പ്രസക്തമായ ചോദ്യങ്ങള്‍, തണുപ്പന്‍ പ്രതികരണം
ടി. സുരേഷ് ബാബു
(തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി റിപ്പോര്‍ട്ട് – 12)
സ്വാതന്ത്ര്യ സമര സേനാനിയും സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ 27 -ാം അധ്യായത്തില്‍ സംഘങ്ങളുടെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചര്‍ച്ച ചെയ്യുന്നത്. സമിതി പ്രവര്‍ത്തനമാരംഭിച്ച 1932 ലെ സഹകരണ വകുപ്പിന്റെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് ഈ ചെറിയ അധ്യായം തുടങ്ങുന്നത്. 1932 ന്റെ തുടക്കത്തില്‍ 121 സംഘങ്ങള്‍ ലിക്വിഡേഷന്റെ വിവിധ ഘട്ടത്തിലാണെന്നു ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് 38 സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടു. ഇതോടെ മൊത്തം അക്കാല്ലം 159 സംഘങ്ങളാണു ലിക്വിഡേഷന്റെ വിവിധ ഘട്ടങ്ങളിലെത്തിയത്. തിരുവിതാംകൂറില്‍ സഹകരണ വകുപ്പു പ്രവര്‍ത്തനമാരംഭിച്ചതിന്റെ മൂന്നാമത്തെ വര്‍ഷംതന്നെ രണ്ടു സഹകരണ സംഘങ്ങളുടെ അംഗീകാരം റദ്ദാക്കപ്പെട്ടതായി സമിതി ചൂണ്ടിക്കാട്ടുന്നു. വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് ഇതിലൊന്ന്. മറ്റൊന്നു ഒരു വായ്പാ സംഘവും. അതായത്, സംഘം രൂപവത്കരിക്കുമ്പോഴുള്ള ആവേശം തുടര്‍പ്രവര്‍ത്തനത്തില്‍ സഹകാരികള്‍ക്കു നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നര്‍ഥം.
കൂടുതല്‍ സംഘങ്ങള്‍
ലിക്വിഡേഷനിലേക്ക്
പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്‌പെക്ടര്‍മാരാണു സംഘങ്ങളുടെ ലിക്വിഡേഷന്‍ ചുമതല നിര്‍വഹിച്ചിരുന്നത്. പില്‍ക്കാലത്ത് സംഘങ്ങളുടെ എണ്ണം വര്‍ധിക്കുകയും പ്രവര്‍ത്തനം നിര്‍ത്തുന്നതു പതിവാകുകയും ചെയ്തതോടെ ഉദ്യോഗസ്ഥരല്ലാത്തവരെയും ലിക്വിഡേഷന്റെ ചുമതല ഏല്‍പ്പിക്കേണ്ടതായി വന്നു. ലിക്വിഡേഷനിലാകുന്ന സംഘങ്ങളുടെ എണ്ണം 1928 മുതല്‍ വര്‍ധിക്കുന്നതായി കാണാം. 1928 ല്‍ 55 സംഘങ്ങളാണു ലിക്വിഡേഷനിലായിരുന്നത്. 29 ല്‍ ഇവയുടെ എണ്ണം 75 ആയി. 30 ല്‍ 77, 31 ല്‍ 91, 32 ല്‍ 121 എന്നിങ്ങനെയാണു ലിക്വിഡേഷനിലായ സംഘങ്ങളുടെ എണ്ണം.
ഔദ്യോഗിക ലിക്വിഡേറ്റര്‍മാര്‍ക്കു തങ്ങളുടെ പ്രവൃത്തി നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാനാവാത്തതു അക്കാലത്തു വലിയ പ്രശ്‌നമായിരുന്നു. ഒരു കൊല്ലം ശരാശരി പത്തോ പതിനൊന്നോ സംഘങ്ങളുടെ ലിക്വിഡേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനേ ഈ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിരുന്നുള്ളു. ഇത്തരം കാലതാമസത്തെക്കുറിച്ച് തങ്ങളുടെ മുമ്പാകെ ഒട്ടേറെ പരാതികള്‍ എത്തിയതായി അന്വേഷണ സമിതി വ്യക്തമാക്കുന്നു. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് ഇതിനു കാരണമെന്നു മനസ്സിലാക്കിയ സമിതി ആറു ഇന്‍സ്‌പെക്ടര്‍മാരെക്കൂടി ലിക്വിഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. സമിതി കണ്ടെത്തിയ മറ്റൊരു കാരണം സംഘങ്ങളുടെ ആസ്തികള്‍ കണക്കുകൂട്ടുന്നതിലുണ്ടായ ബുദ്ധിമുട്ടുകളാണ്. ഇതും ലിക്വിഡേഷന്‍ പ്രക്രിയയെ ഇഴയുംമട്ടിലാക്കി.
