കൊച്ചിയിലെ ടാക്‌സിക്കാരും സഹകരണ പാതയിലേക്ക്

moonamvazhi

വി.എന്‍. പ്രസന്നന്‍

(2021 മാര്‍ച്ച് ലക്കം)

കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്ത് ടാക്‌സി ഡ്രൈവര്‍മാരെ സഹകരണ പാതയിലേക്കു കൊണ്ടുവരികയാണ്. നേരത്തേത്തന്നെ ഇവിടെ സ്വകാര്യ ബസ്സുകാരുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹകരണ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വാഹനവായ്പ അടയ്ക്കാനും വര്‍ധിച്ചുവരുന്ന ഇന്ധനച്ചെലവു നേരിടാനും കഷ്ടപ്പെടുന്ന ടാക്‌സി കാര്‍ഡ്രൈവര്‍മാര്‍ക്കു സഹകരണ പ്രസ്ഥാനത്തിന്റെ കൈത്താങ്ങ്. സ്വന്തം കഷ്ടപ്പാടുകളില്‍നിന്നു സ്വയം രക്ഷ നേടാന്‍ സഹകരണ സംഘം രൂപവത്കരിക്കുകയോ സംഘത്തെ ആശ്രയിക്കുകയോ ചെയ്യുന്നതാണു സഹകരണ രംഗത്തെ പൊതുപ്രവണതയെങ്കിലും ഇവിടെ സര്‍ക്കാര്‍തന്നെ ടാക്‌സി കാര്‍ഡ്രൈവര്‍മാരെ സഹകരണ പാതയിലേക്കു കൈപിടിച്ചു ആനയിക്കുകയാണ്.

എറണാകുളം ജില്ലയിലാണ് ഈ പുതിയ സംരംഭം. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനം ഏകോപിപ്പിക്കാന്‍ ഏകീകൃത മെട്രോപ്പോളിറ്റന്‍ ഗതാഗത അതോറിട്ടി ( Unified Metropolitan Transport Authority – UMTA ) രൂപവത്കരിക്കണമെന്ന ദേശീയനയത്തിന്റെ ഭാഗമായി രാജ്യത്തുതന്നെ ആദ്യമായി കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു രൂപവത്കരിച്ച കൊച്ചി മെട്രോപോളിറ്റന്‍ ഗതാഗത അതോറിട്ടി ( Kochi Metropolitan Transport Authority – KMTA ) യാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ( KMRL ) മുന്‍കൈയില്‍ നേരത്തേത്തന്നെ സ്വകാര്യബസ്സുകള്‍ക്കായി രൂപവത്കരിച്ച കൂട്ടായ്മയും ഓട്ടോറിക്ഷകള്‍ക്കായി സഹകരണ സംഘം തന്നെയും നിലവില്‍ വന്നിട്ടുണ്ട്. അതിനു പിന്നാലെയാണു ടാക്‌സി ഡ്രൈവര്‍മാരെക്കൂടി സഹകരണ സംഘത്തിലൂടെ ഏകോപിത പൊതുഗതാഗത ശൃംഖലയിലേക്കു കൊണ്ടുവരുന്നത്. കെ.എം.ടി.എ. ഇതിനായി യാത്രി എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി തുറന്ന സഞ്ചാര ശൃംഖല ( Kochi Open Mobility Network ) സംവിധാനത്തിനു കീഴിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

