ജില്ലാ ബാങ്കുകള്‍ക്ക് പുതിയ ശാഖ  തുറക്കാന്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം

Deepthi Vipin lal

ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ പുതിയ ശാഖകള്‍ തുറക്കാനോ എ.ടി.എം. സ്ഥാപിക്കാനോ ശാഖകള്‍ മാറ്റാനോ പാടുള്ളൂവെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. പുതിയ ശാഖ തുറക്കാനും എ.ടി.എം. സ്ഥാപിക്കാനുമുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.

പുതിയ ശാഖകളും എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും സ്‌പെഷലൈസ്ഡ് ശാഖകളും റീജ്യണല്‍ /  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും തുറക്കാനും ശാഖകള്‍ സ്ഥലംമാറ്റാനും എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ പൂര്‍ണ ബ്രാഞ്ചായി മാറ്റാനും ജില്ലാ സഹകരണ ബാങ്കുകള്‍ ഇനി പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

1. ലൈസന്‍സുള്ള ജില്ലാ കേന്ദ്ര സഹകരണ ബാങ്കിനു കുറഞ്ഞതു മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. 2. ബാങ്കിന്റെ CRAR ഒമ്പതു ശതമാനത്തില്‍ താഴെയാവരുത്. 3. തൊട്ടു മുമ്പത്തെ സാമ്പത്തികവര്‍ഷം CRR/SLR നിലനിര്‍ത്തുന്നതില്‍ വീഴ്ച പറ്റാത്ത ബാങ്കാവണം. 4. അറ്റ NPA അഞ്ചു ശതമാനത്തില്‍ താഴെയായിരിക്കണം. 5. തൊട്ടു മുമ്പത്തെ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ അറ്റലാഭം ഉണ്ടാക്കിയ ബാങ്കാവണം. 6. തൊട്ടു മുമ്പത്തെ രണ്ടു വര്‍ഷം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളും മാര്‍ഗരേഖയും പാലിക്കാത്തതിനു പിഴയടച്ച ബാങ്കാവരുത്.

മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുള്ള ജില്ലാ ബാങ്കുകള്‍ക്കു നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ ഒരു കോപ്പി നബാര്‍ഡിനും സമര്‍പ്പിക്കണം. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുള്ള ജില്ലാ ബാങ്കാണെങ്കില്‍ ഓണ്‍സൈറ്റ് എ.ടി.എമ്മുകളും ഓഫ്‌സൈറ്റ് / മൊബൈല്‍ എ.ടി.എമ്മുകളും സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല. എന്നാല്‍, ഇവ സ്ഥാപിക്കാന്‍ ജില്ലാ ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡംഗങ്ങളുടെ അനുമതി നേടിയിരിക്കണം.

Leave a Reply

Your email address will not be published.

Latest News