തൊഴിലാളി സംഘങ്ങള്‍ മുതല്‍ നെയ്ത്തു സംഘങ്ങള്‍ വരെ
– ടി. സുരേഷ് ബാബു
തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി റിപ്പോര്‍ട്ട് – 4
90 വര്‍ഷം മുമ്പു തിരുവിതാംകൂറില്‍ സഹകരണാശയം വലിയ തോതിലല്ലെങ്കിലും എല്ലാ മേഖലയിലും വ്യാപിച്ചിരുന്നുവെന്നു സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം. തൊഴിലാളി സംഘങ്ങള്‍, കൈവേലക്കാരുടെ സംഘങ്ങള്‍ മുതല്‍ നെയ്ത്തുകാരുടെ സംഘങ്ങള്‍ വരെ ഇവയില്‍ ഉള്‍പ്പെടുന്നു.
ഇ ന്നത്തെപ്പോലെ കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന തൊഴിലാളി സഹകരണ സംഘങ്ങള്‍ പഴയ തിരുവിതാംകൂറിലുണ്ടായിരുന്നു. അത്തരമൊരു സൊസൈറ്റി പൊതുമരാമത്തു വകുപ്പിന്റെ ഒരു വര്‍ക്ക് വിജയകരമായി ഏറ്റെടുത്ത കാര്യം 1935 ല്‍ പുറത്തിറങ്ങിയ തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ കാണാം. 1926 ലാണു ഈ സംഘം ഒരു ജലസേചന സംഭരണി പുതുക്കിപ്പണിയാനുള്ള കരാര്‍ ഏറ്റെടുത്തത്. കുറെക്കാലമായി ഈ ജലസംഭരണി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. സംഘത്തിന്റെ ജോലിയില്‍ തൃപ്തരായ സര്‍ക്കാര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു റോഡുപണിയും മറ്റും ഏല്പ്പിച്ചുകൊടുത്തതായി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1929 ല്‍ 11 സൊസൈറ്റികള്ക്കാണു റോഡ് നന്നാക്കാനുള്ള കരാറുകള്‍ കിട്ടിയത്. ഇതിനു മൊത്തം 25,000 രൂപയാണു അന്നു ചെലവു വന്നത്. പതിവുപോലെ ഇത്തരം തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ക്രമേണ മന്ദീഭവിച്ചു. പണി കഴിഞ്ഞ റോഡിന്റെ അളവെടുത്തു പണം നല്കുന്നതില് സര്‍ക്കാര്‍ ഭാഗത്തുനിന്നു അമാന്തം വന്നതോടെ സൊസൈറ്റികളുടെ ആവേശം കെട്ടടങ്ങി. 1933 ല്‍ വെറും രണ്ടു സൊസൈറ്റികള്‍ മാത്രമാണ് ഇത്തരത്തില്‍ റോഡുപണിക്കുള്ള കരാര്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം കരാര്‍ കൊണ്ട് സംഘത്തിലെ അംഗങ്ങള്‍ക്കു നേരിട്ട് ഗുണമൊന്നും കിട്ടിയിരുന്നില്ല എന്നാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മദ്രാസിലെ ലേബര്‍ സൊസൈറ്റികളെപ്പോലെ അംഗങ്ങള്‍ക്കു തൊഴില്‍ കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ തിരുവിതാംകൂറിലെ തൊഴിലാളി സംഘങ്ങളും രക്ഷപ്പെടുമായിരുന്നു എന്നാണു ജി.കെ. ദേവധാര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തര്‍ക്കങ്ങള്‍ കേസിലേക്കെത്തിക്കാതെ പറഞ്ഞുതീര്‍ക്കുന്ന സേവനംകൂടി അക്കാലത്തെ പല സഹകരണ സംഘങ്ങളും നടത്തിയിരുന്നു. അംഗങ്ങളല്ലാത്തവര്പോലും ഇങ്ങനെ സംഘത്തിന്റെ സേവനം തേടിയെത്തിയിരുന്നു. 