28-ാം അധ്യായം അന്വേഷണ സമിതിയുടെ നന്ദിപ്രകടനത്തിനായി നീക്കിവെച്ചിരിക്കുന്നു. സ്വാഭാവികമായും മഹാരാജാവിനും ജൂനിയര്‍ റാണിക്കും തന്നെയാണ് ആദ്യത്തെ വിലപിടിച്ച നന്ദി. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ഏറെ താല്‍പ്പര്യമെടുത്ത മഹാരാജാവ് അന്വേഷണ സമിതി പ്രസിഡന്റായ ജി.കെ. ദേവധാറിനു മൂന്നു തവണ അഭിമുഖം നല്‍കിയതായി നമുക്കു മനസ്സിലാക്കാം. നന്ദി അര്‍ഹിക്കുന്ന അടുത്ത പ്രമുഖര്‍ മുന്‍ ദിവാനായ ഓസ്റ്റിനും നിലവിലുള്ള ദിവാനായ ഹബീബുള്ളയുമാണ്. ഇരുവരും സമിതിയോട് നന്നായി സഹകരിച്ചു. പല തവണയായി ദേവധാറിനു ഇരുവരും സഹകരണ വിഷയത്തില്‍ അഭിമുഖവും നല്‍കി. സഹകരണം സംബന്ധിച്ച് വിലപിടിച്ച നിര്‍ദേശങ്ങളും വിവരങ്ങളും കൈമാറി സഹകരിച്ച മറ്റു സംസ്ഥാനങ്ങളിലെ പ്രമുഖര്‍ക്കും സമിതി നന്ദി രേഖപ്പെടുത്തുന്നുണ്ട്. ഭവനഗര്‍, പഞ്ചാബ്, മദ്രാസ്, മൈസൂര്‍, ബിഹാര്‍, ബോംബെ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള പ്രമുഖര്‍ക്കു സമിതിയംഗങ്ങള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ജി.കെ. ദേവധാറിനു പുറമേ ടി. പത്മനാഭ റാവു, കെ.കെ. കുരുവിള, എം.എന്‍. നാരായണ മേനോന്‍, കെ.സി. കരുണാകരന്‍, എ. ഗോപാല മേനോന്‍, എം. ഗോവിന്ദപിള്ള എന്നിവരാണു തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതിയിലുണ്ടായിരുന്നത്.
ശുപാര്‍ശകള്‍
ചുരുക്കത്തില്‍
തുടര്‍ന്നു വരുന്ന ഭാഗങ്ങളില്‍ അന്വേഷണ സമിതി നല്‍കിയ ശുപാര്‍ശകളുടെ രത്‌നച്ചുരുക്കമാണു നല്‍കുന്നത്. ഓരോ അധ്യായത്തിലും വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ നല്‍കിയിട്ടുള്ള ശുപാര്‍കള്‍ രണ്ടോ മൂന്നോ വരികളില്‍ ഇവിടെ സംഗ്രഹിക്കുകയാണ്. ചിലയിടങ്ങളില്‍ കാര്യങ്ങള്‍ കുറച്ചു വിശദീകരിക്കാനായി വലിയൊരു ഖണ്ഡികതന്നെ ഉപയോഗിക്കുന്നതായി കാണാം. എന്തായാലും, സമിതിയുടെ റിപ്പോര്‍ട്ടിലെ ഓരോ അധ്യായവും അതിലെ ശുപാര്‍ശകളും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ ഇതു സഹായിക്കും. നല്‍കിയിട്ടുള്ള ശുപാര്‍ശകളുടെ എണ്ണം, ഓരോ ശുപാര്‍ശയും ഏതേതു ഖണ്ഡികയിലാണുള്ളത് എന്നും വളരെ കൃത്യമായി അക്കമിട്ടു പറയുന്നുണ്ടിതില്‍. സെന്‍ട്രല്‍ ബാങ്ക്, താലൂക്ക് ബാങ്കുകളും ബാങ്കിങ് യൂണിയനുകളും, പ്രാഥമിക സഹകരണ സംഘങ്ങള്‍, വായ്‌പേതര