പെന്‍ഷന്‍ കമ്പനി സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ളത് 3412 കോടിരൂപ

moonamvazhi

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സഹകരണ സംഘങ്ങള്‍ സര്‍ക്കാരിന് ഇതുവരെ വായ്പയായി നല്‍കിയത് 3412.93 കോടിരൂപ. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കേരള സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ കമ്പനിക്കാണ് ഈ തുക നല്‍കിയിട്ടുള്ളത്. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചായിരുന്നു ഓരോ മാസവും നല്‍കേണ്ട പെന്‍ഷന്‍ തുക സ്വരൂപിച്ചിരുന്നത്. എല്ലാമാസവും ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചുനല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് സഹകരണ സംഘങ്ങളിലൂടെ വിജയകരമായി നടപ്പാക്കിയത്.

വിവിധ ഘട്ടങ്ങളിലായി പെന്‍ഷന്‍ കമ്പനി സഹകരണ സംഘങ്ങളില്‍ നിന്ന് സ്വീകരിച്ച വായ്പയാണ് 3412 കോടി. ഇത് കാലവധി തീരുന്നതിനൊപ്പം തിരിച്ചുനല്‍കേണ്ടതാണ്. പക്ഷേ, അക്കാര്യത്തില്‍ ഒരു വ്യക്തതയുണ്ടായിട്ടില്ല. ‘സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ കണ്‍സോര്‍ഷ്യം മുഖേന വായ്പ ഇനത്തില്‍ സമാഹരിച്ച് കേരള സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് കമ്പനിക്ക് നല്‍കിയിട്ടുള്ള തുക നിശ്ചിത വായ്പ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംഘങ്ങള്‍ക്ക് കമ്പനിയില്‍നിന്ന് തിരികെ നല്‍കുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്’- എന്നാണ് സഹകരണ സംഘങ്ങളുടെ പണം തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ നേരത്തെ മറുപടിയായി നല്‍കിയിട്ടുള്ളത്.

ബാങ്കുകളും എംപ്ലോയീസ് സഹകരണ സംഘങ്ങളുമടക്കം 816 സംഘങ്ങളാണ് ഇതുവരെ പെന്‍ഷന്‍ കമ്പനിക്ക് പണം നല്‍കിയിട്ടുള്ളത്. 25 ലക്ഷം മുതല്‍ 40 കോടിരൂപവരെയാണ് കമ്പനിക്ക് സഹകരണ സംഘങ്ങള്‍ നല്‍കിയിട്ടുള്ളത്. വായ്പയായാണ് സഹകരണ സംഘങ്ങളില്‍നിന്ന് കമ്പനി പണം സ്വീകരിക്കുന്നത്. ഇതിന് കൃത്യമായ പലിശ നല്‍കുന്നുണ്ട്.

പെന്‍ഷന്‍ കമ്പനി എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്നതോടെയാണ് സര്‍ക്കാരിന്റെ ആസൂത്രണം താളം തെറ്റിയത്. സഹകരണ സംഘങ്ങളൂടെയുള്ള സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. എന്നാല്‍, പെന്‍ഷന്‍ കമ്പനി എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ കടമെടുപ്പായി പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പെന്‍ഷന്‍ വിതരണത്തിന് ഓരോമാസവും പണം കണ്ടെത്തേണ്ടതിനൊപ്പം, നിലവില്‍ സഹകരണ സംഘങ്ങളില്‍നിന്ന് എടുത്ത് 3412 കോടിരൂപ തിരിച്ചുനല്‍കേണ്ടിവരുന്നതും സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.