1924 ലാണു ആദ്യമായി ഒരു സംഘം കേസിന്റെ വഴി ഒഴിവാക്കി ഒത്തുതീര്‍പ്പിന്റെ പാത സ്വീകരിച്ചത്. അടുത്ത കൊല്ലമായപ്പോഴേക്കും 25 സംഘങ്ങള്‍ ഈ പാത പിന്തുടര്ന്നു. തൊട്ടടുത്ത കൊല്ലം ഇതു 81 ആയും 1929 ല്‍ 91 ആയും വര്‍ധിച്ചു. എന്നാല്‍, ഈ സമാധാന മാര്‍ഗത്തിനും അല്‍പ്പായുസ്സേ ഉണ്ടായുള്ളു. 1933 ല്‍ ആര്‍ബിട്രേഷന്റെ മാര്‍ഗം സ്വീകരിച്ചിരുന്ന സംഘങ്ങളുടെ എണ്ണം ഒമ്പതായി കുറഞ്ഞു. ഇതിന്റെ ജനസമ്മതി ഇടിഞ്ഞതിനെപ്പറ്റി സഹകരണ സംഘം രജിസ്ട്രാര്‍ അന്വേഷണം നടത്തേണ്ടതാണെന്നു അന്വേഷണ സമിതി അഭിപ്രായപ്പെട്ടു. ഇരുപക്ഷത്തിന്റെയും വാദം കേട്ട് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കഴിവു തെളിയിച്ചിട്ടുള്ള നിഷ്പക്ഷരായ ആള്‍ക്കാരെ കണ്ടെത്തി സമാധാനവഴിയിലുള്ള ഈ ഒത്തുതീര്‍പ്പു സമ്പ്രദായം പുനരുജ്ജീവിപ്പിക്കണമെന്നു സമിതി അഭിപ്രായപ്പെടുകയുണ്ടായി.
കോഴി, തേനീച്ച വളര്‍ത്തല്‍ സംഘങ്ങള്‍
1933 ലെ രജിസ്ട്രാറുടെ റിപ്പോര്‍ട്ടു പ്രകാരം തിരുവിതാംകൂറില്‍ മൂന്നു സഹകരണ സംഘങ്ങള്‍ കോഴി, തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു. കൂട്ടത്തില്‍ മാര്‍ത്താണ്ഡത്തെ സംഘമാണു നന്നായി പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘത്തില്‍ 57 കര്‍ഷകര്‍ അംഗങ്ങളായുണ്ടായിരുന്നു. സംഘത്തിന്റെ ഓഹരി മൂലധനം 316 രൂപ. വൈ.എം.സി.എ. റൂറല്‍ സെന്ററിന്റെ കീഴിലാണു ഈ സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. ആ പ്രദേശത്തു കോഴി വളര്‍ത്തലും തേനീച്ച വളര്‍ത്തലും നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു ഈ സെന്റര്‍. നാനൂറോളം കോഴി വളര്ത്തലുകാരും തേനീച്ച വളര്ത്തലുകാരും അവിടെയുണ്ടായിരുന്നു. ഇവരില്‍ നിന്നെല്ലാം മുട്ടയും തേനും ശേഖരിച്ചു വിപണിയില്‍ വിറ്റിരുന്നതു റൂറല്‍ സെന്ററാണ്. സംഘത്തിനു ഇതില്‍ പങ്കാളിത്തമൊന്നുമില്ലായിരുന്നു. കര്‍ഷകര്‍ക്കു നല്ല വിലയാണു നല്‍കിയിരുന്നത്. സര്‍ക്കാര്‍ കൊല്ലത്തില്‍ മൂവായിരം രൂപ സെന്ററിനു ഗ്രാന്റ് അനുവദിച്ചിരുന്നു. നല്ല ശ്രദ്ധ കൊടുത്താല്‍ കോഴി, തേനീച്ച വളര്‍ത്തല്‍ സംസ്ഥാനത്തെ മികച്ച കുടില്‍ വ്യവസായമായി മാറുമെന്നു സമിതി അഭിപ്രായപ്പെടുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ സംഘങ്ങള്‍
തിരുവിതാംകൂറില്‍ 1933 ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമായി 39 സഹകരണ സംഘങ്ങളുണ്ടായിരുന്നു. ഇതില്‍ മുപ്പത്തിനാലും വായ്പാ സംഘങ്ങളായിരുന്നു. കുടുംബക്ഷേമ ഫണ്ടിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ബെനിഫിറ്റ് ഫണ്ടുകളായിരുന്നു നാലെണ്ണം. അഞ്ചാമത്തേതു വായ്പയും ബെനിഫിറ്റ് ഫണ്ടും ചേര്‍ന്ന സംഘമായിരുന്നു. ജീവനക്കാരുടെ സംഘങ്ങളുടെ മൊത്തം അംഗബലം 15,000 ആയിരുന്നു. പ്രവര്‍ത്തന മൂലധനമാവട്ടെ മൂന്നര ലക്ഷം രൂപയും.
