ഡിജിറ്റല്‍ കാലത്തെ സഹകരണ ബാങ്കിങ്ങിന്റെ ഭാവി
– കിരണ്‍ വാസു
സഹകരണ ബാങ്കുകളുടെ നിലനില്‍പ്പുപോലും അപകടത്തിലാകുന്ന ഗുരുതരമായ
സ്ഥിതിവിശേഷമാണു വരാന്‍ പോകുന്നത്. ഇന്ത്യയിലാകെ ഒറ്റച്ചരടില്‍ കോര്‍ത്ത
തപാല്‍ ബാങ്കുകള്‍ ഭാവിയില്‍ സഹകരണ ബാങ്കുകളുടെ സാധ്യതയെ
പരിമിതപ്പെടുത്തിയേക്കാം. സഹകരണ ബാങ്കുകള്‍ സംരംഭങ്ങള്‍ക്കുള്ള വായ്പയ്ക്കു
കൂടുതല്‍ ഊന്നല്‍ നല്‍കണം. സാങ്കേതികതയിലും പ്രവര്‍ത്തനരീതിയിലും
മാറ്റം കൊണ്ടുവന്നാലേ സഹകരണ ബാങ്കിങ് മേഖലയുടെ ഭാവി ഭദ്രമാക്കാനാകൂ.
സ്വാശ്രയ-ജനകീയ ബാങ്കിങ് എന്ന ആശയം ലോകത്താദ്യമായി നടപ്പാക്കിയതു സഹകരണ പ്രസ്ഥാനമാണ്. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ വായ്പാ അവശ്യം നിറവേറ്റുന്നതിനുള്ള, അവരുടേതന്നെ ഉടമസ്ഥതയിലുള്ള ചെറുധനകാര്യ സ്ഥാപനമാണു സഹകരണ സംഘങ്ങളും ബാങ്കുകളും. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനുതന്നെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. സഹകരണത്തിനു നിയമസംവിധാനം കെട്ടിപ്പടുത്തിട്ട് 117 വര്‍ഷമായി. കഴിഞ്ഞുപോയ ഒരു നൂറ്റാണ്ട് പിറവികൊണ്ടും വളര്‍ച്ചകൊണ്ടും വൈവിധ്യവത്കരണംകൊണ്ടും സഹകരണ പ്രസ്ഥാനത്തിന്റെ ഏറെ പ്രധാനപ്പെട്ട ചരിത്രം അടയാളപ്പെടുത്തിയ നൂറ്റാണ്ടാണ്. കേരളത്തിലും അതെ. കേരളത്തെ സംബന്ധിച്ച് സഹകരണ വായ്പാ മേഖലയില്‍, അഥവാ ജനകീയ ബാങ്കിങ് രംഗത്ത്, വലിയ മുന്നേറ്റമുണ്ടാക്കിയ ഒരു നൂറ്റാണ്ടിന്റെ ചരിത്രം കൂടിയാണ് എന്നു പറയാനാകും. ഇന്ത്യയില്‍ ഏറ്റവും ശക്തവും വിശ്വാസ്യതയുള്ളതുമായ സഹകരണ പ്രസ്ഥാനമുള്ളതു കേരളത്തിലാണ്. അതു വലിയ സ്ഥാപനങ്ങളുടെ പിറവി കൊണ്ടല്ല. ചെറിയ സഹകരണ സംഘങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ രൂപവത്കരിക്കുകയും അവ അതതു മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയതുകൊണ്ടുമാണ്. കൂലിപ്പണിക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും സഹകരണ മേഖലയില്‍ പങ്കാളിത്തം ലഭിച്ചു. അവരുടെ ഓരോരുത്തരുടെയും വിഹിതം സഹകരണ നിക്ഷേപമായി. ഇന്ത്യയിലെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തിലേറെ കേരളത്തിന്റെ വിഹിതമായി മാറി.
