ഗൾഫിൽ നിന്നും മടങ്ങി വരുന്നവർക്ക് മാത്രമായി സഹകരണമേഖലയിൽ പ്രവാസി ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ആരംഭിക്കണമെന്ന് സി.എൻ. വിജയകൃഷ്ണൻ.

adminmoonam

ഗൾഫിൽ നിന്ന് മടങ്ങി വരുന്നവർക്ക് മാത്രമായി സഹകരണമേഖലയിൽ പ്രവാസി ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ആരംഭിക്കണമെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. ഇതാണ് മടങ്ങിവരുന്ന പ്രവാസികൾക്കായി സഹകരണമേഖല ഒരുക്കേണ്ടത്. താലൂക്ക്, ജില്ല അടിസ്ഥാനത്തിൽ ഇത്തരം സൊസൈറ്റികൾ ആരംഭിക്കാൻ കഴിയണം. ഇതിന് സഹകരണവകുപ്പ് തയ്യാറാകുന്നതിന് ഒപ്പം അതിനു വേണ്ട സൗകര്യവും ബോധവൽക്കരണവും നടത്തണം. നിർമ്മാണമേഖലയിൽ കേരളത്തിൽ സാധ്യതകളുണ്ട്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച ആശങ്കകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൾഫ് മേഖലയിലെ നിർമ്മാണമേഖലയിൽ ലക്ഷക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. കേരളത്തിലെ സഹകരണ മേഖലയിൽ ഉൾപ്പെടെ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം പ്രതിദിനം ഓവർ ടൈം ഡ്യൂട്ടി അടക്കം 1500 രൂപയിലധികം സമ്പാദിക്കുന്നുമുണ്ട്. മലയാളികൾ മാന്യമായി ജോലിചെയ്യാൻ തയ്യാറാവുകയും അപകർഷതാബോധം മാറ്റി നാട്ടിൽ ആത്മ ബോധത്തോടെ ജോലിചെയ്യാൻ തയ്യാറായാൽ എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് സഹകരണ മേഖലയിൽ ജോലി ഉറപ്പുവരുത്താൻ സാധിക്കും. ഊരാളുങ്കൽ, ലാഡർ പോലുള്ള സൊസൈറ്റികളിൽ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അവർ നാട്ടിലേക്ക് മടങ്ങാൻ തയ്യാറാകുമ്പോൾ പ്രവാസികളായ നിർമ്മാണമേഖലയിൽ ഉള്ളവർക്ക് സ്വന്തം നാട്ടിൽ മാന്യമായ ശമ്പളത്തോടെ ജോലി ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഗൾഫിൽ എന്തെങ്കിലും സംഭവിച്ചാൽ നാട്ടിൽ ജോലി സാധ്യതയുണ്ടോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. തൊഴിൽ നൈപുണ്യം ഉള്ളവർ ഉൾപ്പെടെയുള്ളവർക്ക് മാന്യമായ ശമ്പളത്തോടെ സഹകരണ മേഖലയിൽ തന്നെ ജോലി നൽകാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖല ഇതിനു മാതൃകകാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!