1933 ല്‍ തിരുവിതാംകൂറില്‍ അധ്യാപകരുടെ നാലും മുനിസിപ്പല്‍ ജീവനക്കാരുടെ അഞ്ചും ഫാക്ടറിത്തൊഴിലാളികളുടെ മൂന്നും സഹകരണ സംഘങ്ങളുണ്ടായിരുന്നു. അധ്യാപക സഹകരണ സംഘത്തില്‍ 285 അംഗങ്ങളാണുണ്ടായിരുന്നത്. പ്രവര്‍ത്തന മൂലധനം 8902 രൂപ. ഈ അംഗങ്ങളില്‍ പലരും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘത്തിലും മറ്റു പ്രാദേശിക സംഘങ്ങളിലും അംഗങ്ങളായി ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സമിതിയുടെ നിഗമനം. രണ്ടോ അതിലധികമോ സംഘങ്ങളില്‍ നിന്നു കടം വാങ്ങാന്‍ അനുവദിക്കരുതെന്ന തങ്ങളുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഇത്തരം പലവിധ സൊസൈറ്റികളുടെ ആവശ്യകത ഇല്ലാതാവുമെന്നു സമിതി അഭിപ്രായപ്പെടുന്നു.
മുനിസിപ്പല്‍ ജീവനക്കാരുടെ സംഘങ്ങള്‍
അക്കാലത്ത് ആകെ 19 മുനിസിപ്പാലിറ്റികളുായിരുന്നു തിരുവിതാംകൂറില്‍. എന്നിട്ടും, അഞ്ചു സൊസൈറ്റികളേ മുനിസിപ്പല്‍ ജീവനക്കാര്‍ക്കായി രൂപവത്കരിച്ചിരുന്നുള്ളു. ഇതൊരു പോരായ്മയായാണു സഹകരണാന്വേഷണ സമിതി കാണുന്നത്. മുനിസിപ്പാലിറ്റിയിലൊക്കെ സാമാന്യം നല്ല ശമ്പളമാണു കിട്ടിക്കൊണ്ടിരുന്നത്. പക്ഷേ, പല ജീവനക്കാരും മദ്യത്തിനടിമകളായിരുന്നു. അതുകൊണ്ട് സമ്പാദ്യശീലം കുറവായിരുന്നു. മുനിസിപ്പല്‍ അധികൃതര്‍ ശ്രദ്ധിച്ചാല്‍ ഇതൊക്കെ മാറ്റിയെടുക്കാവുന്നതേയുള്ളു എന്നാണു സമിതിയുടെ വിലയിരുത്തല്‍. പലപ്പോഴും മേസ്തിരിമാരും മറ്റുമാണു സംഘങ്ങളെ നയിച്ചിരുന്നത്. അവര്‍ക്കാകട്ടെ അംഗങ്ങളുടെ ക്ഷേമത്തില്‍ ഒരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. താങ്ങാവുന്നതില്‍ക്കൂടുതല്‍ കടം വാങ്ങിക്കൂട്ടി കടക്കാരായി മാറുകയായിരുന്നു പല അംഗങ്ങളും. തങ്ങളെ നേരാംവിധം നയിക്കാന്‍ ഒന്നോ രണ്ടോ ആള്‍ക്കാരെ കണ്ടെത്തിയാല്‍ ഗുജറാത്തിലും ബോംബെയിലും ഒട്ടേറെ സംഘങ്ങളില്‍ കണ്ടതുപോലുള്ള ഗുണപരമായ മാറ്റം ഇവിടെയും ഉണ്ടാകുമെന്നു സമിതി ചൂണ്ടിക്കാട്ടുന്നു.