ഇനി പുതിയ കാലമാണ്. ഒരു നൂറ്റാണ്ടിനിപ്പുറം ജനകീയ ബാങ്കിങ് എന്ന കാഴ്ചപ്പാട് സഹകരണ സംഘങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതല്ല. സഹകരണ തത്വത്തില്‍ മാറ്റം വരുത്തി പുതിയ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. മൈക്രോ ഫിനാന്‍സ്, സ്വാശ്രയ കൂട്ടായ്മ, കൂട്ടുബാധ്യതാ സംഘങ്ങള്‍, കര്‍ഷക ഉല്‍പ്പാദനക്കമ്പനികള്‍ എന്നിങ്ങനെ പല പേരുകളിലായി രൂപപ്പെട്ട കൂട്ടായ്മകള്‍ എല്ലാംതന്നെ സ്വാശ്രയ സാമ്പത്തിക ഘടനയുടെ ഭാഗമായി. ജനങ്ങളില്‍നിന്നു വിഹിതം സ്വരൂപിച്ചുള്ള പദ്ധതിനിര്‍വഹണ രീതിക്കു ‘ക്രൗഡ് ഫണ്ടിങ്’ എന്ന വിളിപ്പേരു വന്നു. സര്‍ക്കാരുകള്‍ പോലും ക്രൗഡ് ഫണ്ടിങ് പദ്ധതിനിര്‍വഹണത്തിന്റെ ഭാഗമാക്കി. കേരളത്തില്‍ കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ ഈ മാതൃകയിലുള്ളതാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായി വിഭാവന ചെയ്യപ്പെട്ടിട്ടുള്ള കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഇതേ രീതിയിലുള്ളതാണ്. അതിലേക്കു ജനങ്ങള്‍ക്ക് ഓഹരി വിഹിതം നല്‍കാം. പറഞ്ഞുവരുന്നത്, സഹകരണ പ്രസ്ഥാനം ഇവയിലൊന്നു മാത്രമായി മാറി എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കണ്ടതും നേരിട്ടതുമായ കാര്യങ്ങളല്ല ഇനി സഹകരണ മേഖല നേരിടാനിരിക്കുന്നത്. ജനങ്ങളുടെ ജീവിത രീതി, സാമൂഹിക സാഹചര്യം എന്നിവയെല്ലാം മാറി. സഹകരണ പ്രസ്ഥാനത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലും മാറ്റം വന്നു. പുതിയ കാലം അതീവ വെല്ലുവിളി നിറഞ്ഞതാണ്. പ്രത്യേകിച്ച് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍.
നിലനില്‍പ്പ്
അപകടത്തില്‍
നിലനില്‍പ്പുപോലും അപകടത്തിലാകുന്ന അതിഗുരുതരമായ സ്ഥിതിവിശേഷമാണു സഹകരണ ബാങ്കുകള്‍ക്കു സംഭവിക്കാന്‍ പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഇരട്ടിയോളം സഹകരണ ബാങ്കുകളും അതിന്റെ മൂന്നിരട്ടി വരുന്ന ബാങ്കുകളല്ലാത്ത ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇനി അതിലും ഗൗരവമുള്ള ഒരു കാര്യം വായ്പാ മേഖല തകര്‍ന്നാല്‍ കേരളത്തിലെ സഹകരണ മേഖലയാകെ ക്ഷയിക്കും എന്നതാണ്. വായ്പാ സംഘങ്ങളുടെ വളര്‍ച്ചയും നിക്ഷേപത്തിന്റെ തോതും മാത്രമാണു കേരളത്തിലെ സഹകരണ മേഖല എന്നതു നമ്മള്‍ ഒരിക്കലും തിരിച്ചറിയാന്‍ ശ്രമിക്കാത്ത വസ്തുതയാണ്. വായ്‌പേതര സംഘങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളോ വിവിധ മേഖലകളില്‍ സഹകരണ സംഘങ്ങളെ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയോ കേരളം ഉള്‍ക്കൊണ്ടിട്ടില്ല. അങ്ങനെ തുടങ്ങിയ സംഘങ്ങള്‍ പോലും വായ്പാ സംഘങ്ങളോട് മത്സരിക്കാനാണു ശ്രമിക്കാറുള്ളത്. കാര്‍ഷിക മേഖലയുടെ അരികുപറ്റി വളര്‍ന്നവയാണു കേരളത്തിലെ സഹകരണ സംഘങ്ങള്‍. അതുകൊണ്ടാണ് വിത്തു ബാങ്കുകളും ചക്കര സംഘങ്ങളും ഐക്യനാണയ സംഘങ്ങളുമെല്ലാം സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യകാല രൂപങ്ങളായത്. ഇന്നു ഗ്രൂപ്പ് ഫാമിങ്ങിന്റെ കാലമാണ്. കര്‍ഷിക മേഖല ഹൈടെക് ആകുന്ന ഘട്ടമാണ്. അതില്‍ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഘട്ടവുമാണ്. അതുകൊണ്ട്, കാലോചിതമായി മാറാനായില്ലെങ്കില്‍ സഹകരണ ബാങ്കുകള്‍ക്കു വരുംകാലം അത്ര ശുഭകരമാവില്ലെന്ന് ഉറപ്പാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാഴ്ചപ്പാട് സഹകരണ സൗഹൃദമല്ലെന്നതും ഈ ഘട്ടത്തില്‍ തിരിച്ചറിയണം. സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിനിര്‍വഹണത്തിലും സഹകരണ പങ്കാളിത്തം ഉണ്ടായിട്ടില്ല. സഹകരണ സംഘങ്ങളെക്കാളും സര്‍ക്കാരിനു പദ്ധതിനിര്‍വഹണത്തില്‍ ആശ്രയിക്കാവുന്നതു സ്വാശ്രയ കൂട്ടായ്മയായ കൂടുംബശ്രീയെയാണെന്ന ബോധ്യം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. സഹകരണ ബാങ്കുകള്‍ക്കു ഭീഷണി വരാനിരിക്കുന്ന ഒന്നല്ല, വാതില്‍പ്പടിയില്‍ മുട്ടിവിളിക്കാന്‍ തുടങ്ങിയ ഒന്നാണ്.
