തച്ചമ്പാറക്ക് തണലായി ഉയര്‍ന്ന സഹകരണ ബാങ്ക്

അനില്‍ വള്ളിക്കാട്

25 അംഗങ്ങളും 50 രൂപ ഓഹരി മൂലധനവുമായി 1919 ല്‍
തുടക്കമിട്ടതാണു പാലക്കാട്ടെ തച്ചമ്പാറ സഹകരണ
ബാങ്ക്. ആദ്യകാലത്തു പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.
1960 ആയപ്പോഴേക്കും പ്രവര്‍ത്തനം ശക്തമായി. ക്ലാസ് വണ്‍
സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുള്ള ബാങ്കിലിപ്പോള്‍
പതിനായിരത്തിലേറെ എ ക്ലാസംഗങ്ങളുണ്ട്.

നാണ്യവിളകളുടെ നാട്ടില്‍ കര്‍ഷകരുടെ തണല്‍മരമായി ഉയര്‍ന്നുനില്‍ക്കുകയാണ് ഈ സഹകരണ ബാങ്ക്. വിദ്യാഭ്യാസവളര്‍ച്ചയും കാര്‍ഷികമികവും ഒരുപോലെ പ്രകടമാക്കുന്ന പാലക്കാട്ടെ തച്ചമ്പാറ എന്ന ഗ്രാമത്തെ സാമ്പത്തികഭദ്രതയിലേക്ക് അടുപ്പിക്കാന്‍ ഒരു നൂറ്റാണ്ടിനപ്പുറത്തെ പ്രവര്‍ത്തനപാരമ്പര്യമുണ്ട് ഇവിടത്തെ സഹകരണ ബാങ്കിന്. കാടും മേടും കിളച്ച് കൃഷിഭൂമിയാക്കിയ കുടിയേറ്റക്കാര്‍. വാണിജ്യത്തിന്റെ വഴിതേടിയ തദ്ദേശീയര്‍. വിദ്യാഭ്യാസമാണു സമൂഹത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്നു കണ്ടറിഞ്ഞു പണ്ടേ അക്ഷരസ്ഥാപനങ്ങള്‍ തുടങ്ങിയ നാട്ടുപ്രമാണിമാര്‍. എവിടെയും എപ്പോഴും പണത്തിന്റെ പരസ്പരസഹായം വേണമെന്നു 104 വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞ എടച്ചോല കുട്ടപ്പണിക്കരും നാട്ടിലെ പ്രമുഖരിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധോദ്ദേശ ഐക്യനാണയ സംഘമാണ് ഇന്നു ധനശാഖകളായി പടര്‍ന്ന തച്ചമ്പാറ സര്‍വീസ് സഹകരണ ബാങ്ക്. 25 അംഗങ്ങളും 50 രൂപ ഓഹരി മൂലധനവുമായിട്ടായിരുന്നു തുടക്കം.

തുടക്കത്തില്‍
തടസ്സങ്ങള്‍

ഒന്നിരുന്നാല്‍ നന്നായി നടക്കാമെന്നതു തച്ചമ്പാറ ബാങ്കിന്റെ വിജയപാഠമാണ്. 1919 ല്‍ തുടങ്ങിയ സംഘത്തിന് അഞ്ചു വര്‍ഷത്തിനു ശേഷം അത്രതന്നെ കാലം പല കാരണങ്ങളാല്‍ പ്രവര്‍ത്തിക്കാനായില്ല. 1930 ല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ക്വിറ്റ് ഇന്ത്യ സമരകാലത്തു പ്രാദേശികമായുണ്ടായ രാഷ്ട്രീയസമരങ്ങളില്‍ ഉലഞ്ഞു സംഘം വീണ്ടും ചെറിയൊരു ഇടവേളയിലേക്കു വീണു. 1950 ലാണു സംഘം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. പിന്നീട് തടസ്സങ്ങളില്ലാതെ പ്രവര്‍ത്തനം തുടങ്ങി. 1960 ല്‍ സഹകരണസംഘമായി. 1964 ല്‍ സഹകരണ ബാങ്കുമായി.

