പൊലീസ് ഭവന സംഘത്തിന്റെ സേവന നിരയ്ക്കു പുരസ്കാരം
26 അംഗങ്ങളുമായി 1982 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എറണാകുളത്തെ
പൊലീസ് ഭവന സഹകരണ സംഘത്തില്‍ ഇന്നു 55,000 അംഗങ്ങളുണ്ട്.
ഭാഗ്യമാല ലോട്ടറിയിലൂടെയാണു തുടക്കത്തില്‍ ഫണ്ട് സമാഹരിച്ചത്.
1200 കോടിയോളം രൂപ പ്രവര്‍ത്തന മൂലധനമുള്ള സംഘത്തിനു പ്രതിവര്‍ഷം
10 കോടി രൂപയുടെ ലാഭമുണ്ട്. അംഗങ്ങള്‍ക്കു പതിവായി 25 ശതമാനം
ലാഭവിഹിതം നല്കിവരുന്നു.പലവക വിഭാഗത്തില്‍ ഇത്തവണ സഹകരണ
വകുപ്പിന്റെ ഒന്നാം സ്ഥാനം ഈ സംഘമാണു നേടിയത്.
സംസ്ഥാന എ.ഡി.ജി.പി തന്നെ നേതൃത്വം നല്കുന്ന ഒരു സഹകരണ സംഘമുണ്ട് കേരളത്തില്‍. പൊലീസ് സേനയക്കു സേവനങ്ങളുടെ നീണ്ടനിര ഒരുക്കുന്ന ഈ സംഘത്തിനാണു പലവക / ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങളുടെ വിഭാഗത്തില്‍ ഇത്തവണ സംസ്ഥാന സഹകരണ വകുപ്പിന്റെ ഒന്നാം സ്ഥാനം ലഭിച്ചത്. എറണാകുളം ആസ്ഥാനമായുള്ള കേരള പൊലീസ് ഭവന സഹകരണസംഘം (ഗലൃമഹമ ജീഹശരല ഒീൗശെിഴ ഇീീുലൃമശേ്ല ടീരശല്യേ ഗജഒഇട) ആണ് ഈ സംഘം. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമാണു പ്രസിഡന്റ്. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന് പ്രസിഡന്റായിരിക്കുന്ന സഹകരണ സംഘമെന്നതു പ്രത്യേകതയാണ്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടറുമായ സി.ആര്. ബിജുവാണു വൈസ് പ്രസിഡന്റ്. ജ്യോതിഷ്. ആര്.കെ, ബൈജു. പി.കെ, റുബീന. എം, സുജിത്ത്. സി.കെ, രവീന്ദ്രന്. പി, സജീവന്. പി.സി, രമേശന്.പി, ഷിറാസ്. ഐ, അനില്‍. സി.വി, ഫിലിപ്പ്. എ.എസ്, ശ്യാം. എസ്, ഇന്ദു. പി.എന്‍, സിന്ധു. പി.കെ. എന്നിവരാണു മറ്റു ഡയറക്ടര്‍മാര്‍. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരാണ്.
15 അംഗ ഭരണസമിതിയാണുള്ളത്. സാധാരണ സംഘങ്ങളിലുളള പട്ടികജാതി-വര്‍ഗ, വനിത, നിക്ഷേപക സംവരണങ്ങള്‍ക്കു പുറമെ ഒരു സീറ്റ് ഐ.പി.എസ.് ഉദ്യോഗസ്ഥര്‍ക്കു സംവരണമുണ്ട് എന്ന പ്രത്യേകത ഈ സംഘത്തിനുണ്ട്. ഐ.പി.എസ്. മണ്ഡലത്തില്‍ മത്സരമുണ്ടാകാറില്ല. മറ്റു സീറ്റുകളിലേക്കു മത്സരമുണ്ടാകാറുണ്ട്. വന്‍ ഭൂരിപക്ഷത്തിലാണു ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഒരു ജില്ലയില്‍നിന്ന് ഒരാള്‍ വീതം എന്ന പ്രാതിനിധ്യം വരുന്ന വിധത്തിലാണു പാനല്‍ രൂപവത്കരിച്ചത്. 2020 ഫെബ്രുവരി 28നു പുതിയ ഭരണസമിതി അധികാരമേറ്റശേഷം കെയര്‍ പ്ലസ്, ഡി.ബി.എഫ്. പോലുള്ള പദ്ധതികള്‍ ഏര്‍പ്പെടുത്തുകയും കോഴിക്കോട്ടും തിരുവനന്തപരുത്തും ശാഖകള്‍ തുടങ്ങുകയും ചെയ്്തിട്ടുണ്ട്. സഹകരണ വകുപ്പില്‍ അസി. രജിസ്ട്രാറായ സാലിമോള്‍ കോശിയാണു ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നത്. ജീവനക്കാരിലും നാലു പേര് സഹകരണ വകുപ്പില്‍നിന്നുള്ള ഇന്‍സ്പെക്ടര്‍മാരാണ്.