സഹകരണ ബദലായി
പോസ്റ്റോഫീസുകള്‍
ആശയവിനിമയം ഫോണിലേക്കും അവിടെനിന്നു സമൂഹ മാധ്യമങ്ങളിലേക്കും എത്തുന്നതിനു മുമ്പ് നാടിനെയും മനുഷ്യരെയും ഒന്നിപ്പിച്ച സംവിധാനമായിരുന്നു പോസ്‌റ്റോഫീസ്. കത്തുകളുമായി വീടുകളിലെത്തുന്ന പോസ്റ്റ്മാന്‍ ഓരോ നാട്ടിലെയും എറ്റവും കൂടുതല്‍ ജനങ്ങളുമായി ബന്ധമുള്ള ആളായിരുന്നു. അദ്ദേഹത്തെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു. കത്തു വായിച്ചുകേള്‍പ്പിച്ചും പെന്‍ഷന്‍ എണ്ണിത്തിട്ടപ്പെടുത്തിക്കൊടുത്തും അദ്ദേഹം ആ വീട്ടുകാരില്‍ ഒരാളായി. കാലം മാറിയപ്പോള്‍ പോസ്റ്റ്മാനും പോസ്‌റ്റോഫീസും പുതുതലമുറയ്ക്ക് അന്യമായിത്തുടങ്ങിയെന്നു പറയാം. കത്തിലൂടെ പറഞ്ഞിരുന്ന വിശേഷം ഫോണിലൂടെയായി. മൊബൈല്‍ ഫോണ്‍ ജീവിതത്തിന്റെ അനിവാര്യതയായി മാറിയപ്പോള്‍ ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ തുടങ്ങി. അവര്‍ പെയ്‌മെന്റ് ബാങ്കുകള്‍ തുടങ്ങി. ആധുനിക ആശയവിനിമയ സംവിധാനം ബാങ്കിങ് സേവനത്തിലേക്കു കടന്നപ്പോഴാണു പോസ്റ്റോഫീസുകള്‍ക്കും അത്തരമൊരു മുഖം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അതു വലിയ ഹിറ്റായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന പോലുള്ള ജനകീയ പദ്ധതികള്‍ പോസ്റ്റ് ഓഫീസിലൂടെ നടപ്പാക്കിയപ്പോള്‍ പോസ്റ്റല്‍ ബാങ്കിങ്ങിനും അതു ഗുണം ചെയ്തു.
