നെല്ല് സംഭരണത്തില്‍ സഹകരണ പങ്കാളിത്തം വേണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്
സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ സഹകരണ സംഘങ്ങളെ കൂടി പങ്കാളിയാക്കിയുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്ന് ഇതേക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. 2022-ല്‍ നിയോഗിച്ച മുന്‍ ഐ.എ.എസ്. ഓഫീസറായ വി.കെ.ബേബിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ഷകര്‍, കൃഷിവകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥര്‍, മില്ല് ഉടമകള്‍ എന്നിവരെയെല്ലാം നേരില്‍കേട്ടശേഷമാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
നെല്ല് സംഭരിക്കുന്നത് മുതല്‍ അരിയാക്കുന്നതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കാലതാമസം ഉണ്ടാകുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. ഇതിനൊപ്പം, കര്‍ഷകര്‍ക്ക് കൃത്യമായി പണം ലഭിക്കുന്നില്ല. ആറുമാസം വരെ വൈകിയാണ് ഇപ്പോള്‍ സംഭരിച്ച നെല്ലിന്റെ പണം നല്‍കുന്നത്. ഇതൊഴിവാക്കാനാണ് സഹകരണ പങ്കാളിത്തത്തോടെ സംഭരണ സംവിധാനവും പണം നല്‍കുന്ന രീതിയും ഒരുക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നത്.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളെ നെല്ല് സംഭരണത്തിന്റെ ഏജന്‍സികളാക്കി മാറ്റണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായം ഇതിനായി സംഘങ്ങള്‍ക്ക് ലഭിക്കും. നെല്ല് സംഭരിച്ച ഉടനെ കര്‍ഷകര്‍ക്ക് അതിന്റെ പണം നല്‍കാന്‍ ഇതിലൂടെ കഴിയും. സംഭരണത്തിന് വിവിധ ഏജന്‍സികള്‍ വഴി റിവോള്‍വിങ് ഫണ്ട് കണ്ടെത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശിക അടിസ്ഥാനത്തില്‍ ആധുനിക സൗകര്യത്തോടെയുള്ള സംഭരണ ശാലകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനും സഹകരണ പങ്കാളിത്തം തന്നെയാണ് നിര്‍ദ്ദേശിക്കുന്നത്. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സംഭരണ ശാലകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടു ഗോഡൗണുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ രാജ്യത്ത് ഒരു സഹകരണ സംഭരണ ശാലശൃംഖല തീര്‍ക്കാനാണ് കേന്ദ്രപദ്ധതി. എന്നാല്‍, ഈ പദ്ധതി ഏറ്റെടുക്കാന്‍ കേരളത്തിലെ കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് കാരണം. ഈ ഘട്ടത്തിലാണ് നെല്ല് സംഭരണത്തില്‍ സഹകരണ പങ്കാളിത്തത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്ന ശുപാര്‍ശ വിദഗ്ധ സമിതി നല്‍കുന്നത്.