നേരത്തെയും പല പുരസ്കാരങ്ങളും സംഘത്തെ തേടിയെത്തിയിട്ടുണ്ട്. 2019-20 ലും 2020-21 ലും സഹകരണ വകുപ്പിന്റെ മികച്ച ഭവന സഹകരണ സംഘത്തിനുള്ള എറണാകുളം ജില്ലയിലെ ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം സംഘത്തിനായിരുന്നു. കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ താലൂക്കിലെ മികച്ച സഹകരണ സംഘത്തിനുള്ള പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2018-19 ല്‍ എറണാകുളം ജില്ലാസഹകരണ ബാങ്കിന്റെ മറ്റു വിഭാഗം സഹകരണ സംഘങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ഏറ്റവും നല്ല രണ്ടാമത്തെ സംഘത്തിനുള്ള പുരസ്കാരം ലഭിച്ചു.
26 അംഗങ്ങളുമായി
തുടക്കം
കേരളത്തിലെ പൊലീസിന്റെ സംഘടനാവകാശ സമരത്തോളം പാരമ്പര്യമുള്ള ഒരു സംഘമാണിത്. 1979 ല്‍ കേന്ദ്രസര്‍ക്കാര്‍ പൊലീസ് പരിഷ്കരണത്തിനായി ഒരു ദേശീയകമ്മീഷനെ വച്ചു. അക്കാലത്തു ദേശീയതലത്തില്‍ പൊലീസില്‍ പ്രക്ഷോഭങ്ങളുണ്ടായി. കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാവുകയും സമരം പ്രഖ്യാപിക്കപ്പെടുകയും ചെയ്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു സമരം ഒഴിവാക്കി പൊലീസില്‍ സംഘടനാസ്വാതന്ത്ര്യം അനുവദിച്ചു. 1979 ജൂണ്‍ 13 നായിരുന്നു ആ തീരുമാനം. 1980 ല്‍ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. സംഘടനാപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ആദ്യപരിഗണന പൊലീസുകാരുടെ ഭവന, സാമ്പത്തികാവശ്യങ്ങള്‍ പരിഹരിക്കാന്‍ സ്വന്തം ധനകാര്യ സ്ഥാപനം എന്നതായിരുന്നു. പൊലീസുകാര്‍ക്കു ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പ കൊടുക്കാന്‍ മടിച്ചിരുന്ന കാലമായിരുന്നു അത്. സാധാരണ കുടുംബങ്ങളില്നിന്നുള്ളവരാണു പൊലീസ് സേനയില്‍ ഏറെയും. അവരുടെ സാമ്പത്തികനില ഭദ്രമായിരുന്നില്ല. അതുകൊണ്ടു മിക്കവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഭവനവായ്പ കിട്ടാന്‍ പ്രയാസമായിരുന്നു. പൊലീസ് ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചിരുന്ന പൊലീസുകാരില്‍ ഏറെപ്പേര്‍ക്കു വിരമിച്ചാല്‍ വീടില്ലാത്ത സ്ഥിതിയായിരുന്നു.