സഞ്ചാര മാര്‍ഗങ്ങളെ കോര്‍ത്തിണക്കുന്നു

കൊച്ചിയിലെ വ്യത്യസ്ത തരം സഞ്ചാര മാര്‍ഗങ്ങളെ കോര്‍ത്തിണക്കാനും ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനുമുള്ള ഏജന്‍സിയായാണു കെ.എം.ടി.എ. നിലവില്‍ വന്നിട്ടുള്ളത്. സംസ്ഥാന ഗതാഗത മന്ത്രി അധ്യക്ഷനും ഗതാഗത വകുപ്പു സെക്രട്ടറി ഉപാധ്യക്ഷനുമായ ഈ അതോറിട്ടി മോട്ടോര്‍ വാഹനവകുപ്പ്, കൊച്ചി കോര്‍പറേഷന്‍, നഗരഗതാഗത ആസൂത്രകര്‍ എന്നിവരെയാക്കെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംവിധാനമാണ്. വിവിധ പൊതുഗതാഗത സൗകര്യങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനും അവയെ പരമാവധി പ്രയോജനപ്പെടുത്തുംവിധമുള്ള നടപടികളെടുക്കാനും ഇതിനധികാരമുണ്ട്. അതിവേഗത്തിലുള്ളതും സുസ്ഥിരമായതും ചെലവു കുറഞ്ഞതുമായ യാത്രാമാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുക എന്നതാണു ലക്ഷ്യം. റെയില്‍വേ, മെട്രോ റെയില്‍, ബസ്, ടാക്‌സി, ഓട്ടോറിക്ഷ, സൈക്കിളുകള്‍ തുടങ്ങിയ വിവിധ യാത്രാമാര്‍ഗങ്ങളെ ഏകോപിപ്പിക്കുക എന്ന ഉദ്ദേശ്യം ഇതിനുണ്ട്. മെട്രോ ട്രെയിനും അതിനനുബന്ധമായുള്ള ബസ്, ടാക്‌സി, ബോട്ട് സര്‍വീസുകളിലുമെല്ലാം യാത്രക്കൂലി നല്‍കാന്‍ പൊതുവായി ഉപയോഗിക്കാവുന്ന ഒറ്റക്കാര്‍ഡ് ഇതിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ( കൊച്ചി മെട്രോയിലും കുറച്ചു ബസ്സുകളിലും ഈ സംവിധാനം നിലവിലുണ്ട് ).

കൊച്ചി മെട്രോയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമ്പോള്‍ത്തന്നെ പൊതുഗതാഗത ഏകോപനവും പൊതു ടിക്കറ്റിങ്ങും നടപ്പാക്കണമെന്നു വ്യവസ്ഥ വച്ചിരുന്നു. ഇതിനായി കെ.എം.ആര്‍.എല്‍. തന്നെ ഏകീകൃത പൊതുഗതാഗത അതോറിട്ടി രൂപവത്കരിക്കാനുള്ള കരട് ബില്‍ തയാറാക്കാന്‍ മുന്‍കൈയെടുത്തിരുന്നു. 2019 നവംബറില്‍ കേരള നിയമസഭ ഏകീകൃത മെട്രോപ്പോളിറ്റന്‍ ഗതാഗത അതോറിട്ടി ബില്‍ പാസ്സാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെട്രോ നഗരങ്ങളില്‍ മെട്രോപ്പോളിറ്റന്‍ ഗതാഗത അതോറിറ്റി രൂപവത്കരിക്കാന്‍ ഇതോടെ വഴി തെളിഞ്ഞു. ഇതില്‍ കൊച്ചിയിലേതാണ് കെ.എം.ടി.എ. ഇതു 2020 നവംബര്‍ ഒന്നിനു ഗതാഗതമന്ത്രി ഏ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിന്നീടു മറ്റു രണ്ടു നഗരങ്ങളിലും ഇതു രൂപവത്കരിക്കും.

സംസ്ഥാന ബജറ്റില്‍ കെ.എം.ടി.എ. യ്ക്കായി രണ്ടരക്കോടി രൂപ വകയിരുത്തിയിരുന്നു. വിശാല കൊച്ചി വികസന അതോറിട്ടിയുടെയും (ജി.സി.ഡി.എ ) ഗോശ്രീ ദ്വീപുവികസന അതോറിട്ടിയുടെയും കീഴിലെ പ്രദേശങ്ങള്‍ കെ.എം.ടി.എ. യുടെ പരിധിയില്‍ വരും. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ജാഫര്‍ മാലിക്കാണ് കെ.എം.ടി.എ. യുടെ സി.ഇ.ഒ. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) ഷാജി മാധവന്‍ സ്‌പെഷ്യല്‍ ഓഫിസറും.