തച്ചമ്പാറ, കാരാകുറുശ്ശി പഞ്ചായത്തുകള്‍ മുന്‍പ് ബാങ്കിന്റെ പ്രവര്‍ത്തന മേഖലകളായിരുന്നു. കാരാകുറുശ്ശിയില്‍ പുതിയ ബാങ്ക് വന്നതോടെ തച്ചമ്പാറ ബാങ്ക് സ്വന്തം പഞ്ചായത്തില്‍ മാത്രം ഒതുങ്ങി. തച്ചമ്പാറയിലെ ഹെഡ് ഓഫീസിനു പുറമെ പാലക്കയം, മുതുകുറുശ്ശി, പൊന്നംകോട് എന്നിവിടങ്ങളില്‍ മൂന്നു ശാഖകളുണ്ട്. നീതി മെഡിക്കല്‍ ഷോപ്പ്, നീതി സ്റ്റോര്‍, അടുത്തിടെ തുടങ്ങിയ നീതി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ ബാങ്കിന്റെ അനുബന്ധസ്ഥാപനങ്ങളാണ്. പാലക്കയം ശാഖയോടു ചേര്‍ന്നു രാസവളം ഗോഡൗണും പ്രവര്‍ത്തിക്കുന്നുണ്ട്. നീതി മെഡിക്കല്‍ സ്റ്റോര്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവും ബാങ്കിന്റെ നട്ടെല്ലുമായിട്ടാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒമ്പതു ലക്ഷം രൂപയുടെ ലാഭമുണ്ടാക്കി മാതൃകാ സഹകരണസ്ഥാപനമായി മാറുകയാണു മെഡിക്കല്‍ സ്റ്റോര്‍. എല്ലാ സാധനങ്ങള്‍ക്കും ഏറ്റവും കുറഞ്ഞതു പത്തു ശതമാനം വിലക്കിഴിവുമായാണു പുതുതായി തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. രാസവളങ്ങള്‍ 50 ശതമാനം സബ്‌സിഡിനിരക്കില്‍ 13 ക്ലസ്റ്റര്‍ യൂണിറ്റുകള്‍ക്കു വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.

കാര്‍ഷിക
വായ്പയില്‍ കുതിപ്പ്

 

നേന്ത്രവാഴക്കൃഷിയാണു തച്ചമ്പാറയില്‍ കൂടുതല്‍. റബ്ബറും തെങ്ങും കവുങ്ങും ജാതിയും ധാരാളം കൃഷി ചെയ്യന്നവരുണ്ട്. പ്രതിവര്‍ഷം 12 കോടി രൂപയിലേറെ കാര്‍ഷികവായ്പയായി നല്‍കുന്നതു കാര്‍ഷികമേഖലയ്ക്കു ബാങ്കിന്റെ വലിയൊരു കൈത്താങ്ങാണ്. വനിതാശാക്തീകരണത്തിനു ബാങ്ക് വായ്പയിലൂടെ കൂടുതല്‍ കരുത്തു പകരുന്നുണ്ട്. വനിതകളുടെ അമ്പതു സംയുക്ത ബാധ്യതാസംഘങ്ങളാണു ( ജെ.എല്‍.ജി. ) ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ഈ സംഘങ്ങളിലധികവും പാട്ടത്തിനു സ്ഥലമെടുത്തു വാഴ, കപ്പ, കൂര്‍ക്ക എന്നിവ കൃഷി ചെയ്യുന്നവരാണ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും മുറ്റത്തെ മുല്ലയിലും വനിതകള്‍ക്കായി ധാരാളം വായ്പാസഹായം നല്‍കുന്നുമുണ്ട്.
മണ്ണാര്‍ക്കാടിനടുത്തു വാണിജ്യപരമായി വികാസം തേടുന്ന പ്രദേശം കൂടിയാണു തച്ചമ്പാറ. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് രണ്ടു ലക്ഷം രൂപ വരെ വായ്പ ബാങ്ക് നല്‍കുന്നുണ്ട്. ഇതിനു പുറമെ പത്തു ലക്ഷം രൂപ വരെ ഓവര്‍ഡ്രാഫ്റ്റും അനുവദിക്കും. സ്വയംതൊഴില്‍ വായ്പയായി അര ലക്ഷം രൂപ നല്‍കും. തയ്യല്‍ യന്ത്രങ്ങള്‍ അമ്പതു ശതമാനം സബ്‌സിഡിനിരക്കിലും ബാങ്ക് നല്‍കിവരുന്നു. ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള ബാങ്ക് ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയിലാണു പ്രവര്‍ത്തിക്കുന്നത്.

