നെല്‍കര്‍ഷകന് നല്‍കാനുള്ളത് 1100 കോടി; സപ്ലൈയ്‌കോയെ കുറ്റപ്പെടുത്തി കേരളബാങ്ക്

moonamvazhi

കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ചവകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 1100 കോടിരൂപ. സപ്ലൈയ്‌കോയാണ് നെല്ല് സംഭരിക്കുന്നത്. സപ്ലൈയ്‌കോ നല്‍കുന്ന നെല്ല് സംഭരണ രസീത് ബാങ്കിന് നല്‍കിയാല്‍ അതിന്റെ പണം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. കേരളബാങ്ക് വഴിയാണ് ഈ തുക നല്‍കുന്നതിന് ധാരണയുള്ളത്. പണം കുടിശ്ശികയായതിന് കാരണം കേരളബാങ്കിന്റെ വീഴ്ചയാണെന്ന രീതിയിലാണ് സപ്ലൈയ്‌കോ അനൗദ്യോഗികമായി വിശദീകരണം നല്‍കുന്നത്. ഇതോടെ, സപ്ലൈയ്‌കോയുടെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് കേരളാബാങ്കും രംഗത്തെത്തി. കേരളബാങ്കില്‍നിന്ന് കര്‍ഷകരെ അകറ്റാനുള്ള നീക്കമാണ് സപ്ലൈയ്‌കോ നടത്തുന്നതെന്ന ഗുരുതരമായ കുറ്റപ്പെടുത്തിലും ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ നടത്തിയിട്ടുണ്ട്. ഇതോടെ, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ-കേരളബാങ്ക് ശീതസമരം തുടരുകയും കര്‍ഷകര്‍ പണം കിട്ടാതെ ദുരിതത്തിലുമാണ്.

നെല്ല് സംഭരണവും കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് അതിന്റെ പണം നല്‍കുകയും ചെയ്യുന്ന രീതി അട്ടിമറിച്ചത് സപ്ലൈകോ ആണെന്നാണ് കേരളാബാങ്കിന്റെ കുറ്റപ്പെടുത്തല്‍. നെല്ലിന്റെ വില യഥാസമയം അതാതു കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നെല്ല് സംഭരണ രസീതി പദ്ധതി 2010 മുതല്‍ വിജയകരമായി നടപ്പാക്കി വന്നിരുന്നത് സഹകരണ മേഖലയുടെ പങ്കാളിത്തതോടെയാണ്. സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുമ്പോള്‍ അവര്‍ നല്‍കുന്ന രസീതിന്റെ അടിസ്ഥാനത്തിലുളള സംഖ്യ കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്ക് വായ്പയായി നല്‍കുന്ന രീതിയാണ് പി.ആര്‍.എസ്. ഒരു ദശാബ്ദത്തിലേറെയായി സഹകരണ മേഖലയിലെ മുന്‍ ജില്ലാ സഹകരണ ബാങ്കുകളും പിന്നീട് രൂപം കൊണ്ട കേരള ബാങ്കും പരാതികള്‍ക്കതീതമായി സുഗമമായി പദ്ധതി ഏറ്റെടുത്ത് നിര്‍വ്വഹിച്ചു പോന്നിരുന്നു. കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കുന്നത് സപ്ലൈകോയുമായി ബാങ്ക് വര്‍ഷാവര്‍ഷം ഒപ്പ് വയ്ക്കുന്ന ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണ്.

സംസ്ഥാന സര്‍ക്കാരാണ് ഈ വായ്പയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. മുഖ്യമായും കേരള ബാങ്ക് മുഖേന പി.ആര്‍.എസ്. പദ്ധതി സുഗമമായി മുന്നോട്ട്
പോകുന്നതിനിടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി എസ്.ബി.ഐ. – ഫെഡറല്‍ ബാങ്ക് -കാനറ ബാങ്ക് എന്നീ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം
രൂപീകരിക്കുവാനും പദ്ധതിയില്‍ നിന്നും കേരള ബാങ്കിനെ പൂര്‍ണ്ണമായും ഒഴിവാക്കുവാനും സപ്ലൈകോ ശ്രമം നടത്തിയെന്നാണ് കേരള ബാങ്ക് കുറ്റപ്പെടുത്തുന്നത്. നെല്‍ കര്‍ഷകരെ കേരള ബാങ്കില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഈ സാഹചര്യം ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് രണ്ടു തവണ ഉന്നതതലയോഗം ചേരുകയും പി.ആര്‍.എസ്. പദ്ധതി നിലവിലുളള രീതിയില്‍ പ്രധാനമായും കേരള ബാങ്ക് മുഖേന തുടരുന്നതിന്
തീരുമാനിക്കുകയുമുണ്ടായെന്ന് ബാങ്ക് ചെയര്‍മാന്‍ വിശദീകരിച്ചു. ഈ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ പലിശ നിരക്ക് 7.65 ശതമാനമായി നിശ്ചയിക്കുകയും നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ നിര്‍ദ്ദേശം സപ്ലൈകോ അട്ടിമറിച്ചുവെന്നാണ് കേരളബാങ്ക് കുറ്റപ്പെടുത്തുന്നത്. കേരള ബാങ്കിനെ ഒഴിവാക്കി കണ്‍സോര്‍ഷ്യം ബാങ്കുകളായ കാനറാ ബാങ്ക്, എസ്.ബി.ഐ., ഫെഡറല്‍ ബാങ്കുകളില്‍ നിന്നും 2500 കോടി രൂപയുടെ വായ്പയെടുക്കുന്നതിനുളള ധാരണപത്രം സപ്ലൈയ്‌കോ ഒപ്പിട്ടു. ഈ തുക തികയാതെ വന്നപ്പോള്‍ അവര്‍ സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവ് മുഖേന നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് പി.ആര്‍.എസ്. വായ്പ നല്‍കുന്നതിനു വേണ്ടി കേരള ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 200 കോടി രൂപയുടെ വായ്പാ പരിധി ഒരു വര്‍ഷ കാലാവധിയില്‍ 7.65ശതമാനം പലിശ നിരക്കില്‍ നല്‍കുന്നതിനുവേണ്ടി ഒരു ധാരണാപത്രം കേരളാബാങ്കുമായി
സപ്ലൈകോ ഒപ്പുവെച്ചു.