ആപ്പ് അധിഷ്ഠിത പ്രവര്‍ത്തനം

പൊതുഗതാഗത സംവിധാനവുമായുള്ള ഏകോപനത്തിന്റെ ഭാഗമായി ടാക്‌സി കാര്‍ഡ്രൈവര്‍മാര്‍ക്കായി പുതുതായി കെ.എം.ടി.എ. മുന്‍കൈയെടുത്തു രൂപവത്കരിക്കുന്ന സഹകരണ സംഘത്തിലെ ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം മൊബൈല്‍ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും. വിവിധവിഭാഗങ്ങളില്‍ കിട്ടുന്ന ഗതാഗത സൗകര്യങ്ങളുടെ വിശദവിവരം ഇതിലുണ്ടാകും. എറണാകുളും ജില്ല മുഴുവന്‍ സംഘത്തിന്റെ വ്യാപകാതിര്‍ത്തിയായിരിക്കും. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടു മാത്രമല്ല നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള ഫീഡര്‍ സര്‍വീസായി പ്രവര്‍ത്തിക്കാനുള്ള സാധ്യതയും സംഘം പ്രയോജനപ്പെടുത്തും.

ആപ്പില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും കെ.എം.ടി.എ. യുമായി ബന്ധപ്പെട്ട ടാക്‌സി ഡ്രൈവര്‍മാരുടെ സഹകരണ സംഘം ഡ്രൈവര്‍മാര്‍ക്കായി ലഭ്യമാക്കുക. ഇന്‍ഫോസിസ് സ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ആധാര്‍ കാര്‍ഡ് നടപ്പാക്കലിനു നേതൃത്വം നല്‍കിയയാളുമായ നന്ദന്‍ നിലേകനിയുടെ മുന്‍കൈയിലുള്ള ഡെക്കന്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംരംഭം സൗജന്യമായാണ് ഈ ആപ്പ് തയാറാക്കിയിട്ടുള്ളതെന്നു കെ.എം.ടി.എ. സ്‌പെഷ്യന്‍ ഓഫീസര്‍ ഷാജി മാധവന്‍ പറഞ്ഞു. ഇതുപയോഗിക്കാനുള്ള പരിശീലനം വിവിധ ബാച്ചുകളിലായി കാര്‍ഡ്രൈവര്‍മാര്‍ക്കു നല്‍കിവരികയാണെന്നു അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസങ്ങളിലായി ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്കു ക്‌ളാസ് നല്‍കിക്കഴിഞ്ഞു. ഷാജി മാധവന്‍ പൊതുവിവരങ്ങള്‍ അറിയിക്കുകയും ആപ്പ് വികസിപ്പിച്ച സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ധര്‍ ആരെങ്കിലും അതിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണു ക്ലാസ്. ആപ്പ് ഉപയോഗിക്കാന്‍ സാധാരണ ടാക്‌സിഡ്രൈവര്‍മാരെ പ്രാപ്തരാക്കാന്‍ ഇതിനു കഴിയുന്നു. പരമ്പരാഗതമായ ടാക്‌സി സംവിധാനത്തില്‍ മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ളവരെ അപേക്ഷിച്ച് നേരത്തേതന്നെ ഓണ്‍ലൈന്‍ ടാക്‌സിരംഗത്തു പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്കു ഇതു വളരെ എളുപ്പം ഹൃദിസ്ഥമാക്കാന്‍ കഴിയുന്നുണ്ട്. ഡ്രൈവര്‍മാര്‍ മിക്കപ്പോഴും ജോലിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിലായിരിക്കുമെന്നതുകൊണ്ട് കൂടുതല്‍ പേര്‍ക്കു പങ്കെടുക്കാന്‍ കഴിയുംവിധം ക്ലാസുകള്‍ ക്രമീകരിക്കുക എന്നതു വെല്ലുവിളിയാണ്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടല്ലോ. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും ആലോചിക്കുന്നുണ്ട്.

