കേരള സഹകരണ ഫെഡറേഷന്‍ആറാം സംസ്ഥാന സമ്മേളനം15 നു തിരുവനന്തപുരത്ത്
കേരളീയ സമൂഹത്തില്‍ കരുത്തുറ്റതും ഊര്‍ജസ്വലവുമായ ഒരു സഹകരണ മുന്നേറ്റം കെട്ടിപ്പടുക്കാന്‍ യത്‌നിക്കുന്ന കേരള സഹകരണ ഫെഡറേഷന്റെ ആറാം സംസ്ഥാന സമ്മേളനം ഡിസംബര്‍ പതിനഞ്ചിനു തിരുവനന്തപുരത്തു നടക്കും.
ലാഡറിന്റെ ടെറസ് ഹോട്ടലില്‍ ( എസ്.എസ്. കോവില്‍ റോഡ്, തമ്പാനൂര്‍ ) നടക്കുന്ന സമ്മേളനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഫെഡറേഷന്‍ മികച്ച സഹകാരിക്കു നല്‍കുന്ന എം.വി. രാഘവന്‍ സ്മാരക അവാര്‍ഡ് പി. അബ്ദുൽ ഹമീദ് എം.എല്‍.എ. ക്കു മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും. ഫെഡറേഷന്‍ സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സാജു സ്വാഗതം പറയും.
സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയും പരിഹാരങ്ങളും എന്ന വിഷയത്തെ ആധാരമാക്കി നടക്കുന്ന സെമിനാര്‍ മുന്‍ പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സഹകാരികളായ കരകുളം കൃഷ്ണപിള്ള, എം.എസ്. കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്നു റിപ്പോര്‍ട്ട് അവതരണം, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.