പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ക്ക് രണ്ടായിരം ജന്‍ ഔഷധികേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി

moonamvazhi

സാധാരണക്കാര്‍ക്കു ന്യായവിലയ്ക്കു മരുന്നുകള്‍ നല്‍കുന്ന ‘ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ‘ തുറക്കാന്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കും ( PACS ) അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ, ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കും ജനറിക് ഔഷധങ്ങള്‍ കുറഞ്ഞ വിലയ്ക്കു കിട്ടും. രണ്ടായിരം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുകയെന്നു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.

കേന്ദ്ര സഹകരണമന്ത്രി അമിത് ഷായും കെമിക്കല്‍സ്-രാസവസ്തുവകുപ്പു മന്ത്രി മന്‍സുഖ് എസ്. മണ്ഡാവിയയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഏതെല്ലാം സംഘങ്ങള്‍ക്കാണു ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കേണ്ടത് എന്നു അടുത്തുതന്നെ തീരുമാനിക്കും. ആയിരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വരുന്ന ആഗസ്റ്റോടെ തുറക്കും. ബാക്കി ആയിരം ഇക്കൊല്ലം ഡിസംബറോടെയും തുറക്കും.

പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ തീരുമാനം ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കു താങ്ങാവുന്ന വിലയില്‍ മരുന്നു കിട്ടാനും സഹായിക്കും. ഇപ്പോള്‍ത്തന്നെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 9400 ലധികം പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇവയിലൂടെ 1800 തരം ഔഷധങ്ങളും 285 മെഡിക്കല്‍ ഉപകരണങ്ങളും വില്‍ക്കുന്നുണ്ട്. ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ 50 മുതല്‍ 90 ശതമാനംവരെ വിലക്കുറവിലാണ് ഇവ വില്‍ക്കുന്നത്.

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാന്‍ സഹകരണമന്ത്രാലയത്തിനു പരിപാടികളുണ്ട്. വായ്പകള്‍ നല്‍കുന്നതിനു പുറമേ വിദ്യാഭ്യാസ ( സ്‌കൂള്‍, കോളേജ് ആരംഭിക്കല്‍ ), ആരോഗ്യ ( ആശുപത്രി, ഡിസ്‌പെന്‍സറി, ക്ലിനിക്കല്‍ ലാബറട്ടറി, ആംബുലന്‍സ് സര്‍വീസ് നടത്തല്‍ ), ടൂറിസം, പരിസ്ഥിതി രംഗത്തും സുസ്ഥിര വികസനപ്രവര്‍ത്തന രംഗങ്ങളിലും അംഗങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.

Leave a Reply

Your email address will not be published.