ഒന്നര ലക്ഷത്തിലേറെ വരുന്ന രാജ്യത്തെ മുഴുവന്‍ പോസ്റ്റോഫീസുകളെയും കോര്‍ ബാങ്കിങ് സംവിധാനത്തിനു കീഴിലാക്കി രാജ്യത്തു ഡിജിറ്റല്‍ പെയ്‌മെന്റിനു പുതിയ വേഗം നല്‍കുമെന്നാണു പുതിയ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പോസ്റ്റോഫീസ് അക്കൗണ്ടുകളില്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എ.ടി.എം. സേവനങ്ങള്‍ ലഭ്യമാക്കുകയാണു പ്രധാന ലക്ഷ്യം. പോസ്റ്റോഫീസ് അക്കൗണ്ടുകളില്‍നിന്നു ബാങ്ക് അക്കൗണ്ടുകളിലേക്കും തിരിച്ചും പണം കൈമാറാനും സൗകര്യം കൊണ്ടുവരും. ഇത് എല്ലാവര്‍ക്കും സാമ്പത്തിക സൗകര്യം എന്ന ലക്ഷ്യത്തെ കൂടുതല്‍ ശക്തമാക്കും. ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മാത്രവുമല്ല, ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിനുള്ള സര്‍ക്കാര്‍ സഹായം 2022-23 സാമ്പത്തിക വര്‍ഷത്തിലും തുടരുമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വാണിജ്യ ബാങ്കുകള്‍ രാജ്യത്തെ 75 ജില്ലകളിലായി 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ തുടങ്ങുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഓരോ പ്രദേശത്തെയും ജനങ്ങളെയും അവരുടെ ജീവിതവും അറിയുന്നവരാണു സഹകരണ സംഘത്തിലുള്ളവര്‍ എന്നതാണു സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയതയ്ക്കു പറയുന്ന വാദം. ഓരോ പ്രദേശത്തിനും സഹകരണ സംഘം പോലെത്തന്നെ തപാല്‍ ഓഫീസുകളുമുണ്ട്. ഇനി കൂടുതല്‍ തുടങ്ങാനും തടസ്സമില്ല. സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്ന അതേരീതിയില്‍ തപാല്‍ ഓഫീസുകളിലും നിക്ഷേപം സ്വീകരിക്കും. ആ പണം പിന്‍വലിക്കാന്‍ ഓഫീസുകളില്‍ കാത്തുനില്‍ക്കേണ്ടതില്ല. ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളില്‍നിന്നു സാധനങ്ങള്‍ വാങ്ങാം. ഏത് അക്കൗണ്ടിലേക്കും പണം കൈമാറാം. മറിച്ച്, സഹകരണ സംഘങ്ങളില്‍ നല്‍കിയാലുള്ള അവസ്ഥയെന്താണ് ? എ.ടി.എമ്മില്‍നിന്നു പിന്‍വലിക്കാനാവില്ല. അക്കൗണ്ടുകളിലേക്കു മാറ്റാനാവില്ല. ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഉപയോഗിക്കാനാവില്ല. നാട്ടുകാരെ നേരിട്ടറിയുന്നവരാണു സഹകരണ സംഘത്തിലുള്ളവരെന്ന പ്രാദേശിക വാദത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കാലപരിധി കുറഞ്ഞിരിക്കുന്നു. വാണിജ്യ ബാങ്കുകളല്ല, പോസ്റ്റോഫീസുകളായിരിക്കും കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ഇനി പ്രധാന ഭീഷണി ഉയര്‍ത്താന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.
തപാല്‍ ബാങ്കിനു
5 കോടി അക്കൗണ്ട്
രാജ്യത്ത് അതിവേഗം മുന്നേറുന്ന സാധാരണക്കാരന്റെ ബാങ്കായി തപാല്‍ ബാങ്കുകള്‍ മാറുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അഞ്ചു കോടി അക്കൗണ്ട് ഉടമകളെ നേടി രാജ്യത്ത് ഏറ്റവുമധികം വളരുന്ന ബാങ്കിങ് സംവിധാനം എന്ന ഖ്യാതി തപാല്‍വകുപ്പിനു സ്വന്തമായിക്കഴിഞ്ഞു. അതില്‍ 2.40 കോടി വനിതകളാണ്. ഇതിനു പിന്നാലെയാണു തപാല്‍ബാങ്കുകളെ കോര്‍ ബാങ്കിങ്ങിന്റെ ഭാഗമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 സെപ്റ്റംബര്‍ ഒന്നിനു തുടക്കമിട്ട