കാര്‍ഷിക സഹകരണ സംഘങ്ങള്‍, കാര്‍ഷികേതര വായ്പാ സംഘങ്ങള്‍, കാര്‍ഷികേതര വായ്‌പേതര സംഘങ്ങള്‍, വനിതകളും സഹകരണവും, വിദ്യാര്‍ഥികളും സഹകരണവും, ചിട്ടികള്‍, അധ:സ്ഥിതരുടെ സംഘങ്ങള്‍, മീന്‍പിടിത്തക്കാരുടെ സംഘങ്ങള്‍, ഗ്രാമീണ പുനരുദ്ധാരണം, കാര്‍ഷിക കടാശ്വാസ നടപടികള്‍, ഭൂപണയ ബാങ്ക്, മാര്‍ക്കറ്റിങ്, പ്രചരണ വിദ്യാഭ്യാസം, ഓഡിറ്റ്, ലിക്വിഡേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സമിതി നടത്തിയ 295 ശുപാര്‍ശകളുടെ രത്‌നച്ചുരുക്കമാണിതിലുള്ളത്. ഒരു പ്രത്യേക വിഷയത്തില്‍ സമിതിയുടെ ശുപാര്‍ശകള്‍ എന്തൊക്കെ എന്നു താല്‍പ്പര്യപൂര്‍വം അന്വേഷിക്കുന്നവര്‍ക്കു വളരെ പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ ശുപാര്‍ശകള്‍ സമിതി അടുക്കിവെച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടിനു അനുബന്ധമായി ചേര്‍ത്തിട്ടുള്ള എട്ടാം ഭാഗത്തില്‍ വസ്തുതാന്വേഷണത്തിന്റെ ഭാഗമായി സമിതി തയാറാക്കിയിട്ടുള്ള ചോദ്യാവലി പൂര്‍ണ രൂപത്തില്‍ നല്‍കിയിരിക്കുന്നു. പൊതുജനങ്ങളുടെ അറിവിലേക്കായുള്ള ചോദ്യാവലി 1932 ഡിസംബര്‍ 25 നാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1933 ഫെബ്രുവരി 22 നകം മറുപടി അയയ്ക്കണമെന്നാണു സമിതി കണ്‍വീനര്‍ എം. ഗോവിന്ദപിള്ള പുറപ്പെടുവിച്ച അറിയിപ്പിലുള്ളത്. സമിതിയുടെ അന്വേഷണത്തെ സഹായിക്കുന്നതിനായി തങ്ങള്‍ക്ക് അറിവും പരിചയവുമുള്ള വിഷയത്തില്‍മാത്രം പ്രതികരിക്കുന്നതാവും നല്ലത് എന്നു കണ്‍വീനര്‍ അഭ്യര്‍ഥിക്കുന്നു. 235 ചോദ്യങ്ങളാണിതിലുള്ളത്. 19 പേജുവരും ചോദ്യാവലി.
പ്രതികരണം
തണുപ്പന്‍
മൂന്നു ഭാഷകളില്‍ ചോദ്യാവലി തയാറാക്കിയിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും. 1933 ജനുവരിയില്‍ ചോദ്യാവലി ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ചോദ്യാവലിയുടെ 2800 കോപ്പിയാണു വിതരണം ചെയ്തത്. എല്ലാ സഹകരണ സംഘങ്ങള്‍ക്കും അയച്ചുകൊടുത്തു. സഹകരണ മേഖലയിലെ പ്രമുഖര്‍ക്കും അയച്ചു. മറുപടി അയയ്ക്കാന്‍ രണ്ടു മാസം നല്‍കിയിട്ടും ചോദ്യാവലിയോടുള്ള പ്രതികരണം തണുപ്പനായിരുന്നു. ആകെ സമിതിക്കു കിട്ടിയതു 127 മറുപടികളാണ്. സഹകരണ സംഘങ്ങളും പൊതുവേ ചോദ്യാവലിയെ അവഗണിച്ചതായി കാണാം. 37 സംഘങ്ങള്‍ മാത്രമാണു മറുപടി അയച്ച് സമിതിയോട് സഹകരിച്ചത്.
