ജമ്മു-കാശ്മീരിലെ സഹകരണസംഘം ജീവനക്കാരുടെ വിരമിക്കല്‍പ്രായം കൂട്ടണമെന്ന ഹര്‍ജി തള്ളി  

moonamvazhi

തങ്ങളുടെ വിരമിക്കല്‍പ്രായം സര്‍ക്കാര്‍ജീവനക്കാരുടേതിനു തുല്യമാക്കണമെന്നാവശ്യപ്പെട്ട് ജമ്മു കാശ്മീരിലെ സഹകരണസംഘം ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജമ്മു-കാശ്മീര്‍-ലഡാക്ക് ഹൈക്കോടതി തള്ളി. സ്വന്തം ചട്ടങ്ങളും നിയന്ത്രണങ്ങളുമനുസരിച്ചു പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ സഹകരണസംഘങ്ങള്‍ക്കു ഒരു സിമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍മാത്രം സര്‍ക്കാര്‍ജീവനക്കാരുടെ സേവനവ്യവസ്ഥകളുമായി തുല്യത വേണമെന്നു അവകാശപ്പെടാനാവില്ലെന്നു ജസ്റ്റിസ് സഞ്ജയ് ധര്‍ ഹര്‍ജി തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചു.

1988 ലെ ജമ്മു ആന്റ് കാശ്മീര്‍ സഹകരണസംഘം സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 13 അനുസരിച്ചു സഹകരണസംഘം ജീവനക്കാരുടെ വിരമിക്കല്‍പ്രായം 58 ആയാണു നിശ്ചയിച്ചിരിക്കുന്നത്. ഈ ചട്ടം 13 നെയാണു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.

സര്‍ക്കാര്‍ നിയോഗിച്ച ഒരു സമിതി ശുപാര്‍ശ ചെയ്തതുകൊണ്ടുമാത്രം സഹകരണസംഘം ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സര്‍ക്കാര്‍ജീവനക്കാരുടേതിനു തുല്യമാക്കാന്‍ കഴിയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശപ്രകാരം ചട്ടം 13 ല്‍ ഭേദഗതിവരുത്തി തങ്ങളുടെ വിരമിക്കല്‍പ്രായം 58 ല്‍ നിന്നു അറുപതാക്കണമെന്നതായിരുന്നു സഹകരണസംഘം ജീവനക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സഹകരണസംഘം ജീവനക്കാരുടെ വിരമിക്കല്‍പ്രായം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ശുപാര്‍ശ അംഗീകരിച്ചു ചട്ടങ്ങളില്‍ അതിനനുസരിച്ച മാറ്റങ്ങള്‍ വരുത്തിയാലല്ലാതെ ഇത്തരമൊരാവശ്യമുന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്നു ജസ്റ്റിസ് ധര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ തങ്ങളുടെ സേവനവ്യവസ്ഥകള്‍ സര്‍ക്കാര്‍ജീവനക്കാര്‍ക്കു തുല്യമാക്കണമെന്നവകാശപ്പെടാന്‍ സഹകരണസംഘം ജീവനക്കാര്‍ക്കാവില്ല – ജസ്റ്റിസ് ധര്‍ ചൂണ്ടിക്കാട്ടി.

1995 ഒക്ടോബര്‍ 28 നു സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയില്‍ ഔദ്യോഗികതീരുമാനമെടുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണം എന്നാണു ജീവനക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published.