ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ കരകൗശലവിപണി കോഴിക്കോട്ട് തുടങ്ങി
ഡൗണ്‍ സിന്‍ഡ്രോം ദിനമായ ഞായറാഴ്ച കോഴിക്കോട്ട് ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ കരകൗശലവിപണിയായ ‘സര്‍ഗശേഷി’ ഷോറൂം മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
യു.എല്‍.സി.സി.എസ്. ഫൗണ്ടേഷനും കോഴിക്കോട് ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റും (ദോസ്റ്റ് (DOST) ) ചേര്‍ന്ന് സര്‍ഗ്ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ സഹകരണത്തോടെയാണ് ഷോറൂം പ്രവര്‍ത്തിക്കുക. കോഴിക്കോട് നടക്കാവില്‍ വൈ.ഡബ്ലിയു.സി.എ.യ്ക്കു സമീപം കണ്ണൂര്‍ റോഡിലാണു വിപണി.
ഡൗണ്‍ സിന്‍ഡ്രോം വിഭാഗക്കാരായ കെ.സി. അഞ്ജനയും കെ.കെ. അഞ്ജലി സുരേന്ദ്രനും ടീന മറിയം തോമസും ആണു ‘സര്‍ഗശേഷി’യിലെ നടത്തിപ്പുകാര്‍. യു.എല്‍.സി.സി.എസ്. ഫൗണ്ടേഷന് നടത്തുന്ന ‘യുഎല്‍ കെയര്‍ – നായനാര്‍ സദനം – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണല്‍ ട്രെയിനിങ് ആന്‍ഡ് പ്ലേസ്മെന്റ് ഫോര്‍ അഡള്‍ട്സ് വിത്ത് ഇന്റലക്ച്വല്‍ ചലഞ്ചസി’ല്‍ പരിശീലനം നേടിയവരാണു മൂവരും. അതിനുപുറമെ, അഞ്ജലി പ്ലസ് ടുവും ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍സ് കോഴ്സും പാസായിട്ടുണ്ട്.
സര്‍ഗ്ഗാലയ പരിശീലിപ്പിച്ച ഭിന്നശേഷിയുള്ളയാളും രക്ഷിതാവും അടങ്ങുന്ന സംഘം വീടുകളില്‍ നിര്‍മിക്കുന്ന മികച്ച ഫിനിഷിങ്ങുള്ള കരകൗശലവസ്തുക്കള്‍ ‘സര്‍ഗശേഷി’യില്‍ ലഭിക്കും. സര്ക്കാരോഫീസുകളിലെയും സ്വകാര്യസ്ഥാപനങ്ങളിലെയും വീടുകളിലെയുമൊക്കെ ചടങ്ങുകളില്‍ സമ്മാനിക്കാവുന്ന ഉപഹാരങ്ങള്‍ മുതല്‍ ഓഫീസ്, ഗാര്‍ഹിക അലങ്കാരത്തിനും ആവശ്യങ്ങള്‍ക്കും പറ്റുന്ന സാമഗ്രികള്‍വരെ ‘സര്‍ഗശേഷി’യിലുണ്ട്.
‘തിരികെ’ എന്ന സിനിമയില്‍ അഭിനയിച്ച ഡൗണ്‍ സിന്‍ഡ്രോമുള്ള ടീന മറിയം തോമസ്, ഗോപികൃഷ്ണന് കെ. വര്‍മ്മ, നജീം എന്നിവരെ മുഖ്യാതിഥിയായ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് യു.എല്‍. ഫൗണ്ടേഷനുവേണ്ടി ആദരിച്ചു. ഗോപികൃഷ്ണനും ടീനയും ഫൗണ്ടേഷനില്‍ പരിശീലനം നേടുന്നവരാണ്.
ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമാക്കി യു.എല്‍.സി.സി.എസ്. ഫൗണ്ടേഷന് വര്‍ഷങ്ങളായി നടത്തിവരുന്ന മാതൃകാപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ‘സര്‍ഗ്ഗശേഷി’ എന്ന് ഫൗണ്ടേഷന് ഡയറക്റ്റര്‍ ഡോ എം.കെ. ജയരാജ് പറഞ്ഞു. വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന 80-ല്പ്പരംപേര്ക്കു ഫൗണ്ടേഷന് ശാസ്ത്രീയപരിശീലനം നല്കി കോഴിക്കോട്ടെ വിവിധ സംരംഭങ്ങളില്‍ തൊഴില്‍ നേടിക്കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡൗണ്‍ സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങള്‍ നല്കി അവര്‍ക്കു മാത്രമായി ഒരു സംരംഭം രാജ്യത്തുതന്നെ ആദ്യമായിരിക്കുമെന്ന് ദോസ്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശിശുരോഗവിദഗ്ദ്ധന് ഡോ. ഷാജി തോമസ് ജോണ്‍ പറഞ്ഞു. ദോസ്റ്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രസിഡന്റ് ടി. നാസര്‍ ബാബുവും സംബന്ധിച്ചു.