12 പൊതു ചോദ്യങ്ങളോടെയാണു ചോദ്യാവലിയുടെ തുടക്കം. തിരുവിതാംകൂറിലെ സഹകരണ പ്രസ്ഥാനം നന്നായി മുന്നോട്ടു പോകുന്നുണ്ടോ എന്നതായിരുന്നു ആദ്യചോദ്യം. സഹകരണ പ്രസ്ഥാനം സംഘാംഗങ്ങളുടെ ധാര്‍മികവും വിദ്യാഭ്യാസപരവുമായ നിലവാരവും ബിസിനസ് സ്വഭാവവും മെച്ചപ്പെടുത്തിയോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. പലിശയ്ക്കു പണം കടംകൊടുക്കുന്നവര്‍ വാസ്തവത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ശത്രുക്കളായി മാറിയിട്ടുണ്ടോ എന്നതത് അഞ്ചാമത്തെ ചോദ്യം. പ്രാഥമിക സംഘങ്ങളെക്കുറിച്ചായിരുന്നു അടുത്ത ചോദ്യങ്ങള്‍. 67 ചോദ്യങ്ങളുണ്ടായിരുന്നു ഇൗ വിഭാഗത്തില്‍. സഹകരണ സംഘാംഗങ്ങളുടെ എല്ലാതരം സാമ്പത്തിക പ്രശ്‌നങ്ങളും തീര്‍ക്കാനാവശ്യമായ ഫണ്ട് സഹകരണ സംഘങ്ങളിലുണ്ടോ എന്നതായിരുന്നു ഒരു പ്രധാന ചോദ്യം. തങ്ങളുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ സംഘാംഗങ്ങള്‍ ഇപ്പോഴും പണമിടപാടുകാരെ സമീപിക്കുന്നുണ്ടോ എന്നും ചോദ്യമുയര്‍ന്നു. ബിനാമികളുടെ പേരില്‍ വായ്പയെടുക്കുന്നതു താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന പതിനെട്ടാമത്തെ ചോദ്യം ശ്രദ്ധേയമാണ്. അന്നും ഒരുപക്ഷേ, ഇത്തരം തെറ്റായ പ്രവണതകള്‍ നിലനിന്നിരുന്നു എന്നുവേണം കരുതാന്‍. സെക്രട്ടറിമാര്‍ക്കും മറ്റു ഭരണസമിതിയംഗങ്ങള്‍ക്കും ഓണറേറിയം നല്‍കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിക്കുന്ന സഹകരണാന്വേഷണ സമിതി ഓണറേറിയം എത്രത്തോളം നല്‍കാം എന്ന അഭിപ്രായവും തേടുന്നുണ്ട് ( ചോദ്യം 21 ). പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു ഒരു കര ( ഗ്രാമം ) മാത്രം പ്രവര്‍ത്തനപരിധിയായി നിശ്ചയിച്ചാല്‍ മതിയോ എന്നു ചോദിക്കുന്ന സമിതി വലിയ സംഘങ്ങളെ വിഭജിക്കുന്നതിനോട് യോജിക്കുന്നുണ്ടോ എന്നും അഭിപ്രായം തേടുന്നുണ്ട് ( ചോദ്യം 25 ).