തര്‍ക്കങ്ങള്‍ക്കു പരിഹാരമാവും

ഊബറും ഒലെയും പോലുള്ള ആപ്പ് അധിഷ്ഠിത യാത്രാസേവനദാതാക്കളുമായി ബന്ധപ്പെട്ടവരല്ലാത്ത, പരമ്പരാഗതമായ രീതിയിലുള്ള ടാക്‌സി സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടും. തൊഴിലവസരത്തിലെയും വരുമാനത്തിലെയും കുറവിന്റെ പേരില്‍ പരമ്പരാഗത ടാക്‌സികാര്‍ തൊഴിലാളികളും ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും ഇതു പരിഹാരമാകുമെന്നാണു പ്രതീക്ഷ. ഊബറിലും ഒലെയിലുമുള്ളതുപോലെ കൂടുതല്‍ തിരക്കുള്ള സീസണിലും തിരക്കു കുറഞ്ഞ സീസണിലും മഴക്കാലത്തും അല്ലാത്തപ്പോഴുമൊക്കെയുള്ള നിരക്കു വ്യത്യാസങ്ങള്‍ ഇതിലുണ്ടാവില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കനുസരിച്ചായിരിക്കും ഈ ടാക്‌സികള്‍ സര്‍വീസ് നടത്തുക. വെറുതേ കിടക്കേണ്ടിവരുന്ന സമയം കുറയ്ക്കുകയും കൂടുതല്‍ ഓട്ടങ്ങള്‍ കിട്ടുകയും ചെയ്യുംവിധം ഗതാഗതം നന്നായി ആസൂത്രണം ചെയ്യുകവഴി ഈ നിരക്കനുസരിച്ചുതന്നെ അംഗങ്ങളുടെ വരുമാനം ഫലത്തില്‍ വര്‍ധിക്കുംവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

ടാക്‌സിഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരെ മാത്രമാണു ഈ സംഘത്തില്‍ അംഗങ്ങളാക്കുക. ഈ വിഭാഗം പൊതുവേ അസംഘടിതരായതിനാലും വിവിധ സ്ഥലങ്ങളില്‍ യാത്രക്കാരെയും കൊണ്ടുപോകുന്ന ജോലിയായതിനാല്‍ എല്ലാവര്‍ക്കും ഏതെങ്കിലും ഒരിടത്തും സമയത്തും ഒത്തുകൂടാന്‍ കഴിയാത്തതിനാലും ഇവരെ ഏകോപിപ്പിക്കുക പ്രയാസകരമായിരുന്നു. അതുകൊണ്ടുതന്നെ ഇവരെ ഏകോപിപ്പിക്കാന്‍ ഇതുവരെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. ആ സ്ഥിതിക്കാണു ഇപ്പോള്‍ മാറ്റം വരുന്നത്.

കമ്മീഷന്‍ ഒഴിവാകും

ഊബറും ഒലെയും പോലുളള ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കള്‍ ഡ്രൈവര്‍മാരില്‍നിന്നു കമ്മീഷന്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, പുതിയ സഹകരണ സംഘത്തിന്റെ ആപ്പ് തീര്‍ത്തും സൗജന്യമായിരിക്കും. സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനും ഭാവി വികസനങ്ങള്‍ക്കുമായി ചെറിയൊരു ഫീസ് ഉണ്ടാവുമെന്നു മാത്രം. കമ്മീഷന്‍ നിരക്ക് ഒഴിവായിക്കിട്ടുന്നതു തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കും.

സഹകരണ സംഘത്തില്‍ അംഗങ്ങളാകുന്ന തൊഴിലാളികള്‍ക്കു മാത്രമായിരിക്കും ഈ ആപ്പ് ഉപയോഗിക്കാന്‍ അനുവാദമുണ്ടാവുക. അവര്‍ ഇതിനായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും മറ്റും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. സംഘത്തിന്റെ ഉപാധികളും വ്യവസ്ഥകളും അനുസരിച്ചു പ്രവര്‍ത്തിക്കാമെന്നു ഇവര്‍ സമ്മതിക്കേണ്ടതുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംഘത്തിനു അധികാരമുണ്ടായിരിക്കും. സംഘത്തിന്റെ നിയമാവലി, ഉപഭോക്താക്കളോടു പെരുമാറേണ്ട രീതികള്‍, തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കേണ്ടവിധം, മറ്റു വിശദവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ട വിധം എന്നിവ സംബന്ധിച്ചും കൃത്യമായ വ്യവസ്ഥകള്‍ തയാറാക്കും.