ബാങ്കിങ് സംവിധാനമാണ് അഞ്ചു കോടി ഇടപാടുകാരിലേക്ക് എത്തിയിട്ടുള്ളത്. യുവജനങ്ങള്‍ക്കും തപാല്‍വകുപ്പിന്റെ അക്കൗണ്ടിനോട് പ്രതിപത്തിയേറെ. അഞ്ചു കോടി ആള്‍ക്കാരില്‍ 41 ശതമാനം പേരും 18 നും 35 നുമിടയില്‍ പ്രായമുള്ളവരാണ്. മൊബൈല്‍ ബാങ്കിങ്ങിനുള്ള സൗകര്യം യുവജനങ്ങളെ ആകര്‍ഷിച്ചു. യുവജന പങ്കാളിത്തം കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ കുറയുന്നുവെന്ന പഠന റിപ്പോര്‍ട്ടിന് ഈ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കോവിഡ് കാലത്തെ ബാങ്കിങ് സേവനത്തിലൂടെ 2020 മുതല്‍ കൂടുതല്‍ അക്കൗണ്ട് ഇടപാടുകള്‍ നടത്താനായി. വീട്ടുപടിക്കല്‍ സാമ്പത്തിക സ്രോതസ് എന്നതാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് മുഖമുദ്രയാക്കിയത്. പോസ്റ്റ്മാന്‍വരെ ബാങ്ക് ഇടപാടുകളില്‍ ജനങ്ങള്‍ക്കു തുണയായിനിന്നതും അക്കൗണ്ടിനു പ്രിയമേറ്റി. 1,56,721 പോസ്റ്റോഫീസുകളുള്ളതിനാല്‍ ഉള്‍ഗ്രാമങ്ങളില്‍വരെ ഇന്ത്യ പോസ്റ്റ് ബാങ്കിന്റെ സേവനം ലഭ്യമാക്കാനാകും. 4,16,000 ജീവനക്കാരില്‍ മൂന്നു ലക്ഷം പേരും ബാങ്കിങ് സേവനത്തില്‍ പ്രത്യക്ഷത്തില്‍ ബന്ധപ്പെടുന്നവരാണ്. റെഗുലര്‍ സേവിങ്സ്, ഡിജിറ്റല്‍ സേവിങ്സ്, ബേസിക് സേവിങ്സ് എന്നീ മൂന്നു വിഭാഗങ്ങളിലുള്ള അക്കൗണ്ടുകളാണ് ഏറ്റവുമധികം. ബില്ലടയ്ക്കല്‍ സൗകര്യം നഗര, ഗ്രാമ വ്യത്യാസമില്ലാതെ അക്കൗണ്ടുടമകള്‍ക്കു സഹായം എന്നതും അതിവേഗ വളര്‍ച്ചയ്ക്കു കാരണമായെന്നാണു വകുപ്പുതല അവലോകനം. ഇന്ത്യയില്‍ സഹകരണ സംഘങ്ങളുടെ വ്യാപ്തി ഏറെയാണെങ്കിലും അതിനു കേന്ദ്രീകൃത ഏകോപനമില്ല. പരസ്പരബന്ധിതവുമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലാകെ ഒറ്റച്ചരടില്‍ കോര്‍ത്ത തപാല്‍ ബാങ്കുകള്‍ ഭാവിയില്‍ സഹകരണ സംഘങ്ങളുടെ സാധ്യതയെ പരിമിതപ്പെടുത്തുമെന്നതില്‍ തര്‍ക്കം വേണ്ട.
കുടുംബശ്രീ
ബാങ്കിങ്ങിലേക്ക്
കേരളത്തില്‍ ഏറ്റവും ജനകീയമായ സമൂഹിക സന്നദ്ധ ഗ്രൂപ്പാണു കുടുംബശ്രീ. ഇന്ത്യയ്ക്കുതന്നെ മാതൃകയായ കേരളത്തിന്റെ സംഭാവന. സ്ത്രീകളെ സ്വയംപര്യാപ്തരും നേതൃത്വപാടവമുള്ളവരുമാക്കി മാറ്റുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. കുറഞ്ഞതു പത്തുപേരെങ്കിലും അടങ്ങുന്ന അയല്‍ക്കൂട്ടങ്ങളാണു കുടുംബശ്രീയുടെ അടിസ്ഥാന ഘടകം. കേരളത്തില്‍ 2,87,723 കുടുംബങ്ങള്‍ അയല്‍ക്കൂട്ടത്തിന്റെ ഭാഗമായിട്ടുണ്ട്. നിക്ഷേപം സ്വരൂപിച്ച് എളുപ്പത്തിലുള്ള വായ്പ ലഭ്യമാക്കുക എന്ന ദൗത്യവും ഈ അയല്‍ക്കൂട്ടം നിര്‍വഹിക്കുന്നുണ്ട്. കുടിശ്ശികയില്ലാത്ത തിരിച്ചടവാണ് ഈ വായ്പകള്‍ക്കുണ്ടാകുന്നത്. അതുകൊണ്ടാണു മുറ്റത്തെ മുല്ല എന്ന പേരില്‍ സഹകരണ വായ്പാ പദ്ധതി കുടുംബശ്രീയിലൂടെ നടപ്പാക്കിയത്. ഇതും വിജയകരമായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയാണ് ഇപ്പോള്‍ കുടുംബശ്രീ. കേരള ചിക്കന്‍, ജനകീയ ഹോട്ടല്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ പദ്ധതികളെല്ലാം ഏറ്റെടുത്തു നടത്തുന്നത് അവരാണ്. ഇതിനുപുറമെ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ഇന്നു കുടുംബശ്രീയുടേതായിട്ടുണ്ട്. നിര്‍മാണ മേഖലയില്‍പ്പോലും അവര്‍ സാന്നിധ്യമറിയിച്ചു.