ഫാക്ടറിത്തൊഴിലാളി സംഘങ്ങളുടെ അവസ്ഥയും ദയനീയമായിരുന്നു. നൂറ്റമ്പതോളം ഫാക്ടറികളാണ് 1933 ല്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 31 ഫാക്ടറികളില്‍ നൂറിലധികം തൊഴിലാളികളുണ്ടായിരുന്നു. എണ്ണ മില്ലുകള്‍, ഓട്ടുകമ്പനികള്‍, തേയില, റബ്ബര്‍ ഫാക്ടറികള്‍ എന്നിവ ഇവയില്‍പ്പെടും. എന്നിട്ടും, സംസ്ഥാനത്തു രൂപം കൊണ്ട ഫാക്ടറിത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വെറും മൂന്നായിരുന്നു. ആകെ അംഗത്വം 277. പ്രവര്‍ത്തന മൂലധനം 10,774 രൂപ. ഇത്തരത്തിലുള്ള കൂടുതല്‍ സംഘങ്ങള്‍ ഉണ്ടാവാത്തതിനു പ്രധാന കാരണമായി അന്വേഷണ സമിതി കണ്ടെത്തുന്നതു മാനേജ്മെന്റുകളുടെ തണുപ്പന്‍ നയമാണ്. സ്ഥാപനത്തില്‍ ഏതെങ്കിലും തരത്തില്‍ സംഘടനകളുണ്ടാകുന്നതു മുതലാളിമാര്‍ ഭയപ്പെട്ടിരുന്നു. പില്ക്കാലത്ത് ഇവ തങ്ങള്‍ക്കു കുരിശായി മാറുമോ എന്ന ഭീതി. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്തിക്കൊടുത്താല് മുതലാളിമാര്‍ വഴങ്ങിയേക്കുമെന്നാണു സമിതിയുടെ നിരീക്ഷണം. സഹകരണ സംഘങ്ങള്‍ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടിയാണെന്നു അവര്‍ക്കു ബോധ്യമാവണം. പക്ഷേ, മുതലാളിമാര്‍ക്കിടയില്‍ സ്വാധീനവും വിശ്വാസ്യതയുമുള്ളവരാകണം സംഘങ്ങളുടെ പ്രചാരകരായി മാറേണ്ടത്. ദിവാന് പേഷ്കാറുടെ സഹായത്തോടെ സഹകരണ സംഘം രജിസ്ട്രാര്‍തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നായിരുന്നു സമിതിയുടെ അഭിപ്രായം.
