ഗുജറാത്തിലെ അമുല്‍ മില്‍ക്ക് ഡെയറി യൂണിയനും കോണ്‍ഗ്രസ്സിനെ കൈവിട്ടു

moonamvazhi

ഗുജറാത്തിലെ ഖേര ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിലെ ( അമുല്‍ ഡെയറി ) നാലു കോണ്‍ഗ്രസ് ഡയരക്ടര്‍മാര്‍ ശനിയാഴ്ച രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇതോടെ, പതിമൂന്നംഗ ബോര്‍ഡില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ മൂന്നായി ചുരുങ്ങി.

ഫെബ്രുവരി 14 നു മില്‍ക്ക് യൂണിയന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു കോണ്‍ഗ്രസ്സില്‍ നിന്നുള്ള രാജി. ജുവന്‍സിങ് ചൗഹാന്‍, സീതാബെന്‍ പാര്‍മര്‍, ശാരദാബെന്‍ പട്ടേല്‍, ഘെലാഭായ് ജാല എന്നീ ഡയരക്ടര്‍മാരാണു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പാട്ടീല്‍ മുമ്പാകെ ബി.ജെ.പി.യില്‍ ചേര്‍ന്നത്. കഴിഞ്ഞാഴ്ച മില്‍ക്ക് യൂണിയനംഗമായ മറ്റൊരു നേതാവ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. 2020 സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പതിമൂന്നില്‍ പത്തു സീറ്റും കോണ്‍ഗ്രസ്സാണു നേടിയിരുന്നത്.

ബി.ജെ.പി.യിലെ രാംസിങ് പാര്‍മറാണു നിലവിലെ ബോര്‍ഡ് ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസ്സിലെ രാജേന്ദ്രസിങ് പാര്‍മറാണ്.
ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍പ്പെട്ട ( GCMMF )  19 മില്‍ക്ക് യൂണിയനുകളില്‍ അമുല്‍ ഡെയറി ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പി.ക്കാണു ഭൂരിപക്ഷം.

Leave a Reply

Your email address will not be published.

Latest News