പുരസ്കാര നിറവില്‍ പാലക്കാട്ടെ സഹകരണ ബാങ്കുകള്‍
സഹകരണ വകുപ്പിന്റെ മികച്ച ബാങ്കുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി പാലക്കാട് ജില്ലയിലെ പ്രധാന സഹകരണ ബാങ്കുകള്‍. മികച്ച അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള രണ്ട് പുരസ്കാരങ്ങളും ജില്ലയിലെ ബാങ്കുകള്‍ക്കാണ് ലഭിച്ചത്. ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിനാണ് രണ്ടാം സ്ഥാനം.
കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്കിന് പുരസ്കാരം നല്‍കിയത്. ചെര്‍പ്പുളശ്ശേരി നഗരസഭ, തൃക്കടീരി, നെല്ലായ, വല്ലപ്പുഴ , കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. ചെര്‍പ്പുളശ്ശേരി ടൗണ്‍, കാവുവട്ടം, വല്ലപ്പുഴ എന്നീ ശാഖകളാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്കാരവും ചെര്‍പ്പുളശ്ശേരി ബാങ്കിന് ലഭിച്ചിരുന്നു. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി കാണുന്നുവെന്ന് ബാങ്ക് ചെയര്മാന് കെ.ഗംഗാധരന്, സിഇഒ കെ.ഹരിദാസ്, ജനറല്‍ മാനേജര്‍ വി.സി ഉണ്ണികൃഷ്ണന് എന്നിവര്‍ അറിയിച്ചു.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒറ്റപ്പാലം ബാങ്കിന് പുരസ്കാരം ലഭിക്കുന്നത്. 2017-18ല്‍ മൂന്നാം സ്ഥാനമാണ് ബാങ്കിന് ലഭിച്ചത്. തൊട്ടടുത്ത രണ്ട് വര്‍ഷവും രണ്ടാം സ്ഥാനം നേടിയ ബാങ്ക് ഇത്തവണയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒറ്റപ്പാലം നഗരം കേന്ദ്രീകരിച്ച് മുഖ്യശാഖയും 12 മണിക്കൂര്‍ ശാഖയും പ്രവര്‍ത്തിക്കുന്നു. ലക്കിടി, പത്തിരിപ്പാല, മണ്ണൂര്‍, അമ്പലപ്പാറ, അനങ്ങനടി, വാണിയംകുളം, കൂനത്തറ എന്നിവിടങ്ങളില്‍ ശാഖകള്‍ ഉണ്ട്.
മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കും പുരസ്കാര ലബ്ധിയുടെ സന്തോഷത്തിലാണ്. മികച്ച പ്രവര്‍ത്തനം നടത്തുന്ന
പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിനുള്ള പ്രത്യേക അവാര്‍ഡ് മണ്ണാര്‍ക്കാട് ബാങ്കിനാണ് ലഭിച്ചത്. ഇതു കൂടാതെ മാതൃകാ പരമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയതിനുള്ള പുരസ്കാരവും ബാങ്കിനാണ്. കൊവിഡ് പരിശോധനാ കേന്ദ്രം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ബാങ്ക് ഒരുക്കിയത് പ്രശംസ നേടിയിരുന്നു.