ആര്‍ട്ടിസാന്‍ സംഘങ്ങള്‍
സ്വര്‍ണപ്പണിക്കാരും മരപ്പണിക്കാരുമടങ്ങുന്ന വിശ്വകര്‍മജരുടെ സൊസൈറ്റികള്‍ കുറച്ചു ഭേദമായിരുന്നു. 28 ആര്‍ട്ടിസാന്‍ സഹകരണ സംഘങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്. ഇവയുടെ ഓഹരി മൂലധനം 21,535 രൂപ. ഈ സംഘങ്ങളെല്ലാംതന്നെ വായ്പാ സംഘങ്ങളായിരുന്നു. സ്വര്‍ണപ്പണിക്കാരും മരപ്പണിക്കാരുമാണു ഇത്തരം സംഘങ്ങളില്‍ കൂടുതലും ഉണ്ടായിരുന്നത്. തിരുവനന്തപുരത്തു വ്യവസായ വകുപ്പിന്റെ സെയില്‍സ് ഡിപ്പോ വഴിയാണു ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത്. അക്കാലത്തു സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഈ സെയില്‍സ് ഡിപ്പോ വഴി വിറ്റഴിക്കാനേ അനുവാദമുണ്ടായിരുന്നുള്ളു. വില്‍ക്കുന്ന സാധനങ്ങള്‍ക്കു പന്ത്രണ്ടര ശതമാനം കമ്മീഷന് ഈടാക്കിയിരുന്നു. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കാലതാമസം ഈ കൈവേലക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇവരെ സഹായിക്കാന്‍ ധനകാര്യ ബാങ്കുകള്‍ മുന്നോട്ടു വരേണ്ടതാണെന്നു സഹകരണാന്വേഷണ സമിതി ആവശ്യപ്പെടുന്നു. ബാങ്കുകള്‍ അതിനു തയാറാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ വേണ്ട നടപടികളെടുക്കണം. സെയില്‍സ് ഡിപ്പോയില്‍ സര്‍ക്കാര്‍ ഒരു തുക നിക്ഷേപിക്കണമെന്നാണു സമിതി നിര്‍ദേശിക്കുന്നത്. ഇതില്‍ നിന്നു വിശ്വകര്‍മജരുടെ സംഘങ്ങള്‍ക്കു അഡ്വാന്‍സ് അനുവദിക്കണം. സംഘം കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളുടെ വിലയുടെ 60 – 70 ശതമാനം തുക ഡിപ്പോയില്‍ നിന്നു അഡ്വാന്‍സായി നല്‍കണമെന്നാണു സമിതിയുടെ ശുപാര്‍ശ.
നെയ്ത്തു സംഘങ്ങള്‍
അന്നത്തെ ഇന്ത്യയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം ആള്‍ക്കാരുടെ ജീവനോപാധി നെയ്ത്തായിരുന്നു. എന്നാല്‍, തിരുവിതാംകൂറില്‍ നെയ്ത്തുകാരുടെ സഹകരണ സംഘങ്ങള്‍ വളരെ കുറവായിരുന്നു എന്നാണു സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകുന്നത്. 1931 ല്‍ ആകെ 14 നെയ്ത്തു സംഘങ്ങളേ ഉണ്ടായിരുന്നുള്ളു. തിരുവിതാംകൂറില്‍ നെയ്ത്ത് മുഖ്യ തൊഴിലായി സ്വീകരിച്ചിരുന്നവരുടെ എണ്ണം 14,636 ആയിരുന്നു. 1588 പേര് നെയ്ത്ത് രണ്ടാം തൊഴിലായും സ്വീകരിച്ചിരുന്നു. എങ്കിലും, സംഘങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്നു എന്നു കാണാം. എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ , കൊച്ചി ഒഴികെ, സ്ഥിതി കുറച്ചു ഭേദമായിരുന്നു. നെയ്ത്തുകാരുടെ സഹകരണ സംഘങ്ങളില്‍ മുന്നിട്ടു നിന്നിരുന്നതു ബംഗാളും പഞ്ചാബുമായിരുന്നു. 1931 – 32 ല്‍ ബംഗാളില്‍ 300 നെയ്ത്തു സഹകരണ സംഘങ്ങളുണ്ടായിരുന്നു. പഞ്ചാബില്‍ 200, മൈസൂരില്‍ 69, ബോംബെയില്‍ 53, മദ്രാസില്‍ 28 എന്നിങ്ങനെയാണു നെയ്ത്തു സംഘങ്ങളുടെ കണക്ക്. കൊച്ചിയില്‍ ആകെയുണ്ടായിരുന്നതു മൂന്നു സംഘങ്ങള്‍ മാത്രം. നെയ്ത്തു സംഘങ്ങളെ സഹായിക്കാന്‍ ചില പ്രവിശ്യകളില്‍ സര്‍ക്കാര്‍ സഹായത്തോടെയും സര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി പോലുള്ള സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെയും തുണി ഡിപ്പോകള്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍വെന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ ഒരു സെയില്‍സ് ഡിപ്പോ മലബാറിലെ കോഴിക്കോട്ട് അക്കാലത്തു പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ( സര്‍വെന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി അധ്യക്ഷനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ജി.കെ. ദേവധാറായിരുന്നു സഹകരണാന്വേഷണ സമിതി ചെയര്മാന് എന്നു പ്രത്യേകം ഓര്‍ക്കുക. സ്വാഭാവികമായും തന്റെ സംഘടനയുടെ പ്രവര്‍ത്തനം എടുത്തുകാണിക്കാന്‍ അദ്ദേഹം താല്‍പ്പര്യമെടുക്കും ).
