കോഴിക്കോട് സഹകരണ ആശുപത്രിക്കും ഫണ്ട് സമാഹരിക്കാന്‍ സഹകരണ കണ്‍സോര്‍ഷ്യം

moonamvazhi

ഊരാളുങ്കലിന് അനുവദിച്ച മാതൃകയില്‍ കോഴിക്കോട് ജില്ലാസഹകരണ ആശുപത്രിക്കും സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ അനുമതി. കോഴിക്കോട് ജില്ലയിലെ 34 പ്രാഥമിക സഹകരണ ബാങ്കുകളെയാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 65 കോടിരൂപയാണ് കണ്‍സോര്‍ഷ്യത്തിലൂടെ സമാഹരിക്കുന്നത്.

പത്തുവര്‍ഷകാലത്തേക്കാണ് സഹകരണ ബാങ്കുകള്‍ ജില്ലാസഹകരണ ആശുപത്രിക്ക് പണം നല്‍കുക. ഇതില്‍ ആദ്യത്തെ രണ്ടുവര്‍ഷം മൊറട്ടോറിയം കാലയളവാണ്. പിന്നീടുള്ള എട്ടുവര്‍ഷം കൊണ്ട് എട്ട് തുല്യ ഘഡുക്കളായി 9 ശതമാനം പലിശയോടെ ഈ തുക തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. മൊറട്ടോറിയം കാലയളവില്‍ മൂന്നുമാസം കൂടുമ്പോള്‍ പലിശ നല്‍കും.

ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ഈ ഫണ്ട് സമാഹരിക്കുന്നത്. നിലവില്‍ ആറുനില കെട്ടിടമാണ് ജില്ലാസഹകരണ ആശുപത്രിക്കുള്ളത്. ഇതിന് മുകളിലായി അഞ്ചുനിലകൂടി പണിയും. ഇതിന് പുറമെ, മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം, ഭൂമിക്കടിയില്‍ ജലസംഭരണം ഒരുക്കല്‍, ലബോറട്ടറിയില്‍ നൂതന വിവര സാങ്കേതിക വിദ്യ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, ആശുപത്രിയിലേക്ക് പുതിയ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. ഇതിനെല്ലാം 65 കോടിവരുമെന്നാണ് സഹകരണ ആശുപത്രി നല്‍കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോഴിക്കോട് ജില്ലാസഹകരണ ആശുപത്രി സുവര്‍ണ ജൂബിലി വര്‍ഷത്തിലാണ്. ഈ ഘട്ടത്തിലാണ് പുതിയ വികസന പദ്ധതി നടപ്പാക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. ഹൃദ്രോഗ വിഭാഹത്തില്‍ തൊറാസിക് സര്‍ജറി തുടങ്ങും. ഇതിനായി 50 മുറികളാണ് പുതുതായി സജീകരിക്കുന്നത്. മാതൃശിശു വിഭാഗവും വികസിപ്പിക്കുന്നുണ്ട്. ഈ പദ്ധതി രേഖ അനുസരിച്ച് 98.62 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതുണ്ടായാല്‍ ബ്രേക്ക് ഈവന്‍ ആകുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിരേഖയിലുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!