ഡോ. തോമസ് ഐസക്ക് അധ്യക്ഷനായ മൂന്നംഗ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതു സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ സാമൂഹിക സംഘടനയായി കുടുംബശ്രീയെ മാറ്റണമെന്നാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയിലും കുടുംബശ്രീയ്ക്കാണു പ്രധാന ഭാഗം. അതായതു സഹകരണ പ്രസ്ഥാനത്തെക്കാള്‍ ശക്തമായ ജനകീയാടിത്തറയുള്ള സംവിധാനമാണു കുടുംബശ്രീ. ബാങ്കുകളുടെ സാമ്പത്തിക സഹായത്തോടെയാണ് എല്ലാ ക്രെഡിറ്റ് പ്രവര്‍ത്തനങ്ങളും കുടുംബശ്രീ നടത്തുന്നത്. ഇതു ചെറിയൊരു തുകയല്ല. 20,648 കോടി രൂപയാണു ക്രെഡിറ്റ് ലിങ്കേജ് വായ്പയായി കുടുംബശ്രീ യൂണിറ്റുകള്‍ക്കു നല്‍കിയിട്ടുള്ളത്. 1998 ല്‍ ഇത് ആറു ലക്ഷമായിരുന്നു. 24 വര്‍ഷംകൊണ്ടുള്ള കുടുംബശ്രീയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. 5586 കോടി രൂപയാണു കുടുംബശ്രീ അംഗങ്ങളുടെ വിഹിതമായ നിക്ഷേപം. ഇത്രയേറെ പണം കൈകാര്യം ചെയ്യുന്ന ഒരു സ്വാശ്രയ വിഭാഗം എന്തിനു സാമ്പത്തികാവശ്യത്തിനായി ബാങ്കുകളെ ആശ്രയിക്കണം എന്നൊരു ചിന്ത കുറെക്കാലമായി കുടുംബശ്രീയിലുണ്ട്. 200 കോടി രൂപ മൂലധനമുണ്ടെങ്കില്‍ ഒരു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങാനാകും. കുടുംബശ്രീ സ്‌മോള്‍ ബാങ്ക് തുടങ്ങുന്ന കാലം അതിവിദൂരമല്ല. അതിനുള്ള പദ്ധതി അവര്‍ തയാറാക്കിയിട്ടുണ്ട്. കുടുംബശ്രീയെ സംബന്ധിച്ച് അത് അനിവാര്യമായ ചുവടുവെപ്പാണ്.
നിക്ഷേപം നല്‍കാന്‍ തപാല്‍ ബാങ്കുകള്‍, വായ്പ കിട്ടാന്‍ കുടുംബശ്രീ ബാങ്ക്. ശമ്പളക്കാരനും വ്യവസായികള്‍ക്കും ഓഫറുമായി വാണിജ്യ ബാങ്കുകളുണ്ട്്. വീടു നിര്‍മാണത്തിനും വാഹനം വാങ്ങുന്നതിനും സഹകരണ ബാങ്കുകളേക്കാള്‍ നല്ല ഓഫര്‍ വാണിജ്യ ബാങ്കുകളാണു നല്‍കുന്നത്. വാഹന നിര്‍മാണക്കമ്പനികളുമായും ഭവനനിര്‍മാണക്കമ്പനികളുമായും വാണിജ്യ ബാങ്കുകള്‍ ധാരണയുണ്ടാക്കിയാണ് ഇപ്പോള്‍ ബിസിനസ് നടത്തുന്നത്. പിന്നെ, സഹകരണ ബാങ്കുകള്‍ക്ക് ഇനി എന്താണു പ്രസക്തി ? കുടുംബശ്രീ ബാങ്കിനും തപാല്‍ ബാങ്കുകള്‍ക്കും ലഭിക്കുന്ന ആധുനിക ബാങ്കിങ് സൗകര്യം പോലും സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നല്‍കാനാവില്ല.
