ദേശീയ സഹകരണനയം: വിവിധ ഫെഡറേഷനുകള്‍ അഭിപ്രായം അറിയിച്ചു
ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളുടെ നിര്‍ദേശങ്ങളും പുതിയ ആശയങ്ങളും കാഴ്ചപ്പാടും അറിയാനും ഓരോ മേഖലയും നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാനുമാണു കഴിഞ്ഞാഴ്ച NCUI ആസ്ഥാനത്തു ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
രാജ്യത്തെ ഭവനനിര്‍മാണ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മറ്റു സംഘങ്ങളില്‍നിന്നു വ്യത്യസ്തമാണെന്നും ഭവനനിര്‍മാണ സംഘങ്ങള്‍ക്കായി പ്രത്യേകം നിയമനിര്‍മാണം വേണ്ടതാണെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭവനനിര്‍മാണ സഹകരണ സംഘങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍നിന്നും രജിസ്‌ട്രേഷന്‍ ഫീസുകളില്‍നിന്നും ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ഭവനനിര്‍മാണ സംഘങ്ങള്‍ക്കു ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) സാമ്പത്തികസഹായം നല്‍കണമെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഐ.സി.എ.ഐ.യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ ഭവനസംഘങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കണമെന്നും നിര്‍ദേശമുയര്‍ന്നു.
ലേബര്‍ സഹകരണ സംഘങ്ങള്‍ക്കായി 1995 ലെ ഉപദേശകസമിതി അംഗീകരിച്ചിട്ടുള്ള ഇളവുകളും സൗകര്യങ്ങളും മാത്രമായി പ്രവര്‍ത്തിക്കുന്ന വളരെ ദുര്‍ബലാവസ്ഥയിലുള്ള ലേബര്‍ സഹകരണ സംഘങ്ങളെ താഴെത്തട്ടു മുതല്‍ ദേശീയതലംവരെ പുനരുജ്ജീവിപ്പിക്കാന്‍ ദീര്‍ഘകാലനയം രൂപവത്കരിക്കണമെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പ്രതിനിധി ആവശ്യപ്പെട്ടു.