കോണ്‍ഗ്രസ്-എന്‍.സി.പി.മേല്‍ക്കൈ തകര്‍ക്കാന്‍ യുവജന-വനിതാ സഹകരണസംഘ രൂപവത്കരണവുമായി ബി.ജെ.പി. രംഗത്ത്

moonamvazhi

മഹാരാഷ്ട്രയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പങ്ക് വഹിച്ചുകൊണ്ട് സഹകരണമേഖലയില്‍ കോണ്‍ഗ്രസ്സും എന്‍.സി.പി.യും നേടിയെടുത്തിട്ടുള്ള മേല്‍ക്കൈ തകര്‍ക്കാന്‍ ബി.ജെ.പി. ശ്രമം തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു സംസ്ഥാനത്തു യുവജനങ്ങളുടെ 5000 സഹകരണസംഘങ്ങളും വനിതകളുടെ 3000 സംഘങ്ങളും രജിസ്റ്റര്‍ ചെയ്യാനാണു ബി.ജെ.പി. പദ്ധതിയിട്ടിരിക്കുന്നത്. ഇതുവഴി 1.25 ലക്ഷം യുവാക്കളും 75,000 വനിതകളും സഹകരണസംഘങ്ങളില്‍ അംഗങ്ങളാകും.

പുതിയ സഹകരണസംഘങ്ങളിലൂടെ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും അവരെ സ്വാശ്രയരാക്കി മാറ്റാനും കഴിയുമെന്നാണു ബി.ജെ.പി. കരുതുന്നത്. മുംബൈ നഗരത്തില്‍ ഇതുമായി ബന്ധപ്പെട്ട് അടുത്തുതന്നെ സഹകരണസമ്മേളനം സംഘടിപ്പിക്കാനും പാര്‍ട്ടിക്കു പരിപാടിയുണ്ട്. 3000 പുതിയ വനിതാ സഹകരണസംഘങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. ഇതുവരെ 1250 വനിതാസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 37,500 വനിതകള്‍ ഇവയില്‍ അംഗങ്ങളായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ സഹകരണബാങ്കിങ് രംഗത്ത് ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പി.യുടെയും സാന്നിധ്യമുണ്ടെങ്കിലും പഞ്ചസാര ഫാക്ടറികള്‍, ജില്ലാ കാര്‍ഷികസമിതികള്‍, ക്ഷീരോല്‍പ്പാദക സഹകരണ ഫെഡറേഷനുകള്‍ തുടങ്ങിയവയില്‍ ഇപ്പോഴും കോണ്‍ഗ്രസ്സും എന്‍.സി.പി.യുമാണു മുന്നിട്ടുനില്‍ക്കുന്നത്. സഹകരണമേഖലയിലെ വന്‍തോതിലുള്ള ഇത്തരം സ്വാധീനം തിരഞ്ഞെടുപ്പുകളില്‍ വോട്ടാക്കിമാറ്റാന്‍ ഈ പാര്‍ട്ടികളെ സഹായിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രിയായി ചുമതലയേറ്റശേഷം അമിത് ഷാ പാര്‍ട്ടിക്കാരോട് ആവശ്യപ്പെടുകയുണ്ടായി. സഹകരണസംഘങ്ങളുടെ രൂപവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഏതാനും മാസം മുമ്പു മഹാരാഷ്ട്ര ബി.ജെ.പി. ഘടകം വനിതകള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.

വര്‍ഷങ്ങളായി മുംബൈ ജില്ലാ സഹകരണ ബാങ്കിന്റെ സാരഥിയായി പ്രവര്‍ത്തിക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം പ്രവീണ്‍ ദാരേക്കറാണു ബി.ജെ.പി.യുടെ സഹകരണവിഭാഗത്തിന്റെ മേധാവി. യുവജന-വനിതാ സഹകരണസംഘങ്ങളുടെ രൂപവത്കരണച്ചുമതലയും ഇദ്ദേഹത്തിനാണ്. ഓരോ വനിതാ സഹകരണസംഘത്തിലും 25 പേരെയാണ് അംഗങ്ങളാക്കുക. ഇതില്‍നിന്നു 11 പേരടങ്ങുന്ന ഭരണസമിതിയും രൂപവത്കരിക്കും. സംസ്ഥാനസര്‍ക്കാരിന്റെ സേവനങ്ങള്‍, വ്യാവസായികോല്‍പ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കരാറുകള്‍ ഈ സംഘങ്ങള്‍ക്കു നേടിക്കൊടുക്കും. ഇതുവഴി വനിതകള്‍ ശാക്തീകരിക്കപ്പെടുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്യുമെന്നാണു പാര്‍ട്ടി കരുതുന്നത്. ബി.ജെ.പി.യുമായും ആര്‍.എസ്.എസ്. പരിവാറുമായും ബന്ധമുള്ള വനിതകള്‍ക്കാണു സഹകരണസംഘത്തില്‍ മുന്‍ഗണന നല്‍കുക. യുവജനങ്ങളുടെ 5000 പുതിയ സഹകരണസംഘങ്ങള്‍വഴി ഒരു ലക്ഷത്തിലധികം യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കഴിയുമെന്നാണു വിശ്വാസം. ഈ സംഘങ്ങള്‍ക്കും സര്‍ക്കാരിന്റെ വിവിധ കരാറുകള്‍ നേടിക്കൊടുക്കും. സംഘങ്ങളുടെ രജിസ്‌ട്രേഷനു സഹായിക്കുന്ന പാര്‍ട്ടി വനിതാംഗങ്ങള്‍ക്കു വായ്പ കിട്ടാനും സൗകര്യമൊരുക്കുമെന്നു ദാരേക്കര്‍ അറിയിച്ചു. ദാരിദ്ര്യരേഖക്കു താഴെനില്‍ക്കുന്ന വനിതകള്‍ക്കായും തങ്ങള്‍ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ചിത്ര വാഘ് അറിയിച്ചു.

Leave a Reply

Your email address will not be published.