കോഴിക്കോട്ടെ സെയില്‍സ് ഡിപ്പോയുടെ ചാര്‍ജുണ്ടായിരുന്ന ജീവനക്കാരന് സമിതിയോടു പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുദ്ധരിക്കുന്നുണ്ട്. പ്രതിവര്‍ഷം ഈ ഡിപ്പോവിനു 400 രൂപ സര്‍ക്കാര്‍ ഗ്രാന്റായി കൊടുക്കുന്നുണ്ടെന്നു ജീവനക്കാരന് ചൂണ്ടിക്കാട്ടുന്നു. നെയ്ത്തു സംഘങ്ങളല്ലാത്ത മറ്റു സംഘങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്ക്കാന് വെക്കാറുണ്ട്. അതിനു ചെറിയൊരു കമ്മീഷന് വാങ്ങും. വലിയ മുണ്ടിനായിരുന്നു അക്കാലത്തു ഡിമാന്റ്. വലിയ മുണ്ട് നെയ്യാന്‍ അതിനനുസരിച്ച് തറികളില്‍ മാറ്റം വരുത്തണമായിരുന്നു. ആറു സംഘങ്ങള്‍ ഇതനുസരിച്ച് തറികളില്‍ മാറ്റം വരുത്തി വലിയ മുണ്ട് നെയ്യാന്‍ തുടങ്ങി. അവരുടെ വരുമാനവും അതോടെ വര്‍ധിച്ചു.
കൈത്തറി നെയ്ത്തുകാരുടെ പ്രയാസങ്ങള്‍ തീര്‍ക്കാനായി അക്കാലത്ത് ഇന്ത്യാ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിച്ചിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാറും ഇതുപോലെ നെയ്ത്തുകാരെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നു സഹകരണാന്വേഷണ സമിതി നിര്‍ദേശിച്ചു. അതുപോലെ ഫോറസ്റ്റ്, എക്സൈസ്, പോലീസ്, സൈനിക വിഭാഗങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ സഹകരണ സംഘങ്ങളില്‍ നിന്നു വാങ്ങണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവെക്കുകയുണ്ടായി.