സംഘങ്ങള്‍ക്കും
പ്രൊബേഷന്‍
സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനു മുമ്പ് ഒരു നിശ്ചിതകാലം സംഘങ്ങള്‍ പ്രൊബേഷനായി പ്രവര്‍ത്തിച്ചു കാണിക്കുന്നത് അഭിലഷണീയമോ എന്ന ചോദ്യം ( ചോദ്യം 27 ) കൗതുകമുണര്‍ത്തുന്നു. താങ്കളുടെ സംഘത്തില്‍ അംഗമായ ആരെങ്കിലും തൊട്ടടുത്തുള്ള ജോയിന്റ് സ്റ്റോക്ക് ബാങ്കിലോ ഗവണ്‍മെന്റ് സേവിങ്‌സ് ബാങ്കിലോ നിക്ഷേപിച്ചിട്ടുണ്ടോ എന്നതാണു മറ്റൊരു ചോദ്യം. അഥവാ ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അവരെന്തുകൊണ്ടാണു സംഘത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കാത്തത് എന്നു തുടര്‍ന്നു ചോദിക്കുന്നു. പ്രാഥമിക സംഘങ്ങളില്‍ ഓഹരിക്കു പുറമേ നിര്‍ബന്ധിത നിക്ഷേപം വാങ്ങുന്നതിനോട് യോജിക്കുന്നോ എന്നൊരു ചോദ്യവും സമിതി ഉന്നയിക്കുന്നു. സംഘങ്ങള്‍ ചിട്ടി നടത്തുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണു 47-ാമത്തെ ചോദ്യം. ചിട്ടി വിളിച്ചെടുത്തവര്‍ അടവു തെറ്റിക്കുമ്പോള്‍ അതു പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ എന്നും ചോദിക്കുന്നുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പഞ്ചാബ് പ്രവിശ്യയിലെപ്പോലെ അതിനെ അധികൃതവും അനധികൃതവുമാക്കുന്ന രീതി തിരുവിതാംകൂറിലും നടപ്പാക്കുന്നതിനെക്കുറിച്ച് സമിതി അഭിപ്രായം ആരായുന്നുണ്ട്. 52 -ാമത്തെ ചോദ്യം ഇതേക്കുറിച്ചാണ്. ഭരണസമിതിക്കു അപേക്ഷ കൊടുത്തു വായ്പാ കാലാവധി നീട്ടുന്നതാണ് അധികൃതം. കാലാവധി നീട്ടിക്കൊടുക്കാത്തതാണ് അനധികൃതം. ഇതു തിരുവിതാംകൂറിലും നടപ്പാക്കണോ എന്നതാണു ചോദ്യം.
സംഘം പ്രസിഡന്റ്, സെക്രട്ടറി, ഭരണ സമിതിയംഗം എന്നിവര്‍ ദീര്‍ഘകാലം പദവിയില്‍ തുടരുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്നതാണ് 66 -ാമത്തെ ചോദ്യം. ഈ പ്രവണത സംഘത്തിനു ദോഷം ചെയ്യുമോ, അങ്ങനെയെങ്കില്‍ ഇതു തടയാനെന്തു വഴി എന്നു സമിതി ചോദിക്കുന്നു. ഓരോ പ്രത്യേക സമുദായക്കാരെ മാത്രം ചേര്‍ത്തു സംഘങ്ങളുണ്ടാക്കിയിരുന്ന അക്കാലത്തെ പ്രവണതയെ നിരുത്സാഹപ്പെടുത്തുന്ന കാഴ്ചപ്പാടാണു അന്വേഷണ സമിതിക്കുണ്ടായിരുന്നതെന്നു 71 -ാമത്തെ ചോദ്യത്തില്‍ നിന്നു വ്യക്തമാകും. സമുദായത്തിന്റെ പേരില്‍ ആരെയെങ്കിലും സംഘത്തില്‍ ചേര്‍ക്കാതെ മാറ്റിനിര്‍ത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നു സമിതി ആവശ്യപ്പെടുന്നു. ഭരണഘടനയ്ക്കു വിരുദ്ധമായ ഇത്തരം പ്രവണത അവസാനിപ്പിക്കാന്‍ എന്തൊക്കെ നടപടിയെടുക്കാം എന്ന അഭിപ്രായവും സമിതി തേടുന്നു.
