കേരള ബാങ്ക്: രണ്ടാഴ്ചക്കുള്ളിൽ അനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ സർക്കാർ
കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിക്കായി സർക്കാർ കാത്തിരിക്കുകയാണ്. ഓണസമ്മാനമായി കേരള ബാങ്ക് വരുമെന്ന ഉറപ്പ് പാലിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പക്ഷേ റിസർവ് ബാങ്കിന്റെ ഒരു ഉറപ്പും സർക്കാരിന് ലഭിച്ചിട്ടില്ല. ത്രിതല ഘടനയിൽ നിന്നും ദ്വിതലഘടനയിലേക്ക് സഹകരണ ബാങ്കുകൾ മാറുന്നതിനെ റിസർവ് ബാങ്ക് അനുകൂലിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ സംസ്ഥാന ജില്ലാ ബാങ്കുകളുടെ ലയനത്തിന് രണ്ടാഴ്ചക്കുള്ളിൽ ആർബിഐ അനുമതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.റിസർവ് ബാങ്ക് അവസാനം ഉന്നയിച്ച മൂന്ന് സംശയങ്ങൾക്കും മറുപടി നൽകി കാത്തിരിക്കുകയാണ് സർക്കാർ.
ലാഭത്തിലായ ജില്ലാ ബാങ്കുകളെ നഷ്ടത്തിലായ സംസ്ഥാന സഹകരണ ബാങ്കിലാണ് ലയിപ്പിക്കുന്നത്. ഇത് റിസർവ് ബാങ്ക് ഇതുവരെ പരിഗണിച്ചിട്ടില്ലാത്ത വിഷയമാണ്. ഇതുവരെ ലയിപ്പിക്കുന്നതോ ഏറ്റെടുക്കുന്നതോ ആയ ബാങ്കുകളെല്ലാം ലാഭത്തിലായിരുന്നു. അതാണ് കേരള ബാങ്കിനുള്ള അപേക്ഷയിലുള്ള ഒരു ആശയക്കുഴപ്പം.സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം എന്തു ചെയ്യുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ സംശയം. അത് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകി പരിഹരിക്കുമെന്ന ഉറപ്പാണ് ഇതിനുള്ള മറുപടിയായി റിസർവ് ബാങ്കിന് നൽകിയത്.
സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള നടപടി എന്താണെന്നാണ് മറ്റൊരു സംശയം. അതായത് നിലവിൽ ജില്ലാ ബാങ്കുകൾ നൽകി വരുന്ന സേവനം ലയന ശേഷം സംസ്ഥാന സഹകരണ ബാങ്കിന് ഏറ്റെടുത്ത് നടത്താനാവണം. എന്നാൽ നിലവിലെ അവസ്ഥയിൽ അത് സാധ്യമല്ല. ജില്ലാ ബാങ്കുകൾ നൽകുന്ന സേവനങ്ങൾ നൽകാൻ സംസ്ഥാന സഹകരണ ബാങ്കിന് കഴിവില്ല.
സംസ്ഥാനത്ത് സഹകരണ മേഖലയിൽ പ്രവാസി നിക്ഷേപം സ്വീകരിക്കാൻ ലൈസൻസുള്ള ഏക ബാങ്ക് കോഴിക്കോട് ജില്ലാ ബാങ്കാണ്.ഈ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുമ്പോൾ അവയുടെ ലൈസൻസും റദ്ദാക്കും. ഇതാണ് റിസർവ് ബാങ്കിന്റെ സംശയത്തിന് അടിസ്ഥാനം. സേവനം മുടങ്ങാതിരിക്കാൻ ഘട്ടം ഘട്ടമായുള്ള നടപടികളാണ് ലയനത്തിന് സ്വീകരിക്കുക എന്നതാണ് ഇതിന് സർക്കാർ നൽകിയ വിശദീകരണം.
ഈ വിശദീകരണങ്ങളെല്ലാം റിസർവ് ബാങ്കിന്റെ പരിഗണനയിലാണ് അത് തള്ളുമോ കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്. ലയനം നടക്കുന്നതാണ് നല്ലതെന്ന നിലപാടാണ് റിസർവ് ബാങ്കിന്.എന്നാൽ ലയിപ്പിക്കുന്ന ബാങ്കിന്റെ സ്ഥിതി ,നിഷ്ക്രിയ ആസ്തിയുടെ തോത് എന്നിവയെല്ലാം തടസ്സമായി നിൽക്കുന്നുണ്ട്. മാത്രമല്ല സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം നികത്താനുള്ള നടപടികളൊന്നും ധനവകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല.
ചില സംശയങ്ങൾ കൂടി റിസർവ് ബാങ്ക് ചോദിച്ചിട്ടുണ്ടെന്നും അതിന് ഉടൻ മറുപടി നൽകുമെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചിങ്ങം ഒന്നിന് തന്നെ ബാങ്കിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.