വിതരണ സംഘങ്ങള്‍
1933 ല്‍ തിരുവിതാംകൂറില്‍ 18 ഡിസ്ട്രിബ്യൂട്ടീവ് സൊസൈറ്റികളുണ്ടായിരുന്നു. ഇവയെ സഹകരണ സ്റ്റോറുകള്‍ എന്നാണു വിളിച്ചിരുന്നത്. ഇവയെല്ലാംകൂടി വര്‍ഷത്തില്‍ 1,68,988 രൂപയുടെ സാധനങ്ങളാണു വാങ്ങിയിരുന്നത്. കൂട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നതു തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് ഡിസ്ട്രിബ്യൂട്ടീവ് സൊസൈറ്റിയാണ്. തിരുവിതാംകൂറില്‍ സഹകരണ നിയമം പാസായ 1914 നു മുമ്പുതന്നെ ഈ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു പ്രവര്‍ത്തനം. ഈ സൊസൈറ്റിക്കു സ്വന്തം കെട്ടിടമുണ്ടായിരുന്നു. ഏഴു ശാഖകളുണ്ടായിരുന്നു. മെച്ചപ്പെട്ട കരുതല്‍ ശേഖരവുമുണ്ടായിരുന്നു. സംഘത്തിലെ ജീവനക്കാര്‍ക്കായി പ്രോവിഡന്റ് ഫണ്ട് പദ്ധതിയും തുടങ്ങിയിരുന്നു. ജീവനക്കാരും സൊസൈറ്റിയും തുല്യസംഖ്യയാണു പി.എഫിലേക്ക് അടച്ചിരുന്നത്. ഇതില്‍ നിക്ഷേപിക്കുന്ന തുകയ്ക്കു ജീവനക്കാര്‍ക്കു ആറു ശതമാനം പലിശയും അനുവദിച്ചിരുന്നു.
സഹകരണ സ്റ്റോറുകള്‍
സഹകരണ സ്റ്റോറുകള്‍ക്കു ഇന്ത്യയില്‍ പൊതുവെ വലിയ പ്രചാരമില്ലെന്നാണു അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. തിരുവിതാംകൂറിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യ വര്‍ഷം നാലു സഹകരണ സ്റ്റോറുകള്‍ മാത്രമാണു തുടങ്ങിയിരുന്നത്. അതില്‍ത്തന്നെ മൂന്നെണ്ണവും പൊട്ടി. ഒരെണ്ണമേ നിലനിന്നുള്ളു. സഹകരണ സ്റ്റോറുകള്‍ക്കു തുടക്കം കുറിച്ച ഇംഗ്ലണ്ടിലെപ്പോലെ ഇന്ത്യയില്‍ അവ വിജയിക്കില്ലെന്നാണു സമിതിയുടെ വിലയിരുത്തല്‍. ഒന്നാമത്, ഇംഗ്ലണ്ടില്‍ മൊത്തവിലയും ചില്ലറ വിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടാമത്, ഇംഗ്ലണ്ടിലെപ്പോലെ ഇവിടെ സഹകരണ സ്റ്റോറില്‍ നിന്നു ലാഭവിഹിതം കിട്ടാന്‍ പോകുന്നില്ല. മൂന്നാമത്, ഇംഗ്ലണ്ടില്‍ സഹകരണ സ്റ്റോറുകള്‍ തൊഴിലാളികളുടേതാണ്. ഇന്ത്യയിലാവട്ടെ ഇതു വിദ്യാസമ്പന്നരുടെ ഏര്‍പ്പാടാണ്. മാത്രവുമല്ല, ഇന്ത്യയില്‍ വന്‍ പട്ടണങ്ങളില്‍ മാത്രമേ സഹകരണ സ്റ്റോറുകള്‍ വിജയിക്കുകയുള്ളു. ഇംഗ്ലണ്ടില്‍ അംഗങ്ങള്‍ക്കു നല്ലൊരു സംഖ്യ ലാഭവിഹിതമായി നല്കുമ്പോള് ഇവിടെ അതു നാമമാത്രമാണ്. 1904 ല്‍ സ്ഥാപിതമായ , ഇന്ത്യയിലെ ആദ്യത്തെ കണ്‍സ്യൂമര്‍ സഹകരണ സ്റ്റോറായ മദ്രാസിലെ ട്രിപ്ലിക്കേന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരണയുടെ നാലിലൊന്നാണു ഡിവിഡന്റായി കൊടുക്കുന്നതെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ലാഭവിഹിതം വര്‍ധിപ്പിച്ചാല്‍ ഒരുപക്ഷേ, പാവപ്പെട്ട ആള്‍ക്കാരും സഹകരണ സ്റ്റോറുകളില്‍ അംഗങ്ങളായേക്കുമെന്നു സമിതി അഭിപ്രായപ്പെടുന്നു.
( തുടരും )