എറണാകുളം ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്കായി ഇത്തരമൊരു സഹകരണ സംഘം നേരത്തെതന്നെ കെ.എം.ആര്‍.എല്ലിന്റെ സഹകരണത്തോടെ നിലവില്‍ വന്നിരുന്നു. എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് സഹകരണ സംഘമാണ് അത്. അവര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള ‘ഔസ’ ( AuSa ) എന്ന ആപ്പിന്റെ മാതൃകയിലായിരിക്കും ടാക്‌സിഡ്രൈവര്‍മാര്‍ക്കായുള്ള ആപ്പിന്റെയും പ്രവര്‍ത്തനം. പിന്നീട് കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കുമ്പോഴും ആ ആപ്പിന്റെ മാതൃക സ്വീകരിക്കാനാവുമെന്നാണു പ്രതീക്ഷ. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി ആരംഭിച്ച ആപ്പ് ഔദ്യോഗിക ഉദ്ഘാടനത്തിനുമുമ്പുതന്നെ സക്രിയമായി പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. ( ഓട്ടോ സവാരി എന്നതിന്റെ ചുരുക്കരൂപമാണ് ‘ഔസ’ . ഓട്ടോസംഘത്തിന്റെ ആസ്ഥാന ഓഫീസ് ഫെബ്രുവരിയില്‍ എറണാകുളം റവന്യൂ ടവറില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു).

സ്‌പെയര്‍പാര്‍ട്ടുകള്‍ മൊത്തമായി വാങ്ങും

ടാക്‌സിഡ്രൈവര്‍മാര്‍ക്കു തങ്ങളുടെ ചെലവുകള്‍ കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും മികച്ച സേവനം നല്‍കാനും കഴിയുന്ന മറ്റു സംവിധാനങ്ങളും സഹകരണ സംഘം പദ്ധതിയുടെ ഭാഗമായുണ്ടാകും. സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘത്തിനു കീഴിലുള്ള എല്ലാ കാറുകള്‍ക്കുമായി ടയറുകളും സ്‌പെയര്‍പാര്‍ട്ടുകളും മൊത്തമായി വാങ്ങും. ഇങ്ങനെ വലിയ തോതില്‍ വാങ്ങുമ്പോള്‍ ഒറ്റയൊറ്റയായുള്ള വാങ്ങലുകള്‍ക്കു നല്‍കുന്നതിനെക്കാള്‍ വലിയ ഇളവുകളും ആനുകൂല്യങ്ങളും നിര്‍മാണക്കമ്പനികളും വിതരണക്കമ്പനികളും നല്‍കും. ഓരോ കാര്‍ഡ്രൈവറും ടയറുകളും സ്‌പെയര്‍പാര്‍ട്ടുകളും വെവ്വേറെ വാങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുന്നുണ്ട്. എന്നാല്‍, സഹകരണ സംഘം അതിലെ അംഗങ്ങളുടെ കാറുകള്‍ക്കു വേണ്ടിവരുന്ന ടയറുകളും സ്‌പെയര്‍പാര്‍ട്ടുകളും എത്രയെന്നു മൊത്തത്തില്‍ കണക്കാക്കി വാങ്ങുമ്പോള്‍ കൂടുതല്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ മിതമായ വിലയ്ക്കു കിട്ടും. കമ്പനികളും ഇതു പ്രോത്സാഹിപ്പിക്കും. കാരണം അവയ്ക്കു ഒറ്റയടിക്കു വലിയ ബിസിനസ് ലഭിക്കുകയാണല്ലോ. അതുകൊണ്ടുതന്നെ വിലക്കുറവും മറ്റാനുകൂല്യങ്ങളും ലഭിക്കും. ഇതു ഇത്തരം കാര്യങ്ങള്‍ക്കായുള്ള ഓരോ അംഗത്തിന്റെയും സാമ്പത്തികച്ചെലവു കുറയ്ക്കും. ഫലത്തില്‍ ഇതു ഡ്രൈവറുടെ വരുമാന വര്‍ധനയായി മാറും. ഒറ്റയൊറ്റയായുള്ള വാങ്ങലിനെ അപേക്ഷിച്ച് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള മൊത്തവാങ്ങലാവുമ്പോള്‍ ഡ്രൈവര്‍ത്തൊഴിലാളി സമൂഹത്തിന്റെ വിലപേശല്‍ശേഷിയും വര്‍ധിക്കും.