സഹകരണ
ബാങ്കുകള്‍ മാറണം
കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ നേരിടാനിരിക്കുന്ന സാഹചര്യത്തിന്റെ ആഘാതം മനസ്സിലാകും. മഹാപ്രളയത്തിനുശേഷം വായ്പകള്‍ക്കു കാര്യമായ തിരിച്ചടവ് ഉണ്ടായിട്ടില്ല. ഇപ്പോഴും ഏറിയും കുറഞ്ഞും തിരിച്ചടവില്ലാത്ത വായ്പകളും പെരുകുന്ന കുടിശ്ശികക്കണക്കുമാണു പ്രാഥമിക ബാങ്കുകള്‍ക്കുള്ളത്. റിക്കവറി നടപടി മുടങ്ങിയിട്ട് വര്‍ഷങ്ങളായി. സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ അതു പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുന്ന ഏക ധനകാര്യ സ്ഥാപനം പ്രാഥമിക സഹകരണ ബാങ്കുകളാണ്. കേരളബാങ്കുപോലും മൊറട്ടോറിയം നടപ്പാക്കാറില്ല. വാണിജ്യ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് അതിന് അനുമതി നല്‍കാറുമില്ല. മൊറട്ടോറിയം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നാട്ടിലുണ്ടാകുന്ന എന്തു പ്രതിസന്ധിയും സഹകരണ ബാങ്കുകളിലെ വായ്പകളുടെ തിരിച്ചടവ് മുടക്കും. ഇനി സഹകരണ റിസര്‍വുകളുടെ ഉപയോഗമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ-സഹായ പദ്ധതികള്‍ ഏറ്റെടുത്തതു സഹകരണ സ്ഥാപനങ്ങളാണ്. അതില്‍ത്തന്നെ പ്രാഥമിക ബാങ്കുകളാണ്. ലാഭവിഹിതവും അംഗസമാശ്വാസ നിധിയും പൊതുനന്മാ ഫണ്ടുമെല്ലാം സര്‍ക്കാര്‍ വാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയതു സഹകരണ സ്ഥാപനങ്ങളാണ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനു സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് പലിശരഹിത വായ്പ നല്‍കിയതും പ്രാഥമിക സഹകരണ ബാങ്കുകളാണ്. കേരള ബാങ്ക് ഈ വായ്പയും നല്‍കിയിട്ടില്ല. ഇങ്ങനെ വാരിക്കോരി ദാനം ചെയ്യുന്നതു ബാങ്കിങ് രീതിയല്ല. അര്‍ഹിക്കുന്നവര്‍ക്കു പരമാവധി പലിശയിളവ് നല്‍കി ഇടപാടുകാര്‍ക്കൊപ്പം നില്‍ക്കുകയാണു സഹകരണ ബാങ്കിങ്ങില്‍ വേണ്ടത്. തങ്ങളുടെ പ്രവര്‍ത്തന പരിധിയിലെ ജനങ്ങള്‍ക്കു ജീവിത സൗകര്യവും ജീവനോപാധികളും ഉണ്ടാക്കാനുള്ള ഇടപെടലാകണം സഹകരണ ബാങ്കുകളുടെ വായ്പാ സ്‌കീം.
മാറ്റം നിലനില്‍പ്പിന്
അനിവാര്യം
സഹകരണ ബാങ്കുകള്‍ അടിമുടി മാറേണ്ടത് ഇനിയുള്ള നിലനില്‍പ്പിന് അനിവാര്യമാണ്. സഹകരണ ബാങ്കുകള്‍ സാങ്കേതികമായി മുന്നേറുക എന്നതാണ് ഇതില്‍ ആദ്യത്തെ മാറ്റം. റിസര്‍വ് ബാങ്ക് അംഗീകരിക്കുന്ന ഒട്ടേറെ രീതി ഇതിനുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നാല്‍, വാണിജ്യ ബാങ്കുകളോട് മത്സരിക്കേണ്ട ധനകാര്യ സ്ഥാപനമാണെന്ന തോന്നല്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. അംഗങ്ങളുമായി മാത്രം ഇടപാടു നടത്തുന്ന സ്ഥാപനം എന്ന നിലയില്‍ പദ്ധതി ആസൂത്രണം ചെയ്താല്‍ വലിയ മാറ്റമുണ്ടാക്കാനാകും. ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുടെ സാധ്യത ഉപയോഗപ്പെടുത്തി ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം നടത്താനാകും. എല്ലാ സഹകരണ ബാങ്കുകളും ഒന്നിച്ചുനിന്നാല്‍ കേരളത്തില്‍ ഏറ്റവും വലിയ ബാങ്കിങ് ശൃംഖല ഇതിലൂടെ തീര്‍ക്കാനാകും. കേരള ബാങ്കിന്റെ ഭാഗമാക്കി ഈ ശൃംഖല തീര്‍ക്കാമെന്നതു വലിയ അബദ്ധമായി മാറുമെന്നു മാത്രമല്ല, അതു പ്രാഥമിക ബാങ്കുകളെ അപകടത്തിലാക്കുന്നതിന്റെ വേഗം കൂട്ടുകയും ചെയ്യും. കാരണം, റിസര്‍വ് ബാങ്കിന് ഏതു ഘട്ടത്തിലും ഇടപെടാവുന്ന ഒരു ശൃംഖലയാകുമത്. പകരം, പ്രാഥമിക ബാങ്കുകളുടെ മാത്രം കൂട്ടായ്മ രൂപപ്പെടുത്തുകയാണു വേണ്ടത്. ഒരു പ്രാഥമിക ബാങ്കിലെ അംഗത്തിനു കേരളത്തില്‍ എവിടെനിന്നും പണം പിന്‍വലിക്കാനാകുന്ന സ്ഥിതി ഒരുക്കാനാകും. സഹകരണ സംഘങ്ങള്‍ക്കു ഡിജിറ്റല്‍ പണമിടപാടിനു സാങ്കേതിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച സ്ഥാപനമാണ് അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്പനി. സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ആധുനിക ഐ.ടി. സേവനങ്ങള്‍ ലഭ്യമാക്കുക, ഡാറ്റാ സെന്റര്‍ സ്ഥാപിക്കുക, സൈബര്‍ സെക്യൂരിറ്റി ഉറപ്പുവരുത്തുക, എ.ടി.എം. ശൃംഖല കൊണ്ടുവരിക, സഹകരണ പെയ്‌മെന്റ് ഗേറ്റ്‌വേ സൃഷ്ടിക്കുക, മറ്റു ബാങ്കുകളുമായുള്ള ഇടപാടുകളുടെ സെറ്റില്‍മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമാനപദ്ധതി കേരളത്തിലും നടപ്പാക്കാവുന്നതേയുള്ളൂ. കേരള ബാങ്കിന്റെ ചുറ്റും വലയം ചെയ്യുന്ന പ്രാഥമിക ബാങ്കിങ് ശൃംഖല എന്ന കാഴ്ചപ്പാടാണ് ഇതിനു തടസ്സമായി നില്‍ക്കുന്നത്. ‘സഹകരണ ഫിന്‍ടെക്’ എന്ന ആശയം സഹകാരികള്‍ക്കു മുമ്പില്‍ നേരത്തെ ‘മൂന്നാംവഴി’ സമഗ്രമായി അവതരിപ്പിച്ചതാണ്.
വായ്പാ സമീപനം
മാറണം
വായ്പാ സമീപനത്തി
ലുള്ള മാറ്റമാണു വേറൊന്ന്. നിലവില്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്നതിലേറെയും ഉല്‍പ്പാദനക്ഷമമല്ലാത്ത വായ്പയാണ്. മറ്റു വരുമാനമാണ് ഈ വായ്പകള്‍ക്കു തിരിച്ചടവ് ഉറപ്പാക്കിയിരുന്നത്. ഭൂമി, ശമ്പളം, സ്വര്‍ണം എന്നിങ്ങനെ പല ഈടുകളാല്‍ ഈ വായ്പകളെല്ലാം സുരക്ഷിതമാണെന്നതായിരുന്നു നമ്മുടെ പൊതുബോധം. ആ ബോധം തെറ്റാണെന്നു മൂന്നു വര്‍ഷമായി സഹകരണ ബാങ്കുകള്‍ തിരിച്ചറിയുകയാണ്. കോവിഡ് വ്യാപനത്തിനുശേഷം തിരിച്ചടവ് മുടങ്ങുന്നതു ഭീതിദമായ സ്ഥിതിയിലെത്തി. കാരണം, ജോലി നഷ്ടമായവരുടെ എണ്ണം കൂടി. വരുമാനം നിലച്ചവര്‍ ഏറി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുപോലും വിലകിട്ടാത്ത സ്ഥിതി. ജീവിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ആദ്യം മുടക്കുന്നതു വായ്പയുടെ തിരിച്ചടവാകുമെന്നതു സാമാന്യ യുക്തിയാണ്. എന്നാല്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വാണിജ്യ ബാങ്കുകളെയുംപോലെ നിര്‍ബന്ധിച്ച് തിരിച്ചടപ്പിക്കുന്ന രീതി സഹകരണ ബാങ്കുകള്‍ക്കു സ്വീകരിക്കാനുമാകില്ല. ജനങ്ങളുടെ വരുമാനം വര്‍ധിക്കുന്ന രീതിയില്‍ സഹകരണ ബാങ്കുകളുടെ വായ്പാരീതി മാറ്റുക എന്നതാണ് ഇതിനുള്ള പരിഹാരം. സഹകരണ ബാങ്കുകള്‍ സംരംഭങ്ങള്‍ക്കുള്ള വായ്പയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കണം. ഇങ്ങനെ സാങ്കേതികമായും പ്രവര്‍ത്തനരീതിയിലും മാറ്റം കൊണ്ടുവന്നു മാത്രമേ സഹകരണ ബാങ്കിങ് മേഖലയുടെ ഭാവി ഇനി ഉറപ്പാക്കാനാകൂ. ഇനിയും അതു തിരിച്ചറിഞ്ഞു നടപടി സ്വീകരിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്ത പതനമായിരിക്കും.
[mbzshare]