ഈ സാഹചര്യത്തിലാണു 1980 ല്‍ കെ.പി.എച്ച്.സി.എസ്. രജിസ്റ്റര്‍ ചെയ്തത്. 82 മാര്‍ച്ച് 15 നു പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഭാഗ്യമാല ലോട്ടറി വഴി പണം സമാഹരിച്ചു. 26 അംഗങ്ങളുമായി തുടങ്ങിയ സംഘത്തിനു 2003 ആയപ്പോഴേക്കും 33,000 അംഗങ്ങളായി. ഇന്നു 55,000 അംഗങ്ങളുണ്ട്. 1200 കോടിയോളം രൂപയുടെ പ്രവര്‍ത്തനമൂലധനമുള്ള സംഘത്തിനു പ്രതിവര്‍ഷം 10 കോടിയില്‍പ്പരം രൂപയുടെ ലാഭമുണ്ട്. അംഗങ്ങള്‍ക്കു പതിവായി 25 ശതമാനം ലാഭവിഹിതം നല്കിവരുന്നു. സംസ്ഥാനമൊട്ടുക്കും പ്രവര്‍ത്തനപരിധിയുള്ള ഇതില്‍ ക്യാമ്പ് ഫോളോവേഴ്സ് മുതല്‍ ഡി.ജി.പി. വരെ പൊലീസ് വകുപ്പില്‍നിന്നു ശമ്പളം വാങ്ങുന്ന എല്ലാ വിഭാഗം ജീവനക്കാരും അംഗങ്ങളാണ്.
ക്ഷേമ
പ്രവര്‍ത്തനം
ഭവനവായ്പകള്‍ നല്‍കുക മാത്രമല്ല നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും സംഘം നടത്തുന്നുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രതികരണവും ലഭിച്ചു. എറണാകുളത്ത് എളംകുളം ആസ്ഥാനമായ ഇതിന് ഇപ്പോള്‍ കോഴിക്കോട്ടും തിരുവനന്തപുരുത്തും ശാഖാ ഓഫീസുകളുണ്ട്. എറണാകുളത്തു 12 സെന്റ് സ്ഥലവും രണ്ടു നിലയും മുകളില്‍ ഹാളുമുള്ള കെട്ടിടമാണുള്ളത്. 2020 ഒക്ടോബര്‍ രണ്ടിനു തിരുവനന്തപുരത്തും ഒക്ടോബര്‍ അഞ്ചിനു കോഴിക്കോട്ടും മേഖലാതലത്തില്‍ ശാഖകള്‍ തുടങ്ങി. തിരുവനന്തപുരത്തു കണ്ണേറ്റുമുക്കിലും കോഴിക്കോട് ഓള്‍ഡ് പൊലീസ് കണ്‍്ട്രോള്‍ റൂം ബില്ഡിങ്ങിലുമാണു ശാഖകള്‍. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍നിന്നു 100 മീറ്റര്‍ അകലെ 22 സെന്റ് സ്ഥലവും 43,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഏഴുനിലക്കെട്ടിടവും വാങ്ങിയിട്ടുണ്ട്. വൈകാതെ വാടകക്കെട്ടിടത്തില്‍നിന്ന് അവിടേക്കു പ്രവര്‍ത്തനം മാറ്റും. സഹകരണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമായ ചില സംരംഭങ്ങള്‍ അവിടെ നടപ്പാക്കുകയും ചെയ്യും. കോഴിക്കോട്ട് പൊലീസ് വകുപ്പിന്റെ സ്ഥലത്താണു പ്രവര്‍ത്തനം. നേരത്തെ സംഘം പാലക്കാട്, തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വലിയ പ്ലോട്ടുകള്‍ വാങ്ങി വിഭജിച്ച് അംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനായി കുറഞ്ഞ വിലയ്ക്കു നല്‍കിയിരുന്നു.