സംഘങ്ങള്‍ക്കു
സബ്‌സിഡി
അടുത്തതായി വരുന്ന ചോദ്യങ്ങള്‍ വായ്‌പേതര സംഘങ്ങളെക്കുറിച്ചാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഹോള്‍സെയില്‍ സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിക്കാത്തതിനെക്കുറിച്ച് അറിയാമോ എന്നതാണ് ഈ വിഭാഗത്തിലെ ഒരു ചോദ്യം. എന്താണിതിനു കാരണം എന്നതാണ് അടുത്ത ചോദ്യം. സംഘത്തിന്റെ തുടക്കത്തില്‍ സഹകരണ വകുപ്പില്‍ നിന്നു ഒരു ഇന്‍സ്‌പെക്ടറെ ഡെപ്യൂട്ടേഷനില്‍ വിടണമോ എന്നു ചോദിക്കുന്ന സമിതി സര്‍ക്കാരിന്റെ സബ്‌സിഡി സംഘത്തിനാവശ്യമുണ്ടോ എന്നും ആരായുന്നു. സഹകരണ ഇന്‍ഷുറന്‍സിനെക്കുറിച്ചാണ് അടുത്ത ചോദ്യങ്ങള്‍. സമ്പാദ്യശീലത്തിന്റെ ഭാഗമായി സഹകരണ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കുന്നതിനോടു യോജിപ്പുണ്ടോ എന്നതാണ് ഇതിലെ ആദ്യത്തെ ചോദ്യം. 1913 ലെ തിരുവിതാംകൂര്‍ സഹകരണ നിയമമനുസരിച്ച് സഹകാരികളുടെ ഗുണത്തിനായി തിരുവനന്തപുരം ആസ്ഥാനമായി ഒരു സഹകരണ ഇന്‍ഷുറന്‍സ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവരം അറിയാമോ എന്നതാണു രണ്ടാമത്തെ ചോദ്യം. ഈ ഇന്‍ഷുറന്‍സ് സംഘത്തില്‍ ഓഹരിയെടുക്കാന്‍ ആരെങ്കിലും താങ്കളെയോ സംഘത്തെയോ സമീപിച്ചിട്ടുണ്ടോ എന്നും സമിതി ചോദിക്കുന്നു. ഇത്തരം ഇന്‍ഷുറന്‍സ് സംഘങ്ങളുടെ ലൈഫ് പോളിസി കൊളാറ്ററല്‍ സെക്യൂരിറ്റിയായി സ്വീകരിക്കുന്നതിനോട് യോജിക്കുന്നുണ്ടോ എന്നും സമിതി ആരായുന്നു.
സെന്‍ട്രല്‍ ബാങ്കിനെക്കുറിച്ച് 36 ചോദ്യങ്ങളാണ് അന്വേഷണ സമിതിയുടെ ചോദ്യാവലിയിലുള്ളത്. കേന്ദ്ര ബാങ്കിന്റെ നിലവിലുള്ള ഘടനക്കെതിരെ എന്തെങ്കിലും വിമര്‍ശനമുണ്ടോ എന്ന ചോദ്യമാണ് ഇതിലാദ്യത്തേത്. സംഘാംഗങ്ങള്‍ക്കുള്ള ഒന്നിലധികം വോട്ട് എന്ന വ്യവസ്ഥ തുടരുന്നതിനോട് യോജിപ്പുണ്ടോ എന്നു സമിതി ആരായുന്നു. അടുത്തതു താലൂക്ക് ബാങ്കുകളെയും അര്‍ബന്‍ ബാങ്കുകളെയുംകുറിച്ചുള്ള ചോദ്യങ്ങളാണ്. താലൂക്ക് ബാങ്കുകളെക്കുറിച്ച് ഏഴു ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന അന്വേഷണ സമിതി അര്‍ബന്‍ ബാങ്കുകളെക്കുറിച്ച് ഒറ്റ ചോദ്യമേ ചോദിക്കുന്നുള്ളു. സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങണോ എന്നതാണു ചോദ്യം. പിന്നെ ഇതുമായി ബന്ധപ്പെട്ട ഒന്നുരണ്ട് ഉപചോദ്യങ്ങളാണ്. നിലവിലുള്ള താലൂക്ക് ബാങ്കുകളെ ആവശ്യമെന്നു കണ്ടാല്‍ അര്‍ബന്‍ ബാങ്കുകളാക്കി മാറ്റിക്കൂടേ എന്നതാണ് ഒരു സംശയം. ഭൂപണയ ബാങ്കുകളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. സംസ്ഥാന ഭൂപണയ ബാങ്കിനെ സഹകരണ സംഘം നിയമത്തിനു കീഴില്‍ കൊണ്ടുവരേണ്ടതുണ്ടോ എന്നതാണു പ്രധാന ചോദ്യം. പ്രാഥമിക ഭൂപണയസംഘങ്ങള്‍ അഫിലിയേറ്റു ചെയ്ത ഒരു കേന്ദ്ര ഭൂപണയ ബാങ്കാണോ തിരുവിതാംകൂറിനു ഏറ്റവും അനുയോജ്യം എന്നും കൃഷിക്കാര്‍ക്കുള്ള ദീര്‍ഘകാല വായ്പക്കു ഭൂപണയ ബാങ്കാണോ നല്ലത് എന്നും തുടര്‍ന്നു ചോദിക്കുന്നു.