ഇന്ധനത്തിന്റെ കാര്യത്തിലും ഗുണം കിട്ടും. സംഘം എന്ന നിലയില്‍ എണ്ണക്കമ്പനികളുമായി ഇടപാടു നടത്തുമ്പോള്‍ അംഗങ്ങളായ വ്യക്തിഗത ഡ്രൈവര്‍മാര്‍ക്കു ഇന്ധനച്ചെലവില്‍ നിലവിലുള്ളതിനെക്കാള്‍ മെച്ചം കി്ട്ടും. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടുള്ള സ്വകാര്യബസ്സുകളുടെ കൂട്ടായ്മ ഇത്തരം നടപടികളിലൂടെ ഈ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നു തെളിയിച്ചിട്ടുണ്ട്. ഒരു സഹകരണ സംഘവും ആറു നിയത ബാധ്യതാ കമ്പനികളുമായി സ്വയം പുന:സംഘടിച്ചുകൊണ്ടാണു അവര്‍ ഈ നേട്ടം കൈവരിച്ചത്. സഹകരണ സംഘം വഴി ടാക്‌സിക്കാറുകളുടെ കാര്യത്തിലും ഇതു ആവര്‍ത്തിക്കാനാവുമെന്നാണു പ്രതീക്ഷ.

സഹകരണ സംഘം രൂപവത്കരണത്തിന്റെ മുന്നോടിയായി ഒരു താത്കാലിക സമിതിയാണ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ളത്. ടാക്‌സി മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുടെ ഒരു യോഗം ഇതിനായി കെ.എം.ടി.എ. വിളിച്ചുകൂട്ടിയിരുന്നു. ആ യോഗമാണു താത്കാലികമായ ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപവത്കരിച്ചത്. എറണാകുളം ജില്ലാ കാര്‍ഡ്രൈവേഴ്‌സ് യൂണിയന്‍ ( സി.ഐ.ടി.യു ) ജില്ലാ ജോ. സെക്രട്ടറി കെ.ജെ. ഹരിലാലിനെയാണ് ഇതിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കു പുറമെ വി.എ. കുഞ്ഞുമോന്‍, കെ.ടി. സാജന്‍, ഷിയാസ് ദേശം തുടങ്ങിയവര്‍ ആ യോഗത്തില്‍ സംഘടനകളുടെ പ്രതിനിധികളായി പങ്കെടുത്തിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി വിവിധ മേഖലകളില്‍ താത്കാലിക കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചുവരികയാണെന്നു ഹരിലാല്‍ പറഞ്ഞു.

എല്ലാ ഡ്രൈവര്‍മാരും ഒറ്റ പ്ലാറ്റ്‌ഫോമില്‍

തുടക്കത്തില്‍ ടാക്‌സി സ്റ്റാന്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരെ മാത്രം സംഘത്തിനു കീഴില്‍ കൊണ്ടുവരാനാണു ഉദ്ദേശിച്ചത്. പിന്നീടാണ് സ്വകാര്യ ഉടമകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എറണാകുളം ജില്ലയിലെ എല്ലാ ടാക്‌സി ഡ്രൈവര്‍മാരെയും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്നതാണു ഉദ്ദേശ്യം. സര്‍ക്കാരിന്റെതന്നെ മുന്‍കൈയിലുള്ളതും സഹകരണാടിസ്ഥാനത്തിലുള്ളതുമായ സംരംഭമായതിനാല്‍ ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുന്നതിനൊപ്പം തൊഴിലാളികളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുന്ന വിധത്തിലായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം. ഇ.എസ്.ഐ.യും പ്രോവിഡന്റ് ഫണ്ടും അടക്കമുള്ള ആനുകൂല്യങ്ങള്‍ പൂതിയ സംവിധാനംവഴി തൊഴിലാളികള്‍ക്കു കിട്ടുുമെന്നു ഹരിലാല്‍ പറഞ്ഞു.