കുറഞ്ഞ പലിശക്ക്
ഭവന വായ്പ
ഇന്ത്യയിലെത്തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സംഘങ്ങളിലൊന്നായി മാറിയ കെ.പി.എച്ച്.സി.എസ്. ആണു ഭവനമേഖലയില്‍ ഏറ്റവും കുറഞ്ഞ പലിശയ്ക്കു ഭവനവായ്പ നല്കുന്ന സ്ഥാപനമെന്നു സംഘം വൈസ് പ്രസിഡന്റ് സി.ആര്. ബിജു പറഞ്ഞു. ആഗസ്റ്റ് വരെ 6.9 ശതമാനം മാത്രമായിരുന്നു പലിശ. ബാങ്കുകള്‍ പലിശ 8.3 ശതമാനമാക്കിയതിനെത്തുടര്‍ന്ന് ഇതു വര്‍ധിപ്പിച്ചു. എങ്കിലും, ഇപ്പോഴും 7.5 ശതമാനം മാത്രമാണു പലിശ. 25,000 പൊലീസുദ്യോഗസ്ഥര്‍ ഭവനവായ്പ എടുത്തുകഴിഞ്ഞു. ഭവനവായ്പയെടുക്കുന്ന സംഘാംഗത്തിനു ഗൃഹപ്രവേശനത്തിനു സംഘം ഒരു റഫ്രിജറേറ്റര്‍ സമ്മാനം നല്‍കുന്നുണ്ട്. 40 ലക്ഷം രൂപ വരെയാണു ഭവനവായ്പ നല്‍കുന്നത്. ഭവനവായ്പ എടുത്തവര്‍ക്ക് 7.5 ലക്ഷം രൂപ വരെ അധികവായ്പ, കുറഞ്ഞതുകയ്ക്കുള്ള ഭവനവായ്പ എടുത്തവര്‍ക്കു കൂടുതല്‍ തുക ലഭിക്കാനുള്ള ടോപ് അപ് ലോണ്‍, വീടും സ്ഥലവും വാങ്ങാന്‍ 40 ലക്ഷം രൂപ വരെ ഔട്ട്റൈറ്റ് ലോണ്‍ എന്നിവയുമുണ്ട്. വീടുവയ്ക്കാന്‍ സ്ഥലം വാങ്ങാനും വായ്പ ലഭിക്കും. എട്ടു ശതമാനമാണ് ഇതിനു പലിശ. 40 ലക്ഷം രൂപവരെയാണു ലഭിക്കുക.
മരണാനന്തര
ആനുകൂല്യനിധി
ഭവനവായ്പയുടെ അനുബന്ധമായി തുടങ്ങിയ ഒന്നാണ് ഡി.ബി.എഫ് ( ഉലമവേ ആലിലളശ േഎൗിറ ഉ.ആ.എ ). വായ്പയെടുത്ത അംഗം മരിച്ചാല്‍ വായ്പയുടെ ബാക്കി എഴുതിത്തള്ളുന്ന പദ്ധതിയാണിത്. ഇപ്പോഴത്തെ ഭരണസമിതി വരുമ്പോള്‍, അംഗം മരിച്ചതിനെത്തുടര്‍ന്നു ഭവനവായ്പ അടവ് മുടങ്ങി 42 കുടുംബങ്ങള്‍ അറ്റാച്ച്മെന്റ് പോലുള്ള നടപടികള്‍ നേരിടേണ്ടിവരുന്ന അവസ്ഥയുണ്ടായിരുന്നു. അതൊഴിവാക്കാന് വായ്പ റദ്ദാക്കല്‍ വ്യവസ്ഥ നിയമാവലിയില്ത്തന്നെ ഉള്‍പ്പെടുത്തി. വായ്പ എടുക്കുമ്പോള്‍ ഒരു ചെറിയ സംഖ്യ ഈടാക്കി ഡി.ബി.എഫില്‍ കൂടി അംഗത്വം നല്‍കും. വായ്പ എടുത്തു രണ്ടു ഗഡു മാത്രം തുക അടച്ചശേഷം അംഗം മരിച്ച സംഭവമുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലും ബാക്കി വായ്പത്തുക റദ്ദാക്കി ആധാരം തിരിച്ചുകൊടുത്തിട്ടുണ്ട്.
സംഘാംഗം അപകടത്തില്‍ മരിച്ചാല്‍ 20 ലക്ഷം രൂപ കുടുംബത്തിനു നല്‍കും. ഇതും സി.പി.എ.എസ്. എന്ന പദ്ധതിയില്‍നിന്നുള്ള ആനുകൂല്യവും കൂടിച്ചേരുമ്പോള്‍ അപകടത്തില്‍ മരിക്കുന്ന പൊലീസ് സേനാംഗത്തിന്റെ കുടുംബത്തിനു 30 ലക്ഷം രൂപ ലഭിക്കും. പെന്ഷന് ആവുംമുമ്പ് അംഗം മരിച്ചാല്‍ കുടുംബത്തിനു 10 ലക്ഷം രൂപ നല്കുന്ന മരണാനന്തര സഹായപദ്ധതിയാണു സി.പി.എ.എസ് ( ഇീഹഹലരശേ്ല ജീേെവൗാീൗ െഅശറ ടരവലാല ). ഒറ്റത്തവണയായോ 1000 രൂപയുടെ തവണകളായോ 30,000 രൂപ അടച്ചാല്‍ ആനുകൂല്യം ലഭിക്കും.
