ചട്ടത്തില്‍ ഭേദഗതി; സഹകരണ ബാങ്കുകളുടെ കരുതല്‍ ധനം സഹകരണ സംരക്ഷണ നിധിയിലേക്ക് മാറ്റും
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളുടെ കരുതല്‍ ധനം സഹകരണ സംരക്ഷണ നിധിയിലേക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സഹകരണ ചട്ടത്തില്‍ ഭേദഗതി വരുത്തി. കാര്‍ഷിക വായ്പകള്‍ക്കുവേണ്ടി മാറ്റി വെക്കുന്ന അഗ്രികള്‍ച്ചര്‍ ക്രഡിറ്റ് സ്റ്റബലൈസേഷന്‍ ഫണ്ട് , സംഘത്തിന്റെ സുരക്ഷയ്ക്കായി മാറ്റുവെക്കുന്ന കരുതല്‍ ധനം എന്നിവയുടെ പകുതി സംരക്ഷണ നിധിയിലേക്ക് മാറ്റാമെന്നാണ് ചട്ടത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതി. അതേസമയം, ഒരു സംഘത്തിന്റെ റിസര്‍വുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സമുണ്ട്. അതിനാല്‍, ചട്ടത്തിലെ മാറ്റം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ചട്ടം 53, 60 എന്നിവയാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. അഗ്രികള്‍ച്ചര്‍ ക്രഡിറ്റ് സ്റ്റബലൈസേഷന്‍ ഫണ്ടിന്റെ 50 ശതമാനംവരെ സഹകരണ സംരക്ഷണ സ്‌കീമിലേക്ക് നല്‍കാമെന്നാണ് 53ലെ മാറ്റം. 800 കോടിയോളം രൂപയാണ് അഗ്രികള്‍ച്ചര്‍ ക്രഡിറ്റ് സ്റ്റബലൈസേഷന്‍ ഫണ്ട് ഇനത്തില്‍ സംഘങ്ങളുടേതായി നീക്കിയിരിപ്പുള്ളത്. കാര്‍ഷികമേഖലയില്‍ സംഭവിക്കുന്ന തകര്‍ച്ച കര്‍ഷകന് വായ്പ തിരിച്ചടയ്ക്കാനാവാത്ത സ്ഥിതിയുണ്ടാക്കുമ്പോള്‍ സഹായിക്കുന്നതിനാണ് ഇത്തരം ഫണ്ട് മാറ്റിവെക്കുന്നത്. ഹ്രസ്വകാല വായ്പയെ മധ്യകാല വായ്പയാക്കിയും പലിശ ഇളവ് അനുവദിച്ചും സഹായം നല്‍കുമ്പോള്‍ ഈ ഫണ്ട് ഉപയോഗപ്പെടുത്താനാകും. മറ്റ് കാര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇതാണ് മാറ്റുന്നത്. ഈ ഫണ്ടിന്റെ 50 ശതമാനം സഹകരണ സംരക്ഷണ നിധിയിലേക്ക് ഇനി മാറ്റും.
ലാഭത്തിന്റെ 15 ശതമാനം കരുതല്‍ ധനമായി മാറ്റിവെക്കണമെന്നാണ് സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് സഹകരണ സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഫണ്ടായാണ് കണക്കാക്കുന്നത്. ഈ ഫണ്ടിന്റെയും 50 ശതമാനം സംരക്ഷണ നിധിയിലേക്ക് മാറ്റാമെന്ന വ്യവസ്ഥയാണ് ചട്ടം 60 ല്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏകദേശം 2000 കോടിയോളം രൂപ സഹകരണ സംഘങ്ങളുടെ റിസര്‍വ് ഫണ്ടായി കേരളബാങ്കിലുണ്ട്.