ത്രൈവാര്‍ഷിക കര്‍മ്മപദ്ധതിയില്‍ സഹകരണ വകുപ്പ് ഏറ്റെടുക്കുന്നത് 32 പ്രവര്‍ത്തനങ്ങള്‍

moonamvazhi

അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട പദ്ധതികളെ ത്രൈവാര്‍ഷിക കര്‍മ്മപരിപാടിയാക്കി സഹകരണ വകുപ്പ് ക്രോഡീകരിച്ചു. 32 ഇനങ്ങളാണ് ഏറ്റെടുക്കാന്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളിലുള്ളത്. ഡല്‍ഹിയിലും മുംബൈയിലും സഹകരണ ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണന കേന്ദ്രം തുറക്കുമെന്ന പ്രഖ്യാപനവും ഇതിലുണ്ട്. സഹകരണ സംഘങ്ങള്‍ 1000 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കുമെന്നും, സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കായി സ്ഥിരം വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിരേഖയില്‍ പറയുന്നു.

സഹകരണ മേഖലയ്ക്ക് ഒരു മാലിന്യ സംസ്‌കരണ നയവും നിയമാവലിയും രൂപീകരിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും മാലിന്യ സംസ്‌കരണത്തില്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക വായ്പ സ്‌കീം തുടങ്ങും. സംഘങ്ങള്‍ സൗരോര്‍ജത്തിലേക്ക് മാറാനുള്ള ശ്രമമാണ് മറ്റൊന്ന്. ഇതിനായി, സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.

സംഘങ്ങള്‍ സംരഭകത്വത്തിലേക്ക് മാറണമെന്ന കാഴ്ചപ്പാടാണ് കര്‍മ്മരേഖ മുന്നോട്ടുവെക്കുന്നത്. ഇതിന് സഹായിക്കാനായി ഒരു അപ്പകസ് കൗണ്‍സില്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. മുതല്‍ മുടക്കുന്ന പണം നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംഘങ്ങള്‍ക്ക് നല്‍കാനും സഹായം ഉറപ്പാക്കാനുമാണിത്. മാത്രവമല്ല, സംഘങ്ങള്‍ ഏറ്റെടുക്കേണ്ട സംരംഭങ്ങളെക്കുറിച്ച് വിപണി പഠിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അപ്പക്‌സ് കൗണ്‍സിലിനെ ഉപയോഗപ്പെടുത്തും.

സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും വൈപുല്യവും ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്ന മറ്റൊരുകാര്യം. നിലവില്‍ രണ്ടുതട്ടിലായാണ് സഹകരണ മേഖലയിലെ ആശുപത്രി സംവിധാനത്തെ ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇതിന് അനുസരിച്ച് ആശുപത്രി സംവിധാനം മെച്ചപ്പെട്ടിട്ടില്ല. ഒരു ആശുപത്രി സംഘങ്ങളുടെ അവരുടെ കഴിവിനും സാമ്പത്തിക ശേഷിക്കും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത് മാറ്റി പ്രാദേശിക തലം മുതല്‍ സഹകരണ ആശുപത്രി സംവിധാനം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരോ ജില്ലയിലും ഒരു റഫറല്‍ ആശുപത്രി എന്ന നിലയിലേക്ക് സഹകരണ ആശുപത്രി ഘടനയെ ക്രമീകരിക്കും.

ν

Leave a Reply

Your email address will not be published.

Latest News