പ്രത്യേക അവശതാ അവധി: സ്പഷ്ടീകരണ സര്‍ക്കുലര്‍ റദ്ദാക്കി
കേരള സര്‍വീസ് റൂള്‍സിലെ ചട്ടം 98, പാര്‍ട്ട് ഒന്നിനു കീഴില്‍ വരുന്ന സ്‌പെഷല്‍ ഡിസെബിലിറ്റി ലീവ് ( പ്രത്യേക അവശതാ അവധി ) സംബന്ധിച്ച് ധനകാര്യ വകുപ്പ് 2020 ജൂലായ് 30 നു പുറപ്പെടുവിച്ചിരുന്ന സര്‍ക്കുലര്‍ ( No. 42/2020/Fin ) സര്‍ക്കാര്‍ റദ്ദാക്കി. സ്‌പെഷല്‍ ഡിസെബിലിറ്റി ലീവ് സംബന്ധിച്ച സ്പഷ്ടീകരണം ( ക്ലാരിഫിക്കേഷന്‍ ) എന്ന നിലയ്ക്കാണ് ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്. ഈ പ്രത്യേകാവശതാ അവധി പലരും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്പ്പെട്ടതിനെത്തുടര്
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലോ അതിന്റെ അനന്തരഫലമായോ ഔദ്യോഗിക പദവിയുടെ പേരിലോ പ്രത്യേക ഡ്യൂട്ടി ചെയ്യുന്നതിനിടയിലോ അപകടമോ അസുഖമോ ബാധിച്ച് അംഗവൈകല്യമോ ശാരീരികാവശതയോ സംഭവിക്കുന്ന ജീവനക്കാര്‍ക്കാണു ഈ പ്രത്യേകാവധി അനുവദിക്കുന്നത്. എന്നാല്‍, തങ്ങളുടെ ഔദ്യോഗികജോലിയില്‍ ഏര്‍പ്പെടാതിരുന്ന സമയത്തോ താമസസ്ഥലത്തുനിന്ന് ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിലോ നേരിട്ട അപകടങ്ങള്‍ക്കും ചില ജീവനക്കാര്‍ ഈ പ്രത്യേകാവധി അവകാശപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജീവനക്കാരുടെ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാതെ മേലധികാരികളും പ്രത്യേകാവധിക്കുള്ള അപേക്ഷകളില്‍ മേലൊപ്പ് ചാര്‍ത്തുന്നതായി സര്‍ക്കുലറില്‍ കുറ്റപ്പെടുത്തിയിരുന്നു.
തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കേ ജീവനക്കാരനു പ്രത്യേക അവശതാ അവധി അനുവദിക്കൂ എന്നാണു 2020 ജൂലായ് 30 ന് ഇറക്കിയ സ്പഷ്ടീകരണ സര്‍ക്കുലറില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഓഫീസ് സമയത്തോ ഓഫീസ് പരിസരങ്ങളിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ പറ്റുന്ന പരിക്കിനു ജീവനക്കാരന്റെ ജോലിയുടെ സ്വഭാവവുമായി ബന്ധമില്ലെങ്കില്‍ സ്‌പെഷല്‍ ലീവ് നല്‍കേണ്ടതില്ല എന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. താമസസ്ഥലത്തുനിന്നു ജോലിസ്ഥലത്തേക്കു വരുമ്പോഴോ തിരിച്ചുപോകുമ്പോഴോ പറ്റുന്ന അപകടങ്ങള്‍ക്കും സ്‌പെഷല്‍ ലീവ് ബാധകമല്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സര്‍ക്കുലറാണിപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.