പ്രകൃതിയെ സംരക്ഷിക്കാനും, ജൈവസമ്പത്ത് നിലനിർത്താനുമുള്ള ഉത്തരവാദിത്വം കൂടി സഹകരണസംഘങ്ങൾ ഏറ്റെടുക്കണം.

adminmoonam

പ്രകൃതിയെ സംരക്ഷിക്കാനും, ജൈവസമ്പത്ത് നിലനിർത്താനുമുള്ള ഉത്തരവാദിത്വം കൂടി സഹകരണസംഘങ്ങൾ ഏറ്റെടുക്കണം.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-16

നാടിൻറെ വികസനത്തിൽ മുഖ്യമായ പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് സഹകരണബാങ്കുകൾ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൽ ഏതാണ്ട് നാലര കോടി ജനങ്ങൾ അംഗങ്ങളായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇത് കേരളത്തിൻറെ ജനസംഖ്യയെക്കാളും കൂടുതൽ ആണ് .ഒരേ അംഗം തന്നെ പല വിഭാഗത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ അംഗത്വം എടുക്കുന്നത് കൊണ്ടാണ് ജനസംഖ്യയിൽ കൂടുതൽ അംഗത്വം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സഹകരണ സ്ഥാപനങ്ങൾ പരപ്പിന് അപ്പുറത്തേക്ക്, ആഴത്തിലേക്ക് വേരൂന്നിയിട്ടുണ്ടോ? ഓരോ പ്രദേശത്തിൻറെ വിഭവ സാധ്യത കണക്കിലെടുത്ത് ആസൂത്രണ പ്രക്രിയയ്ക്ക് നേതൃത്വം നൽകാൻ കഴിഞ്ഞിട്ടുണ്ടോ? തങ്ങളുടെ പ്രദേശത്ത് എത്ര വീടുകളിൽ , എത്ര മാവ് ,എത്ര പ്ലാവ്, ഞാവൽ, കൂവളം, ആൽമരം എന്നിവ ഉണ്ടെന്ന് അറിയുമോ? ഈ വിവരങ്ങൾ കണ്ടെത്താൻ എന്തെങ്കിലും പ്രയാസമുണ്ടോ? സഹകരണ സംഘത്തിൻറെ അംഗങ്ങളിൽ നിന്നും വിവരശേഖരണം നടത്താൻ സാധിക്കുമോ? തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭ ഏതാനും വാർഡുകളിൽ നടത്തിയ പഠനത്തിൽ നിന്നും ഒരു വാർഡിൽ 150 മുതൽ മുതൽ 400 വരെ പ്ലാവുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 8 വിഭാഗം നാട്ടുമാവുകളും, ഞാവലും, ജാതിയും, ചാമ്പക്കയും എല്ലാം ഓരോ പ്രദേശത്തും വളരുന്നതായി കണ്ടെത്താൻ കഴിഞ്ഞു. ഇത്തരത്തിൽ ഓരോ പ്രദേശത്തെയും വിഭവങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും.

ഇതുപോലെതന്നെ നമ്മുടെ നാട്ടിൽ കൃഷിക്ക് ഉപയോഗിച്ചിരുന്ന ഒട്ടനവധി ഇനം വിത്തുകൾ ഇന്ന് പ്രചാരത്തിൽ ഇല്ല. തവളക്കണ്ണൻ ,കട്ട മോഡൻ, ചീര ,ചമ്പാവ്, എന്നു തുടങ്ങി ഒട്ടനവധി ഇനങ്ങൾ ഇന്ന് ലഭ്യമല്ല. ആയതിനാൽ ഓരോ പ്രദേശത്തും അന്യം വന്നുകൊണ്ടിരിക്കുന്ന സസ്യലതാദികളെ സംരക്ഷിക്കുന്നതിന് പരിശ്രമിച്ചു കൂടാ!!! ഇത്തരത്തിലുള്ള ഇനങ്ങൾ സൂക്ഷിച്ച് സംരക്ഷിക്കുന്ന Germ plasm(ജെം പ്ലാസം ) ശേഖരിക്കുന്നത് വരുംനാളുകളിൽ വികസനത്തിന് സഹായകരമാകും. സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ച് കൃഷി ഓഫീസറുടെയും, കാർഷിക സർവകലാശാലയുടെയും സഹായത്തോടെ Germ plasm സംരക്ഷണം അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കാവുന്നതാണ്.
ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാവിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കാനും വിവിധയിനം മാവിൻതൈകൾ വിതരണം ചെയ്തു മാങ്ങയുടെ ഉത്പാദനം വർദ്ധിപ്പിക്കാവുന്നതാണ് . ചുരുക്കത്തിൽ ഓരോ പ്രദേശത്തെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും ,വികസിപ്പിക്കാനും സഹകരണ ബാങ്കുകൾക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ പ്രവർത്തനം ആരംഭിക്കാവുന്നതാണ്. ഓരോ പഞ്ചായത്തിൻറെയും ജൈവ റജിസ്റ്റർ നിർമ്മിക്കാനും, ജൈവസമ്പത്ത് സംരക്ഷിക്കാനും ശ്രമിക്കേണ്ടതുണ്ട്. കേവലം നിക്ഷേപം സമാഹരിക്കുന്നതിനും വായ്പ വിതരണം ചെയ്യുന്നതിനും മാത്രമായി ഒതുങ്ങിക്കൂടാതെ, പ്രകൃതിയെ സംരക്ഷിക്കാനും, ജൈവസമ്പത്ത് നിലനിർത്താനുമുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുമ്പോൾ മാത്രമാണ് സഹകരണ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജനകീയ സ്വഭാവം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ .ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആവശ്യമായ ചിന്തയും പ്രവർത്തനങ്ങളും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.

ഡോ .എം .രാമനുണ്ണി. 9388555988

Leave a Reply

Your email address will not be published.