കോവിഡ് പ്രതിരോധത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മുന്നേറുന്നു
‘- അനില്‍ വള്ളിക്കാട്
പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സൗകര്യമുള്ള ലാബ് പ്രവര്‍ത്തനം തുടങ്ങി. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ നീതി മെഡിക്കല്‍ സെന്ററിനോട് ചേര്‍ന്നാണ് പുതിയ ലാബ്. സംസ്ഥാനത്തു സഹകരണ മേഖലയില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുള്ള ഏക ലാബാകും ഇത്. എന്‍.എ.ബി.എല്ലിന്റെയും ഐ.സി.എം.ആറിന്റെയും അനുമതി ലാബിന് ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്താനുള്ള ശേഷി റൂറല്‍ ബാങ്കിന്റെ നീതി ലാബിനുണ്ട്. പരിശോധനക്കുവേണ്ട ഉപകരണങ്ങള്‍ ഉള്‍പ്പടെ 31 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ലാബ് സ്ഥാപിച്ചത്. പൊതുവെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയ ശേഷം ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് സഹായകരമാകും വിധത്തില്‍ പുതിയ ലാബ് തുടങ്ങിയതെന്ന് ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ പറഞ്ഞു. ഇവിടെ നിന്നു ആര്‍.ടി.പി.സി.ആര്‍. പരിശോധനാ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അടുത്ത ഘട്ടം കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സൗകര്യമൊരുക്കലാണ്. ആദ്യപടിയായി മരുന്ന് സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഒരുക്കിക്കഴിഞ്ഞു. അനുമതിക്കായി ആരോഗ്യ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
പുതിയ ലാബിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, തെങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി എന്നിവര്‍ മുഖ്യാതിഥികളായി. പ്രസിഡന്റ് കെ. സുരേഷിന്റെ അധ്യക്ഷതയില്‍ ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ എം.എല്‍.എ. പി.കെ.ശശി പുതിയ ലാബിന്റെ ശിലാഫലകം അനാവരണം ചെയ്തു. ഇതോടൊപ്പം ബാങ്ക് നടപ്പാക്കുന്ന വിദ്യാതരംഗിണി വായ്പാ വിതരണം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം. ശബരീദാസന്‍ നിര്‍വഹിച്ചു.
ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് രമാ സുകുമാരന്‍, ഡോ.കെ.എ. കമ്മാപ്പ, ഡോ.പി.ക്യൂ. ശഹാബുദീന്‍, ഡോ. പമീലി, യു.ടി. രാമകൃഷ്ണന്‍, അരുണ്‍കുമാര്‍ പാലക്കുറിശ്ശി, ഷാജി മുല്ലപ്പള്ളി, പി. ഹരിപ്രസാദ്, കെ.ജി. സാബു, പി.ആര്‍. സുരേഷ്, പാലോട് മണികണ്ഠന്‍, സലാം, ബി. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.