പതിനായിരത്തിലേറെ എ ക്ലാസ് അംഗങ്ങളുള്ള ബാങ്കിന് 130 കോടി രൂപയുടെ നിക്ഷേപക്കരുത്തുണ്ട്. 90 കോടി രൂപ വായ്പാസഹായമായി ബാക്കിനില്‍പ്പുണ്ട്. 250 കോടി രൂപയാണു പ്രവര്‍ത്തന മൂലധനം. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ലാഭത്തിലാണു ബാങ്ക് പ്രവര്‍ത്തിക്കുന്നത്. എല്ലാ വര്‍ഷവും പത്തു ശതമാനം ലാഭവിഹിതം അംഗങ്ങള്‍ക്കു നല്‍കാറുമുണ്ട്. ആകെ 20 ജീവനക്കാരാണു ബാങ്കിനുള്ളത്.
ബാങ്ക് നൂറു വര്‍ഷം പിന്നിട്ടതിന്റെ ആദരവായി സഹകരണ വകുപ്പിന്റെ പ്രശസ്തിപത്രം കഴിഞ്ഞ അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കുകയുണ്ടായി.

സുഗന്ധ വ്യഞ്ജന
സംസ്‌കരണം

കൃഷിക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന ബാങ്കിനു കാര്‍ഷികമേഖലയിലെ അടിസ്ഥാനവികസനത്തിനു പുതിയ പദ്ധതി നടപ്പാക്കാനാണ് ആഗ്രഹം. സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിച്ച് വില്‍ക്കുന്ന സംരംഭം തുടങ്ങാനാണു പദ്ധതിയിടുന്നതെന്നു ബാങ്ക് സെക്രട്ടറി എം. ജയകുമാര്‍ പറഞ്ഞു. നബാര്‍ഡില്‍ നിന്നു രണ്ടേകാല്‍ കോടി രൂപയുടെ സഹായവുമായി റെയ്ഡ്‌കോയുമായി സഹകരിച്ച് നടത്തുന്ന സംരംഭത്തിനു തത്വത്തില്‍ അംഗീകാരം ലഭിച്ചു. മുതുകുറുശ്ശി റോഡില്‍ ബാങ്കിനു 44 സെന്റ് സ്ഥലമുണ്ട്. ഇവിടെയുള്ള പഴയ കെട്ടിടം നവീകരിച്ചും പുതിയ കെട്ടിടം പണിതും ഫാക്ടറി തുടങ്ങാനാണു പരിപാടിയെന്നു സെക്രട്ടറി പറഞ്ഞു.

പി. അബ്ദുള്‍ ലത്തീഫ് പ്രസിഡന്റും രവീന്ദ്രന്‍ വൈസ് പ്രസിഡന്റുമായുള്ള ഭരണസമിതിയില്‍ പി. ഗോപി, പി.എം. സഫീര്‍, എം. കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ സലാം, പി.വി. കുര്യന്‍, പി. സുബ്രഹ്മണ്യന്‍, ബീന, സുജാത, സാഹിത എന്നിവര്‍ അംഗങ്ങളാണ്.

                                                               (മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.