കെയര്‍ പ്ലസ്
പദ്ധതി
2009 ല്‍ ആരംഭിച്ച കുടുംബാരോഗ്യ പരിരക്ഷാ പദ്ധതിയാണു കെയര്‍. ഒരിക്കല്‍ മാത്രം 6000 രൂപ അടച്ചാല്‍ മതി. അംഗം, പങ്കാളി, കുട്ടികള്‍ എന്നിവര്‍ക്ക് ഏറ്റവും പണച്ചെലവുള്ള 13 രോഗങ്ങളുടെ ചികിത്സയ്ക്കു രണ്ടു ലക്ഷം രൂപ സഹായം ലഭിക്കും. കാന്‍സര്‍ ചികിത്സയ്ക്കാണെങ്കില്‍ അംഗത്തിന്റെ അച്ഛനും അമ്മയ്ക്കും ഈ സഹായം ലഭിക്കും. 2020 നവംബര്‍ ഒന്നിനു നിലവില്‍ വന്ന പുതിയ കുടുംബാരോഗ്യ പരിരക്ഷാ പദ്ധതിയാണു കെയര്‍ പ്ലസ്. 2020 ക്ടോബര് 27 നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിരമിക്കാന്‍ എത്ര വര്‍ഷമുണ്ടോ അത്രയും വര്‍ഷത്തേക്കു പ്രതിവര്‍ഷം 3600 രൂപ എന്ന തോതില്‍ അടച്ചു ചേരാവുന്ന പദ്ധതിയാണിത്. 27 വര്ഷത്തിനുമേല് എത്ര വര്‍ഷത്തേക്കാണെങ്കിലും ഒരു ലക്ഷം രൂപയാണു നല്‍കേണ്ടത്. ഇതില്‍ അടയ്ക്കേണ്ട തുക കിട്ടാനും വായ്പാസൗകര്യമുണ്ട്. എട്ടു ശതമാനമാണു പലിശ. 50,000 രൂപ വരെയുള്ള വായ്പ 36 തവണകളായും അതിനുമുകളിലുള്ള വായ്പ 60 തവണകളായും തിരിച്ചടച്ചാല്‍ മതി.
കിടത്തിച്ചികിത്സ വേണ്ടിവരുന്ന ഏത് അസുഖത്തിനും കെയര്‍ പ്ലസില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ വരെ ചികിത്സാസഹായം ലഭിക്കും. കീമോതെറാപ്പിക്കും ഡയാലിസിസിനും, കിടത്തിച്ചികിത്സയല്ലെങ്കിലും, സഹായം ലഭിക്കും. 32,000 പേര് ഇതില്‍ അംഗങ്ങളായി ചേര്‍ന്നുകഴിഞ്ഞു; അതായത് ഒന്നേകാല്‍ ലക്ഷത്തോളം കുടുംബാംഗങ്ങള്‍. പൊലീസ് സേനയുടെ പ്രത്യേക സേവനസാഹചര്യം കണക്കിലെടുത്തുള്ള പദ്ധതിയാണിത്. സമരമുഖങ്ങളിലും സംഘര്‍ഷമേഖലകളിലും ജോലിചെയ്യുന്ന പൊലീസുകാര്‍ക്കു പരിക്കും മറ്റ് അപകടങ്ങളുമുണ്ടായി ആശുപത്രിവാസം വേണ്ടിവരാനുള്ള സാധ്യത കൂടുതലാണല്ലോ. ഇതില്‍ അടയ്ക്കേണ്ട തുക തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. 4000 രൂപയുടെ തവണകളായാണ് അടയ്ക്കാന്‍ അനുവദിക്കുക. പരമാവധി 25 തവണകളേ അനുവദിക്കൂ. ഇങ്ങനെ തവണകളായി അടച്ചുചേരുന്നവര് പകുതിത്തുക അടച്ച് അടുത്ത ദിവസം മുതല്‍ രണ്ടു ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അര്‍ഹത നേടും. മുഴുവന്‍ തുകയും അടച്ചാല്‍ അടുത്തദിവസം മുതല്‍ മൂന്നു ലക്ഷം രൂപയ്ക്കും അര്‍ഹതയുണ്ടായിരിക്കും. പുതുതായി പൊലീസ് വകുപ്പില്‍ നിയമനം ലഭിക്കുന്നവര്‍ സര്‍വീസില്‍ കയറി ഒരു വര്‍ഷത്തിനകം പദ്ധതിയില്‍ ചേര്‍ന്നാല്‍ അടുത്തദിവസം മുതല്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. ഒരു വര്‍ഷത്തിനുശേഷം ചേരുന്നവര്‍ക്കു ചേര്‍ന്ന് ഒരു വര്‍ഷത്തിനുശേഷമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ഗൃഹനിര്‍മാണ സാമഗ്രികള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ അഞ്ചു ലക്ഷം രൂപ വരെയും. ഏഴു ലക്ഷം രൂപ വരെയുള്ള വാഹന വായ്പയുമുണ്ട്. ഒമ്പതു ശതമാനമാണ് ഈ വായ്പകള്‍ക്കു പലിശ. എടുത്തു പറയേണ്ട ഒന്നാണ് വിദ്യാഭ്യാസവായ്പ. പലിശരഹിതമാണിത്. മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്കല്ല, അംഗങ്ങള്‍ക്കാണു സംഘം വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസത്തിന് അഞ്ചു ലക്ഷം രൂപ വരെയാണു വായ്പ അനുവദിക്കുക. വായ്പകള്‍ക്കു പുറമെ, സഹകരണസംഘം രജിസ്ട്രാര്‍ അനുവദിക്കുന്ന പലിശനിരക്കില്‍ വിവിധ നിക്ഷേപ പദ്ധതികളുമുണ്ട്.
മൂന്നു വീടുകള്‍
നല്കി
ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിച്ചാണു സംഘം മുന്നോട്ടു പോകുന്നത്. അംഗങ്ങള്‍ക്കു സംഘത്തിന്റെ വെബ്സൈറ്റിലൂടെ സ്വന്തം ഐ.ഡി. ഉപയോഗിച്ച് എവിടെനിന്നും വായ്പഗഡുക്കള് അടയ്ക്കുകയും വിശദവിവരങ്ങള്‍ കാണുകയും ചെയ്യാം. എസ്.ബി.ഐ.യുടെ ഗേറ്റ്വേയിലൂടെ പണമടയ്ക്കുന്ന മുറയ്ക്കുതന്നെ സംഘത്തിന്റെ കണക്കുകളില്‍ അതു വരുന്നവിധത്തില്‍ ക്രമീകരണമുണ്ട്.
2018 ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തും എറണാകുളത്തും തൃശ്ശൂരും ഓരോ വീട് നിര്‍മിച്ചു പൂര്‍ണസജ്ജീകരണങ്ങളോടെ സംഘം കൈമാറി. കോവിഡ് കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏറ്റവുമാദ്യം ഒരു കോടി രൂപ നല്കിയതു ഈ സംഘമാണ്.
കോഴിക്കോട്ട് സ്ഥലം വാങ്ങി അപ്പാര്‍ട്ടുമെന്റ് നിര്‍മിച്ച് അംഗങ്ങള്‍ക്കു നല്കാന് ആലോചനയുണ്ടെന്നു വൈസ് പ്രസിഡന്റ് സി.ആര്. ബിജു പറഞ്ഞു. 14 ജില്ലകളിലെയും പൊലീസ് വായ്പാ സഹകരണ സംഘങ്ങളുമായി ചേര്‍ന്നു കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പൊലീസുദ്യോഗസ്ഥരുടെ മക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ആലോചനയുണ്ട്. ഇതിനായി സര്‍ക്കാരിനോടു ബന്ധപ്പെടുകയും വാക്കാല്‍ അനുകൂലസമീപനം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.