കേരള ബാങ്ക് – 18ന് നടക്കുന്ന പ്രമേയത്തെ എതിർത്തു തോൽപ്പിക്കാൻ മലപ്പുറം യുഡിഎഫ് തീരുമാനം.രാഷ്ട്രീയ പോരാട്ടത്തിൽ വിജയം അനിവാര്യമാണെന്നാണ് നേതൃത്വം.

adminmoonam

കേരള ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സർക്കാർ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ  ലയിപ്പിക്കാനുള്ള പ്രമേയത്തെ കഴിഞ്ഞതവണ എതിർത്തു തോൽപ്പിച്ച മലപ്പുറത്ത് സഹകാരികളെ ഒരിക്കൽ കൂടി മനംമാറ്റത്തിന് അവസരമൊരുക്കി കൊണ്ടുള്ള പൊതുയോഗത്തിൽ കഴിഞ്ഞ തവണ  ലഭിച്ച വോട്ടിൽ നിന്നും ഒരു വോട്ടു പോലും കുറയാതെ എതിർത്തു തോൽപ്പിക്കണമെന്ന് മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വം ഐക്യകണ്ഠേന തീരുമാനിച്ചു. യുഡിഎഫ് നേതാക്കളായ വി.വി.പ്രകാശ്, അഡ്വക്കേറ്റ് യു.എ.ലത്തീഫ് എന്നിവർ ഈ നിർദ്ദേശം സഹകാരികൾക്കും ബന്ധപ്പെട്ട സംഘം പ്രസിഡണ്ട് മാർക്കും നൽകി. ഇത് സി.പി.എം മായുള്ള രാഷ്ട്രീയ പോരാട്ടമാണെന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്ന് നേതൃത്വം പറഞ്ഞു. കേരള ബാങ്കിലൂടെ ഒരു ഷെഡ്യൂൾഡ് ബാങ്ക് എന്ന ആശയം അല്ല സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. പകരം സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ആക്കി മാറ്റുകയും സർക്കാരിന് നേരിട്ട് ഇടപെടാൻ പറ്റുന്ന രീതിയിലേക്ക് കൊണ്ടുവരികയും ഒപ്പം കിഫ്‌ബി ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവോടെ വേണം രണ്ടാമതും നടത്തുന്ന പൊതുയോഗത്തെ കാണേണ്ടതെന്ന് യുഡിഎഫ് യോഗം വിലയിരുത്തി.

എന്നാൽ യോഗശേഷം ജില്ലാ ബാങ്കിലെ ജീവനക്കാരുടെ  കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിൽ കേരള ബാങ്കിനെ എതിർത്തിരുന്ന എംപ്ലോയീസ് അസോസിയേഷൻ ഇപ്പോൾ കേരള ബാങ്കിന് അനുകൂലമായാണ് സംസാരിച്ചത്. എന്നാൽ യു.ഡി.എഫ് നേതൃത്വം ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം ബോധ്യപ്പെടുത്തി. കേരള ബാങ്ക് നിലവിൽ വന്നാൽ മലപ്പുറം ജില്ലാ ബാങ്ക് ഒറ്റപ്പെടുമെന്ന എംപ്ലോയീസ് അസോസിയേഷന്റെ വാദത്തെ രാഷ്ട്രീയമായി പോരാടാനും നാളെ മഴപെയ്യുമെന്ന് കരുതി ഇന്ന് കുട പിടിക്കേണ്ട കാര്യമില്ലെന്നും നേതൃത്വം സൂചിപ്പിച്ചു.

അതിനിടെ മലപ്പുറം ജില്ലാ ബാങ്കിനെ കൂടി കേരള ബാങ്കിന്റെ ഒപ്പം ആക്കാൻ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നുണ്ട്.കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് നയങ്ങൾ തടസ്സമാകുന്ന സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ വീണ്ടും ശ്രമം ആരംഭിച്ചതും ഈ മാസം 18 ന് വീണ്ടും പൊതുയോഗം നടത്തുന്നതും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ കളക്ടറുടെ നിരീക്ഷണത്തിൽ പൊതുയോഗം നടത്തണമെന്ന ഉത്തരവ് ഇതുവരെ വന്നിട്ടില്ലെന്ന് മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് അഷ്റഫ് പറഞ്ഞു.

ലയന പ്രമേയം ഇത്തവണയും പരാജയപ്പെടാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു. 131 എ ക്ലാസ് മെമ്പർമാർക്ക് ആണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ വോട്ടവകാശം ഉള്ളത്. ഇതിൽ പ്രമേയത്തിന് അനുകൂലമായി മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കേവലഭൂരിപക്ഷമോ ആണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രമേയം പാസാകാൻ സാധ്യത കുറവാണ്. മലപ്പുറം ജില്ലാ ബാങ്കിലെ ജീവനക്കാർ തങ്ങൾക്കും കേരള ബാങ്കിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിച്ചതായി മന്ത്രി പറയുന്നുണ്ടെങ്കിലും ഇവിടെ രാഷ്ട്രീയ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഇതിനായി മുസ്ലിംലീഗിലെ മുതിർന്ന നേതാക്കളുമായി രാഷ്ട്രീയമായി ചർച്ചകളും നടന്നു കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ചർച്ചകൾക്ക് ഗുണം ഉണ്ടാകാൻ സാധ്യതയില്ല. മുസ്ലിം ലീഗിന്റെ നേതൃനിരയിൽ കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കുന്നതിനോട്, രാഷ്ട്രീയ ഇടപെടൽ മൂലം മൃദുസമീപനം ഉണ്ടായിട്ടുണ്ടെന്നു സിപിഎം നേതൃത്വം വിലയിരുത്തുന്നു. എന്തായാലും കേരള ബാങ്ക് എന്ന ആശയം എന്ന്  യാഥാർത്ഥ്യമാകുമെന്ന് കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!