സ്റ്റോറുകള്‍ എന്ന വിഭാഗത്തിലെ ആദ്യ ചോദ്യം തിരുവിതാംകൂറില്‍ സഹകരണ സ്റ്റോറുകള്‍ പരാജയപ്പെടാനിടയായ കാരണത്തെക്കുറിച്ചാണ്. വിദ്യാസമ്പന്നരായ വനിതകളെ ഭരണസമിതിയിലേക്കു കൊണ്ടുവന്നാല്‍ സഹകരണ സ്റ്റോറുകളെ സജീവമാക്കാനാവുമോ എന്നൊരു ചോദ്യവും സമിതി ഉയര്‍ത്തുന്നുണ്ട്.
സഹകാരികള്‍ക്കു
സംവരണം
സഹകരണ മേഖലയിലെ ധാന്യബാങ്കുകളെക്കുറിച്ച് ഒരേയൊരു ചോദ്യമാണു സഹകരണാന്വേഷണ സമിതി ചോദിക്കുന്നത്. മൈസൂരിലും ബ്രിട്ടീഷിന്ത്യയുടെ ചില ഭാഗങ്ങളിലുമുള്ളതുപോലെ സ്വതന്ത്രമായ ധാന്യബാങ്കുകള്‍ തിരുവിതാംകൂറിലും സ്ഥാപിക്കാനാവുമെന്നു കരുതുന്നുണ്ടോ എന്നതാണു ചോദ്യം. ധാന്യസംഭരണത്തിനുള്ള ഗോഡൌണുകള്‍ക്കു എന്തല്ലാം സൗകര്യമുണ്ടാക്കിക്കൊടുക്കണമെന്നും ചോദ്യത്തില്‍ ഉന്നയിക്കുന്നുണ്ട്. ഗ്രാമപുനരുദ്ധാരണം, ലൈസന്‍സുള്ള വേര്‍ഹൗസുകള്‍, വ്യാവസായിക സഹകരണം, സൂപ്പര്‍വിഷന്‍, ഒാഡിറ്റ്, ജീവനക്കാര്‍ക്കുള്ള പരിശീലനം തുടങ്ങിയ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ച ശേഷം അന്വേഷണ സമിതി ആര്‍ബിട്രേഷനിലേക്കെത്തുന്നു. രജിസ്ട്രാറുടെ ഓഫീസില്‍ ഓരോ വര്‍ഷവും പതിനായിരത്തിലധികം തര്‍ക്കങ്ങളാണു പരിഹരിക്കപ്പെടാതെ കിടക്കുന്നത് എന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന സമിതി ഈ കുടിശ്ശിക തീര്‍ക്കാന്‍ എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടോ എന്നു ചോദിക്കുന്നു. സംഘാംഗങ്ങള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കുന്നതിനോട് യോജിക്കുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം.
പലവക എന്ന വിഭാഗത്തില്‍ ശ്രദ്ധേയമായ ഒരു ചോദ്യം സഹകരണാന്വേഷണ സമിതി ഉന്നയിക്കുന്നുണ്ട്. ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സിലിലും സഹകാരികള്‍ക്കു സീറ്റ് സംവരണം ഏര്‍പ്പെടുത്തണം എന്ന നിര്‍ദേശത്തോട് യോജിക്കുന്നുണ്ടോ എന്നതാണ് ഈ ചോദ്യം. നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരികള്‍പോലും ആലോചിക്കാത്ത ഒരു കാര്യം. സാമുദായികാടിസ്ഥാനത്തിലുള്ള സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനു 1914 ലെ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഇത്തരം സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നിരുത്സാഹപ്പെടുത്തുന്ന സഹകരണ വകുപ്പിന്റെ നിലപാടിനെക്കുറിച്ചറിയാനും സമിതി ചോദ്യം ചോദിക്കുന്നുണ്ട്.
