ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിക്കും മൂന്നു ദേശീയ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്നു

moonamvazhi

ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിയ്ക്കുമായി ദേശീയതലത്തില്‍ പുതിയ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചു. ഇവ മൂന്നും 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ( MSCS ) നിയമമനുസരിച്ചായിരിക്കും രജിസ്റ്റര്‍ ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണു ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

സഹകരണമേഖല ഗ്രാമീണ ഇന്ത്യയുടെ പ്രധാനഭാഗമാണെന്നും 35 കൊല്ലത്തിനുശേഷം ഇതാദ്യമായാണു കേന്ദ്രസര്‍ക്കാര്‍ മൂന്നു പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നതെന്നും യോഗതീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി-വനം വകുപ്പു മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ‘ സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് ‘ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ നിര്‍ണായക തീരുമാനമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലും കുറിച്ചു.

1984 ലാണ് ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള MSCS നിയമം രാജ്യത്തു നടപ്പായത്. ഈ നിയമത്തിന്‍കീഴില്‍ 1987 ലാണ് ട്രൈഫെഡ് ( ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് – TRIFED ) എന്ന ദേശീയതല സഹകരണസ്ഥാപനം തുടങ്ങിയത്. അതിനുശേഷം ഇപ്പോഴാണു മൂന്നു പുതിയ ദേശീയ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കുന്നത്. പ്രൈമറി സംഘങ്ങള്‍, ജില്ലാ-സംസ്ഥാനതല സംഘങ്ങള്‍, ദേശീയതല ഫെഡറേഷനുകള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍, കര്‍ഷകോല്‍പ്പാദക സംഘടനകള്‍ ( എഫ്.പി.ഒ ) എന്നിവയുള്‍പ്പെടെയുള്ള സഹകരണസംഘങ്ങള്‍ക്കു പുതിയ ദേശീയ സംഘങ്ങളില്‍ അംഗമാകാമെന്നു മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. എല്ലാ സംഘങ്ങളുടെയും പ്രതിനിധികള്‍ക്കു ദേശീയ സംഘങ്ങളുടെ ഭരണസമിതിയില്‍ അംഗത്വം കിട്ടും. രജിസ്റ്റര്‍ ചെയ്ത എട്ടര ലക്ഷം സഹകരണസംഘങ്ങളാണു രാജ്യത്തുള്ളത്. ഇതിലെല്ലാംകൂടി 29 കോടി അംഗങ്ങളുണ്ട്- മന്ത്രി അറിയിച്ചു.

കയറ്റുമതിക്കായുള്ള നിര്‍ദിഷ്ട ദേശീയ സഹകരണ സംഘം ഒരു അംബ്രല ഓര്‍ഗനൈസേഷന്‍പോലെ പ്രവര്‍ത്തിച്ച് സഹകരണമേഖലയില്‍നിന്നുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നു സഹകരണമന്ത്രാലയയം അറിയിച്ചു. ജൈവോല്‍പ്പന്നങ്ങള്‍ക്കു രാജ്യത്തിനകത്തും പുറത്തുമുള്ള ആവശ്യം കണ്ടറിഞ്ഞ് ആധികാരികതയുള്ള ജൈവോല്‍പ്പന്നങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുകയാണു ജൈവോല്‍പ്പന്ന സംഘത്തിന്റെ ഉദ്ദേശ്യം. മിതമായ നിരക്കില്‍ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റിങ്ങും സര്‍ട്ടിഫിക്കേഷനും നടത്തിക്കൊടുത്തു മറ്റു സംഘങ്ങള്‍ക്കു വന്‍തോതില്‍ വിപണനം നടത്താന്‍ ഈ ദേശീയ സംഘം സഹായിക്കും. ആവശ്യമായ ടെസ്റ്റിങ് ലാബുകളും സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങളും സംഘം ഏര്‍പ്പെടുത്തും. ഗുണമേന്മയുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിങ്, ലേബലിങ്, പാക്കേജിങ്, സ്റ്റോറേജ്, വിപണനം, വിതരണം എന്നിവയാണു വിത്തിനായുള്ള സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News