ബാങ്കുമായി അന്നുവരെയുളള ഇടപാടില്‍ കുടിശ്ശിക നിലനില്‌ക്കെ തന്നെ കര്‍ഷകര്‍ക്ക് പണം അടിയന്തിരമായി നല്‍കേണ്ട സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഉടനടി വായ്പ നല്‍കിയെന്ന് ബാങ്ക് വിശദീകരിക്കുന്നു. സപ്ലൈകോയുടെ മുന്‍ വര്‍ഷത്തെ വായ്പ കുടിശ്ശികയായ 268 കോടി

രൂപ തിരിച്ചടയ്ക്കണമെന്ന ധാരണയിലാണ് പുതിയ വായ്പ പരിധി അനുവദിച്ചത്. മാര്‍ച്ച് മാസത്തില്‍ ഗവണ്‍മെന്റ് ഫണ്ട് ഏകദേശം 400 കോടി രൂപ ലഭിക്കുമെന്നും ആയത് ലഭിക്കുന്ന മുറയ്ക്ക് കുടിശ്ശിക തീര്‍ക്കുമെന്നുമായിരുന്നു സപ്ലൈകോ ഉദ്യോഗസ്ഥര്‍ കേരള ബാങ്കിനെ ധരിപ്പിച്ചിരുന്നത്. കുടിശ്ശിക തുക തിരിച്ചടക്കണമെന്ന് ബാങ്ക് പലതവണ രേഖാമൂലം ആവശ്യപ്പെട്ടുവെങ്കിലും സപ്ലൈകോ ഈ തുക തിരിച്ചടയ്ക്കുകയുണ്ടായില്ല. മുന്‍ സീസണില്‍ നല്‍കിയ പി.ആര്‍.എസ്. വായ്പയുടെ ബാക്കിനില്‍പ് തുകയായ 696.52 കോടി രൂപയില്‍ 199.66 കോടി രൂപ 2023 മാര്‍ച്ച് 31 ന് നിഷ്‌ക്രിയ ആസ്തിയായി മാറിയിരിക്കുകയാണ്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുളളതാണ്. ഈ ഗുരുതരമായ സാഹചര്യം മാര്‍ച്ച് മാസത്തില്‍ തന്നെ ബാങ്ക് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും സപ്ലൈകോയുടെ കുടിശ്ശിക തുക ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കേരളബാങ്ക് അധികൃതര്‍ പറഞ്ഞു.

സപ്ലൈകോയുമായി ബാങ്ക് പുതിയതായി ഒപ്പിട്ട 200 കോടി രൂപയുടെ വായ്പാ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാനായി സപ്ലൈകോ നല്‍കിയ കര്‍ഷക ലിസ്റ്റിലെ തുകയായ 19,90,15,598.40 രൂപയില്‍ 5.53 കോടി രൂപ കൂടി ഇനിയും വിതരണം ചെയ്യുവാന്‍ ബാക്കിയുണ്ട്. ഇത് നല്‍കേണ്ട കര്‍ഷകരുടെ വിലാസമോ ഫോണ്‍ നമ്പറോ സപ്ലൈകോ ബാങ്കിന് നല്‍കിയിട്ടില്ല. അവരുടെ പി.ആര്‍.എസ്. നമ്പര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതുവച്ച് കര്‍ഷകരെ ബന്ധപ്പെടുക പ്രായോഗികമല്ല. വിതരണം ചെയ്യുവാന്‍ ബാക്കിയുളളവരുടെ ലിസ്റ്റ് പലതവണ ബാങ്ക് സപ്ലൈകോയ്ക്ക് നല്‍കി കര്‍ഷകരെ അറിയിക്കുവാനും അവരോട് ബാങ്കിനെ സമീപിക്കുവാനും ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ സമീപിച്ച കര്‍ഷകര്‍ക്കെല്ലാം തന്നെ ബാങ്ക് വായ്പ വേഗത്തില്‍ അനുവദിച്ചിട്ടുണ്ട്. ചില കര്‍ഷകര്‍ സംഭരണ തുക വായ്പയായി വാങ്ങുവാന്‍ വിസമ്മതിച്ച് പിന്മാറി നില്‍ക്കുന്നവരാണ്. സപ്ലൈകോയുടെ കോര്‍പ്പറേറ്റ് ഗ്യാരണ്ടിയില്‍ അനുവദിക്കപ്പെടുന്ന ഈ വായ്പ തിരിച്ചടക്കേണ്ടത് കര്‍ഷകരല്ല സപ്ലൈകോയാണ്. തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്ക് കര്‍ഷകര്‍ക്കെതിരെ റിക്കവറി നടപടികള്‍ സ്വീകരിക്കുകയോ വായ്പാ ബാധ്യത അവരുടെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുകയോ ചെയ്യുന്നതല്ല. എന്നാല്‍ ഇതിന് വിരുദ്ധമായി കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും പദ്ധതി പരാജയപ്പെടുത്തുന്നതിനും ബോധപൂര്‍വ്വമായ പ്രചരണങ്ങള്‍ ചിലര്‍ നടത്തി വരുന്നുവെന്ന് കേരളബാങ്ക് ചെയര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.