സംസ്ഥാനത്തെ സഹകരണ മേഖലയിലെ പുരോഗതി വിലയിരുത്തുകയും നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1932 ല്‍ രൂപീകൃതമായി 1935 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി ഇന്നും പ്രസക്തമായ കുറെ ചോദ്യങ്ങളാണു സഹകാരിസമൂഹത്തോട് അന്ന് ഉന്നയിച്ചത്. ഗൗരവമുള്ള ചോദ്യങ്ങളാണെങ്കിലും ഇതിനൊക്കെ എത്രമാത്രം പ്രതികരണമുണ്ടായി എന്നു നമുക്കറിയില്ല. തിരുവിതാംകൂറില്‍ നിന്നു കാര്യമായ പ്രതികരണം വന്നിട്ടില്ല എന്നുവേണം കരുതാന്‍. 2800 പേര്‍ക്കു ചോദ്യാവലി അയച്ചതില്‍ 127 പേര്‍ മാത്രമാണു മറുപടിയിലൂടെ പ്രതികരിച്ചത്. സ്വന്തം അനുഭവബോധ്യങ്ങളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുള്ള സഹകരണ നിയമങ്ങള്‍ ഗഹനമായി പഠിച്ചുമാവണം 380 പേജുള്ള റിപ്പോര്‍ട്ട് സമിതി തയാറാക്കിയിട്ടുണ്ടാവുക.
കൊപ്ര ഇറക്കുമതി
ചെയ്തിരുന്ന കാലം
കൊപ്രയുടെ വിലയിടിവിനെയും സിലോണ്‍ ( ശ്രീലങ്ക ) കൊപ്ര ഇന്ത്യയിലേക്കു വ്യാപകമായി ഇറക്കുമതി ചെയ്യുന്നതിനെയും കുറിച്ചും ഒരു അനുബന്ധത്തില്‍ വിശദമായ പഠനംതന്നെ സമിതി നടത്തുന്നുണ്ട്. മലബാര്‍ തീരത്ത് അക്കാലത്തു 12 ലക്ഷം ഏക്കറിലാണു തെങ്ങുകൃഷിയുണ്ടായിരുന്നത്. തിരുവിതാംകൂറിലാവട്ടെ അഞ്ചു ലക്ഷം ഏക്കറിലും. ഒന്നാം ലോകയുദ്ധത്തിനു മുമ്പ് ഇന്ത്യ 30,000 ടണ്‍ കൊപ്രയും 7,000 ടണ്‍ വെളിച്ചെണ്ണയും വിദേശങ്ങളിലേക്കു കയറ്റിയയച്ചിരുന്നു. എന്നാല്‍, യുദ്ധാനന്തരം അവസ്ഥ മാറി. 1920, 30 കളില്‍ നമ്മള്‍ പ്രതിവര്‍ഷം 30,000 ടണ്‍ കൊപ്രയും 24,000 ടണ്‍ വെളിച്ചെണ്ണയും ഇറക്കുമതി ചെയ്യേണ്ട ഗതികേടിലെത്തി.
ഭവനഗര്‍ സംസ്ഥാനത്തെ കാര്‍ഷിക കടാശ്വാസ പദ്ധതിയെക്കുറിച്ചാണു നാലാമത്തെ അനുബന്ധത്തില്‍ പറയുന്നത്. ഈ പദ്ധതി വന്‍വിജയമായെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ബോംബെ പ്രൊവിന്‍ഷ്യല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഉത്ഭവവും വളര്‍ച്ചയും, തിരുവനന്തപുരം സയന്‍സ് കോളേജ് സഹകരണ സ്റ്റോര്‍, വടക്കു-കിഴക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ കാര്‍ഷിക കടം, സഹകരണ സൂപ്പര്‍വൈസിങ് യൂണിയനുകള്‍ക്കു ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള കരടു നിയമങ്ങള്‍, പ്രാഥമിക സംഘങ്ങളെക്കുറിച്ചുള്ള മക്‌ലഗന്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍, ഹെര്‍ബര്‍ട്ട് മിറിക്കിന്റെ ‘ ഫെഡറല്‍ ഫാം ലോണ്‍ സിസ്റ്റം ‘ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം ( ഠവല ണവ്യ അിറ ഠവല ഒീം ീള ഇീീുലൃമശേീി ) തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന അനുബന്ധങ്ങളാണു ഏറ്റവും അവസാനഭാഗങ്ങളിലുള്ളത് ( അവസാനിച്ചു ).