നും നബാര്‍ഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി സഹകരണമന്ത്രി അറിയിച്ചു.

മുന്‍വര്‍ഷത്തെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച വായ്പാ മൊറോട്ടോറിയവും, വായ്പാ പുനഃക്രമീകരണവും കാലാവധി തീര്‍ന്നതിനുശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

കേരള സഹകരണ വികസന- റിസ്ക് ഫണ്ട് ബോര്‍ഡിന് മേല്‍ GST യും സര്‍വ്വീസ് ടാസ്കും ചുമത്തുന്നത് ഒഴിവാക്കണമെന്ന് സഹകരണ മന്ത്രിയുടെ ആവശ്യത്തിന്മേൽ,ഇത്തരം സ്ഥാപനങ്ങളുടെ മേല്‍ സാധാരണഗതിയില്‍ GST യും സര്‍വ്വീസ് ടാക്സും ചുമത്തേണ്ടതല്ലെന്നും ഇക്കാര്യം അടുത്ത GST കൗണ്‍സിലില്‍ സംസ്ഥാന ധനവകുപ്പ് മന്ത്രി മുഖാന്തിരം കൊണ്ടുവരാവുന്നതാണ് എന്നും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.

സഹകരണ ആശുപത്രി സംഘങ്ങളെ ഇന്‍കംടാക്സ് (30%) നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് സഹകരണ മന്ത്രി അഭ്യർത്ഥിച്ചപ്പോൾ, സഹകരണസംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് ഇന്‍കംടാക്സ് ഒഴിവാക്കുന്നതിന് നിയമപരമായ തടസങ്ങള്‍ ഇല്ലയെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായി സഹകരണ മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോക്ടർ എ.സമ്പത്ത്, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News