നോട്ട് നിരോധനം മൂന്നു വർഷം പിന്നിടുമ്പോൾ സഹകരണ ബാങ്കിംഗ് രംഗത്തെയും ബാധിച്ചു.

adminmoonam

2016 നവംബർ എട്ടിന് രാത്രി 8 നു പ്രധാനമന്ത്രി രാജ്യത്തെ 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ച്‌, മൂന്നു വർഷം പിന്നിടുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പുറകോട്ട് തന്നെ. ഇതിന്റെ പ്രത്യാഘാതങ്ങൾ സഹകരണമേഖലയിലും ബാധിച്ചു. എന്നാൽ നോട്ട് നിരോധന കാലയളവിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിച്ചതിനാൽ ആ സമയത്ത് സഹകരണമേഖല പുറന്തള്ളപ്പെട്ടില്ല എന്ന് പറയാനാകും. എന്നാൽ ദിനംപ്രതി രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ പുറകോട്ടു പോകുന്ന കാഴ്ചയാണ് കാണുന്നത്. സാമ്പത്തിക വിദഗ്ധരും സാമ്പത്തിക സ്റ്റാറ്റിസ്റ്റിക്സും ഇത് സാക്ഷ്യപ്പെടുത്തുന്നു. വളരെ കരുതലോടെ വേണം സഹകരണമേഖലയും മുന്നോട്ടു പോകാനെന്ന ഓർമ്മപ്പെടുത്തലും ഇതോടൊപ്പം സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നു.

നോട്ടു നിരോധനത്തിന് രണ്ടു വർഷം ഇപ്പുറം റിസർവ് ബാങ്കും സഹകരണ മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തുകയാണ്. ആർ.ബി.ഐ യുടെ പിടിമുറുക്കലുകൾ പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് വരെ എത്തിക്കഴിഞ്ഞു. സഹകരണ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ സഹകാരികൾക്ക് കഴിയേണ്ടതുണ്ട്. മുൻകാലങ്ങളിലെ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ പ്രതിസന്ധിഘട്ടങ്ങളിൽ കരുത്ത് പകരും.

സാമ്പത്തിക പുറകോട്ടടിക്ക് കാരണമായി ലോക ബാങ്ക് റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നത് രണ്ടു കാരണങ്ങളുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഒന്നിനു പുറകേ ഒന്നായി വന്ന രണ്ടു ആഘാതങ്ങൾ. നോട്ടു നിരോധനവും, ചരക്കു സേവന നികുതിയും. ഇവ നടപ്പിലാക്കിയതിലെ അപാകതയാണ് ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതു രണ്ടും എറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത് രാജ്യത്തെ മധ്യ – ചെറുകിട വ്യവസായികൾക്കും അവരെ ആശ്രയിച്ചു ജീവിക്കുന്ന കോടിക്കണക്കിനുള്ള തൊഴിലാളികളിലുമാണ്. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ജീവിതമാർഗ്ഗമായ അസംഘടിത മേഖലയാണ് നോട്ടു നിരോധനവും ജിഎസ്ടിയും കൊണ്ടു ഏറെ ദുരിതത്തിലായത്. അസംഘടിത മേഖലയിലുള്ളവർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് സഹകരണമേഖലയെ ആണ്. ഇത് കേരളത്തിലെ സഹകരണ മേഖലയെയും ഏറെ ബാധിക്കുന്നുണ്ട്. ഇപ്പോൾ രാജ്യത്തെ ഉല്‍പ്പാദനത്തിലുണ്ടായ കുറവിനേക്കാൾ വലിയ പ്രശ്നം മറ്റൊന്നാണ്. അത് സാധന സേവനങ്ങളുടെ ഡിമാന്റിൽ ഉണ്ടായ കുറവാണ്. 

രാജ്യത്തെ സാമ്പത്തിക അവസ്ഥയ്ക്ക് അനുസരിച്ചും നയങ്ങൾക്ക് അനുസരിച്ചും സഹകരണമേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ സംബന്ധിച്ചും നയരൂപീകരണ ങ്ങളെ സംബന്ധിച്ചും സഹകാരി സ്വരങ്ങൾ ഉയരേണ്ട സമയമായിരിക്കുന്നു.

Leave a Reply

Your email address will not be published.