നേരത്തേത്തന്നെ എറണാകുളം ജില്ലയില്‍ ടാക്‌സിഡ്രൈവര്‍മാരുടെ ഒരു സഹകരണ സംഘമുണ്ട്. അവര്‍ക്കു സ്വന്തം ഓഫീസുമുണ്ട്. വാഹനങ്ങള്‍ വാങ്ങാനും മറ്റും അംഗങ്ങള്‍ക്കു വായ്പ നല്‍കിക്കൊണ്ട് ഒരു കാലത്ത് അവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു. പുതിയ സംവിധാനം സംബന്ധിച്ച് അവരുമായും ബന്ധപ്പെടാന്‍ കെ.എം.ടി.എ. ഉദ്ദേശിക്കുന്നുണ്ട്. സി.ഐ.ടി.യു.വിനു പുറമെ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സ്വതന്ത്ര സംഘടനയുടെയും ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെയും ( ഡി.സി.എസ് ) പ്രതിനിധികളാണു താത്കാലിക കമ്മറ്റിയിലുള്ളത്. ഡി.സി.എസ.് നേരത്തേ ഊബറും ഒലെയും പോലെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഡ്രൈവര്‍മാരുടെതന്നെ ഒരു സഹകരണ സംഘമുണ്ടാക്കി അതിന്റെ നേതൃത്വത്തില്‍ നടത്താനായി രൂപവത്കരിച്ചതാണ്. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ വന്‍കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്നു ഈടാക്കുന്ന കമ്മീഷന്‍ കുറയ്ക്കണമെന്നും അനാവശ്യമായി ഡ്രൈവര്‍മാരെ ബ്ലോക്കു ചെയ്യരുതെന്നും ആവശ്യപ്പെട്ടു സമരങ്ങള്‍ നടത്തിയിട്ടും ഫലം ഉണ്ടാകാതിരുന്നതാണു അത്തരമൊരു സംഘം രൂപവത്കരിക്കാന്‍ പ്രേരകം. സര്‍വീസ് നടത്താനായി റൈഡ്‌സ് – ഞഥഉദ – എന്ന കമ്പനിയുടെ സഹായത്തോടെ ആപ്പ് തയാറാക്കുകയും ചെയ്തിരുന്നു. പക്ഷേ, കോവിഡ് 19 തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതമായി. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ ഇത്തരം സഹകരണ സംരംഭവുമായി മുന്നോട്ടുവന്ന സ്ഥിതിക്കു അതുമായി സജീവമായി സഹകരിക്കാന്‍ ഉദ്ദേശിക്കുകയാണെന്നു ആ സംഘത്തിന്റെ ട്രഷററും കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂണിയന്റെ നേതാവൂമായ ഷിയാസ് ദേശം പറഞ്ഞു.

സഹകരണ സംഘം രൂപവത്കരണത്തിന്റെ പ്രാഥമികഘട്ടം പിന്നിട്ട് സംഘം സ്ഥാപിക്കുകയും ഡ്രൈവര്‍മാര്‍ക്കു ആപ്പ് അധിഷ്ഠിത പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുകയും ചെയ്തശേഷം കുറച്ചുകാലം കെ.എം.ടി.എ. യും ‘ഡെക്കനും’ ചേര്‍ന്നുള്ള നിരീക്ഷണോപദേശ പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുക. അതിനുശേഷം സംരംഭം പൂര്‍ണമായി സ്വയം നടത്താവുന്ന നിലയില്‍ സഹകരണ സംഘത്തിനു പ്രവര്‍ത്തനച്ചുമതല കൈമാറും. പിന്നീടും ആപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാങ്കേതിക കാര്യങ്ങളും മാറ്റങ്ങളും ‘ഡെക്കന്‍’ തന്നെ സൗജന്യമായി നല്‍കുമെന്നാണു പ്രാഥമിക ധാരണ. ഇതു സംബന്ധിച്ചു സംഘവും ഡെക്കനും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കും.

Leave a Reply

Your email address will not be published.