‘നിരന്തരപരാതിക്കാര്‍ യഥാര്‍ത്ഥ സഹകാരികളല്ല’- ചേവായൂര്‍ ബാങ്കിന്റെ വാദം സര്‍ക്കാര്‍ കേട്ടൂ

moonamvazhi

വകുപ്പുതലത്തിലും കോടതിയിലും നിരന്തരം പരാതിയുമായി പോകുന്നവര്‍ യഥാര്‍ത്ഥ സഹകാരികളാകുന്നതെങ്ങനയെന്ന് സര്‍ക്കാരിന് മുമ്പില്‍ ചേവായൂര്‍ സഹകരണ ബാങ്കിന്റെ ചോദ്യം. നാടിനെ നടുക്കിയ പ്രളയവും കോവിഡ് മഹാമാരിയും രാജ്യത്തിന്റെ പൊതുജീവിതം ആകെ താറുമാറാക്കുകയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിസ്മരിക്കാന്‍ കഴിയില്ല. പ്രതികൂല സാഹചര്യങ്ങളിലെല്ലാം ലാഭം ഇച്ഛിക്കാതെ പൊതുജന സേവനത്തിനും സര്‍ക്കാരിന് കൈത്താങ്ങായും നിലകൊണ്ട സഹകരണ സ്ഥാപനത്തെ പ്രകീര്‍ത്തിക്കുന്നതിന് പകരം കേവലം സാങ്കേതികമായ കാര്യങ്ങള്‍ ഉന്നയിക്കുകയും നിരന്തരപരാതിക്കാരാകുകയും ചെയ്യുന്നവര്‍ എങ്ങനെ യഥാര്‍ത്ഥ സഹകാരികളാകുമെന്നാണ് ബാങ്ക് ചോദിച്ചത്. ഇത് സര്‍ക്കാരും ഉള്‍കൊണ്ടു. ബാങ്കിനെതിരെ പരാതിക്കാര്‍ നല്‍കിയ അപ്പീല്‍ നിരസിച്ചും ബാങ്കിന് അനുകൂലമായ കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ ഉത്തരവ് നിലനിര്‍ത്തിയും സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം, ഉന്നയിച്ച പരാതികളെ സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും സഹകരണ വകുപ്പ് അണ്ടര്‍സെക്രട്ടറി ജോയിന്റ് രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2019-ല്‍ തുടങ്ങിയ പരാതിയും നിയമയുദ്ധവുമാണ് സര്‍ക്കാരിന് മുമ്പിലെത്തിയത്. തിരഞ്ഞെടുപ്പ് കേസായാണ് തുടങ്ങിയത്. ആദ്യം എ.ആര്‍.സി. ഫയല്‍ ചെയ്തു. അത് തള്ളി. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. നയപരമായ തീരുമാനമെടുക്കരുതെന്നും എ.ആര്‍.സി. വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം പരിഗണിച്ച എ.ആര്‍.സി.യും തള്ളി. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അത് കോടതിയിയുടെ പരിഗണനയിലാണ്.

ഇതിനിടയില്‍ ബാങ്കില്‍ അത്യാവശ്യമായി വേണ്ട ചില തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നടപടി തുടങ്ങിയത്. 34 തസ്തികകളിലേക്ക് ബാങ്ക് നോട്ടിഫിക്കേഷന്‍ ക്ഷണിച്ചു. ഈ നിയമനം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പരാതി നല്‍കിയവര്‍തന്നെ ഹൈക്കോടതിയെ സമീപിച്ചു. ജോയിന്റ് രജിസ്ട്രാര്‍ക്ക് മുമ്പില്‍ പരാതി നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജോയിന്റ് രജിസ്ട്രാര്‍ പരാതിയില്‍ തീര്‍പ്പുകല്‍പിക്കുന്നതുവരെ നിയമനം നടപടി നിര്‍ത്തിവെക്കാനും നിര്‍ദ്ദേശിച്ചു. പരാതിക്കാരെ ഉള്‍പ്പടെ കേട്ട് ജോയിന്റ് രജിസ്ട്രാര്‍ പരാതിയില്‍ തീര്‍പ്പുണ്ടാക്കി. ബാങ്കിന്റെ താല്‍പര്യം മുന്‍നിര്‍ത്തി നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം നടത്താനായിരുന്നു ഉത്തരവ്.

ഇതിനെതിരെ പരാതിക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് പിന്‍വലിച്ച് പരാതിക്കാരെ വീണ്ടും കേള്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ഹിയറിങ് നടത്തി ജോയിന്റ് രജിസ്ട്രാര്‍ വീണ്ടും ഉത്തരവിറക്കി. ബാങ്കിന് നിയമനം നടത്താമെന്നായിരുന്നു ഈ ഉത്തരവും പറഞ്ഞത്. ഇതിനെതിരെ വീണ്ടും പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിയില്‍ തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് വിട്ടു. അതിലാണ് അണ്ടര്‍ സെക്രട്ടറി ഹിയറിങ് നടത്തിയത്.

പരാതിയല്ലാതെ തെളിവ് ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജോയിന്റ് രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചു. നിയമന വിജ്ഞാപനത്തിന് മതിയായ പ്രചരണം ബാങ്ക് നല്‍കിയിരുന്നു. ചട്ടപ്രകാരമുള്ള യോഗ്യതയാണ് നിശ്ചയിച്ചത്. അപേക്ഷകര്‍ക്ക് യോഗ്യതയില്ലെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാതിയിലെ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബാങ്ക് വ്യക്തമായ വിശദീകരണം സര്‍ക്കാരിന് നല്‍കി. ഹെഡ് ഓഫീസും എട്ട് ശാഖകളും മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറും വളം ഡിപ്പോയും ഒരു സഞ്ചരിക്കുന്ന സ്‌റ്റോറും കോഓപ് മാര്‍ട്ടും നടത്തുന്ന ബാങ്കിന് മുമ്പ് രാവിലെ 8 മുതല്‍ രാത്രി എട്ടുവരെ രണ്ട് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ ജീവനക്കാരില്ലാത്തതിനാല്‍ പ്രധാന ശാഖ ഒഴികെയുള്ളവ പകല്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം അറിയുന്ന പരാതിക്കാര്‍ ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കാനുമാണ് ഇങ്ങനെ നിരന്തരം പരാതി ഉന്നയിക്കുന്നതെന്നും ബാങ്ക് സര്‍ക്കാരിനെ അറിയിച്ചു. ബാങ്കിന്റെ അംഗങ്ങള്‍ എന്ന നിലയിലാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്. നിരന്തര പരാതിക്കാന്‍ എങ്ങനെ നല്ല സഹകാരികളാകുമെന്ന ചോദ്യം ഈ ഘട്ടത്തിലാണ് ബാങ്ക് ഉന്നയിച്ചത്. ഇത് അംഗീകരിച്ചാണ് പരാതിക്കാരുടെ അപ്പീല്‍ സര്‍ക്കാര്‍ തള്ളിയത്.

Leave a Reply

Your email address will not be published.